Image

ഇരയുടെ സ്വകാര്യത പ്രധാനം, മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന്‌ കൊടുക്കരുതെന്ന്‌ സര്‍ക്കാര്‍

Published on 17 September, 2019
 ഇരയുടെ സ്വകാര്യത പ്രധാനം, മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന്‌ കൊടുക്കരുതെന്ന്‌ സര്‍ക്കാര്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പീഢന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്‌ കേസിന്റെ ഭാഗമായ രേഖയാണെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. 

കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന്‌ കൈമാറരുതെന്നും നടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്‌ജിത്‌ കുമാറാണ്‌ ഹാജരായത്‌.

കേസിന്റെ ഭാഗമായ മെമ്മറി കാര്‍ഡിനെ തൊണ്ടിമുതലായാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ രേഖകളായാണ്‌ കണക്കാക്കുന്നതെന്നും രഞ്‌ജിത്‌ കുമാര്‍ വാദിച്ചു. 

ഈ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാല്‍ ദിലീപിന്‌ കൈമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ദൃശ്യങ്ങള്‍ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ ദിലീപ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുന്നത്‌ തുടരുകയാണ്‌.ദൃശ്യങ്ങള്‍ കൈമാറുന്നതിനെതിരെ നടിയും കോടതിയെ സമീപിച്ചിരുന്നു. 

ദൃശ്യങ്ങള്‍ ദിലീപിന്‌ കൈമാറുന്നത്‌ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന്‌ നടിയുടെ അഭിഭാഷകന്‍ വാദിച്ചു. നീതിപൂര്‍വമായ വിചാരണ ദിലീപിന്റെ അവകാശമാണ്‌. എന്നാല്‍ തന്റെ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നും നടി ആവശ്യപ്പെടുന്നു.

കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിക്ക്‌ കൈമാറണമെന്നാണ്‌ വ്യവസ്ഥയെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണമെന്ന്‌ നടിക്ക്‌ വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബസന്ത്‌ ചൂണ്ടിക്കാട്ടി. 

ദൃശ്യങ്ങള്‍ ദിലീപിന്‌ കൈമാറാന്‍ അനുവദിച്ചാല്‍ മറ്റ്‌ കേസുകളെ വിധി സ്വാധിനിക്കും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളില്‍ പോലും ദൃശ്യങ്ങള്‍ പ്രതികള്‍ക്ക്‌ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വാദിച്ചു. 

അതുകൊണ്ട്‌ ഇരയുടെ മൗലികാവകാശമായ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നാണ്‌ ബസന്തിന്റെ വാദം.

കോടതിയില്‍ നിന്നും ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. പ്രതിക്ക്‌ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടെങ്കില്‍ ഒരു കേസിന്റെ രേഖ ലഭിക്കേണ്ടത്‌ അനിവാര്യമല്ലെയെന്ന്‌ ജസ്റ്റിസ്‌ ഖാന്‍വിക്കര്‍ നടിയുടെ അഭിഭാഷകനായ ബസന്തിനോട്‌ വാദത്തിനിടെ ചോദിച്ചിരുന്നു. 

രേഖ കൈമാറരുതെന്ന്‌ എങ്ങനെ പറയാന്‍ സാധിക്കുമെന്നും കോടതി ചോദ്യം ഉന്നയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക