Image

പാലാരിവട്ടം പാലം അഴിമതി: രാഷ്ട്രീയ നേതൃത്വത്തിനെതിരെയും അന്വേഷണം വേണം -കോടിയേരി

Published on 16 September, 2019
പാലാരിവട്ടം പാലം അഴിമതി: രാഷ്ട്രീയ നേതൃത്വത്തിനെതിരെയും അന്വേഷണം വേണം -കോടിയേരി
കോട്ടയം: യു.ഡി.എഫ് ഭരണ കാലത്ത് നടന്ന അഴിമതിയുടെ സാക്ഷ്യപത്രമാണ് പാലാരിവട്ടം പാലമെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ കുംഭകോണമാണ് നടന്നത്. ഉദ്യോഗസ്ഥന്‍മാരടങ്ങുന്ന പ്രതികളെ വിജലിന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരെ മാത്രമല്ല ഉന്നത രാഷ്ട്രീയ നേതൃത്വത്തെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ ഇക്കാര്യത്തില്‍ രേഖാമൂലം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിജിലന്‍സ് അന്വേഷണത്തിലൂടെ ഇപ്പോള്‍ പുറത്തുവന്ന വസ്തുതകള്‍ അന്നത്തെ ആരോപണങ്ങളെ ശരിവെക്കുന്നതാണ്. നിയമസഭയില്‍ കെ.ബി ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടി വിജിലന്‍സ് അന്വേഷിക്കണം. പാലാരിവട്ടം പാലം പൊളിച്ച്‌ പണിയാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും കോടിയേരി വ്യക്തമാക്കി.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉള്‍പ്പെടെ എല്ലാ പരീക്ഷകള്‍ക്കും മലയാളത്തിലും ചോദ്യ പേപ്പര്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദി രാജ്യത്താകെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ് മാതൃഭാഷ എന്ന നിലയില്‍ മലയാളത്തിന് അര്‍ഹമായ പരിഗണന കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവിധ ഭാഷകള്‍ക്കെതിരായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക