Image

ഗതാഗത നിയമലംഘന പിഴ 'അനുഭാവ'പൂര്‍വം കുറയ്ക്കും (ശ്രീനി)

ശ്രീനി Published on 14 September, 2019
ഗതാഗത നിയമലംഘന പിഴ 'അനുഭാവ'പൂര്‍വം കുറയ്ക്കും (ശ്രീനി)
കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി-2019ന് എതിരെ കേരളത്തില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം രംഗത്തുവന്നിരിക്കുന്നു. പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തല്‍ക്കാലം നിയമവശം നോക്കി സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് സി.പി.എം. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍-2019ന് രാഷ്ട്രപതിയുടെ അംഗീകാരം തേടിയത്. അതിനു മുന്‍പ് ലോക്‌സഭ പാസാക്കി രാജ്യസഭയിലേക്കു വിട്ട ബില്‍ രാജ്യസഭയുടെ ശുപാര്‍ശ പ്രകാരം വീണ്ടും ലോക്‌സഭയിലെത്തി ചില തിരുത്തലുകള്‍ കൂടി വരുത്തിയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചത്. 

നിയമം നിലവില്‍ വന്ന സെപ്റ്റംബര്‍ ഒന്നുമുതല്‍ ആദ്യത്തെ അഞ്ചുദിവസം കൊണ്ട് 46 ലക്ഷം രൂപയാണ് കേരള സര്‍ക്കാരിന് ലഭിച്ചത്. നിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് ഈ കണക്ക് പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പിലാക്കിയതിനുശേഷം കേരളത്തില്‍ ഇതുവരെ രണ്ടായിരത്തോളം നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമലംഘനങ്ങളില്‍ വലിയതോതിലുള്ള കുറവ് അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഏര്‍പ്പെടുത്തിയ ട്രാഫിക് നിയമങ്ങളാണ് സമീപകാലം വരെയും ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നത്. അതില്‍ മാറ്റം വരണമെന്നും ഗതാഗത നിയമങ്ങള്‍ കുറച്ചുകൂടി ശക്തമാകണമെന്നും ദീര്‍ഘകാലമായി ഉയരുന്ന ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം പാര്‍ലമെന്റ് പുതിയ നിയമനിര്‍മാണത്തിനു മുതിര്‍ന്നത്. പുതിയ നിയമങ്ങള്‍ നടപ്പാക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു. പുതിയ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും അത് ഈടാക്കാനുള്ള നടപടിക്രമങ്ങളും വലിയ തോതില്‍ വിമര്‍ശന വിധേയമായി.

പുതുക്കിയ പിഴ ഇങ്ങനെയാണ്...ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര-1000 രൂപ. മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ അയ്യായിരം രൂപ. ലൈസന്‍സ് ഇല്ലാതെയുള്ള അനധികൃത ഉപയോഗത്തിന് പതിനായിരം രൂപ. കൃത്യമായ യോഗ്യതയില്ലാതെ വാഹം ഓടിച്ചാല്‍ പതിനായിരം രൂപ. ഓവര്‍ സ്പീഡിന് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയും മീഡിയം പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 2,000 രൂപയും. അപകടകരമായി വാഹനം ഓടിച്ചാല്‍ 5,000 രൂപ. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപ. സ്പീഡിങ്-റേസിങ് എന്നിവയ്ക്കുള്ള പിഴ അയ്യായിരം. പുതിയ നിയമത്തിലെ ഏറ്റവും ഉയര്‍ന്ന പിഴ ഒരു ലക്ഷം രൂപയാണ്. ടാക്‌സി അഗ്രഗേറ്റേഴ്‌സിനെ ആണ് ഇത് ബാധിക്കുക. ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സ് ലംഘനം പിടിക്കപ്പെട്ടാല്‍ 25,000 രൂപ മുതല്‍ 1,00,000 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. പെര്‍മിറ്റ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍ പതിനായിരം രൂപ. കുട്ടികള്‍ വാഹനം ഓടിച്ചാല്‍ അതിന്റെ ശിക്ഷ രക്ഷിതാക്കളോ അല്ലെങ്കില്‍ വാഹന ഉടമയോ കൂടി അനുഭവിക്കണം. 25,000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ആണ് ഇങ്ങനെയുള്ള സംഭവങ്ങളില്‍ ലഭിക്കുക. കുട്ടികള്‍ ജുവനൈല്‍ ആക്ട് പ്രകാരം വിചാരണ ചെയ്യപ്പെടും. വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവന വാഹനങ്ങള്‍ക്ക് വഴി കൊടുത്തില്ലെങ്കില്‍ 10,000 രൂപ. ഓവര്‍ ലോഡിങ്ങിന് 20,000 രൂപ. അധിക ടണ്ണിന് ആയിരം രൂപ എന്നത് രണ്ടായിരം രൂപ വീതവും കൂട്ടിയിട്ടുണ്ട്. പാസഞ്ചര്‍ വാഹനങ്ങളില്‍ അധികം ആളുകളെ കയറ്റിയാലും വലിയ പിഴയുണ്ട്. ഓരോ അധിക യാത്രക്കാരനും ആയിരം രൂപ വച്ചാണ് പിഴ. സീറ്റ് ബില്‍റ്റ് ധരിക്കാതിരുന്നാല്‍ നേരത്തെ 100 രൂപയായിരുന്നത് ആയിരം ആക്കി. ഇരുചക്ര വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളെ കയറ്റിയാല്‍ 2,000 രൂപയാണ് പുതുക്കിയ പിഴ. മൂന്ന് മാസത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഇന്‍ഷുറന്‍സ് ഇല്ലാതെ വണ്ടി പുറത്തിറക്കിയാല്‍ 2,000 രൂപയാണ് പിഴ. നേരത്തെ ആയിരം രൂപയായിരുന്നു. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമം ലംഘിച്ചാല്‍ ഓരോ വകുപ്പ് പ്രകാരവും ഇരട്ടി ആയിരിക്കും പിഴ.

കടുത്ത പിഴയ്‌ക്കെതിരെയുള്ള വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴത്തുക പകുതിയായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗുജറാത്ത് അടക്കമുളള സംസ്ഥാനങ്ങള്‍ പുതിയ പിഴത്തുക വെട്ടികുറച്ചിരുന്നു. ഗതാഗത നിയമലംഘനത്തിനുളള പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കഴിഞ്ഞദിവസം കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉയര്‍ന്ന പിഴത്തുക ഈ മാസം 16വരെ ഈടാക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 16, അതായത് മറ്റന്നാള്‍ വരെ ബോധവത്കരണം തുടരാനാണ് നിര്‍ദേശം.

ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ആയിരം രൂപ ഈടാക്കാനാണ് പുതിയ നിയമം നിര്‍ദേശിക്കുന്നത്. ഇത് അഞ്ഞൂറായി കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിക്കുന്നതിനുള്ള അയ്യായിരം രൂപ പിഴ മൂവായിരമാക്കി കുറയ്ക്കും. പെര്‍മിറ്റ് ലംഘനം, ഓവര്‍ ലോഡ് എന്നിവയ്ക്കുള്ള കനത്ത പിഴയിലും ഇളവു വരുത്തും. അതേസമയം മദ്യപിച്ചുള്ള ഡ്രൈവിങ്ങിനുള്ള പിഴ തുക കേന്ദ്ര നിയമത്തിലുള്ള പതിനായിരമായി നിലനിര്‍ത്തും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാലും പുതിയ നിയമ പ്രകാരമുളള 5,000 രൂപ തന്നെ ഈടാക്കാനാണ് ആലോചന.

കേന്ദ്രസര്‍ക്കാര്‍ ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ ഉത്തരവ് നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വന്‍ പിഴ ചുമത്താന്‍ തുടങ്ങിയതോടെ പലരും പ്രതിഷേധമുയര്‍ത്തി. തുക അടയ്ക്കാന്‍ തയ്യാറായതുമില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പുതിയ നിയമത്തിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ നിയമം പുനപരിശോധിക്കാനും ഓണക്കാലം കഴിയുംവരെ തത്കാലം നടപ്പിലാക്കേണ്ടതെന്നും സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് ഇറക്കി വന്‍പിഴ ഈടാക്കുന്ന നിയമത്തെ മറികടക്കാനായിരുന്നു ആലോചന. ഒരിക്കല്‍ വിജ്ഞാപനം ചെയ്ത നിയമം പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിയമോപദേശം ലഭിച്ചതോടെ അതില്‍ നിന്ന് പിന്മാറി. സംസ്ഥാനങ്ങള്‍ക്ക് പിഴത്തുക തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞതോടെ പിഴത്തുകയില്‍ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്തു. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങളുടെയും പിഴത്തുക പകുതിയായി കുറച്ച ഗുജറാത്ത് അടക്കമുളള സംസ്ഥാനങ്ങളുടെ നടപടികള്‍  പരിഗണിച്ചായിരിയ്ക്കും തീരുമാനം.

ബി.ജെ.പി ഭരിക്കുന്ന ഗോവ, മഹാരാഷ്ട്ര, ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാര്‍ എന്നീ  സംസ്ഥാനങ്ങള്‍ പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകള്‍ ശരിയാക്കിയ ശേഷമേ പുതിയ നിയമപ്രകാരമുളള തുക ഈടാക്കുകയുളളുവെന്നാണ് ഗോവ അറിയിച്ചത്. തമിഴ്‌നാട്  സര്‍ക്കാരും പിഴ കുറയ്ക്കാന്‍ തീരുമാനിച്ചു. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാരാകട്ടെ പിഴത്തുക കാര്യമായി കുറച്ചിരുന്നു. ചില പിഴകളുടെ പുതുക്കിയ നിരക്ക് 90 ശതമാനം വരെ ഗുജറാത്ത് വെട്ടിക്കുറച്ചു. ഈ രീതി സ്വീകരിക്കാനാണ് കര്‍ണാടകയുടെയും നീക്കം. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ പുതിയ നിയമം നടപ്പിലാക്കിയിട്ടില്ല. ഭേദഗതി വരുത്തിയ മോട്ടോര്‍ വാഹനനിയമം പ്രാബല്യത്തില്‍ വന്ന് ഇതുവരെ കേരളമടക്കം പത്തില്‍ താഴെ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇത് നടപ്പിലാക്കിയിട്ടുളളത്.

ഗതാഗത നിയമലംഘന പിഴ 'അനുഭാവ'പൂര്‍വം കുറയ്ക്കും (ശ്രീനി)
Join WhatsApp News
Patt 2019-09-14 10:14:52
സുഹൃത്തുക്കൾക്കും , വീട്ടുകാർക്കും, രാഷ്ട്രീയക്കാർക്കും അനുശോധനത്തിനും,  റീത്തു വക്കാനുള്ളതാണോ നമ്മുടെ ജീവിതം.
പ്രത്യേക ശ്രദ്ധ 2019-09-14 10:49:07
പ്രത്യേക ശ്രദ്ധക്ക് 
തുഷാർ വെള്ളാപ്പള്ളിക്കെതിരെ  കേസ് കൊടുത്ത നാസിൽ അബ്ദുല്ല ഒരു സുഹൃത്തുമായി ദീർഘ നാൾ മുൻപ് സംസാരിച്ചത്തിന്റെ റെക്കോർഡ് മാധ്യമങ്ങളിൽ വന്നത് എങ്ങനെയാണ്~? ആരാണത് റെക്കോർഡ്   ചെയ്തത്?
അബ്ദുല്ലയോ സുഹൃത്തോ ആകാൻ ഒരു വഴിയും ഇല്ല. സാധാരണ സഭാഷണമൊക്കെ നാം റെക്കോർഡ് ചെയ്യാറില്ലല്ലോ.
അതിനര്ഥം പൊലീസോ സർക്കാർ ഏജൻസികളോ ആയിരിക്കും അത് ചെയ്തത് എന്നല്ലേ?
അപ്പോൾ വിദേശത്തു നിന്ന് നാം വിളിക്കുന്ന ഓരോ കോളും റെക്കോർഡ് ചെയ്യുന്നുണ്ട്. ആവശ്യം വന്നാൽ ഉപയോഗിക്കാം 
ഇന്ത്യിലേക്ക്‌ ഫോണിൽ സംസാരിക്കുമ്പോൾ ഇത് ഓർക്കുക. പഴയ കാലമല്ലെന്നോർക്കുക. കോൺഗ്രസുകാർ എത്ര  നല്ലവരായിരുന്നു എന്നും ഓർക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക