Image

പലസ്തീനില്‍ വീണ്ടും കടന്നാക്രമണം

Published on 13 September, 2019
പലസ്തീനില്‍ വീണ്ടും കടന്നാക്രമണം
തീവ്ര വലതുപക്ഷത്തിന്റെ തന്ത്രം :എല്ലായ്‌പോഴും പ്രശനം ഉണ്ടാക്കുക, അങ്ങനെ ജന ശ്രദ്ധ തിരിച്ചുവിടുക; അതിന്റെ മറവില്‍ എന്തു തോന്ന്യാസവും കാണിക്കുക.

പലസ്തീനിലെ കൂടുതല്‍ പ്രദേശങ്ങള്‍ ധജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടലും പിടിച്ചടക്കി ഇസ്രായേലിനോട് ചേര്‍ക്കുമെന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ മാസം 17ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഇസ്രായേലില്‍ വോട്ട് കൂടുതല്‍ കിട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

പലസ്തീനിലെ ഒട്ടേറെ പ്രദേശങ്ങള്‍ ഇസ്രായേല്‍ നേരത്തെ കൈയ്യേറിയിരുന്നു. ഇവിടെയെല്ലാം ജൂത കുടിയേറ്റക്കാര്‍ താമസം തുടങ്ങിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വിലക്ക് ലംഘിച്ചാണ് ഇസ്രായേല്‍ കുടിയേറ്റ നിര്‍മാണം തുടരുന്നത്. അതിനിടെയാണ് കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുമെന്ന പ്രഖ്യാപനം. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുണ്ടാകുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

തന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടലും ഇസ്രായേലിനോട് ചേര്‍ക്കുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഇസ്രായേലി ടിവിയില്‍ തല്‍സമയം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നെതന്യാഹു. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനിലെ വെസ്റ്റ് ബാങ്കിന്റെ 30 ശതമാനത്തോളം വരുന്ന പ്രദേശമാണ് ജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടലോരവും. 65000 പലസ്തീന്‍കാരും 11000 നിയമവിരുദ്ധ കുടിയേറ്റക്കാരായ ജൂതരുമാണ് ഇവിടെ താമസിക്കുന്നത്. ഇസ്രായേല്‍ ഏരിയ സിയില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശം ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വംശീയ വിദ്വേഷം പടര്‍ത്തി കൂടുതല്‍ വോട്ട് നേടി വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് നെതന്യാഹു പ്രകോപനപരമായ പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച് ട്രംപുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ തള്ളാതെയാണ് അമേരിക്ക വിഷയത്തില്‍ പ്രതികരിച്ചത്.

അമേരിക്കന്‍ നിലപാട്: പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനോടുള്ള നയത്തില്‍ മാറ്റം വരുത്തില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. തങ്ങളുടെ നിലപാട് ഉടന്‍ പരസ്യപ്പെടുത്തും. പശ്ചിമേഷ്യയുടെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ഇസ്രായേല്‍ പുതിയ നീക്കം നടത്തിയാല്‍ ഇതുവരെയുള്ള എല്ലാ കരാറുകളില്‍ നിന്നും പിന്‍മാറുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. മേഖലയുടെ സമാധാനം നശിപ്പിക്കുന്നത് നെതന്യാഹു ആണെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്തയ്യ കുറ്റപ്പെടുത്തി. പലസ്തീന്‍ പ്രദേശങ്ങള്‍ എങ്ങനെയാണ് ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നു. സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് മന്ത്രിമാര്‍ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനമെന്ന സൗദി പ്രതികരിച്ചു.

ഇസ്രായേലിനെതിരെ രൂക്ഷമായി പ്രതികരിച്ച സൗദി അറേബ്യ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ചു. പലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒഐസി വിദേശകാര്യമന്ത്രിമാര്‍ ഉടന്‍ യോഗം ചേരും. തുര്‍ക്കി ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളും ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നു.
2400 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശമാണ് ജോര്‍ദാന്‍ വാലി. വെസ്റ്റ് ബാങ്കിനും ഗാസയ്ക്കുമിടയിലെ പ്രദേശമാണിത്. ഇസ്രായേല്‍ നഗരമായ ബെയ്ത് ഷീനിന്റെ വടക്കാണ് ചാവുകടല്‍. ഈ രണ്ടു പ്രദേശങ്ങളും വര്‍ഷങ്ങളായി ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെയുള്ള അറബികളില്‍ വലിയൊരു വിഭാഗം ഭയന്നു ഒഴിഞ്ഞുപോയി.

1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയത്. പിന്നീടുണ്ടാക്കിയ കരാറിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറി. എന്നാല്‍ ബാക്കി സ്ഥലങ്ങള്‍ ഇപ്പോഴും ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

20 ലക്ഷത്തിലധികം പലസ്തീന്‍കാര്‍ അധിവസിക്കുന്ന മേഖലയിലാണ് വെസ്റ്റ് ബാങ്ക്. ഇവരുടെ ഭാവി എന്ത് എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി തന്റെ പ്രഖ്യാപനത്തില്‍ വിശദീകരിച്ചില്ല. ദ്വിരാഷ്ട്ര പരിഹാരം എന്ന ഫോര്‍മുല നശിക്കാനാണ് സാധ്യതയെന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ പറയുന്നു.

തീവ്ര ജൂതരുടെ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് നെതന്യാഹു പുതിയപ്രഖ്യാപനം നടത്തിയത്. പലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. യുഎന്നിന്റെ നിര്‍ദേശം ലംഘിച്ചാണ് ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍.

Join WhatsApp News
ഇത് തന്നെ അല്ലേ ഇവിടെയും 2019-09-13 21:01:35
 ഇത് തന്നെ അല്ലേ ഇവിടെയും നടക്കുന്നത്. എന്തെല്ലാം തോന്യവാസങ്ങള്‍ ആണ് ഒരുത്തന്‍ കാണിക്കുന്നത്. ഇത് കുട്ടി കുരങ്ങനെ കൊണ്ട് ചൂട് ചോര്‍ വാരിക്കുന്നതുപോലെ അല്ലേ. ഇതൊന്നും കണ്ടിട്ടും കാണാത്ത കുറെ കണ്ണ് പൊട്ടന്മാരും പറഞ്ഞാല്‍ തിരിയാത്ത വിഡ്ഢി മലയാളികളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക