Image

ഒരു ധ്യാന കഥ (ഷാജു ജോണ്‍)

Published on 13 September, 2019
ഒരു ധ്യാന കഥ (ഷാജു ജോണ്‍)
                                                                                                                                                                                                     "കാപ്പിപ്പൊടി അച്ചന്റെ പ്രസംഗം കേട്ടിരുന്നാല്‍ സമയം പോകുന്നതറിയുകയേ.... ഇല്ല ..!."ആണ്ടുതോറുമുള്ള  പള്ളിയിലെ ഈസ്റ്റര്‍ ധ്യാനം കഴിഞ്ഞു കാറില്‍ കയറുമ്പോള്‍  ആത്മഗതം എന്നോണം പയ്യന്‍സ്  പറഞ്ഞു.

"ദേ മനുഷ്യാ അദ്ദേഹത്തിന്റെ പേര് ഫാ .ജോസഫ് പുത്തന്‍പുരക്കല്‍ എന്നാണ്, പലരും പല പേരും വിളിക്കും എനിക്കതു കേള്‍ക്കേണ്ട". ദേഷ്യപ്പെട്ടു കൊണ്ടാണ് പയ്യത്തി ഇത് പറഞ്ഞത് .

ജോസഫ് അച്ചന്‍ പയ്യത്തിയുടെ  ആത്മീയ ഗുരുവാണ് അതുകൊണ്ടു തന്നെ കാപ്പിപ്പൊടി അച്ചന്‍ എന്ന് വിളിച്ചത് പ്രിയപ്പെട്ട ഭാര്യക്ക്  രസിച്ചില്ല.

" കാപ്പിപ്പൊടി അച്ചന്‍ എന്ന് പേരിട്ടത് ഞാനല്ല ,നൂറിന്റെ നിറവില്‍ നില്‍ക്കുന്ന ക്രിസോസ്റ്റം തിരുമേനി ആണ് . ലോകം മുഴുവന്‍ അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെ തന്നെ ആണ് താനും. അത് കൊണ്ട് പ്രിയേ, നീ അതില്‍ പരിഭവിച്ചിട്ടു ഒരു കാര്യവുമില്ല" 

 ഒന്ന് നിര്‍ത്തിയിട്ടു പയ്യന്‍സ് വീണ്ടും പറഞ്ഞു "എന്തായാലും അച്ചന്റെ തമാശകളില്‍ ഒത്തിരി നല്ല കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് "

" അപ്പൊ അതൊക്കെ  മനസ്സിലായി....വെറുതെ  അത് കേട്ട് ആര്‍ത്തു ചിരിച്ചാ പോരാ ...അതിലെ നല്ല കാര്യങ്ങളള്‍  ഈ പൊട്ടത്തലയുടെ ഉള്ളില്‍ കയറ്റിവിടുകയും, അതനുസരിച്ചു ജീവിക്കുകയും വേണം  "  പയ്യത്തിയുടെ  പ്രതിവാക്യം അപ്പോഴേ വന്നു

പള്ളിയുടെയും ,ധ്യാനത്തിന്റെയുമൊക്കെ കാര്യത്തില്‍ നിശബ്ദദ പാലിക്കുകയാണ് നല്ലതു എന്ന് പയ്യന്‌സിനു പണ്ടേ ഉള്ള ഒരു വെളിപാട്  ആണ്. ബൈബിളില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഭാര്യയോട് തര്‍ക്കിക്കുന്നതിലും ഭേദം കാറ്റിനെ മുറുകെ പിടിക്കുകയാണെന്ന്. അതുകൊണ്ടു മേപ്പടി കാര്യങ്ങളില്‍   പി എഛ് ഡി എടുത്തിട്ടുള്ള  ആളോട് തര്‍ക്കിച്ചാല്‍ പള്ളിയില്‍ നടന്ന ധ്യാനത്തിന്റെ  തുടര്‍ധ്യാനം  വീട്ടിലും നടക്കും.അതുകൊണ്ടു ഒന്നും മിണ്ടാതെ തണുപ്പിന്റെ ആലസ്യം വിട്ട്  പുതിയ  ഇലകളുമായി ഉണര്‍ന്നു വരുന്ന ഓക്ക് മരങ്ങളെ ആസ്വദിച്ചു കൊണ്ട് പയ്യന്‍സ്  വണ്ടി ഓടിച്ചു.

 വലിയ നോമ്പിലെ കഷ്ടാനുഭവ ആഴ്ചയിലാണ്  എല്ലാ വര്‍ഷത്തെയും ധ്യാനം നടക്കാറ്  .ഇത്തവണയും അതിനു മാറ്റം വന്നില്ല.ധ്യാനത്തിന് പള്ളി നിറയെ ആളുകള്‍ ആയിരുന്നു. ലോകം മുഴുവന്‍ ശ്രോതാക്കളുള്ള  അച്ചന്‍ ആയിരുന്നതുകൊണ്ട് മറ്റു മതസ്ഥര്‍ പോലും ധാരാളം ഉണ്ടായിരുന്നു  . പ്രസംഗങ്ങളിലെ തമാശയുടെ നുറുങ്ങുകള്‍  കത്തിക്കയറുമ്പോള്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ ആയിരുന്നു പള്ളിക്കകം മുഴുവന്‍ . ആ ചിരികളുടെ അലകള്‍ക്കൊപ്പം ജീവിതാനുഭവങ്ങളുടെ പുതിയ ഏടുകളും മനസ്സില്‍ പേറി ആണ് എല്ലാവരുംധ്യാനം കഴിഞ്ഞു  വീട്ടില്‍ തിരികെ പോയത്  .

"അക്കരെ അക്കരെ കാറ്റടിക്കുന്നു  തോണിക്കാരാ
ഓ ഒ ഓ ... ഓ ഒ ഓ ....തോണിക്കാരാ ...."
ധ്യാനത്തിനിടയില്‍ അച്ചന്‍ പാടി പഠിപ്പിച്ച പാട്ടു പയ്യത്തി  വീട്ടിലുടെ മൂളിക്കൊണ്ടു നടന്നു

"ഒരു ചായ കിട്ടിയിരുന്നെങ്കില്‍ ...നിന്റെ  പാട്ടിനു താളം പിടിക്കാന്‍ ഒരു മൂഡ് വന്നേനെ  ..." പയ്യന്‍സിന്റെ  അപേക്ഷ    പക്ഷെ പയ്യത്തിയുടെ  പാട്ടിന്റെ താളം തെറ്റിച്ചു.

"അപ്പൊ ആളു മാറീട്ടൊണ്ട് .....ധ്യാനം കൊണ്ട് ഗുണം ഉണ്ട്, ചായ എടുക്കെടി ..എന്ന് ആക്രോശിക്കാറുള്ള  ആ തിരുമുഖത്തു ഇന്ന് എന്തൊരു വിനയം.....എന്തൊരു എളിമ   " ചായ ഓവനില്‍  വയ്ക്കുന്നിതിനിടയില്‍ പയ്യത്തി  പറഞ്ഞു

ചായ കുടിച്ചു പതിവുപോലെ ഫേസ്ബുക്കിലെ പുതിയ വിവരങ്ങള്‍  നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് പയ്യത്തിയുടെ  അടുത്ത ഉപദേശം   വന്നത്
"ഈ വലിയ ആഴ്ചയില്‍ എങ്കിലും നിങ്ങള്ക്ക്  ഈ കുന്ത്രാണ്ടത്തില്‍ നിന്ന് ഒന്ന് എണീറ്റുകൂടേ ? എപ്പോ നോക്കിയാലും ഫോണും ഫേസ്ബുക്കും ...ഇതിലെ ഫുള്‍ ടൈം ജോലി ഉപേക്ഷിച്ചാലേ നിങ്ങള് നന്നാവൂ ....പുറത്തിറങ്ങി എന്തെങ്കിലും പണി എടുക്കു മനുഷ്യാ ...കൊളസ്‌ട്രോള്‍ എങ്കിലും കുറയും "

" ഭാര്യേ , നീ ശ്രദ്ധിച്ചോ ...അച്ചന്‍ എന്തെങ്കിലും സോഷ്യല്‍ മീഡിയയെ പറ്റി പറഞ്ഞോ ? ഇല്ലല്ലോ ..അച്ചനെ വളര്‍ത്തി വലുതാക്കിയത്  അവരാണ്. അതുകൊണ്ടു ഇതൊന്നും ഒരു തെറ്റല്ല...അറിവിന്റെ ഉറവിടം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആണ്  എന്ന് നീ മനസ്സിലാക്കുന്നത് നല്ലതാണ് " .പയ്യന്‍സ് ന്യായീകരിക്കാന്‍ ശ്രമിച്ചു

"അപ്പൊ അത് തലയില്‍ കയറി ...അച്ചന്‍ കുടുംബത്തെ പറ്റി പറഞ്ഞത്  നിങ്ങളുടെ തലയില്‍ കയറിയാരുന്നോ ?" പയ്യത്തിയുടെ  ചോദ്യം കേട്ടപ്പപ്പോള്‍ തന്നെ തോന്നി പുതിയ കഌസ് ആരംഭിക്കുകയാണ് എന്ന് ,അതുകൊണ്ടു നിസ്സംഗനായി പയ്യന്‍സ് ചോദിച്ചു

"എപ്പോഴും ഇതൊക്കെ കേള്‍ക്കുന്നതല്ലേ ...പ്രത്യേകിച്ച് എന്താ പറഞ്ഞത് ...."

"അപ്പൊ അത് തലേല്‍ കേറീല്ല ......കുടുംബം എന്നാല്‍ ദേവാലയം ആണ് .....നല്ല ഒരു കുടുംബത്തെ ദേവാലയത്തോട് ആണ് അദ്ദേഹം ഉപമിച്ചത് ." പയ്യത്തിയുടെ  സ്വന്തം ക്ലാസ് വന്നു തുടങ്ങി

" ഉം ..പോരട്ടെ ...പറഞ്ഞതിന്റെ ബാക്കി കൂടി പറ ..." പയ്യന്‍സ് പ്രോത്സാഹിപ്പിച്ചു

"ബാക്കിയോ ...ഒരു കാര്യം കേട്ടാല്‍  മുഴുവനും തലയില്‍ കയറണം  ... നമ്മുടെ വീട്  എന്നാല്‍ ദേവാലയം , ആ  ദേവാലയത്തിന്റെ  മദ്ബഹാ  ആണ് കിടപ്പറ .....ആ മദ്ബഹായിലെ  അള്‍ത്താര ആണ് കിടക്ക ......അവിടെ ആണ് കുടുംബസ്ഥരുടെ ജീവിത ബലി ആയ കുര്‍ബാന  നടക്കുന്നത്......ഇതൊക്കെ പവിത്രതയുടെ ഭാഗമാണ് " പയ്യത്തിയുടെ  കഌസ്സിനിടക്ക് കയറി പയ്യന്‍സ് ചോദിച്ചു

"അപ്പൊ എങ്ങനെയാ..... കുര്‍ബാനക്ക് സമയമായോ ? "

"അയ്യടാ ....കുട്ടപ്പാ ...ഇന്നത്തെ കുര്‍ബാന പള്ളീല്‍ കഴിഞ്ഞുട്ടോ മോനെ .." അര്‍ത്ഥ വിരാമത്തില്‍ പയ്യത്തി  നിര്‍ത്തി

"എനിക്ക് ഒരു കാര്യം പറയാനുണ്ട് " പയ്യത്തി വിഷയം മാറ്റി

"അതിനെന്തിനാ ഇത്ര മുഖവുര പറഞ്ഞോളൂ   മോളെ"
"അയ്യടാ ഒരു മോള് ....."
"നീ അച്ചന്‍ പറഞ്ഞത് കേട്ടില്ലേ ....ഇനി മുതല്‍ നിന്റെ പേരിന്റെ കൂടെ മോളേ ...........എന്നുകൂടി ചേര്‍ത്തേ  വിളിക്കു .അതുകൊണ്ടു പറയൂ  മോളെ ...എന്താണ് നിന്റെ അപേക്ഷ "
 
"ദേ ..മനുഷ്യാ എനിക്ക് ചൊറിഞ്ഞു കയറുന്നുണ്ടട്ടോ  .....ഞാന്‍ പള്ളിയിലെ കമ്മറ്റി മെമ്പര്‍ ആയിരുന്നു എന്നറിയാല്ലോ ?അച്ചന്‍  ഒരാഴ്ച ഇവിടെ ഉണ്ടാകും .നമുക്ക് അച്ചന് ഒരു ദിവസ്സം എങ്കിലും ഉണ്ണാന്‍ വിളിക്കണം "

അതിനു വേണമെന്നോ വേണ്ടെന്നോ പയ്യന്‍സ് മറുപടി പറഞ്ഞില്ല. വീണ്ടും മുഖപുസ്തകത്തിലേക്കു കണ്ണുകള്‍ താഴ്ത്തി

"നിങ്ങളെന്നാ മനുഷ്യ ...ഒരു ചൂടുമില്ലാതെ ഇരിക്കുന്നെ?"

അതിനു ഞാന്‍ സ്റ്റവ്വിന്റെ മോളിലൊന്നുമല്ലല്ലോ ഇരിക്കുന്നത്  ചൂടായിട്ടിരിക്കാന്‍ ...ഈ സോഫയിലല്ലേ ! പയ്യന്‍സ്  സോഫയില്‍ വീണ്ടുമൊന്നമര്‍ന്നിരുന്നു

"ഓ ....ഇങ്ങനെ ഒരു മനുഷ്യന്‍ ......നിങ്ങള്‍ ഒന്നും ചെയ്യേണ്ട എനിക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങിച്ചു തന്നാല്‍ മതി "
.
പയ്യത്തി  അങ്ങനെയാണ് നാട്ടില്‍ നിന്ന് അച്ചന്മാര് ആരെങ്കിലും  വരുന്നുണ്ടെന്നറിഞ്ഞാല്‍  പയ്യത്തിക്കു   അമ്പരപ്പാണ് എന്തെങ്കിലും ഉണ്ടാക്കി കൊടുത്തില്ലേല്‍ ഉറക്കം വരില്ല

' എന്റെ പൊന്നോ ....അതിനു അച്ചനെ കൊണ്ടുപോകാനും സല്‍ക്കരിക്കാനുമൊക്കെ  ആള്‍ക്കാരുടെ ക്യു  ആണ് ? പയ്യന്‍സ്  പറഞ്ഞു

"നിങ്ങള്‍ എന്തിനു മറ്റുള്ളവരുടെ കാര്യം അന്വേഷിക്കുന്നു .ഞാന്‍ ചെയ്യാനുള്ളത് ചെയ്യും ...." പയ്യത്തിയുടെ  നിശ്ചയദാര്‍ട്യത്തിനു മുന്‍പില്‍ തര്‍ക്കിച്ചാല്‍  പയ്യന്‍സ്  കൂടുതല്‍ വഴക്കിടേണ്ടി വരും. അതുകൊണ്ടു വളരെ മയത്തില്‍ പറഞ്ഞു

"നീ ഒരു കാര്യം ചെയ്യ് ......നമ്മുടെ കൈക്കാരന്‍ മാത്യു സാറിനെ ഒന്ന് വിളിച്ചു ചോദിക്കു .എവിടെ എങ്കിലും ഒരു ഒഴിവ്  ഉണ്ടെങ്കില്‍ നമുക്ക് അച്ചനെ വിളിക്കാം"

"അതിനു ഞാനാണോ വിളിക്കേണ്ടത് ..നിങ്ങളല്ലേ വിളിക്കേണ്ടത് ?" പയ്യത്തിയുടെ  മറുചോദ്യം

എങ്കിലും  കാര്യം നടക്കണമെങ്കില്‍ സ്വയം വിളിക്കണമെന്ന് പയ്യത്തിക്കു   തന്നെ അറിയാം . അതുകൊണ്ടു   തന്നെ കൈക്കാരനെ വിളിക്കാന്‍ ഫോണെടുത്തു   .പയ്യത്തിയുടെ  ഫോണ്‍ കണ്ടപ്പോള്‍ തന്നെ മാത്യു സാറിന് കാര്യം പിടി കിട്ടി .പയ്യത്തി  ചോദിക്കുന്നതിനു മുന്‍പ് തന്നെ മാത്യു സാര്‍  പറഞ്ഞു
"സിസ്റ്ററെ    ...അച്ചന്റെ എല്ലാ ദിവസങ്ങളും ബുക്ക് ചെയ്തു കഴിഞ്ഞു  .....അച്ചനെ കൊണ്ടുപോകാന്‍ ഓരോരുത്തര്‍ ക്യു നില്‍ക്കുകയാണ്" .

"അതെന്നാ മാത്യു സാറെ ...ഇത്തവണ മാത്രം ഒരു മാറ്റം .പേരില്ലാത്ത അച്ചന്മാര്‍ വന്നാല്‍  ആദ്യം എന്റെ അടുക്കല്‍ അല്ലേ  നിങ്ങള്‍ ചോദിക്കാറ്  ആഹാരം ഉണ്ടാക്കാമോ എന്ന് ? സെലിബ്രിറ്റി അച്ഛന്‍ വന്നപ്പോള്‍ നിങ്ങള്‍ എന്നെ കൈ വെടിഞ്ഞു" പയ്യത്തി  രോഷം മറച്ചു വെച്ചില്ല

"അത് ...എന്റെ പൊന്നു സിസ്റ്ററെ അച്ചന്‍  വരുന്നു എന്ന് പറഞ്ഞ അന്ന് മുതലേ ഓരോരുത്തര്‍ വിളി ആയിരുന്നു  ....നമ്മുടെ പള്ളി മാത്രമല്ല അയലത്തെ പള്ളികളും എന്തിനു നമ്മുടെ ഹിന്ദു സഹോദരര്‍ പോലും അച്ചനെ ഒരു ദിവസ്സം കിട്ടാന്‍ കാത്ത്‌കെട്ടി കിടക്കുകയായിരുന്നു .ചില്ലറക്കാരനല്ലലോ വരുന്നത് .... അച്ചന്മാരുടെ ഇടയില്‍ മാത്രമല്ല മലയാളികളുടെ മുഴുവന്‍ സെലിബ്രറ്റി ആയിട്ടുള്ള ആളല്ലേ ..." കൈക്കാരന്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തി

പയ്യത്തി കൂടുതല്‍ ഒന്നും പറഞ്ഞില്ല
"മാത്യു സാര്‍ എന്റെ അടുക്കല്‍ ഇനീം വരുട്ടോ ?" ഒരു ചെറിയ ഭീഷണി ഉയര്‍ത്തി പയ്യത്തി  ഫോണ്‍ വച്ചു

"ദേ നിങ്ങടെ മനസ്സു പോലെ തന്നെ ....നാട്ടുകാര്‍ മുഴുവനും അച്ചനെ കൊണ്ടോയി"  പയ്യത്തി  .ദേഷ്യം തീര്‍ത്തത് പയ്യന്‌സിനോട്  ആയിരുന്നു .അപ്പോഴുംപയ്യന്‍സ്  തന്റെ ഫോണില്‍ നിന്ന് കണ്ണെടുക്കാതെ ഉറി ....ഉറി ചിരിക്കുകയായിരുന്നു

"ദേ  മനുഷ്യ ...നിങ്ങള്‍ ഈ ചുണ്ണാമ്പു തേച്ചുകൊണ്ടിരിക്കാതെ പുറത്തേക്കു ഒന്നിറങ്ങു് ..ധ്യാനവും വലിയ ആഴ്ചയും ഒക്കെ കൂടാന്‍ വേണ്ടി  ഈ ആഴ്ച ഞാന്‍ വെക്കേഷന്‍ എടുത്തിരിക്കുവാ ...നമുക്ക് ഇത്തവണ നന്നായിട്ടു കൃഷിയിടണം .കഴിഞ്ഞ തവണ കാര്യമായിട്ട് ഒന്നും ചെയ്യാന്‍ പറ്റിയില്ല"

കൃഷി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പയ്യന്‌സിനു  പേടിയാണ് .കാരണം അതിന്റെ ഭാരം മുഴുവന്‍ ചുമക്കേണ്ടത് പയ്യന്‍സ്  ആണ്

"കര്‍ത്താവിനെ കൊണ്ട് കുരിശു ചുമപ്പിച്ചത് പോലെ ..നീ ഈ കഷ്ടാനുഭവ ആഴ്ചയില്‍ എന്നെ കൊണ്ട് മണ്ണും വളവുമെല്ലാം ചുമപ്പിക്കുവാന്‍ പോകുകയാണോ ?"  കഴിയുമെങ്കില്‍ ഈ പാനപാത്രം ഒഴിഞ്ഞു പോകട്ടെ എന്ന് മനസ്സില്‍ വിചാരിച്ചു പയ്യന്‍സ് ഒരു അപേക്ഷ സമര്‍പ്പിച്ചു

"എന്നാലെങ്കിലും ഈ പൊണ്ണത്തടി ഒന്ന് കുറയട്ടെ "  പയ്യത്തിക്കു പക്ഷെ 'അവനെ ക്രൂശിക്കുക..... അവനെ ക്രൂശിക്കുക ' എന്ന് ആര്‍ത്തു വിളിച്ച ഇസ്രായേല്‍  ജനത്തിന്റെ മനോഭാവം ആയിരുന്നു.

പയ്യത്തി  അങ്ങനെ ആണ് ഈ ഉലകത്തില്‍ വിളയുന്ന  സകല പച്ചക്കറികളും വളരെ വില കുറച്ചു അടുത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമെങ്കിലും പയ്യത്തിക്കു  അത് കൃഷി ചെയ്തു തന്നെ ഉണ്ടാക്കണം .അതിനു വേണ്ടി മണ്ണ് മുതല്‍ വാങ്ങിക്കണം .അതെല്ലാം വാങ്ങിച്ചു വണ്ടിയില്‍ കയറ്റി യാര്‍ഡില്‍ ഇറക്കണം, മണ്ണ് വളവും ചേര്‍ത്ത് ചട്ടികളില്‍ നിറക്കണം ,പിന്നെ വിത്ത് പാകണം ,നനക്കണം ...പണികളുടെ പട്ടിക  പയ്യന്‌സിന്റെ  ഉള്ളില്‍ കാല്‍വരിയിലെ കുരിശു പോലെ ഉയര്‍ന്നു  നിന്നു.
 
ധ്യാനം കഴിഞ്ഞെങ്കിലും, കൃഷിയുടെ വിവിധ വശങ്ങളെ കുറിച്ചായിരുന്നു പയ്യത്തിയുടെ  പിന്നീടുള്ള ധ്യാനങ്ങള്‍ . .അമേരിക്കയിലെ ഒരു നാട്ടുനടപ്പ്  അനുസരിച് ദുഃഖവെള്ളിയാഴ്ച കഴിഞ്ഞാല്‍ വിത്തിടാം പിന്നെ തണുപ്പ് ,മഞ്ഞു, ഐസ് തുടങ്ങിയവ കാട്ടുമൃഗങ്ങളെപ്പോലെ വരില്ല  .അതുകൊണ്ടു വ്യാഴാഴ്ച തന്നെ അതിനുള്ള പടയൊരുക്കം തുടങ്ങി. പയ്യന്‌സിനു വേണ്ടി പ്രത്യേകം തൂമ്പ ,മണ്‍വെട്ടി സാധനങ്ങള്‍ ഒക്കെ നാട്ടില്‍ നിന്ന് വാങ്ങിച്ചു  കൊണ്ടുവന്നിട്ടുണ്ട് 

"തുടങ്ങു് ..മനുഷ്യനെ .നിങ്ങളുടെ കൈകള്‍ക്കു നല്ല വര്‍ക്കത്താ ...നന്നയിട്ടു കായ്ഫലം ഉണ്ടാകും " യേശുവിനെ  അടുത്തെത്തി ചുംബിച്ച യുദാസിനെ പോലെ  പയ്യത്തി  തൂമ്പ എടുത്ത് കയ്യില്‍ കൊടുത്തിട്ടു പയ്യന്‌സിനെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞു തുടങ്ങി

തൊട്ടടുത്ത് മുള്‍ക്കിരീടം എന്ന കൈക്കോട്ടും , മീറ കലര്‍ത്തിയ കയ്പ്പ് നീര് എന്ന പോലെ ഒരു കുപ്പി വെള്ളവും കൊണ്ട് വെച്ചു
തിരിച്ചു വീടിനുള്ളിലേക്ക് കയറുമ്പോള്‍ പയ്യത്തി പറയുന്നുണ്ടായിരുന്നു " ദേ എല്ലാം കൊണ്ടുവച്ചിട്ടുണ്ട് ...............ഇടയ്ക്കിടെ എന്നെ വിളിച്ചു  ശല്യപ്പെടുത്തരുത് കേട്ടോ" 

"ഏലി ....ഏലി .....ലാമാ ശബത്താനി .......
എന്‍റെ ദൈവമേ,  എന്‍റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തുകൊണ്ട് ....?

പള്ളിയില്‍ നിന്ന് കേള്‍ക്കാറുള്ള  പാട്ടു മനസ്സില്‍ പാടിക്കൊണ്ട്  .പയ്യന്‍സ്  പതുക്കെ  കിളക്കാന്‍ ആരംഭിച്ചു  ... .പെട്ടെന്നാണ് ഏതോ കാറ് ശക്തമായി ബ്രെക്കിടുന്ന ശബ്ദം കേട്ടത്.ഒപ്പം ഒരു നായ  കരയുന്ന ശബ്ദവും. .
"എന്നാ  ഒരൊച്ച കേട്ടെ ...എന്നാ പറ്റി  " ശബ്ദം കേട്ട് പയ്യത്തിയും പുറത്ത് വന്നു 
"എനിക്കെന്തൊ  പറ്റി എന്ന് നീ വിചാരിക്കേണ്ട  .. ....പുറത്ത് റോഡില്‍ ആണ് എന്ന് തോന്നുന്നു .....എന്തോ സംഭവിച്ചു " പയ്യന്‍സ് മുഖത്തെ വിയര്‍പ്പു തുടച്ചു വെള്ളം കുടിക്കുന്നതിനിടയില്‍ പറഞ്ഞു 
എന്താണ് സംഭവിച്ചത് എന്നറിയാന്‍ വേണ്ടി പയ്യന്‍സ്  പുറകുവശത്തെ യാര്‍ഡിന്റെ വാതില്‍ തുറന്നു മുന്‍വശത്തേക്ക് വന്നു .യാര്‍ഡ് തുറന്നതും ഒരു നായ  കീ കീ എന്ന് മോങ്ങിക്കൊണ്ടു ഓടിപ്പോയതും ഒപ്പമായിരുന്നു  . നായയുടെ ഓട്ടം കണ്ടു പരിഭ്രമിച്ചു നില്‍ക്കുമ്പോഴാണ് കൈക്കാരന്‍ മാത്യു സാറിന്റെ വെളുത്ത ബെന്‍സ് ആണ് വീടിന്റെ മുന്‍പില്‍ ബ്രെക്കിട്ടത് എന്ന് മനസ്സിലായത് .

കുരിശു വരച്ചു കൊണ്ട് മാത്യൂസാറു കാറില്‍ നിന്നും  പുറത്തിറങ്ങി
"കര്‍ത്താവ് രക്ഷിച്ചു ..എന്റെ പയ്യന്‍സേ   ഞാന്‍ ഇപ്പൊ ജയിലില്‍ പോയേനെ ! ഒരു തല നാരിഴക്കാ ആ പട്ടി രക്ഷപെട്ടത്, കൂടെ ഞാനും  " പട്ടിയേക്കാള്‍ കിതപ്പും പരിഭ്രമവും കൈക്കാരന്‍ മാത്യു സാറിനായിരുന്നു
"ഒരു പട്ടി വട്ടം ചാടിയതിനു ഇത്ര മാത്രം പേടിക്കാന്‍ എന്തിരിക്കുന്നു " കാറിന്റെ അകത്തുനിന്നു ഘനഗം ഭീരമായ ഒരു  ശബ്ദം
 "എന്റച്ചോ ഇവിടെ പട്ടിക്കാ മനുഷ്യനെക്കാളും വില ...ആ പട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ ഇന്നു മുതല്‍ ജയിലിലെ ഉണ്ട തിന്നേണ്ടി വന്നേനെ " 

കാറിന്റെ അകത്തു നിന്നുള്ള  പരിചിതമായ ശബ്ദം കേട്ട് പയ്യത്തി  തല ചരിച്ചു നോക്കി .അത് ജോസഫ് അച്ചനായിരുന്നു.
ജോസഫ് അച്ചനെ കണ്ടതോട് കുടി പയ്യത്തിക്കു  ഒരായിരം  പൂര്‍ണചന്ദ്രന്മാരെ കണ്ട പോലെ തോന്നി 

മാത്യു സാറ് അച്ചനോടായി പറഞ്ഞു "അച്ചാ ഇതാണ് പയ്യന്‍സും പയ്യത്തിയും ...വലിയ കൃഷിക്കാരാ !"

"ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ " പയ്യന്‍സും പയ്യത്തിയും ഒന്നിച്ചു അഭിവാദ്യം ചെയ്തു

"ആ ...ഇപ്പോഴുമെപ്പോഴും  മാത്രമല്ല കൃഷിയിറക്കുമ്പോഴും സ്തുതിയായിരിക്കട്ടെ "..അച്ചന്‍ തന്റെ സ്വതസിദ്ധമായ നര്‍മത്തില്‍ പറഞ്ഞു
"കൃഷി ഒക്കെ തുടങ്ങിയോ ?അച്ചന്‍ ചോദിച്ചു

"ഇല്ലച്ചോ ...അതിനുള്ള  ഒരുക്കം തുടങ്ങുവാ" പയ്യന്‍സാണ്  പറയാന്‍ ഭാവിച്ചതെങ്കിലും ആദ്യം ഉത്തരം വന്നത് പയ്യത്തിയുടെ  വായില്‍ നിന്നായിരുന്നു 

"എന്നാ  ഒന്ന് കാണണോല്ലോ ? അമേരിക്കയില്‍ കൃഷി നേരില്‍ കണ്ടിട്ടില്ല" .അച്ചന്‍ വണ്ടിയില്‍ നിന്നിറങ്ങി യാര്‍ഡിലേക്കു കയറി
അവിടെ നിന്നിരുന്ന പേര, ഓറഞ്ച്, കറിവേപ്പില മരങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ അച്ചന് വളരെ  സന്തോഷം

"അച്ചാ ഇതുങ്ങളെ ഒക്കെ ഇപ്പോള്‍ പുറത്തിറക്കിയതേ ഉള്ളൂ ...ആറു മാസം വീടിന്റെ ഉള്ളിലും ബാക്കി ആറു മാസം പുറത്തും ജീവിക്കുന്നവരാണ് ഇവര്‍"

"കുംഭകര്‍ണനെ പോലെ ആറുമാസം ഉറക്കം ആറുമാസം ഭക്ഷണം " ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു .അമേരിക്കന്‍ മലയാളികളുടെ കൃഷി രീതികള്‍ എല്ലാം അച്ചന്‍  നോക്കി നടന്നു കണ്ടു.പോകാന്‍ തിരക്ക് കൂട്ടുന്ന കൈക്കാരന്‍ മാത്യൂസാറിന്റെ മുഖം വക വയ്ക്കാതെ പയ്യന്‍സ് അച്ചനെ അകത്തേക്ക് വിളിച്ചു
" വാ അച്ചാ .നമുക്ക് അകത്തു കേറാം ചൂടു തുടങ്ങി ."  .

അച്ചന് തിരക്കുണ്ട് കേട്ടോ എന്ന് പറയാന്‍ കൈക്കാരന്‍ മാത്യു സാറു വാ പൊളിച്ചതാണ് ,പക്ഷെ പയ്യത്തിയുടെ മുഖത്തേക്ക് നോക്കിയതോടു കൂടി പൊളിഞ്ഞ വായ അതെ പോലെ അടഞ്ഞു പോയി .

അകത്തു കയറിയതും അച്ഛന്‍ ചോദിച്ചു "നല്ല വരിക്ക ചക്കപ്പഴത്തിന്റെ  മണം വരണൊണ്ടല്ലോ. അമേരിക്കയിലും ചക്കപ്പഴമോ   ?"

"അച്ചാ ..അത് ....നമ്മുടെ പള്ളിയിലെ തന്നെ ഒരു ചേട്ടന്‍ ഇടയ്ക്കിടെ എവിടെ നിന്നോ ലോഡ് കണക്കിന് ചക്കപ്പഴം കൊണ്ടു  വരും ...അങ്ങേരുടെ ചക്കരവര്‍ത്തമാനത്തില്‍ വീണു എല്ലാവരും അത് വാങ്ങിക്കുകയും ചെയ്യും  .ദോഷം പറയരുതല്ലോ നല്ല രുചിയുള്ള ചക്കപ്പഴമാണ്....ഇച്ചായന്‍  ദേ അത് ഇപ്പൊ മുറിച്ചേ ഉള്ളൂ " പയ്യത്തി  പറഞ്ഞു നിര്‍ത്തി.

"അപ്പൊ നാട്ടിനേക്കാള്‍ നാട്ടിലെ സാധനങ്ങള്‍ കിട്ടുന്നത് ഇവിടെ ആണ് " ചായക്കൊപ്പം  ചക്കപ്പഴവും കഴിച്ചു കൊണ്ട്  അച്ചന് പറഞ്ഞു  
 ചായ കുടി കഴിഞ്ഞു പുറത്തേക്കു പോകുമ്പോള്‍ അച്ചന്‍  പറയുന്നുണ്ടായിരുന്നു "കട്ടപ്പനയിലെ വീട്ടിലെത്തിയ തോന്നല്‍"
 
അല്‍പ സമയത്തെ വിശ്രമത്തിനു ശേഷം മാത്യു സാറിന്റെ വെളുത്ത ബെന്‍സില്‍ കയറി അച്ചന്  യാത്രയായി .അച്ചനെ കൈ വീശി യാത്രയാക്കുമ്പോഴും പയ്യത്തിയുടെ  കണ്ണുകള്‍ കൈക്കാരനു നേരെ ആയിരുന്നു. ഒരു തരം  പ്രതികാരം ചെയ്ത സംതൃപ്തി പയ്യത്തിയുടെ  കണ്ണുകളില്‍ അപ്പോഴും  തങ്ങി നിന്നു

Join WhatsApp News
Boby Varghese 2019-09-14 14:26:29
Beautiful. Very simple presentation. Thanks.
benoy 2019-09-14 19:24:20
വളരെ നന്നായിരിക്കുന്നു. നല്ലൊരു നർമം വായിച്ചതിന്റെ സംതൃപ്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക