Image

സ്വാഗതം മഹാബലി (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 10 September, 2019
സ്വാഗതം  മഹാബലി (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
പൊന്നോണനാളിതാ, വന്നുവല്ലോ,അതിന്‍
പൊന്നിന്‍ ചിലമ്പൊലി  കേള്‍ക്കുന്നല്ലോ!
പൊട്ടിച്ചിരികളും,മന്ദഹാസങ്ങളും
പൊട്ടിവിരിയുന്ന  നേരമല്ലോ!

മൊട്ടുകളെങ്ങും വിരിയുന്നല്ലോ, രാവില്‍
പൊട്ടിവിടരാന്‍ തുടങ്ങിയല്ലോ!
ഒട്ടുമാലസ്യമേശാതെങ്ങും പൈതങ്ങള്‍
ഓടിക്കളിക്കാന്‍ തുടങ്ങിയല്ലോ!

പൂക്കൂടകള്‍ പേറി  പൈതങ്ങളെമ്പാടും
പൂക്കള്‍  പറിക്കാനിറങ്ങിയല്ലോ!
ആബാലവൃദ്ധം  പൊന്നോണം  കൊണ്ടാടുവാന്‍
ആമോദം കാത്തിരിക്കുന്നുവല്ലോ!

അത്തം  തുടങ്ങിയാല്‍ അന്നുമുതല്‍, മുറ്റം
മൊത്തത്തില്‍ നല്ലപോല്‍ വൃത്തിയാക്കി,
ചാണകം  കൊണ്ടു മെഴുകിയ  മുറ്റത്തില്‍
ചേലൊത്ത  വട്ടത്തില്‍  പൂവിടുന്നു!

തിരുവോണ  നാളന്നു  മാവേലിത്തമ്പുരാന്‍
തിരുമുറ്റത്തെത്തുമെന്നാശയോടെ,
പായസം, പപ്പടം, പൂവട ,യുപ്പേരി
പുത്തരിച്ചോറും,കറികളുമായ്,

കാത്തിരിക്കുന്നു  കിടാങ്ങള്‍, അവിടുത്തെ
കാണുവാനാമോദം  ആദരിക്കാന്‍!
വന്ദ്യമഹാബലി,തമ്പുരാനേ, യങ്ങി
സദ്യയില്‍  ഭാഗഭാക്കാകേണമേ!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക