Image

ആഗോള കുടിയേറ്റങ്ങള്‍ നാടിന്റെ സമഗ്രവളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകി: മാര്‍ മാത്യു അറയ്ക്കല്‍

Published on 18 August, 2019
ആഗോള കുടിയേറ്റങ്ങള്‍ നാടിന്റെ സമഗ്രവളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകി: മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: കേരളത്തില്‍ നിന്നുമുള്ള രാജ്യാന്തര കുടിയേറ്റങ്ങള്‍ നാടിന്റെ സമ്പദ്ഘടനയുള്‍പ്പെടെ സമഗ്രവളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
   
വിവിധ ജീവിത വെല്ലുവിളികളില്‍ കേരളജനതയ്ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന പ്രവാസിമക്കളുടെ സേവനം അതിവിശിഷ്ടമാണ്. കാര്‍ഷിക പ്രതിസന്ധിയുടെ നാളുകളില്‍ പല കുടുംബങ്ങളും ജീവിതം കരുപ്പിടിപ്പിക്കുന്നത് കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ പിന്തുണ കൊണ്ടാണ്. മാറിയ കാലഘട്ടത്തില്‍ ആഗോളതലത്തിലുള്ള അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ നമ്മുടെ യുവതലമുറയ്ക്കാകണം. പ്രവാസിജീവിതത്തിനുശേഷം മടങ്ങിവന്നിരിക്കുന്നവരുടെ ഒത്തുചേരലും കൂട്ടായ്മയും ശക്തിപ്പെടുത്തണം. തുരുത്തുകളായി മാറിനില്‍ക്കാതെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണം. വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ചു മുന്നേറുവാന്‍ കഴിയണമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.
   
മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വികാരിജനറാള്‍ റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ മോഡറേറ്ററായിരുന്നു. പ്രവാസി അപ്പസ്‌തോലേറ്റ് രൂപത ഡയറക്ടര്‍ റവ.ഡോ.മാത്യു പായിക്കാട്ട് ആമുഖപ്രഭാഷണവും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസറ്റിയന്‍ ‘‘പ്രവാസി അപ്പസ്‌തോലേറ്റിന്റെ പ്രസക്തിയും പ്രവര്‍ത്തനപരിപാടികളും’’ വിഷയാവതരണവും നടത്തി. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട രൂപതാംഗമായ ടോം ആദിത്യയെ മാര്‍ മാത്യു അറയ്ക്കല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഡെന്നി കൈപ്പനാനി, സൗദി അറേബ്യ ആശംസകള്‍ നേര്‍ന്നു. അമല്‍ജ്യോതി കോളജ് അസിസ്റ്റന്റ് മാനേജര്‍ ഫാ.ബെന്നി കൊടിമരത്തുമൂട്ടില്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് രൂപതാ ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ.ജൂബി മാത്യു, പ്രൊഫ.മനോജ് ടി. ജോയ്, എസ്.എം.വൈ.എം.രൂപതാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ എന്നിവര്‍ പ്രവാസി കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

റവ.ഡോ.മാത്യു പായിക്കാട്ട്
ഡയറക്ടര്‍, 9544494704

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക