Image

നാടൊന്നാകെ അണിനിരന്നു: വയനാട്ടില്‍ മഹാ ശുചീകരണ യജ്ഞം

Published on 18 August, 2019
നാടൊന്നാകെ അണിനിരന്നു: വയനാട്ടില്‍ മഹാ ശുചീകരണ യജ്ഞം
കല്‍പ്പറ്റ: പ്രളയജലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാന്‍ നാടൊന്നാകെ ഞായറാഴ്ച അണിനിരന്നു. രാവിലെ 9 മുതല്‍ നടക്കുന്ന ഏകദിന ശുചീകരണ യജ്ഞത്തില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അമ്ബതിനായിരത്തിലധികം പ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തിറങ്ങിയത്.

ഒരോ പഞ്ചായത്തിലും വാര്‍ഡുതലങ്ങള്‍ കേന്ദ്രീകരിച്ചാണ് ശുചീകരണം. ഇവിടങ്ങളിലെ പൊതുയിടങ്ങളും വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കും.ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളുടെ ശുചീകരണവും ഇതോടൊപ്പം നടക്കും. ആദിവാസി കോളനികളുടെ ശുചീകരണത്തിനും പ്രാധാന്യം നല്‍കും. മണ്ണ് നീക്കം ചെയ്യല്‍, കിണര്‍ ശുചീകരണം, പരിസര ശുചീകരണം എന്നിവയും ഏറ്റെടുക്കും. കിണറുകള്‍ ഇടിഞ്ഞ് താഴാന്‍ സാധ്യതയുളളതിനാല്‍ വെളളം വറ്റിച്ച്‌ കൊണ്ടുളള ശുചീകരണം നടത്തില്ല. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശാനുസരണം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി പാനയോഗ്യമാക്കുന്നതിനുളള നടപടികളാണ് എടുക്കുക. ആവശ്യമെങ്കില്‍ യന്ത്രസഹായം ഉപയോഗിക്കും. 

ശുചീകരണ യജ്ഞത്തിനാവശ്യമായ സാമഗ്രികള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കി. വാര്‍ഡ്തല ഏകോപനസമിതിയാണ് മേല്‍നോട്ടം വഹിക്കുക. എലിപനി പ്രതിരോധ മരുന്നുകള്‍, സുരക്ഷാമാര്‍ഗങ്ങളായ ഗംബുട്ടുകള്‍, കൈയ്യുറകള്‍ എന്നിവയും നല്‍കും. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിഷയേന്‍ ഭക്ഷണം നല്‍കി . 

ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവ വെവ്വേറെ ശേഖരിക്കും. അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തുകളുടെ എംസിഎഫുകളിലും മറ്റ് കേന്ദ്രങ്ങളിലും താല്‍ക്കാലികമായി സൂക്ഷിക്കും. ഇവ ഹരിത സഹായ ഏജന്‍സികളായ ക്ലീന്‍ കേരള ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് കൈമാറും. 

ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, സ്‌ക്രാപ് മര്‍ച്ചന്റ്സ്, വ്യാപാരി വ്യവസായി സംഘടനകള്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക