Image

മുഗളായി ചിക്കന്‍ (കഥ: ഷാജു ജോണ്‍)

Published on 17 August, 2019
മുഗളായി ചിക്കന്‍ (കഥ: ഷാജു ജോണ്‍)
ഫോണ്‍ നിശബ്ദമാക്കി ആണ് രാത്രി ഉറങ്ങാന്‍ കിടന്നതെങ്കിലും അതി രാവിലെ വന്ന ഫോണ്‍ കാളിന്റെ  വൈബ്രേഷന്‍  മൂലം ഫോണ്‍ മേശപ്പുറത്ത് കിടന്നു ഡാന്‍സ് കളിക്കുകയായിരുന്നു . ആ  ശബ്ദം സഹിക്ക വയ്യാതെ ആണ് പയ്യന്‍സ് ഫോണെടുത്തത് .ഫോണിന്റെ മറുതലക്കല്‍  എട്ടുവീട്ടില്‍ ജോര്‍ജൂട്ടി  ആയിരുന്നു.

"ഹലോ ..പയ്യന്‍സ് നീ എന്തെടുക്കുന്നു ? കഥയെഴുതുകയാണേല്‍ ഒന്ന് നിര്‍ത്തടെ ... .അത് വായിച്ചു മനുഷ്യര്‍ക്ക് ബോറടിച്ചിട്ടു വയ്യ ...നീ ഉപകാരപ്രദമായ എന്തെങ്കിലും  ചെയ്യ്  ?

ജോര്‍ജൂട്ടി രാവിലെ   ഉപദേശം തുടങ്ങി ... ആള്  അങ്ങനെ ആണ് ....സംസാരം തുടങ്ങിയാല്‍ പിന്നെ കാലവര്‍ഷം പെയ്യും പോലെ നിറുത്താതെ സംസാരിച്ചു കൊണ്ടേ യിരിക്കും ... ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതെ മഴവെള്ളം കെട്ടിക്കിടന്നു വെള്ളപ്പൊക്കം ഉണ്ടാവുന്നത് പോലെ ജോര്‍ജ്ജുകുട്ടിയുടെ  വാക്‌ധോരണി സംസാരം കഴിഞ്ഞാലും   നമുക്ക് ചുറ്റും കെട്ടികിടക്കുന്നുണ്ടാകും. 

കുട്ടനാട്ടിലെ ആയിരപ്പറ പാടത്തിന്‍റെ ആരികില്‍ അഞ്ഞൂറേക്കര്‍ കായല്‍ഭൂമി സ്വന്തമായിട്ടുള്ള കായല്‍ രാജാക്കന്മാര്‍ ആണത്രേ  ജോര്‍ജൂട്ടിയുടെ തറവാട്ടുകാര്‍ .കണ്ണെത്താത്ത ദൂരത്തോളം ഉള്ള കായല്‍ കൃഷി ഭൂമിയില്‍, നെല്ല് താറാവ്,മല്‍സ്യവുമാണെങ്കില്‍ , മുകളിലുള്ള കരയില്‍  തെങ്ങും കവുങ്ങും അതിനിടയിലൂടെ   ആടുമാടുകളും കോഴികളും ഒക്കെ ആണ്. അങ്ങനെ ഉള്ള   ഒരു വലിയ തറവാട്ടില്‍ പതിനൊന്നാമനായിട്ടാണ് ജോര്‍ജൂട്ടി  ജനിച്ചതും വളര്‍ന്നതും  .കണ്ണും കാതുമെത്താത്ത പറമ്പില്‍  കോഴിയെ തീറ്റ കൊടുക്കാന്‍ ബ ..ബ്ബ ...ബാ  എന്ന് വിളിച്ചിരുന്നത് പോലും വലിയ കോളാമ്പി മൈക്ക് വച്ചിട്ടായിരുന്നത്രെ ...ഈ തരം പൊങ്ങച്ച  കഥകള്‍  കേട്ട് കേട്ട് എല്ലാവരും ജോര്‍ജൂട്ടിനെ "പ്രഭുവെ ....പ്രഭുവെ" എന്ന് വിളിക്കാന്‍ തുടങ്ങി

തന്റെ  അടുത്ത് ആരെ കിട്ടിയാലും കായലിന്റെയും കായല്‍ രാജാക്കന്മാരുടെയും ചരിത്രം  വിളമ്പി "താനാരൊക്കെയോ  "  ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍  മിടുക്കനായിരുന്നു ജോര്‍ജൂട്ടി . ഇതെല്ലം പറഞ്ഞു കഴിഞ്ഞു ഒരൊറ്റ  നെടുവീര്‍പ്പ് ആണ് " പറഞ്ഞിട്ടെന്താ കാര്യം ...ഈ പറഞ്ഞതെല്ലാം  ..നെടുമ്പശ്ശേരിയില്‍ നിന്ന് അമേരിക്കയിലേക്ക് വിമാനം കയറിയതോടെ തീര്‍ന്നു  " .

അമേരിക്കയില്‍ ജോര്‍ജൂട്ടിയെ  സ്വയം ചമച്ചു  വെച്ച പ്രഭുത്വം അല്പം പോലും സഹായിച്ചില്ലെന്നു  മാത്രമല്ല അത് അയാളെ  പലപ്പോഴും ഒരു പരിഹാസ പാത്രവുമാക്കിയിരുന്നു

"പ്രഭുത്വം കഴിച്ചാല്‍ വയറു നിറയില്ലല്ലോ ...പോയി എന്തെങ്കിലും ജോലി ചെയ്യണം " ജോര്‍ജൂട്ടിടെ ഭാര്യ ആനീസ് എന്നും  രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം നല്‍കുന്ന ഉപദേശമാണിത്.

"ഞാനൊരു നേഴ്‌സ് ആയതുകൊണ്ട് ഇവിടെ വലിയ അല്ലലില്ലാതെ ഇവിടെ ജീവിച്ചു പോകുന്നു "  ആനീസ്  ഇതൊക്കെ പല തവണ പറഞ്ഞപ്പോള്‍ ആണ് ജോര്‍ജൂട്ടി  ജോലി അന്വേഷിച്ചിറങ്ങിയത്.  പല പല ജോലികളും പരീക്ഷിച്ചു നോക്കി  ,ഗ്യാസ് സ്‌റേഷന്‍  , മൊട്ടല്‍, ഹോട്ടല്‍, ചെറുകിട ഗ്രോസറി സ്‌റ്റോര്‍  ..അങ്ങനെ പലതും ..പക്ഷെ ഒരിടത്തും ഒരാഴ്ചയില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ജോര്‍ജൂട്ടിടെ  പ്രഭുത്വം അനുവദിച്ചില്ല .പിന്നെ ചീട്ടു കളിച്ചും ജോലിയില്ലാത്ത  കൂട്ടുകാരെ ഫോണ്‍ ചെയ്തും ഒക്കെ സമയം പോക്കി .

അങ്ങനെ ഉള്ള ഒരു ഫോണ്‍ കാള്‍ ആണ് ജോര്‍ജൂട്ടിയില്‍ നിന്ന് രാവിലെ പയ്യന്‌സിനു ലഭിച്ചത് .

"അല്ല പ്രഭുവെ  ..നീ കായല്‍ കഥ പറയാന്‍ വേണ്ടിയാണോ രാവിലെ വിളിക്കുന്നത് " ഉറക്കം പോയ നീരസത്തോടെ പയ്യന്‍സ് ചോദിച്ചു

"എടാ പയ്യന്‍സേ അല്ലാന്നേ ......ഇന്ന് ആനീസിന്റെ  ബര്‍ത്ത് ഡേ  ആണ് ...അവളു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നു ഉറങ്ങി .ഞാനാണേല്‍ എഴുന്നേക്കാനും വൈകി ..ഒന്ന് വിഷ് പോലും ചെയ്തില്ല "

"അതുകൊണ്ടെന്താ, ഒരുപദേശം കുറച്ചല്ലേ കേട്ടുള്ളൂ ...ഇനി ബ്രേക്ക് ഫാസ്റ്റ് ആണ് പ്രശ്‌നമെങ്കില്‍  ..ഇങ്ങോട്ടു പോരെ ഞാന്‍ നല്ല പുട്ടും കടലേം ഉണ്ടാക്കീട്ടുണ്ട് " പയ്യന്‍സ് പറഞ്ഞു

"അതല്ലാടെ ....ബ്രെക് ഫാസ്റ്റ്  മേശപ്പുറത്തു എടുത്ത് വച്ചിട്ടാ അവളുറങ്ങാന്‍ കിടന്നത് " ജോര്‍ജൂട്ടി കുറ്റബോധത്തോടെ പറഞ്ഞു

"പാവം അനീസ് , ഉത്തമയായ ഭാര്യ. ഞാന്‍ ആനീസിനെ ഒരിക്കലും കുറ്റം പറയില്ല ..അവര് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നു നിനക്ക് ബ്രെക്ഫാസ്‌റ് ഉണ്ടാക്കി മേശപ്പുറത്തു വച്ചിട്ട് ഉറങ്ങാല്‍ പോയി ....കഷ്ടം എന്തെങ്കിലുമൊക്കെ ഹെല്‍പ് ചെയ്യൂ പ്രഭുവെ ..." ഒരു ഉപദേശ രൂപേണ പയ്യന്‍സ് പറഞ്ഞു

"ശരിയാടാ പയ്യന്‍സേ ..ഞാന്‍ മാറാന്‍ പോവുവാ , അതുകൊണ്ടു രാവിലെ തന്നെ  അവള്‍ക്കു പിറന്നാള്‍ സമ്മാനമായി  ഒരു സര്‍െ്രെപസ് കുക്കിങ് നടത്തിയാലോ എന്ന് എന്നാലോചിക്കുവാ ...ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അവള്  ഞെട്ടണം ......അതിനാ നിന്നെ വിളിച്ചേ ..നീ നിന്റെ ഭാര്യെനെ മണിയടിക്കുന്നത്  അങ്ങനെ അല്ലെ ..എനിക്ക് നിന്റെ സഹായം വേണം " ജോര്‍ജൂട്ടി ഒരഭ്യത്ഥന നടത്തി

"സര്‍െ്രെപസ് പാര്‍ട്ടി എന്ന് കേട്ടിട്ടുണ്ട് .... സര്‍െ്രെപസ് കുക്കിങ് ആദ്യമാ .... ആട്ടെ എന്ത് കുക്കിങാ പ്രഭു ഉദ്ദേശിച്ചത് ?" പയ്യന്‍സ് ചോദിച്ചു

" ആനീസിന്  ചിക്കന്‍ കറി വലിയ ഇഷ്ടമാ ..ഞാന്‍ ഒരു അടിപൊളി ചിക്കന്‍ കറി ഉണ്ടാക്കിയാലോ?  ..എന്നെ ഒന്ന് സഹായിക്കടെ ?" വഴി തപ്പി നടക്കുന്ന കുരുടനെ പോലെ  ജോര്‍ജൂട്ടി അപേക്ഷിച്ചു 

" ഒരു ചിക്കന്‍ കറി  ഉണ്ടാക്കാനാണോ പ്രയാസം ...യൂ ട്യൂബില്‍ ഇഷ്ടം പോലെ വീഡിയോസ്  ഉണ്ട് ..ഇനി അതിനു സമയമില്ലെങ്കില്‍ ,നേരെ മലയാളി കടയില്‍ പോകുവാ ..അവിടെ നിന്ന് ഒരു ചിക്കന്‍ കറി മസാല കൂട് എടുക്കുക അതിന്റെ പുറത്ത് എന്ത് വേണമെന്നും ,എന്തൊക്കെ ചെയ്യണമെന്നും  കൃത്യമായി എഴുതി വച്ചിട്ടുണ്ട്  "  പയ്യന്‍സ് ഒരു കുറുക്കുവഴി പറഞ്ഞു കൊടുത്തു

"അത്രയേ ഒള്ളോ ..അതാണോ നിന്റെ കുക്കിങ്ങിന്റെ രഹസ്യം " എന്തോ കണ്ടു പിടിച്ച പോലെ ജോര്‍ജൂട്ടി മറുപടി പറഞ്ഞു

"പിന്നല്ലാതെ ..ഇനീം ഒത്തിരി രഹസ്യങ്ങളുണ്ട് ,അതൊക്കെ പിന്നെ പറയാം എന്നാ വെക്കട്ടെ ..എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിളിച്ചോളൂട്ടോ " സഹായത്തിനുള്ള  വാതില്‍ തുറന്നിട്ട് പയ്യന്‍സ് ഫോണ്‍ താഴെ വച്ചു .

ഫോണ്‍ താഴെ വച്ചതോടു കൂടി ജോര്‍ജൂട്ടിക്കു ആകെ സംശയമായി .യൂ ട്യൂബ് കാണണോ ? അതോ കടയില്‍ പോണോ ?. രണ്ടു മൂന്നു ചിക്കന്‍ കറി  ഉണ്ടാക്കുന്ന  യൂ ട്യൂബ് വീഡിയോ കണ്ടെങ്കിലും, അതിലൊന്നും ശ്രദ്ധ നിന്നില്ല   അവസാനം  കട തന്നെ തിരഞ്ഞെടുത്തു . മലയാളി കടയിലേക്ക് െ്രെഡവ് ചെയ്യുമ്പോഴും  നേരത്തെ കണ്ട വീഡിയോ കളുടെ പല പല രംഗങ്ങള്‍ ആയിരുന്നു ഉള്ളില്‍.... കൂടെ ആ വീഡിയോയിലെ കറികളുടെ നിറവും, ഗുണവുമെല്ലാം ...
 
മലയാളി കടയുടെ വാതിക്കല്‍ ആലോചിച്ചു  നില്‍ക്കുന്ന ജോര്‍ജൂട്ടിനെ  കണ്ടപ്പോഴേ അവിടെ ജോലിക്കു നിന്ന പയ്യന്‍ ചോദിച്ചു അല്ല  ചേട്ടനോ ? ..ചേച്ചി ആണല്ലോ വരാറ് ഇന്നെന്തു പറ്റി ?

"എടേയ് കൗണ്ടര്‍ ബോയ് ..  എനിക്ക് ഒരു കോഴിക്കറി ഉണ്ടാക്കണം അതിനുള്ള സാധനങ്ങള്‍ എല്ലാം എടുത്ത് താ " ജോര്‍ജൂട്ടി  പറഞ്ഞു

"ചേട്ടാ, അതിനെന്താ കോഴി മുറിച്ചു ഫ്രീസറില്‍ ഇരിപ്പുണ്ട് ,,,കോഴി മസാല അലമാരയില്‍ ഉണ്ട് .ഇത് രണ്ടും ഉണ്ടെങ്കില്‍ കോഴിക്കറി റെഡി" ഒറ്റ വാചകത്തില്‍ കോഴിക്കറി റെഡിയാക്കിയവനെ പ്പോലെ കൗണ്ടര്‍ ബോയ് മറുപടി പറഞ്ഞു
 
കൗണ്ടര്‍ ബോയ് കൈ ചുണ്ടിയിടത്ത് നിന്ന്  ജോര്‍ജൂട്ടി കോഴിമസാല തപ്പാന്‍ തുടങ്ങി
"ഡേയ് ഇതില്‍  ഏതു മസാലയാ നല്ലതു  ..?" പല തരാം മസാലകള്‍ കണ്ടതോട് കുടി ജോര്‍ജൂട്ടിക്കു ആകപ്പാടെ  സംശയമായി

"എല്ലാം നല്ലതാ ചേട്ടാ ..ചേട്ടനിഷ്ടമുള്ളത്  എടുത്തോ" ഒരു ശരാശരി കച്ചവടക്കാരന്‍ പറയുന്ന പോലെ കൗണ്ടര്‍ ബോയ് ഉത്തരം കൊടുത്തു

ജോര്‍ജൂട്ടി കാണാന്‍ ഭംഗിയുള്ള ഒരു മസാല പാക്കറ്റ് എടുത്തു .ഇനി ഇതിനു വേണ്ട ചേരുവകകള്‍ കൂടി വേണം

"മിസ്റ്റര്‍ കൗണ്ടര്‍ ബോയ്  ...ഇതിന്റെ കൂടെ എന്തൊക്കെയാ വേണ്ടത് ?" അലമാരയില്‍ പരതുന്നതിനിടയില്‍ ജോര്‍ജൂട്ടി ചോദിച്ചു

"എന്റെ പൊന്നു ചേട്ടാ എന്തൊക്കെയാ വേണ്ടതെന്നു ആ മസാല പാക്കറ്റില്‍  എഴുതീട്ടുണ്ട്.... വായിച്ചു നോക്ക് ....അവയെല്ലാം തന്നെ അലമാരയില്‍ ഉണ്ട്" ഇടയ്ക്കു വന്ന ഫോണ്‍ കോള്‍  എടുക്കുന്നതിടയില്‍ കൗണ്ടര്‍ ബോയ് പറഞ്ഞു .
 
"ക്വന്‍ഡിടി .....റെക്കമെന്റീ ......" ...ഇതെന്നാടാ സ്പാനിഷ് ആണല്ലോ എഴുതിയിരിക്കുന്നത്  സ്പാനിഷ് മസാല ആണോ ? മെക്‌സിക്കോയില്‍ നിന്നോ മാറ്റാനോ ആണോ ? ജോര്‍ജൂട്ടി മസാലകൂടിന്റെ വശങ്ങളില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ ശ്രമിച്ചു  നോക്കി

"അല്ലന്നേ നമ്മുടെ കേരളത്തിലേയ ...ചേട്ടന്‍ ഒന്ന് തിരിച്ചു നോക്ക്, മറുപുറത്ത് എഴുതിയിട്ടുണ്ടാകും " കൗണ്ടര്‍ ബോയിയുടെ ശബ്ദം മാറിത്തുടങ്ങി 

ജോര്‍ജൂട്ടി  മസാലകൂട് വീണ്ടും ഒന്ന് കൂടി തിരിച്ചു നോക്കി. അവിടെയും  മലയാളത്തില്‍ ഒന്നും എഴുതിയിട്ടില്ല പകരം ഇംഗ്ലീഷില്‍ ആണ് വിവരങ്ങള്‍ കുറിക്കപ്പെട്ടിരുന്നത്
 
"ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മലയാളികള്‍ ആയിരിക്കും .ഇവന്മാര്‍ക്ക് മലയാളത്തിലും കൂടെ എഴുതിക്കൂടെ ? ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വായിക്കുന്നതിനിടയില്‍ ജോര്‍ജൂട്ടിയുടെ ഭാഷാസ്‌നേഹം പുറത്ത് വന്നു.

ജോര്‍ജൂട്ടി  ആവശ്യമായ  ഓരോരോ സാധനങ്ങള്‍ വായിക്കാന്‍ തുടങ്ങി ....ചിക്കന്‍ , ഉള്ളി, തക്കാളി ,ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ,പിന്നെ എണ്ണയും .

"എടാ കൊച്ചനെ, ഇതൊക്കെ എവിടെയാ ഇരിക്കുന്നെ ...... നീ  ഒന്ന്  എടുത്ത് താടാ .."  തപ്പി മടുത്ത ജോര്‍ജൂട്ടി കൗണ്ടര്‍ ബോയിയുടെ സഹായം ചോദിച്ചു

"അത് കൗണ്ടറില്‍ നില്‍ക്കുന്ന ആളുടെ പണിയല്ല....." തിരിച്ചടിച്ച പോലെ കൗണ്ടര്‍ ബോയ് പറഞ്ഞു 

"നീ ബുക്കും പേപ്പറുമൊന്നുമില്ലാതെ വന്നിറങ്ങിയതല്ലേ ..കൂടുതല്‍ കളിച്ചാല്‍ നിന്നെ തിരിച്ചു കയറ്റി വിടാന്‍ വലിയ പ്രയാസമൊന്നുമില്ലാട്ടോ..ട്രംപ് നിന്നെപ്പോലെ ഉള്ളവരെ നോട്ടമിട്ടിരിക്കുവാ എന്നറിയാല്ലോ ലെ .... " ഒരു ഭീഷണി പോലെ ജോര്‍ജൂട്ടി ഒന്ന് വിരട്ടാന്‍ ശ്രമിച്ചു

ശബ്ദത്തിന്റെ മുഴക്കം കുടിയതുകൊണ്ടാണോ എന്നറിയില്ല അപ്പോഴേക്കും കടയുടെ ഓണര്‍ ഷണ്മുഖനെത്തി ജോര്‍ജൂട്ടിയുടെ ചെവിയില്‍ പറഞ്ഞു
"പൊന്നു സാറെ  ഒന്നും പറയല്ലേ ...ഇന്നലെ വരെ എന്റെ കാല്‍ച്ചുവട്ടില്‍ നിന്നവനാ ...ഇപ്പൊ ഏതോ അസൈലം  വിസ ശരിയായി, ഗ്രീന്‍ കാര്‍ഡും ഒക്കെ  ആയി ,  .ഇപ്പൊ അവനെന്നെ ഭരിക്കുവാ ..വേറൊരാളെ കിട്ടാനില്ല .അത് വരെ ഇവനെ സഹിക്കുവാ ..ആട്ടെ സാറിനെന്നാ വേണ്ടേ?

"എനിക്ക് ഒരു ചിക്കന്‍ കറി  ഉണ്ടാക്കാനുള്ള സാധനങ്ങള്‍ എല്ലാം വേണം"  ഇടംകണ്ണിട്ടു കൗണ്ടര്‍ബോയിയെ പരുഷമായി  നോക്കുന്നതിനിടയില്‍ ജോര്‍ജൂട്ടി ഓണര്‍ ഷണ്മുഖനോടു പറഞ്ഞു

"അത്രയേ ഒള്ളോ സാറു  വാ ..... ഇത് കണ്ടോ ചിക്കന്‍ ...വെറും ചിക്കാനല്ല ...ഹലാല്‍ ചിക്കന്‍ ഇതൊരു പാക്ക് എടുത്തോ രണ്ടര പൗണ്ട് ഉണ്ടാകും ,എന്ന് പറഞ്ഞാ നമ്മടെ ഒരു കിലോ ,പിന്നെ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ...ഉള്ളി തക്കാളി .....അങ്ങനെ ഓണര്‍  ഷണ്മുഖന്‍ എല്ലാ ചേരുവകകളും എടുത്ത് പാക്കറ്റിലാക്കി .ഇട്ടിച്ചന്റെ കയ്യില്‍ കൊടുത്തു "

കൗണ്ടര്‍ ബോയ് ജോര്‍ജ്ജുട്ടീടെ  മുഖത്തേക്ക് പോലും നോക്കാതെ ബില്ലടിച്ചു കൊടുത്ത്,തന്റെ സെല്‍ഫോണില്‍ തോണ്ടാന്‍ തുടങ്ങി

വീട്ടിലെത്തിയ ജോര്‍ജൂട്ടി  ബാഗിലെ ഓരോ സാധനങ്ങളും കിച്ചന്‍ കൗണ്ടറില്‍ നിരത്താന്‍  തുടങ്ങി . ഇതിനിടയില്‍ യൂ ട്യൂബിലെ രണ്ടു മുന്ന് വിഡിയോകള്‍  നോക്കിയെങ്കിലും ,അതൊന്നും മനസിലാക്കാന്‍ ഉള്ള അടുക്കള പരിചയം ജോര്‍ജൂട്ടിക്കു ഇല്ലായിരുന്നു എവിടെ തുടങ്ങണം എന്ന് യാതൊരു നിശ്ചയമില്ലായിരുന്നു. അതുകൊണ്ടു മസാല പാക്കറ്റിലെ പാചക രീതി മാത്രം വായിച്ചു  ശ്രദ്ധാപൂര്‍വം ചിക്കന്‍ കറി ഉണ്ടാക്കാന്‍ ഉള്ള ശ്രമം തുടങ്ങി.

ആദ്യത്തെ ഉദ്യമം ഉള്ളി വഴറ്റുക എന്നതായിരുന്നു അതിനായി മസാല പാക്കറ്റില്‍ പറയും പോലെ എണ്ണ ചട്ടിയില്‍ ഒഴിച്ച് ചൂടാക്കി ചേരുവകകള്‍ എല്ലാം അതിലിട്ടു .  വളരെ നേരം  വഴറ്റിയിട്ടും ആനീസ്  വെക്കുന്ന ചിക്കന്‍റെ  പോലെ  മസാലയുടെ മണമോ ഗുണമോ ..ഏഴയലത്ത്  പോലും വരുന്നില്ല .എന്തുകൊണ്ടായിരിക്കും വരാത്തത് എന്ന് ചിന്തിച്ചു കൊണ്ട് തന്നെ  ജോര്‍ജൂട്ടി  പിന്നേം വഴറ്റാന്‍  തുടങ്ങി .മസാല പാക്കറ്റില്‍ പറഞ്ഞിരിക്കുന്നത് മുക്കുന്നത് വരെ വഴറ്റണം എന്നാണ് .അപ്പോളാണ് ഇതെപ്പോഴാ മൂക്കുന്നത് എന്ന സംശയം വന്നത്
സംശയം തീര്‍ക്കാന്‍ പയ്യന്‌സിനെ വിളിച്ചു

" പയ്യന്‍സേ ....ഈ ചിക്കന്‍ കറിക്കു അല്പം പോലും മണം വരുന്നില്ലലോടാ ......ഇതെപ്പോഴാ  മൂക്കുന്നത് .......?"

"നീ  എല്ലാം ആ പാക്കറ്റില്‍ ഉള്ള പോലെ അല്ലെ ചെയ്തത്? "  പയ്യന്‍സ് സംശയനിവാരണം നടത്തി

"അതെന്നെ .. ഉള്ളി മുക്കുന്നത് വരെ വഴറ്റണം എന്നാണ് പറയുന്നത് ..ഇപ്പൊ ഒരു സംശയം ....ഇതെപ്പോഴാ മുക്കന്നത് എന്ന് ..? ".ജോര്‍ജൂട്ടി ചോദിച്ചു
 
"അതിപ്പോ .അങ്ങനെ ചോദിച്ചാ ....എനിക്കിഷ്ടം  നല്ല കറുത്ത ഗ്രെവിയ  ..അതുകൊണ്ടു നന്നായിട്ടു കറുത്തതു വരണം  "പയ്യന്‍സ്  തന്റെ അഭിപ്രായം പറഞ്ഞു 

"അപ്പൊ അതായിരിക്കും കാരണം ..ഞാന്‍ ഒന്ന് കൂടെ വഴറ്റട്ടെ  ......ആട്ടെ പയ്യന്‍സേ എനിക്ക് ഈ ചിക്കന്‍ കറിക്കു ഒരു സര്‍െ്രെപസ് പേരിടണം, എന്ത് പേരാ ഇടേണ്ടത് ?" ജോര്‍ജൂട്ടി ഉള്ളി ഒന്നുകൂടി വഴറ്റുന്നതിനിടയില്‍ പയ്യന്‌സിനോട് ചോദിച്ചു .

"ഒരു കാര്യം ചെയ്യ് ..നമ്മുടെ ആ ചിറക്കടവന്‍ കഴിഞ്ഞ ദിവസ്സം ഒരു ചിക്കന്‍ കറി  ഉണ്ടാക്കി ..നല്ല രുചി ആയിരുന്നു...എന്താ അതിന്റെ പേര് ..മുഗളായി ചിക്കന്‍ ...നീ ആ ഓമനപ്പേരിട്ട് വിളിക്ക് "

'മുഗളായി ചിക്കന്‍ ...'.ജോര്‍ജൂട്ടിക്കു ആ പേര്  ഒത്തിരിയങ്ങു ഇഷ്ടപ്പെട്ടു . അങ്ങനെ മുഗളായി ചിക്കന് കൂടുതല്‍ രുചികരമാക്കാന്‍ വേണ്ടി ജോര്‍ജൂട്ടി ഉഷാറായി വഴറ്റാന്‍ തുടങ്ങി . മസാല പാക്കറ് എടുത്ത് ഒന്നുകൂടി വായിച്ചു .....ഉള്ളിയും ചേരുവകകളും മൂത്ത് കഴിഞ്ഞാല്‍ അതിലേക്കു ചിക്കന്‍ ഇട്ടു മുടി വെച്ച് വേവിക്കുക.....വെന്തു കഴിഞ്ഞാല്‍ ചൂടോടെ വിളമ്പുക  ,

ജോര്‍ജൂട്ടി  വീണ്ടും അടുപ്പത്തിരിക്കുന്ന പാത്രത്തിലേക്ക് നോക്കി  "ശരിയാ പയ്യന്‍സ് പറഞ്ഞ പോലെ നന്നയിട്ടു കറുത്തു ..ഇനി ചിക്കന്‍ ഇടാം
കഴുകി വച്ചിരുന്ന ഹലാല്‍ ചിക്കന്‍ പാത്രത്തിലേക്ക് സാവധാനം പകര്‍ന്നു ...പാത്രത്തിന്റെ മൂടി ചേര്‍ത്ത് വെച്ചടച്ചു , നല്ല മണം പ്രതീക്ഷിച്ചു ജോര്‍ജൂട്ടി  കാത്തിരുന്നു ..

അങ്ങനെ മുഗളായി ചിക്കന്‍ പാത്രത്തില്‍ തിളച്ചു മറിയുമോഴാണ് ബെഡ്‌റൂമിന്റെ വാതില്‍ തുറന്നോ എന്നൊരു സംശയം ജോജൂട്ടിക്കു ഉണ്ടായത് .
പുറത്ത് വരുന്ന മണം എന്താണെന്നു ജോര്‍ജൂട്ടിക്ക്  മനസിലായില്ലെങ്കിലും ,അത് ആനീസിന്റെ ഉറക്കം തടസപ്പെടുത്തി .ബെഡ്‌റൂമിന്റെ വാതില്‍ തുറക്കുന്നത് കണ്ടു ജോര്‍ജൂട്ടി പതുക്കെ അടുക്കള വാതിലിന്റെ മറയിലേക്കു മാറി , മറ്റൊന്നിനുമല്ല  .ആദ്യമായി ഭര്‍ത്താവുണ്ടാക്കിയ കറിയെ നോക്കി അത്ഭുത പരതന്ത്രയായ നില്‍ക്കുന്ന ആനീസിന്റെ  വിടര്‍ന്ന മുഖം കാണുവാന്‍ വേണ്ടി മാത്രം.
.
പക്ഷെ വിടര്‍ന്ന മുഖത്തിനു പകരം പോലീസ് നായയെ പോലെ കൂര്‍പ്പിച്ച മൂക്കുമായി ആണ്  ആനീസ് കടന്നു വന്നത്
"ഹെന്താ ..ഇവിടെ ഒരു കരിഞ്ഞ മണം ...ഇതെവിടുന്നാ വരണേ ..." ആനീസ്  ഇടതു കൈ കൊണ്ട് കണ്ണ് തിരുമ്മിയും വലതു കൈ കൊണ്ട് മൂക്ക് പൊത്തിയും അന്വേഷണം ആരംഭിച്ചു അപ്പോഴാണ് ജോര്‍ജൂട്ടിക്കു  വരുന്നത്  കരിഞ്ഞ മണമാണ് എന്ന് മനസ്സിലായത് 

കരിഞ്ഞ മണം സ്റ്റവ്വില്‍ നിന്നാണ് എന്ന് മനസ്സിലാക്കിയ ആനീസ് അത് ഓഫ് ചെയ്തു ,അതിന്റെ  പുറത്തിരുന്ന പാത്രം  തുറന്നതും കണ്ണും മുക്കും പൊത്തി തുമ്മാന്‍ തുടങ്ങിയതും  ഒന്നിച്ചായിരുന്നു.ജോര്‍ജൂട്ടിക്കും തുമ്മല്‍ വന്നെങ്കിലും അത് ഒരു വിധത്തില്‍ പിടിച്ചു നിര്‍ത്തി 

"അച്ചായാ ..ഈ മനുഷ്യന്‍ ഇവിടെ എങ്ങും ഇല്ലേ ?......എന്തോന്നാ ഇത് ...... ഇങ്ങനെ അടുപ്പത്ത് വെച്ചിട്ടു ഇങ്ങേര്‍  എങ്ങോട്ടു പോയി " ആനീസ് തുമ്മുന്നതിനിടയില്‍ അല്പം സമയം കിട്ടിയപ്പോള്‍ ആശങ്കാകുലയായി  വിളിച്ചു ചോദിച്ചു

" ഞാന്‍ ഇവിടെ ഉണ്ടേ  .." .പ്രശ്‌നം രൂക്ഷമാണെന്നു മനസിലായ ജോര്‍ജൂട്ടി  പ്രത്യക്ഷനായി

"എന്തായിത് ..." തുമ്മി തുമ്മി കണ്ണും മൂക്കും ചുവന്ന ആനീസിന്റെ ദേഷ്യം പതിന്മടങ്ങായി

"ഇതോ... ഇതാണ് ....മുഗളായി ചിക്കന്‍  ."  ജോര്‍ജൂട്ടി പ്രൗഢഗംഭീര സ്വരത്തില്‍ പറഞ്ഞു .

പുക അല്പം ശമിച്ചപ്പോള്‍ മുഗളായി ചിക്കന്‍ പാത്രത്തിലേക്ക് ജോര്‍ജൂട്ടി അഭിമാനപൂര്‍വം  നോക്കി .എല്ലാം കറുത്തിരിക്കുന്നു ..പയ്യന്‍സ് പറഞ്ഞ പോലെ ഉള്ള കറുത്ത് കുറുപ്പിച്ച മുഗളായി ചിക്കന്‍ കറി

"എന്തോന്നാ പറഞ്ഞെ ..മുഗളായി ചിക്കന്‍ കറി ..ഉം ...വല്ല നൈജീരിയന്‍ ചിക്കന്‍ കറി എന്നെങ്ങാനും വിളിക്കാമായിരുന്നു .
ആനീസിന്റെ ആദ്യത്തെ കമന്റ് കേട്ടതോടു കൂടി ജോര്‍ജൂട്ടിയുടെ  ഉത്സാഹം തീര്‍ത്തും പോയി   

ആനീസ് ഒരു തവിയുടെ തുമ്പു കൊണ്ട് അല്‍പം  എടുത്ത് ഉപ്പു നോക്കാന്‍ തുടങ്ങി . പക്ഷെ വായില്‍ വച്ചതും തുപ്പലും ഒരേ പോലെ ആയിരുന്നു

"നിങ്ങള്‍ ഇതില്‍  മസാല ഇട്ടില്ലേ ? വെറുതെ പുഴുങ്ങി വച്ചിരിക്കുകയാണോ ?"

"നീ എന്നായി പറയണേ .....ഞാന്‍ ഈ മസാല പാക്കറ്റില്‍ ഉള്ള പോലെ തന്നെയാണ്  ചെയ്തത് "  കിച്ചന്‍  കൗണ്ടറില്‍ ഇരുന്ന മസാല പാക്കറ് അനീസിന്റെ കയ്യില്‍ കൊടുക്കുന്നതിനിടയില്‍ ജോര്‍ജൂട്ടി പറഞ്ഞു

ആനീസ്  മസാല പാക്കറ് വാങ്ങി തിരിച്ചു മറിച്ചും നോക്കി

"നീ അതിലെ കുക്ക് ചെയ്യേണ്ട വിധമൊന്നു വായിച്ചേ ..ഞാന്‍ ചെയ്ത കുഴപ്പം എന്താണ് എന്ന് ഒന്നറിയണമല്ലോ"  വിചാരണ തടവുകാരന്‍ ജഡ്ജിയെ നോക്കുന്നത് പോലെ ജോര്‍ജൂട്ടി ആനീസിനെ നോക്കി  
ആനീസ് കുറ്റപത്രം വായിക്കുന്ന ജഡ്ജിയെ  പോലെ പാക്കറ്റില്‍ എഴുതിരിക്കുന്ന പാചക നിര്‍ദ്ദേശങ്ങള്‍ വായിക്കാന്‍ തുടങ്ങി
".ഒരു പാത്രത്തില്‍ വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക" ആദ്യത്തെ നിര്‍ദേശം ആനീസ്  വായിച്ചു 
"നമുക്ക് ഇവിടെ വെളിച്ചെണ്ണ കിട്ടാന്‍ പ്രയാസമല്ലേ ..അത് കൊണ്ട് കോണ്‍ ഓയില്‍ ചീനച്ചട്ടിയില്‍ ഒഴിച്ച്  ചുടാക്കി " ആദ്യത്തെ സ്‌റ്റെപ് ശരിയായി എന്ന് ജോര്‍ജൂട്ടിക്കു മനസ്സിലായി ..
" തിളച്ച വെളിച്ചെണ്ണയില്‍  ഉള്ളി ,തക്കാളി ,ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്  പച്ചമുളക് തുടങ്ങിയവ  ഇട്ടു വഴറ്റുക"  ആനീസ് രണ്ടാമത്തെ നിര്‍ദേശം വായിച്ചു

" അതും കൃത്യമായി തന്നെ ചെയ്തു ..സംശയം വന്നപ്പോള്‍ തന്നെ പയ്യന്‌സിനോട് ചോദിച്ചു ..അവനും ഓക്കേ എന്ന് പറഞ്ഞു " ജോര്‍ജൂട്ടി തന്റെ ഭാഗം ന്യായീകരിക്കാന്‍ പയ്യന്‍സിനെ കൂട്ടു പിടിച്ചു

പയ്യന്‍സ് എന്ന് പറഞ്ഞപ്പോള്‍ തന്നെ ആനീസിന്റെ മുഖം മാറി " ആ ....അപ്പൊ കുഴപ്പം അവിടെ നിന്നാരംഭിച്ചു !"

"വഴറ്റി .വഴറ്റി മുത്ത് പാകമാകുമ്പോള്‍ അതിലേക്കു കഴുകി വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ട് ഇളക്കിയ ശേഷം മൂടി വച്ച് വേവിക്കുക ,വേവിച്ചു കഴിഞ്ഞാല്‍ ചൂടോടെ വിളമ്പുക " പാചക വിധിയുടെ അവസാനത്തെ നിര്‍ദേശവും ആനീസ്  വായിച്ചു  

"ഇതേ പോലെ തന്നെയാണ് ഞാന്‍ ചെയ്തത് ..ഈ ഒരു സ്‌റ്റെപ്പും ഞാന്‍ തെറ്റിച്ചിട്ടില്ല " ജോര്‍ജൂട്ടി സ്വയം ന്യായീകരണവുമായി അനീസിന്റെ മുഖത്തേക്ക് നോക്കി .പക്ഷെ ആനീസിന്റെ മുഖത്ത് മറ്റൊരു  സംശയത്തിന്റെ നിഴല്‍ ആയിരുന്നു

"അപ്പൊ ..ഈ പാക്കറ്റിനുള്ളിലെ മസാല എപ്പോള്‍ ആണ് ഇടേണ്ടത് ?"  ആനീസിന്റെ ആ  ചോദ്യാത്തതിന് മുന്‍പില്‍ ജോര്‍ജൂട്ടി  ഒന്ന് പരുങ്ങി. .ആനീസിന്റെ സംശയ മുഖം പോലെ തന്നെ ജോര്‍ജൂട്ടിയുടെ മുഖത്തും സംശയമായി.

" ഇതിനുള്ളിലെ മസാല പൊടി  ഇടാന്‍ ഈ  പാക്കറ്റിലെ പാചക വിധിയില്‍  എങ്ങും പറഞ്ഞിട്ടേ ഇല്ല ..... ഉവ്വോ ? മസാല പാക്കറ്റ് എടുത്ത് മറിച്ചും തിരിച്ചും നോക്കുന്നതിനിടയില്‍ ജോര്‍ജൂട്ടി പറഞ്ഞു

"അപ്പൊ അതാണ് കാരണം .....കോഴിക്കറിയില്‍ മസാല ഇട്ടിട്ടേ ...ഇല്ല " ആനീസ് കുറ്റം തെളിയിച്ച പോലീസുകാരനെ പോലെ നിവര്‍ന്നു നിന്നു

"പറയാത്ത കാര്യം ഞാനെങ്ങനെയാ ചെയ്യുക .." നിരപരാധിയാണെലും കുറ്റക്കാരനെ പോലെ ജോര്‍ജൂട്ടിയും  നിന്നു

" ഇവിടെ ആണ് ഒരു വീട്ടമ്മയുടെ വിവേകം ....അറിയാമോ ? .ആട്ടെ ..എന്തായിരുന്നു ഇന്ന് രാവിലെ മുതലുള്ള ഈ കലാ പരിപാടികള്‍ക്ക് കാരണം " ആനീസ് ഒരു ചെറു ചിരിയോടെ ചോദിച്ചു
" അത്  പിന്നെ ഇന്ന് നിന്റെ പിറന്നാള്‍ ദിവസമായിരുന്നില്ലേ .......ഒരു സര്‍െ്രെപസ് കുക്കിങ് നടത്തിയതാ ....മുഗളായി ചിക്കന്‍ നൈജീരിയന്‍ ചിക്കന്‍ ആയിപ്പോയി .......എനി വേ .....ഹാപ്പി ബര്‍ത്ത് ഡേ ടു  യു " തനിക്കു പറ്റിയ അമളി മുഖത്തോളിപ്പിച്ചു ജോര്‍ജൂട്ടി ആനീസിന് ആശംസകള്‍ നേര്‍ന്നു 

ആനീസിനു ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല ...."താങ്ക്  യു ..മൈ ഡീയര്‍ .....പിന്നെ മേലാല്‍ ഇത്തരം തരികിടകളുമായി എന്റെ അടുക്കളയില്‍ കയറിപോകരുത് "  സ്‌നേഹത്തില്‍ പൊതിഞ്ഞ ഒരു താക്കീത് നല്‍കി ആനീസ് മുഗളായി  ചിക്കനെ കറുത്ത ട്രാഷ് കാനിലെ കറുത്ത പ്ലാസ്റ്റിക് കൂട്ടിലേക്ക് പറഞ്ഞയച്ചു .

"ഒരു പിറന്നാള്‍ ദിവസ്സം നിങ്ങള്‍ ഇത്രയും രസകരമാക്കിയല്ലോ ..ഇതില്‍ കൂടുതല്‍ എന്ത് വേണം ....."ചിരി നിര്‍ത്താതെ  ജോര്‍ജൂട്ടിടെ നെഞ്ചിലേക്ക് ചായുമോള്‍  ആനീസ് ഏതോ  നിര്‍വൃതിയോടെ പറഞ്ഞു .

മുഗളായി ചിക്കന്‍ (കഥ: ഷാജു ജോണ്‍)മുഗളായി ചിക്കന്‍ (കഥ: ഷാജു ജോണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക