Image

മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 17 August, 2019
മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ (മുരളി തുമ്മാരുകുടി)
ഏറെ നാളായി മണ്‍റോ തുരുത്തിനെ പറ്റി പറഞ്ഞു കേട്ടിട്ട്. കൊല്ലത്തിനടുത്ത് അഷ്ടമുടി കായലും കല്ലടയാറും കൂടി യോജിക്കുന്ന പ്രദേശത്താണ് മണ്‍റോ തുരുത്തിലെ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ റെസിഡന്റ് ആയിരുന്ന കേണല്‍ മണ്‍റോയുടെ പേരില്‍ നിന്നാണ് ഈ തുരുത്തിന് മണ്‍റോ തുരുത്ത് എന്ന് പേര് വന്നത്. ഒരു കാലത്ത് തെങ്ങു കൃഷിക്കും തെങ്ങിനോട് അനുബന്ധിച്ച വ്യവസായങ്ങള്‍ക്കും (കയര്‍, കൊപ്ര) പേരുകേട്ട പ്രദേശം ആയിരുന്നു. കോട്ടയത്തെ സി എം എസ് കോളേജ് നടത്താനുള്ള വരുമാനത്തിനായി തുരുത്തിലെ പതിനായിരം തെങ്ങുകള്‍ പതിച്ചു കൊടുത്തിരുന്നതായി രേഖകള്‍ ഉണ്ടെന്ന് പറയുന്നു.

മുന്‍ രാജ്യ സഭാ എം പി ആയിരുന്ന സഖാവ് ബാലഗോപാല്‍ ആണ് എന്നോട് അവിടുത്തെ രൂക്ഷമായ ഒരു പരിസ്ഥിതി പ്രശ്‌നത്തെ പറ്റി പറഞ്ഞത്. നാലഞ്ച് വര്‍ഷമായി അദ്ദേഹം ഈ വിഷയത്തില്‍ പുറത്തുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ആ കൂട്ടത്തില്‍ ആണ് എന്നോടും ഈ വിഷയം ചര്‍ച്ച ചെയ്തത്.

വീടുകളില്‍ വെള്ളം കയറുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്‌നം, ആദ്യമൊക്കെ അല്പം ബണ്ടുകെട്ടിയും കുറച്ചൊക്കെ വെള്ളം കോരിക്കളഞ്ഞും കുറച്ചൊക്കെ സഹിച്ചും ആളുകള്‍ വീടുകളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ പ്രശ്‌നം അനുദിനം കൂടുതല്‍ വഷളാകുന്നതോടെ ആളുകള്‍ക്ക് മാറിപ്പോകേണ്ടി വരുന്നു. രണ്ടാമത് ദ്വീപില്‍ ഉള്ള തെങ്ങുകളുടെ ആരോഗ്യവും കായ്ഫലവും ഏറെ കുറഞ്ഞു തെങ്ങുകൃഷി ലാഭകരം അല്ലാതെ ആകുന്നു. ഇത് രണ്ടും കൂടി ആളുകള്‍ക്ക് മണ്‍റോ തുരുത്തില്‍ ജീവിക്കാനുള്ള താല്പര്യവും സാധ്യതയും കുറയുന്നു, ഏറെ പേര്‍ സ്ഥലം വിടുന്നു. പരിസരത്തുള്ള പഞ്ചായത്തുകളില്‍ ഒക്കെ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനകം ജനസംഖ്യ അന്‍പത് ശതമാനത്തോളം കൂടിയപ്പോള്‍ മണ്‍റോ തുരുത്തിലെ ജനസംഖ്യ തൊണ്ണൂറ്റി ഒന്നില്‍ പന്തീരായിരം ആയിരുന്നത് ഇപ്പോള്‍ പതിനായിരത്തിന് താഴെ ആയി.

എന്താണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നുള്ളതിനെ പറ്റി അവിടുത്തെ ആളുകള്‍ക്ക് ചില ധാരണകള്‍ ഉണ്ട്. കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ തെന്മല ഡാം ശുദ്ധജലത്തിന്റെയും സെഡിമെന്റിന്റെയും വരവ് കുറച്ചത്, സുനാമി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍, കാലാവസ്ഥ വ്യതിയാനം എന്നിങ്ങനെ. കൊല്ലത്തെ ടി കെ എം എഞ്ചിനീയറിങ്ങ് കോളേജും തിരുവനന്തപുരത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസും ഒക്കെ പഠനങ്ങള്‍ നടത്തുന്നുണ്ട്. ശ്രീ ബാലഗോപാല്‍ ഈ വിഷയത്തെ പറ്റി പാര്‍ലിമെന്റില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഇവിടെ എത്തിയിരുന്നു. കൃഷിവകുപ്പുള്‍പ്പടെ കേരളത്തിലെ വിവിധ വകുപ്പുകള്‍ സ്ഥിരമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്, നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. എന്നാലും, അവിടുത്തെ ഭൂമിയുടെ പരിസ്ഥിതിയുടെ ജനങ്ങളുടെ ഭാവി എന്താകും എന്നതിനെ പറ്റി ഇപ്പോഴും വ്യക്തത ഇല്ല.

ഈ സാഹചര്യത്തില്‍ ആണ് ഞാന്‍ മണ്‍റോ തുരുത്തിലേക്ക് പോകുന്നത്. ശ്രീ ബാലഗോപാലും ചിന്ത ജെറോമും കൂടെ ഉണ്ട്. മണ്‍റോ തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ചെറുപ്പക്കാരന്‍ ആയ ബിനു കരുണാകരന്‍ ആണ്. ഫെറി ഇറങ്ങുന്നിടത്തു തന്നെ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. ദ്വീപിലെ വെള്ളം കയറുന്ന പുതിയ വീടുകള്‍, ആളുകള്‍ ഉപേക്ഷിച്ചു പോയ പഴയ വീടുകള്‍, തരിശായി കിടക്കുന്ന കൃഷിഭൂമി, തീരെ ശുഷ്‌കമായ വിളകളോടെ നില്‍ക്കുന്ന തെങ്ങുകള്‍ ഒക്കെ അദ്ദേഹം ഞങ്ങളെ കാണിച്ചു തന്നു. ഇതിനിടയില്‍ കൂടി ആളുകളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങള്‍, പുതിയതായി കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒക്കെ മൂന്നു മണിക്കൂര്‍ സമയം കൊണ്ട് അദ്ദേഹം വിശദീകരിച്ചു തന്നു.

താഴ്ന്ന് പോയിക്കൊണ്ടിരുന്ന ഒരു വീട് പുനര്‍നിര്‍മ്മിച്ചതിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുക എന്നതായിരുന്നു ഔദ്യോഗികമായ ചടങ്ങ്. ആര്‍കിടെക്ട് അസോസിയേഷന്‍ ആണ് മണ്‍റോ തുരുത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു പുതിയ രീതിയില്‍ ഉള്ള വീട് ഡിസൈന്‍ ചെയ്!തത്. ഫൗണ്ടേഷന്‍ ഏറെ പൊക്കി, സാധാരണ ഇഷ്ടികയുടെ മൂന്നില്‍ ഒന്നു മാത്രം ഭാരമുള്ള കട്ടകള്‍ കൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. മറ്റുള്ള നിര്‍മ്മാണ വസ്തുക്കള്‍ എല്ലാം തന്നെ ഭാരം കുറഞ്ഞതാണ്, അപ്പോള്‍ സ്വന്തം ഭാരം കൊണ്ട് വീടുകള്‍ താഴേക്ക് പോകുന്നത് കുറയുമല്ലോ.

വീട് കൈമാറിയതിന് ശേഷം ചെറിയൊരു യോഗം ഉണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ പറ്റിയും പ്രകൃതി ദുരന്തങ്ങളെ പറ്റിയും ഒക്കെ ആഗോള സമ്മേളനങ്ങളിലും അക്കാദമിക് വേദികളിലും ഒക്കെയാണ് സാധാരണ സംസാരിക്കാന്‍ അവസരം കിട്ടാറുള്ളത്. പരിസ്ഥിതി നാശത്തിന്റെയും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങളുടെയും ഭവിഷ്യത്ത് നേരില്‍ അനുഭവിക്കുന്നവരോട് സംസാരിക്കുന്നത് ഒരു ആദ്യത്തെ അനുഭവം ആയിരുന്നു.

മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാണ്, അത് പരിസ്ഥിതി പ്രശ്‌നം ആയാലും സാമൂഹ്യപ്രശ്‌നങ്ങള്‍ ആയാലും. മൂന്നു നാലുമണിക്കൂര്‍ സന്ദര്‍ശനം കൊണ്ട് മനസ്സിലാക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ സാധ്യമല്ല. എന്നാലും ഇത്തരം കാര്യങ്ങള്‍ മറ്റിടങ്ങളില്‍ കൈകാര്യം ചെയ്തിട്ടുള്ള പരിചയം വച്ച് ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

1. മണ്‍റോ തുരുത്തില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാലാവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടായതാണോ അല്ലയോ എന്നൊക്കെ ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, ചര്‍ച്ച ചെയ്യേണ്ടതും ആണ്. പക്ഷെ വീടിനുള്ളില്‍ വെള്ളം കയറുന്നവര്‍ക്ക് ഈ ചര്‍ച്ച കൊണ്ട് ഗുണം ഒന്നുമില്ല. പ്രശ്‌നത്തിനുള്ള പ്രായോഗിക പരിഹാരങ്ങള്‍ ആണ് പ്രധാനം.

2. മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ കാലാവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടായതാണെങ്കിലും അല്ലെങ്കിലും കാലാവസ്ഥ വ്യതിയാനത്തെ ലോകം നേരിടുന്ന രീതിയില്‍ നിന്നും ചില രീതികള്‍ നമുക്ക് ഉപയോഗിക്കാം. ആദ്യമായി മാറുന്ന കാലാവസ്ഥക്ക് അനുസരിച്ചു ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക (മറമുമേശേീി), അതേ സമയം തന്നെ കാലാവസ്ഥ വ്യതിയാനം കുറക്കാനുള്ള (ാശശേഴമശേീി) ശ്രമങ്ങള്‍ നടത്തുക. ഈ തത്വം ആണ് മണ്‍റോ തുരുത്തില്‍ ഉപയോഗിക്കേണ്ടത്. എങ്ങനെയാണ് ഇപ്പോള്‍ കാണുന്ന മാറ്റങ്ങളുടെ കാലത്ത് മണ്‍റോ തുരുത്തില്‍ ആളുകള്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടത് എന്നത് ഒരു വിഷയം. എന്താണ് അവിടെ സംഭവിക്കുന്നത്, അതെങ്ങനെ കുറക്കാം എന്നുള്ള പഠനങ്ങളും പ്രശ്‌നപരിഹാരവും മറ്റൊന്ന്.

3. ഉയര്‍ന്ന കാലുകളില്‍ ഉള്ള വീടുകള്‍ ഉണ്ടാക്കുക (വീൗലെ ീി േെശഹെേ), ഭാരം കുറഞ്ഞ നിര്‍മ്മാണ വസ്തുക്കള്‍ കൊണ്ട് വീട് ഉണ്ടാക്കുക, തെങ്ങിനെ കേന്ദ്രീകരിച്ചുള്ള വ്യവസായത്തില്‍ നിന്നും മല്‍സ്യകൃഷിയും ടൂറിസവും ഉള്‍പ്പടെ ഉള്ള പുതിയ സാധ്യതകളിലേക്ക് ജീവിത വൃത്തികള്‍ മാറ്റുക, കൂടുതല്‍ ചെളി കുത്തിയിട്ടും അരികുകളില്‍ കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിച്ചും ഉള്ള സ്ഥലം സംരക്ഷിക്കുക മഴ വെള്ളം ശേഖരിച്ചും ഉപ്പു വെള്ളം ശുദ്ധീകരിക്കാനുള്ള സോളാര്‍ അധിഷ്ഠിതമായ പുതിയ പ്ലാന്റുകള്‍ സ്ഥാപിച്ചും കുടിവെള്ള പ്രശ്‌നം പരിഹരിക്കുക എന്നിങ്ങനെ അനവധി കാര്യങ്ങള്‍ ഇപ്പോഴേ ചെയ്തു തുടങ്ങാം (ഇതില്‍ പലതും ചെറിയ തോതില്‍ നടക്കുന്നുണ്ട്, ഇവയെ പ്രമോട്ട് ചെയ്യണം, സംയോജിപ്പിക്കണം).

4. കല്ലടയാറില്‍ ഉണ്ടാക്കിയ അണക്കെട്ടുകള്‍ ശുദ്ധജലത്തിന്റെ ഒഴുക്ക് കുറച്ചതും വേനല്ക്കാലത്തൊക്കെ തീരെ ഇല്ലതാക്കിയതും ഉപ്പുവെള്ളം കയറിവരുന്നതിനും അതിനോടൊപ്പം പഴയതരത്തില്‍ ഉള്ള കൃഷി സാധ്യമാകാതെ വരുന്നതിനും കാരണമാകുന്നു എന്നത് വ്യക്തമാണ്. അണകെട്ടിക്കഴിഞ്ഞാല്‍ അണയുടെ താഴേക്ക് ഒട്ടും നീരൊഴുക്ക് അനുവദിക്കാതെ അവിടെ എന്തെക്കോ പരിസ്ഥിതി മാറ്റങ്ങള്‍ ഉണ്ടാകും എന്ന് പഠിക്കാതെ ആണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ആളുകള്‍ അണകെട്ടിയിരുന്നത്. കേരളത്തിലെ അണക്കെട്ടുകളും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. പക്ഷെ ഇങ്ങനെ ഉണ്ടാക്കിയ അനവധി അണകളില്‍ നിന്നും അതുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. അണയുടെ താഴേക്ക് എല്ലാ കാലത്തും കുറെ വെള്ളം ഒരു 'ബേസ് ഫ്‌ലോ' അല്ലെങ്കില്‍ 'എന്‍വിറോണ്മെന്റല് ഫ്‌ലോ' ആക്കി ഒഴുക്കി വിടുന്നതാണ് പുതിയ രീതി. കല്ലട ഇറിഗേഷന്‍ പ്രോജക്റ്റ് ഉള്‍പ്പടെ കേരളത്തിലെ എല്ലാ അണക്കെട്ടുകളിലും ഇത്തരം 'ബേസ് ഫ്‌ലോ' അനാലിസിസ് നടത്തണം. പരിസ്ഥിതിക്ക് ആവശ്യമായ ഒഴുക്ക് വീണ്ടെടുക്കണം. ഇതില്‍ ഒന്നാമതായി തന്നെ കല്ലട ആറിലെ ഒഴുക്ക് പുനഃസ്ഥാപിക്കാവുന്നതാണ്. മൊത്തം കേരളത്തിന് ഒരു മാതൃകയാവും ഇത്. ഇതിന്റെ ഗുണഫലങ്ങള്‍ മണ്‍റോ തുരുത്തിനോ തെങ്ങ് കൃഷിക്കോ മാത്രം ആവുകയില്ല.

5. കാലാവസ്ഥ വ്യതിയാനം ഇപ്പോള്‍ മണ്‍റോ തുരുത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഭാവിയില്‍ അതുണ്ടാവാന്‍ പോവുകയാണ്. സമുദ്രനിരപ്പ് ഉയരുന്നതോടെ വേലിയേറ്റം ഇതിലും കൂടുതല്‍ വെള്ളം തുരുത്തിലേക്ക് തള്ളിക്കയറ്റും, ഇപ്പോള്‍ സുരക്ഷിതമായ വീടുകള്‍പോലും അപ്പോള്‍ വെള്ളക്കെട്ടിലാകും. ഇതിനുള്ള തയ്യാറെടുപ്പുകള്‍, പുതിയ വീടുകളും റോഡും ഒക്കെ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഉള്‍പ്പടെ, ഇപ്പോഴേ വേണം. ഇപ്പോള്‍ ഉള്ള റോഡുകളും റെയില്‍വേ സ്‌റ്റേഷനും മാറുന്ന കാലാവസ്ഥയില്‍ വെള്ളക്കെട്ടില്‍ ആകുമോ എന്നുള്ള പഠനം ഇപ്പോള്‍ തന്നെ നടത്തി വേണ്ടത്ര നടപടികള്‍ എടുക്കണം. പക്ഷെ ഏറ്റവും പ്രധാനം കാലാവസ്ഥ വ്യതിയാനം മണ്‍റോ തുരുത്തിനെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നതാണ്. ഇന്ന് നമ്മള്‍ മണ്‍റോ തുരുത്തില്‍ കാണുന്ന കാഴ്ചകള്‍ കാലാവസ്ഥ വ്യതിയാനം കേരളത്തിലെ എല്ലാ ദ്വീപുകളിലും തീരപ്രദേശത്തും തീരദേശ നഗരങ്ങളിലും കൊണ്ടുവരാന്‍ പോവുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ കാലാവസ്ഥ ഭീഷണി നേരിടാന്‍ സാധ്യത ഉള്ള മറ്റു പ്രദേശങ്ങളില്‍ ഉള്ളവര്‍ മണ്‍റോ തുരത്തു വന്നു കാണണം അവിടെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം, അവക്കെതിരെ ജനങ്ങളും ജനപ്രതിനിധികളും എന്ത് ചെയ്യുന്നു എന്ന് അറിഞ്ഞു വക്കണം. 'ഇന്ന് ഞാന്‍ നാളെ നീ' എന്നാണ് മണ്‍റോ തുരുത്ത് കേരളത്തിലെ ഏറെ പ്രദേശങ്ങളോട് പറയുന്നത്.

6. മണ്‍റോ തുരുത്ത് പോലെ പ്രശ്‌നങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ ലോകത്ത് വേറെയും ഉണ്ട്. ഇന്‍ഡോനേഷ്യയിലെ സെമരാങ്ങ് എന്ന പ്രദേശത്ത് ഏതാണ്ട് മണ്‍റോ തുരുത്തിന് തീര്‍ത്തും സമാനമായ സാഹചര്യം ആണ്. മണ്‍റോ തുരത്തിന്റെ മുപ്പത്തിരട്ടി വലുപ്പവും നൂറ്റി അന്‍പത് ഇരട്ടി ജനസംഖ്യയും സെമറാങ്ങിന് ഉണ്ട്. ഒരു വര്‍ഷം ആറു മുതല്‍ പത്തൊമ്പത് വരെ സെന്റിമീറ്റര്‍ ആണ് അവിടെ ഭൂമി താഴുന്നത്. അതുകൊണ്ടു തന്നെ ആളുകളുടെ വീടും റോഡും പാലവും ഒക്കെ തന്നെ ഓരോ പത്തു വര്ഷത്തിലും ഉയരത്തിക്കൊണ്ടു വരേണ്ട സാഹചര്യം ആണ് ഉള്ളത്. എന്തൊക്കെ പഠനങ്ങള്‍ ആണ് ഇന്‍ഡോനേഷ്യ സെമറാങ്ങില്‍ നടത്തുന്നത്, എങ്ങനെയാണ് അവിടുത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവിടുത്തെ പുതിയ ഇന്‍ഫ്രാ സ്ട്രക്‌സ്ചര്‍ പ്ലാന്‍ ചെയ്യുന്നതും പഴയത് സുരക്ഷിതമാക്കുന്നതും, ആളുകള്‍ എങ്ങനെയാണ് ഈ വിഷയത്തെ നേരിടുന്നത്, ഇതൊക്കെ ഇന്ന് മണ്‍റോ തുരുത്തിനും നാളെ മറ്റു ഭാഗങ്ങള്‍ക്കും ബാധകമാണ്. ഐക്യരാഷ്ട്ര പരിസ്ഥതി പ്രോഗ്രാമിന് കേരളത്തിലെ പോലെ തന്നെ ഇന്തോനേഷ്യയിലും പ്രോജക്ടുകള്‍ ഉണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍ ഈ വിഷയത്തില്‍ ഇടപെടുന്നവരെ സെമറാങ്ങിലെ ശാസ്ത്രജ്ഞന്മാരും ആയും ജനപ്രതിനിധികളും ആയി ബന്ധിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നതാണ്.

7. രണ്ടായിരത്തി പതിനേഴില്‍ സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി Designing Resilience in Asia എന്നൊരു മത്സരം നടത്തിയിരുന്നു. ലോകത്തെമ്പാടും ഉള്ള എന്‍ജീനീയറിങ്ങ്/പ്ലാനിങ്ങ് വിദ്യാര്‍ത്ഥികളോട് സെമറാങ്ങിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചതിന് ശേഷം എങ്ങനെയാണ് ആ നഗരത്തെ നാളേക്ക് വേണ്ടി പ്ലാന്‍ ചെയ്യേണ്ടത് എന്നതായിരുന്നു അവര്‍ക്ക് നല്‍കിയ ചോദ്യം. ഒരു വര്‍ഷം കൊണ്ടാണ് വിദ്യാര്‍ഥികള്‍ അവരുടെ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഈ മത്സരത്തിലെ ഒരു വിധികര്‍ത്താവ് ഞാന്‍ ആയിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നം ആല കാലാവസ്ഥാ വ്യതിയാനം പോലൊരു പ്രശ്‌നത്തെ പുതിയ തലമുറ നേരിടുന്നത് കാണുന്നത് തന്നെ സന്തോഷം ഉള്ള കാര്യമായിരുന്നു. മണ്‍റോ തുരുത്തിന്റെ ഭാവിയെ പറ്റിയും നമുക്ക് ഇത്തരത്തില്‍ ഒരു ആള്‍ ഇന്ത്യ ഹാക്കത്തോണ്‍ നടത്തുന്നത് നന്നായിരിക്കും. ഏറെ വിദ്യാര്‍ത്ഥികളെ അങ്ങോട്ട് ആകര്‍ഷിക്കാം, പുതിയ എന്തെങ്കിലും ഒക്കെ ആശയങ്ങള്‍ ഉണ്ടാകാം, നമ്മുടെ പുതിയ തലമുറ എഞ്ചിനീയര്‍മാര്‍ക്ക് കാലാവസ്ഥ വ്യതിയാനം പോലെ ഉള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിചയം കിട്ടും എന്നിങ്ങനെ പല ഗുണങ്ങള്‍ ഉണ്ട്.

വൈകീട്ട് സൂര്യന്‍ അസ്തമിക്കുന്ന സമയത്താണ് അവിടെ നിന്നും മടങ്ങിയത്. നമ്മുടെ നാട് എത്ര മനോഹരം ആണ് എന്ന് ഇത്തരത്തില്‍ ഉള്ള ഓരോ സന്ദര്‍ശനവും എന്നെ ഓര്‍മ്മിപ്പിക്കുന്നു. മണ്‍റോ തുരുത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നമുക്ക് ലഭ്യമായ ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ചും ലോകത്തെ മറ്റു മാതൃകകള്‍ സ്വീകരിച്ചും ശരിയാക്കാവുന്നതേ ഉള്ളൂ എന്നെനിക്ക് ഉറപ്പാണ്. ടൂറിസമായും, പുതിയ കൃഷി രീതികള്‍ ആയും ഒക്കെ ഇപ്പോഴത്തേതിലും നല്ലൊരു സാമ്പത്തിക സ്ഥിതി ആ പ്രദേശത്തിന് ഉണ്ടാക്കാന്‍ പറ്റും. സഖാവ് ബാലഗോപാലിനെപ്പോലെയും ബിനുവിനെ പോലെയും ഉള്ള പൊതുപ്രവര്‍ത്തകര്‍ ഈ വിഷയം പ്രാദേശികമായും ദേശീയമായും അവതരിപ്പിച്ചും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവര്‍ത്തികള്‍ പ്രാദേശികമായി ചെയ്തും നാട്ടുകാര്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട് എന്നതും നല്ലകാര്യമാണ്. മുന്‍പ് പറഞ്ഞത് പോലെ മണ്‍റോ തുരുത്തിലെ പോലെ ഉള്ള പ്രശ്‌നങ്ങള്‍ കേരളത്തിലെ മറ്റുഭാഗങ്ങളില്‍ വലിയ താമസം ഇല്ലാതെ ഉണ്ടാകും, അതുകൊണ്ട് തന്നെ അവിടെ എന്ത് നടക്കുന്നു എന്നത് കേരളത്തിലെ പൊതു സമൂഹം ശ്രദ്ധിക്കേണ്ടതും ആണ്.

മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ (മുരളി തുമ്മാരുകുടി)മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ (മുരളി തുമ്മാരുകുടി)മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ (മുരളി തുമ്മാരുകുടി)മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ (മുരളി തുമ്മാരുകുടി)മണ്‍റോ തുരുത്തിലെ പ്രശ്‌നങ്ങള്‍ (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക