Image

വാല്മീകീ രാമായണ സംഗ്രഹഫലശ്രുതി (ദുര്‍ഗ മനോജ്)

Published on 16 August, 2019
വാല്മീകീ രാമായണ സംഗ്രഹഫലശ്രുതി (ദുര്‍ഗ മനോജ്)
കഴിഞ്ഞ ഒരു മാസമായി തുടര്‍ച്ചയായി വാല്മീകീ രാമായണ സംഗ്രഹം എഴുതുന്നു. ഇതിനു മുന്‍പും ഇതു നിര്‍വഹിച്ചിട്ടുള്ള കാര്യമാണ്. എങ്കിലും അത് ഈ ജീവായുസ്സില്‍ എത്ര വട്ടം ചെയ്യുവാന്‍ കഴിഞ്ഞാലും അത് മുന്‍ ജന്മ സുകൃതമെന്നോ ഗുരുക്കന്‍മാരുടെ അനുഗ്രഹമെന്നോ മാത്രമേ കരുതുവാന്‍ സാധിക്കൂ. അതിനാല്‍ തന്നെ ആദി കവി രചിച്ച രാമകഥ, അഥവാ അയോധ്യാപതിയായ രാമന്റെ കഥ പറയുക എന്നതും ഒരു മനുഷ്യനിലെങ്കിലും, എന്തുകൊണ്ട് രാമായണം പരക്കെ ചര്‍ച്ച ചെയ്യേണ്ട ഒരു ആധികാരിക ഗ്രന്ഥമാണ് എന്ന ചിന്ത എത്തിക്കുവാനാകുന്നതും ജന്മനിയോഗമായി ഞാന്‍ കാണുന്നു. വായിക്കുകയും അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്ത വായനക്കാര്‍ക്ക് ഏറെ നന്ദി.

ഒരു ഭക്തി ഗ്രന്ഥം എന്ന അര്‍ത്ഥത്തിനേക്കാള്‍ വാല്മീകി രചിച്ച രാമായണത്തിന് ചേരുക ഒരു അത്യന്താധുനിക പൊളിറ്റിക്കല്‍ മാനേജ്‌മെന്റ് ഗ്രന്ഥം എന്ന ഇമേജാണ്. അത് എന്തുകൊണ്ടെന്നാല്‍,
സീതയും രാവണനും, ഹനുമാനും, വിഭീഷണനും ഒക്കെ നിലനില്‍ക്കുമ്പോഴും ആത്യന്തികമായി രാമായണം ഒരേ ഒരു കാര്യം മാത്രമാണ് സംവദിക്കുന്നത്. അത് ധര്‍മത്തെക്കുറിച്ച്, രാജ്യപാലനത്തിലെ ധര്‍മത്തെക്കുറിച്ച് മാത്രമാണ്. യഥോ രാജ, തഥാ പ്രജ എന്നാകുമ്പോള്‍ രാജാവ് നേര്‍വഴിയിലാണെങ്കില്‍ സ്വാഭാവികമായും പ്രജകളും നേര്‍വഴിക്ക് സഞ്ചരിക്കും.

രാമായണമെന്ന ആദി കാവ്യം രചിക്കുമ്പോള്‍ ധര്‍മത്തെ അതിന്റെ എല്ലാ മൂല്യങ്ങളോടുകൂടിയും ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം എന്നു മനസിലാക്കാം. ആ ലക്ഷ്യം മുന്‍നിര്‍ത്തി മാത്രം രചിച്ചിരിക്കുന്നതിനാല്‍ തന്നെയാണ് വാല്മീകീ സീതയുടെ ദുഃഖത്തെ മുന്‍നിര്‍ത്തി സീതായനമോ രാവണന്റെ പ്രമാണിത്തത്തെ മുന്‍നിര്‍ത്തി രാവണായനമോ എഴുതാതിരുന്നതും. മഹര്‍ഷിയുടെ ലക്ഷ്യം കൃത്യമായിരുന്നു. എന്താണോ വേണ്ടത് അത് മാത്രം എഴുതി. അതു കൊണ്ട് ഊര്‍മ്മിള നിശ്ശബ്ദയായി. ബാലിവധിക്കപ്പെട്ടു, എന്നാല്‍ കാലാകാലങ്ങളില്‍ രാമായണത്തെ ഏറ്റെടുത്ത അനുവാചകന്റെ സ്ഥിതി അതായിരുന്നില്ല. അവന്‍ രാമായണത്തിലെ ഓരോ കഥാപാത്രങ്ങളാലും സ്വാധീനിക്കപ്പെട്ടു, അവനവന്റെ മാനുഷികതലത്തിനും ആത്മീയ തലത്തിനും അനുസരിച്ച്. 

ഭക്തി പ്രസ്ഥാനക്കാര്‍ക്ക് രാമായണം എന്നത് ഭക്തി കാവ്യം മാത്രമായി. രാവണപക്ഷത്തിന് രാവണനോട് നീതികേട് കാട്ടി എന്നതായി വിഷയം. അവര്‍ അതിനാല്‍ ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന രാവണനെ ആഘോഷിക്കുന്നു. എന്നാലോ രാവണന്റെ 'വേദവതീ ധര്‍ഷണം അവര്‍ക്ക് ചിന്തിക്കേണ്ട കാര്യമേ ആയിരുന്നില്ല. (രാവണന്‍ ഭാര്യയെ ഉപേക്ഷിച്ചില്ലോ).

ഇനി സീതാ ദുഃഖം മാത്രം കൊണ്ട് രാമായണത്തെ പരിഹസിക്കുന്നവര്‍ ഒന്ന് തിരിച്ചറിയുന്നതേ ഇല്ല. രാമന്‍ ശ്രീരാമനായി പൂര്‍ണ്ണനാകുന്നത് സീതയോടൊപ്പം ഉള്ളപ്പോഴാണെന്ന്. സീത അല്ലാതെ മറ്റൊരു നാരിയും രാമന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നില്ലെന്ന്.
രാമന്റെ വിലാപം വളരെ വിശദമായി തന്നെ പല ഘട്ടത്തിലും രാമയണത്തില്‍ കാണാം. ഒരു പച്ച മനുഷ്യന്റെ ഉള്ളു ഞെരിഞ്ഞമര്‍ന്ന വിലാപം. പക്ഷേ അയോധ്യയിലേക്ക് സീതയെ പ്രവേശിപ്പിക്കാന്‍ അഗ്‌നിപരീക്ഷ തന്നെ വേണ്ടി വന്നു. കാരണം സ്വന്തം ഹൃദയവേദനയേക്കാള്‍ രാമന് മുഖ്യം പ്രജാഹിതവും രാജ്യത്തിന്റെ അഭിമാനവും ആയിരുന്നു. 

അണുകുടുംബത്തില്‍ എന്റെ, എന്റേത്, എന്റേത് മാത്രം എന്ന് ചിന്തിക്കുന്ന ലോകത്തില്‍ രാജ്യത്തിന് വേണ്ടി സ്വയം വേദനിക്കുന്ന ഒരു ഭരണാധികാരി എന്നത് അത്ര വേഗം മനസിലാകുന്ന ഒരു ആശയമല്ല. ഭരണം കിട്ടുമ്പോള്‍ ദേശത്തിന്റെ ഖജനാവിനേക്കാള്‍ സ്വന്തം വീട്ടിലെ ഖജനാവ് നിറക്കുന്ന ആധുനിക ഭരണാധികാരികള്‍ക്ക് രാമനെ മനസിലാക്കാനുമാകില്ല. മനസിലായാല്‍ തന്നെ ഉള്ളിലെ കുറ്റബോധം കൊണ്ട് രാമന്‍ എന്നത് സ്ത്രീവിരുദ്ധതയുടേയും ദളിത് വിരുദ്ധതയുടേയും ബിംബമാക്കുവാനാകും ശ്രമിക്കുക. എന്നാല്‍ രാമന്‍ എന്നത് ധര്‍മ്മത്തിന്റെ മാത്രം ബിംബമാണെന്ന് എത്ര പേര്‍ തിരിച്ചറിയും?

ഒപ്പം ഒന്ന് മറക്കുന്നില്ല എത്ര കാലം പിന്നിട്ടാലും സീതയുടെ ദുഃഖം വായിക്കുന്ന ഓരോ അനുവാചകന്റേയും ഉള്ളൊന്നു പിടയും. മറ്റൊന്നുണ്ട്, രാമായണത്തിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു അവസരമാണ് ബാലീ വധം. അത് തികച്ചും അന്യായമാണെന്നും ബാലി രാവണനെ കണ്ടെത്തുവാന്‍ സഹായിക്കുമായിരുന്നുവെന്നും വാദിക്കുന്നവരുടെ മുന്നില്‍ ബാലി വധ്യന്‍ തന്നെ എന്ന് പറയുവാന്‍ ആദികവി ഉത്തരകാണ്ഡത്തില്‍ വളരെ വിശദമായി ബാലി രാവണ സഖ്യത്തെ പ്രതിപാദിക്കുന്നുമുണ്ട്.

പിന്നെ ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദം, അത് മനസിലാക്കാന്‍ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. ഏതൊരു രചനയും ഒരു കാലഘട്ടത്തിനെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നത്. ഇവിടെ ഇതിഹാസകാലത്ത് കൃത്യമായും ചാതുര്‍വര്‍ണ്യം ധര്‍മ്മമായിരുന്നു. ഇനി ഒന്ന് രഹസ്യമായി പറഞ്ഞാല്‍ ഇന്ന് ഈ ആധുനിക ലോകത്തില്‍ എന്തേ ജാതി വര്‍ണ വെറികള്‍ ഇല്ലെന്നാണോ?

രാമായണം ഒരു പഠന ഗ്രന്ഥം കൂടിയാണ് ആത്മാന്വേഷകര്‍ക്ക്. ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങള്‍ തളര്‍ത്താത്ത ഒരു മനുഷ്യ ജീവിതം അത് വരച്ചിടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാമായണം ഒരു സാധാരണ മനുഷ്യന്റെ നിലനില്‍പ്പിന് വേണ്ട കാര്യങ്ങളും പറഞ്ഞു തരുന്നു എന്നു കാണാം. ജീവിതം എപ്പോഴും കാലുഷ്യമേറിയതാണ്. അത് എങ്ങനെ വിജയകരമായി തരണം ചെയ്യാമെന്നും രാമായണം കാട്ടിത്തരുന്നു.

ഒരു പാട് ചുരുക്കിയാണ് ഓരോ ദിവസവും രാമായണം സംഗ്രഹിച്ചത്. അതിന്റേതായ ന്യൂനതകള്‍ ഉണ്ട് താനും. പല ഉപകഥകളും വിസ്താര ഭയത്താല്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ പല വര്‍ണനകളും. എങ്കിലും വായനയുടെ ഒഴുക്കിനെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും പിഴവ് പറ്റിയിട്ടുള്ളതിന്റെ ഉത്തരവാദിത്തം എനിക്കു മാത്രവും മേന്മ രാമായണത്തിന്റേതു മാത്രവും ആകുന്നു.

വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ഒന്നുപോലെ എല്ലാ പ്രാധാന്യത്തോടെയും സ്വീകരിക്കുന്നു. എന്തൊക്കെ പറയുമ്പോഴും അവനവനില്‍ ഒരു ഗ്രന്ഥം ചെലുത്തുന്ന സ്വാധീനവും അതിലൂടെ നേടുന്ന ആത്മീയ പുരോഗതിയും ഏറെ ശ്രമകരമായ ഈ രചനയിലൂടെ കൈവരുമ്പോള്‍ ആനന്ദലബ്ധിക്ക് മറ്റെന്ത് വേണ്ടൂ.

അങ്ങേയറ്റത്തെ നന്ദിയോടെ, അതിലുപരി ഭക്തിയോടെ ഞാന്‍ കുമ്പിടുന്നു ആദികവിക്കു മുന്നില്‍, രാമായണമെന്ന ഇതിഹാസ കാവ്യത്തിനു മുന്നില്‍. ഏവരോടും അതീവ നന്ദിയോടെ പ്രാര്‍ത്ഥനാപൂര്‍വ്വം,

ദുര്‍ഗ മനോജ്
തിരുവനന്തപുരം
durga1041976@gmail.com
വാല്മീകീ രാമായണ സംഗ്രഹഫലശ്രുതി (ദുര്‍ഗ മനോജ്)
Join WhatsApp News
Rahul Sankunni 2019-08-17 00:24:44
അഭിനന്ദനങ്ങൾ ദുർഗ്ഗ, ഇത് മഹത്തായ ഒരു യജ്ഞം തന്നെയായിരുന്നു. അടുത്തിടെ ലഭിച്ച മികച്ച വായനാനുഭവവും. അൽപ്പം കൂടി വിപുലമാക്കി ശ്രദ്ധേയമായ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കൂ.
Sudhir 2019-08-17 21:16:58
രാമായണസംഗ്രഹം ഈ പുണ്യമാസത്തില്‍ തുടര്‍ച്ചയായി എഴുതി വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ എഴുത്തുകാരിക്ക് അഭിനന്ദനം.രാമന്‍ വിഷ്ണുവിന്റെ അവതാരമെന്ന വിശ്വാസത്തിനുപരി രാമായണ കഥക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമില്ല. രാമായണ കഥ ലൈംഗിക താല്‍പ്പര്യമില്ലാത്ത പുരുഷന്റെ അടുത്ത് കാമര്‍ത്തയായി ഒരു സ്ത്രീ പോകരുതെന്ന് ഇതു പഠിപ്പിക്കുന്നു. സ്ത്രീകള്‍ അഴിഞ്ഞാടി നടക്കണമെന്നര്‍ത്ഥമില്ല. അഥവാ അങ്ങനെയുണ്ടായാല്‍ സദാചാരപാലകനായ പുരുഷന്‍ അവളുടെ മൂക്കും മുലയും അരിയരുത്. അരിഞ്ഞാല്‍ അത് വലിയ ദുരന്തം വരുത്തിവയ്ക്കും. സദാചാരമില്ലാത്തവനാണെങ്കില്‍ അവളെ സന്തോഷിപ്പിച്ചുവിടും.ശാന്തി സമാധാനം. ഇന്നത്തെ സദാചാര ഗുണ്ടായിസത്തിനു ആദ്യം കൈ ഉയര്‍ത്തിയത് ലക്ഷ്മണനാണെന്നു ജനം സംശയിക്കും. സദാചാരം പ്രസംഗിച്ചുനടക്കുന്നവരുടെ(പുരുഷന്മാരുടെ) ആശ്വാസ കേന്ദ്രമാണ് സീത . ഇ കഥാപാത്രത്തെ സന്തോഷിപ്പിക്കാന്‍ എത്രയോ പാവം പെണ്‍കുട്ടികള്‍ അവരുടെ ജീവന്‍ ഒരു മുഴം കയറിലും, റെയില്‍ പാളത്തിലും കിണറ്റിലും, ആറ്റിലും കുളത്തിലും ബലി കഴിച്ചു .അവരെ പറ്റിച്ചവര്‍ രാമന്മാരല്ലായിരുന്നു. രാമനെപ്പോലെ ഒരു ഭര്‍ത്താവിനെ എല്ലാര്ക്കും കിട്ടുന്നില്ലല്ലോ. ഒരു സദാചാരഗുണ്ടായിസത്തില്‍ നിന്നാണ് ഇതിലെ കഥ നീളുന്നത് എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇതിഹാസത്തിലെ കഥാപാത്രങ്ങള്‍ ഇന്നുള്ളവരുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അവരില്‍ ജനം നിക്ഷിപ്തമാക്കിവച്ചിരിക്കുന്ന ദൈവീക ഭാവത്തിനിടവ് തട്ടുന്നു. ജയ് ശ്രീറാം. ഒരു മാസകാലത്തോളം വായനക്കാരുടെ മനസ്സില്‍ ഭക്തിയും വിശ്വാസവും വളര്‍ത്താന്‍ എഴുത്തുകാരി നടത്തിയ ശ്രമങ്ങള്‍ക്ക് ഈശ്വരനില്‍ നിന്നും അനുഗ്രഹവും പുണ്യവും ലഭിക്കട്ടെ.
സേതുമാധവൻ .പി.കെ 2019-08-19 03:28:36
അദ്ധ്യാത്മ രാമായണ കഥാസംഗ്രഹം എന്നതിലേറെ  തനതായ വ്യക്തിത്വം നിലനിർത്തിക്കൊണ്ടും വസ്തുതാപരമായ വിശകലനം ഉൾക്കൊള്ളിച്ചുമുള്ള വേറിട്ടുനിൽക്കുന്ന ഒരു നിരൂപണം തന്നെയായിരുന്നു ശ്രീമതി.ദുർഗ്ഗ മനോജിന്റെ രാമായണസംഗ്രഹം .

ആദികവിയുടെ ചിന്താപരിണാമങ്ങളെ ധീഷണാപരമായും ആത്മീയമായ ഉൾക്കാഴ്ചയോടെയുംഅപഗ്രഥിക്കുക എന്ന ആയാസകരമായ ദൗത്യം എഴുത്തുകാരി എത്ര സമർത്ഥമായാണ് നിര്വ്വഹിച്ചിരിക്കുന്നത് എന്നത് തികച്ചും പ്രശംസനീയം തന്നെ .

അനശ്വരനായ അഴീക്കോട് മാഷ് അദ്ദേഹത്തിന്റെ പഠനത്തിൽ സൂചിപ്പിച്ചതുപോലെ സത്യവും ശിവവും സുന്ദരവുമായ കവിത്വത്തിന്റെ ശാശ്വത പ്രതിരൂപമാണ് വാല്മീകി മഹർഷി .

ആദികവിയെ ചിലപ്പോൾ അന്തിമ കവിയായികൂടിയായി ഭാരതം ദർശിച്ചു .അനന്തര കവികൾ വാല്മീകിയുടെ ഗുളികചേപ്പേന്തിയ ശിഷ്യന്മാർ മാത്രമാണെന്ന് തോന്നാം .

ഒരാർഷ ശൈലി ഉപയോഗിച്ച് പറഞ്ഞാൽ" പ്രകാശിച്ചുകൊണ്ടുനിൽക്കുന്ന അതിനെ ആശ്രയിച്ചു മറ്റെല്ലാം പ്രകാശിക്കുന്നു ."

അധ്യാത്മരാമായണത്തിന്റെ കാവ്യഭംഗിയിലോ ഭക്തിസാന്ദ്രതയിലോ മാത്രം ഭ്രമിച്ചുപോകാതെ,വാല്മീകി മഹർഷിയുടെ യുക്തിഭദ്രമായ സമീപനത്തേയും നീതിബോധത്തെയും ധർമ്മവബോധത്തെയും സമചിത്തതയോടെയും ആർജ്ജവത്തോടെയും വ്യാഖ്യാനിച്ചെടുക്കുന്നതിലാണ് ശ്രീമതി .ദുർഗ്ഗാ മനോജിന്റെ സാഹിത്യപാടവം വെളിവാകുന്നത് .

എഴുത്തുകാരിക്കും പ്രസിദ്ധീകരണത്തിനും നന്ദിയും കടപ്പാടും അറിയിക്കുന്നു .ഇതുപോലെ ചിന്തോദ്ധീപകങ്ങളായ കൃതികൾ മേലിലും പ്രതീക്ഷിക്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക