Image

വാല്മീകി രാമായണം മുപ്പതാം ദിനം (ദുര്‍ഗ മനോജ്)

Published on 15 August, 2019
വാല്മീകി രാമായണം മുപ്പതാം ദിനം (ദുര്‍ഗ മനോജ്)
ഉത്തരകാണ്ഡം
എണ്‍പത്തി ഒന്നാം സര്‍ഗ്ഗം മുതല്‍ നൂറ്റി മൂന്ന് വരെ


അഗസ്ത്യമുനിയുടെ ആശ്രമത്തില്‍ നിന്നും ശ്രീരാമന്‍ തിരികെ അയോധ്യയില്‍ എത്തി. പിന്നെ സഹോദരന്മാരോടൊപ്പം രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യവേ രാജസൂയയജ്ഞം ചെയ്യണം എന്ന തീരുമാനം അറിയിച്ചു. എന്നാല്‍ രാമന്റെ വാക്കു കേട്ട് ഭരതന്‍ പറഞ്ഞു, 'അല്ലയോ മഹാബാഹോ, അതിവിക്രമാ, അങ്ങയെ ലോകം പ്രജാപതിയെപ്പോലെയാണ് കണ്ട് വണങ്ങുന്നത്. അങ്ങ് രാജസൂയം ആരംഭിക്കുന്ന പക്ഷം പാരിലെ ശൂരന്മാരായ രാജാക്കന്‍മാരൊക്കെ നശിപ്പിക്കപ്പെടും. അങ്ങിപ്പോള്‍ തന്നെ പാരിന്റെ അധിപനാണ്. അപ്പോള്‍ പിന്നെ ഒരു വിനാശം വരുത്തേണ്ടതുണ്ടോ?'

അത് കേട്ട് രാമന്‍, 'ബാലന്മാര്‍ പറഞ്ഞുവെന്നാലും അത് കാര്യം ഉള്ളതെങ്കില്‍ കൈക്കൊള്ളണം' എന്ന് പറഞ്ഞ് രാജസൂയയജ്ഞം വേണ്ട എന്ന് തീരുമാനിച്ചു. അപ്പോള്‍ ലക്ഷ്മണന്‍, രാജസൂയം നടത്തുന്നതിന് പകരം അശ്വമേധം നടത്തിയാലും എന്ന് പറഞ്ഞ് അശ്വമേധയാഗത്തിന്റെ മേന്മകള്‍ വര്‍ണിച്ചു. അതിനായി വൃത്രാസുരവധ കഥയും പറഞ്ഞു.

പണ്ട് നീതിമാനായ വൃത്രന്‍ എന്നൊരു രാക്ഷസന്‍ ഉണ്ടായിരുന്നു. അവന്‍ ഊഴി വാഴുന്ന കാലം ഊഴിയും സ്വര്‍ഗമായിരുന്നു. അങ്ങനെയിരിക്കെ അവന്‍ ആരംഭിച്ച തീവ്ര തപസ്സിന്റെ ശക്തിയില്‍ ദേവേന്ദ്രന്‍ ആകെ പരിഭ്രമിച്ചു. ദേവദേവന്‍ വേഗം നാരായണനെ കണ്ട് തന്റെ ഇന്ദ്രപഥം വൃത്രന്‍ തട്ടിയെടുക്കും എന്ന് പരാതിപ്പെട്ടു. എന്നാല്‍ വിഷ്ണു പറഞ്ഞു, 'ഞാന്‍ വൃത്രനുമായി സഖ്യത്തിലാണ്, അതിനാല്‍ നേരിട്ട് കൊല്ലില്ല.' എന്നിട്ട് അതിന് പരിഹാരമായി ഒരു കാര്യം പറഞ്ഞു, 'വിഷ്ണുവിന്റെ മൂന്നംശങ്ങളില്‍ ഒന്ന് വജ്രായുധത്തില്‍ ഉണ്ടാകും, അതുപയോഗിക്കുക.' അപ്രകാരം തപസ്സിലാണ്ട വൃത്രനെ വജ്രായുധം ഉപയോഗിച്ച് ഇന്ദ്രന്‍ വധിച്ചു. ആ നിമിഷം തന്നെ ബ്രഹ്മഹത്യാപാപം ഇന്ദ്രനെ ബാധിച്ചു. അവന്‍ സകലകാന്തിയും ബോധവും കെട്ട് കാലം കഴിച്ചു. അതോടെ മഴയില്ലാതെ ഭൂമി വരണ്ടു. ഇന്ദ്രനു മേല്‍ഗതി വരാന്‍ അശ്വമേധമാണ് പ്രതിവിധി എന്നുകണ്ട് മറ്റ് ദേവന്മാര്‍ യജ്ഞം ചെയ്തു തുടങ്ങി. യജ്ഞാവസാനം ബ്രഹ്മഹത്യാപാപം ഇന്ദ്രനെ വിട്ടൊഴിഞ്ഞു.

ഈ കഥ കേട്ട രാമന്‍ യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. രാമപത്‌നിക്ക് സമമായി കാഞ്ചനസീതയെ നിര്‍മ്മിച്ചു.
ഭരതന്‍ യാഗത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തി, ലക്ഷ്മണന്‍ യാഗാശ്വത്തെ നയിച്ചു, ശത്രുഘ്‌നന്‍ അതിഥികളെ പൂജിച്ചു. യാഗം ആരംഭിച്ചു.

ഈ സമയം വാല്മീകി മഹര്‍ഷി കുശലവന്മാരുമായി യജ്ഞവേദിക്ക് സമീപം ഒരു പര്‍ണ്ണശാല തീര്‍ത്തു. എന്നിട്ട് അവരോട് രാമായണകാവ്യം ആദ്യം മുതല്‍ ആലപിക്കുവാന്‍ ആവശ്യപ്പെട്ടു. ആരുടെ പുത്രന്മാരാണ് എന്ന് ചോദിച്ചാല്‍ വാല്മീകി ശിഷ്യരാണ് എന്ന് മാത്രം പറയുക എന്നും പറഞ്ഞു. കുശലവന്മാര്‍ രാമായണം ആലപിക്കുന്നത് കേട്ട് അവരെ യജ്ഞവേദിയിലേക്ക് വരുത്തി. അവിടെ ഏവരുടേയും മുന്നില്‍ വച്ച് അവര്‍ ആദ്യത്തെ ഇരുപത് സര്‍ഗങ്ങള്‍ ആലപിച്ചത് കേട്ട് എല്ലാവരും വിസ്മയിച്ചു. ഒപ്പം ആ ബാലന്‍മാര്‍ രാമന്റെ തനിപ്പകര്‍പ്പും ആയിരുന്നു. ആരാണീ ബാലകന്മാര്‍ എന്ന ചോദ്യത്തിനുത്തരമായി വാല്മീകിമഹര്‍ഷി തന്നെ നേരിട്ടെത്തി. എന്നിട്ട് അവര്‍ രാമന്റെ പുത്രന്മാരാണെന്നും സീതയുടെ പാതിവ്രത്യത്തില്‍ ഒരു തരിമ്പും ദോഷം സംഭവിച്ചിട്ടില്ലെന്നും അറിയിച്ചു. അതുകേട്ട് രാമന്‍ സീത ആത്മശുദ്ധി തെളിയിക്കട്ടെ എന്ന് അറിയിച്ചു.

അതിന്‍പ്രകാരം പിറ്റേന്ന് മഹര്‍ഷിയുടെ പിന്നാലെ സീത താപസ വേഷം ധരിച്ച് യജ്ഞവേദിയില്‍ എത്തി. പിന്നെ ഏവരും കണ്ടു നില്‍ക്കേ ഭൂമിദേവിയോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു,
'ഞാന്‍ രാമനെ മാത്രമേ മനസാ നിനച്ചിട്ടുള്ളുവെങ്കില്‍ മാധവീദേവി എനിക്ക് ഇടം തരുമാറാകട്ടെ. മനസാ വാചാ കര്‍മ്മണാ ഞാന്‍ രാമനെ അര്‍ച്ചിച്ചിരുന്നുവെങ്കില്‍ മാധവീദേവി എനിക്കഭയം തരട്ടെ. രാമനെ അല്ലാതെ മറ്റാരേയും അറിയുന്നില്ല എന്ന് ഞാന്‍ പറഞ്ഞത് സത്യമെങ്കില്‍ മാധവീദേവി എനിക്ക് ഇടം തരുമാറാകട്ടെ.'

സീത ഈ ശപഥം ചെയ്ത് കഴിഞ്ഞപ്പോള്‍ ഒരത്ഭുതം സംഭവിച്ചു. ദിവ്യമായ ഒരു സിംഹാസനം ഭൂമിയില്‍ നിന്ന് ഉയര്‍ന്നു വന്നു. ധരണീദേവി കൈകള്‍ കൊണ്ട് പിടിച്ച് സ്വാഗതം ചെയ്ത് സീതയെ അതിലിരുത്തി രസാതലത്തിലേക്ക് അന്തര്‍ധാനം ചെയ്തു.

ഈ സമയം ആകാശത്തു നിന്നും പൂമഴ പൊഴിഞ്ഞു. എന്നാല്‍ രാമന്‍ തീര്‍ത്തും ദു:ഖിതനും കോപത്താല്‍ വിവശനുമായി. പൊടുന്നനെ രാമന്‍ അമ്പ് കയ്യിലെടുത്ത് ഭൂമിയെ പിളര്‍ന്ന് സീതയെ വീണ്ടെടുക്കാനൊരുങ്ങി. പക്ഷേ അത് തടഞ്ഞുകൊണ്ട് ബ്രഹ്മാവ് പ്രത്യക്ഷനായി പറഞ്ഞു, 'രാമാ, അങ്ങ് ഇങ്ങനെ കോപം കൊള്ളരുതേ, അങ്ങ് പൂര്‍വ്വഭാവം സ്മരിക്കുക. അങ്ങയെ മാത്രം ധ്യാനിച്ച സീത, ആ തപസ്സുകൊണ്ട് നാകലോകത്ത് എത്തിയിരിക്കുന്നു. അങ്ങ് വാല്മീകി എഴുതിയ രാമായണ കാവ്യം പൂര്‍ണ്ണമായും കേള്‍ക്കുക. ഇതിന്റെ ഉത്തരഭാഗം പക്ഷേ അങ്ങ് മാത്രമേ കേള്‍ക്കുവാന്‍ പാടുള്ളൂ.'

അങ്ങനെ ലോകരെ പിരിച്ചുവിട്ട് കുശലവന്‍മാരെക്കൂട്ടി രാമന്‍ വാല്മീകിയുടെ പര്‍ണ്ണശാലയിലേക്ക് പോയി. നേരം വെളുത്തപ്പോള്‍ ബ്രഹ്മാവിന്റെ അനുവാദത്തോടെ ബ്രഹ്മര്‍ഷിമാരും രാമനും രാമായണത്തിന്റെ ഉത്തരകാണ്ഡം കേട്ടു. യജ്ഞം അവസാനിപ്പിച്ചു ഏവരും പിരിഞ്ഞു. കുശലവന്മാര്‍ക്കൊപ്പം രാമന്‍ അയോധ്യയിലേക്ക് മടങ്ങി.

ദീര്‍ഘകാലത്തിന് ശേഷം രാജമാതാവായ കൗസല്യയും സുമിത്രയും കൈകേയിയും കാലധര്‍മ്മം പ്രാപിച്ചു.

പിന്നീട് കേകയ രാജാവ് യുധാജിത്ത് തന്റെ ഗുരു ഗാര്‍ഗ്യനെ രാമനെ കാണാന്‍ അയച്ചു. ഗാര്‍ഗ്യന്‍ സിന്ധുതീരത്ത് ഒരു ഗന്ധര്‍വ്വദേശമുണ്ടെന്നും, അത് കാത്തുപോരുന്ന മൂന്നുകോടി ഗന്ധര്‍വ്വന്മാരെ കീഴടക്കിയാല്‍ അവിടെ രണ്ട് പുരി പണിയാമെന്നും അറിയിച്ചു. അതനുസരിച്ച് രാമന്‍ ഭരതനേയും ഭരതപുത്രന്മാരേയും അവിടേക്ക് അയച്ചു. ഗന്ധര്‍വ്വദേശം കീഴടക്കി രണ്ട് പുരി പണിയുവാന്നും അതില്‍ ഭരത പുത്രനായ തക്ഷന്‍ തക്ഷശില എന്ന പുരിയും, പുഷ്‌കലന്‍ പുഷ്‌കലാവതമെന്ന പുരിയും ഭരിക്കട്ടെ എന്നും ആശീര്‍വദിച്ചു. അപ്രകാരം ഭരതന്‍ രൂക്ഷമായ യുദ്ധത്തില്‍ ഗന്ധര്‍വ്വന്മാരെ കീഴടക്കി പുരികളില്‍ തക്ഷനേയും പുഷ്‌കലനേയും വാഴിച്ചു. ഇതേ സമയം രാമന്‍ ലക്ഷ്മണനോട് പുത്രന്മാരായ അംഗദനേയും ചന്ദ്രകേതുവിനേയും രണ്ട് പുരികളില്‍ അഭിഷേകം ചെയ്യിക്കുവാന്‍ ആവശ്യപ്പെട്ടു.

അങ്ങനെ കാലം കഴിയവെ കാലന്‍ താപസ രൂപമെടുത്ത് രാജകൊട്ടാരദ്വാരത്തിലെത്തി. അത് കേട്ട് ലക്ഷ്മണന്‍ ബ്രാഹ്മണന്‍ വന്നെത്തിയ വിവരം രാമനെ ധരിപ്പിച്ചു. താപസന്‍ കടന്നുവന്ന് ഇങ്ങനെ പറഞ്ഞു, 'എനിക്ക് പറയുവാനുള്ളത് മറ്റാരും കേള്‍ക്കാന്‍ പാടില്ല.'

ഇത് കേട്ട് രാമന്‍ പറഞ്ഞു, 'ലക്ഷ്മണന്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുക, ആരേയും അകത്ത് കയറ്റി വിടാതിരിക്കുക. ഞങ്ങള്‍ സംസാരിക്കുന്നത് ആരെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ അവര്‍ വധ്യരായിരിക്കും.' അങ്ങനെ അവര്‍ തമ്മില്‍ സംഭാഷണം ആരംഭിച്ചു.

രാമായണത്തിലെ മറ്റൊരു അവിസ്മരണീയമായ ഏടാണ് സീതാദേവിയുടെ രസാതല പ്രവേശം. രാമന്‍ പ്രജാഹിതം മുന്‍നിര്‍ത്തി വീണ്ടും ശപഥം എന്ന നിശ്ചയം മുന്നില്‍ വെക്കുമ്പോള്‍ ആത്മവേദനയോടെ സീത ഭൂമിയുടെ മടിത്തട്ട് വരമായി ചോദിക്കുകയാണ്. സീത രാമനില്‍ നിന്ന് എന്നതിലേറെ, ഇനിയും തന്നെ പതിതയായി കാണുന്ന പ്രജകളില്‍ നിന്നു കൂടിയാണ് അപ്രത്യക്ഷമാകുന്നത്. രാമന്‍ ഉത്തമ ഭരണാധികാരിയാണ്. ഒരു ഭരണാധികാരിക്ക് സ്വകാര്യ ജീവിതം എന്നൊന്നില്ല എന്നാണ് രാമന്‍ തന്റെ ജീവിതത്തിലൂടെ പറഞ്ഞു വക്കുന്നത്. രാമന്‍ എന്നാല്‍ സീത കൂടിച്ചേര്‍ന്നതാണ്. ആ സീതയെ ഒഴിവാക്കി നിര്‍ത്തിയാല്‍ അവശേഷിക്കുന്നത് രാമനല്ല മറിച്ച് അയോധ്യയുടെ ഭരണാധികാരി മാത്രമാണ്.

രാമന്‍ പറഞ്ഞു വച്ചത് ഒരു ഭരണാധികാരി വികാരങ്ങള്‍ക്ക് വശംവദനായല്ല മറിച്ച് ന്യായധര്‍മ്മങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണ് ഭരണം നടത്തേണ്ടത് എന്നാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക