Image

മലയാളി യുവതിയുടെ മരണം: സി.ബി.ഐ മൗനംപാലിക്കുന്നുവെന്ന് മാതാപിതാക്കള്‍

Published on 07 August, 2019
മലയാളി യുവതിയുടെ മരണം: സി.ബി.ഐ മൗനംപാലിക്കുന്നുവെന്ന് മാതാപിതാക്കള്‍
കൊച്ചി: പാലക്കാട് സ്വദേശിയായ യുവതി അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പ്രതിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാതെ സിബിഐ ഒളിച്ചുകളിക്കുന്നെന്ന ആരോപണവുമായി മാതാപിതാക്കള്‍. വയോധിക ദന്പതികളായ പാലക്കാട് കാവില്‍പ്പാട് കെ. ഗോപിനാഥ്  -ഭദ്ര എന്നിവരാണ് മകള്‍ അനിതയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.

മകളുടെ മരണത്തിനു കാരണക്കാരനായ അനിതയുടെ ഭര്‍ത്താവും പാലക്കാട് സ്വദേശിയുമായ സന്തോഷിനെ നിയമത്തിനു മുന്പില്‍ കൊണ്ടുവരാന്‍ സിബിഐ തയാറാകുന്നില്ലെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

2000 ഓഗസ്റ്റ് മൂന്നിനായിരുന്നു അമേരിക്കയില്‍ എന്‍ജിനിയറായ സന്തോഷുമായുള്ള അനിതയുടെ വിവാഹം. വിവാഹശേഷം അനിത സന്തോഷിനൊപ്പം അമേരിക്കയിലേക്കു പോയി. ബിരുദാനന്തര ബിരുദക്കാരിയായ അനിത അവിടെ ഉന്നതപഠനത്തിനു ചേര്‍ന്നു.

കലിഫോര്‍ണിയയിലെ വീട്ടില്‍വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് അനിതയ്ക്കു പൊള്ളലേറ്റെന്നു 2004 ഓഗസ്റ്റ് 10നു സന്തോഷ് വിളിച്ചറിയിച്ചു. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടെ പൊള്ളലേറ്റെന്നാണു പറഞ്ഞത്. ഇതേത്തുടര്‍ന്നു ഗോപിനാഥും ഭാര്യയും അമേരിക്കയിലേക്കു പോയി. അവിടെയെത്തി ഒരു മാസമാകുന്നതിനിടെ സെപ്റ്റംബര്‍ മൂന്നിന് അനിത മരിച്ചു. സന്തോഷിന്‍റെ നിര്‍ബന്ധത്തെത്തുടര്‍ന്നു മൃതദേഹം അമേരിക്കയില്‍ സംസ്കരിച്ചു.

നാട്ടില്‍ തിരിച്ചെത്തി പാലക്കാട് ഹേമാംബിക പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അനിതയുടെ മാതാപിതാക്കള്‍ പറഞ്ഞു.

 പിന്നീടു കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് 2007 ജൂണ്‍ 19നു കേസ് രജിസ്റ്റര്‍ ചെയ്തു. 2009 ഏപ്രില്‍ രണ്ടിനു കേസ് സിബിഐയ്ക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2010 ജൂണ്‍ 25നു സിബിഐ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നു ചൂണ്ടിക്കാട്ടി എതിര്‍ത്തതിനെത്തുടര്‍ന്നു വിശദമായി അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.

അന്വേഷണത്തില്‍ സന്തോഷിനെതിരേ സിബിഐയ്ക്കു നിരവധി തെളിവുകള്‍ കിട്ടിയിട്ടും അറസ്റ്റ് ചെയ്യാന്‍ സിബിഐ തയാറായില്ല. തുടര്‍ന്നു വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തെളിവുകള്‍ പരിശോധിച്ച കോടതി പ്രതിയെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ 2018 ജൂലൈ 30ന് ഉത്തരവിട്ടു. എന്നാല്‍ അതുണ്ടായില്ല.

ഹൈക്കോടതി ഉത്തരവിനെതിരേ സന്തോഷിന്‍റെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നതില്‍ യാതൊരു കാരണവുമില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി കേസ് തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അനിതയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക