Image

രവീന്ദ്രനാഥ ടാഗോറും ഗീതാഞ്‌ജലിയും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 03 May, 2012
രവീന്ദ്രനാഥ ടാഗോറും ഗീതാഞ്‌ജലിയും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
വിശ്വവിഖ്യാതനായ രവീന്ദ്രനാഥ ടാഗോറിന്റെ `ഗീതാഞ്‌ജലി' എന്ന നിത്യവിസ്‌മയത്തിന്റെ, ഇംഗ്ലീഷ്‌ പതിപ്പിന്റെ 100 ാം വാര്‍ഷികം നാം ആഘോഷിക്കുന്ന ഈ വേളയില്‍, മഹാകവിയുടെ 151-ാം ജന്മമാസത്തില്‍, 71 ാം ചരമ വര്‍ഷത്തില്‍, ആ ഗുരുദേവന്റെ ജീവിതത്തിലൂടെയും അദ്ദേഹത്തിന്റെ കൃതികളിലൂടെയും ഒരു തിരനോട്ടം നടത്തുക മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു.

ലഘുജീവ ചരിത്രം:

ദേവേന്ദ്രനാഥ ടാഗോറിന്റെയും ശാരദാദേവിയുടെയും 14 മക്കളില്‍ 14 ാമനായി രവീന്ദ്രന്‍ 1861 മെയ്‌ 8 നു്‌ കല്‍ക്കട്ടയിലെ ലോകപ്രശസ്‌തി ആര്‍ജ്ജിച്ച `ജൊറാഷങ്കോ' ഭവനത്തില്‍ ഭൂജാതനായി. ഇന്നു്‌ ആ ഭവനവും പരിസരവുമെല്ലാം മഹാകവിയുടെ പേരില്‍ നടത്തപ്പെടുന്ന `രവീന്ദ്രഭാരതി' സര്‍വ്വകലാശാലയായി രൂപാന്തരപ്പെട്ടിരിക്കുന്നു.

കുട്ടിക്കാലം മുതല്‍ക്കേ രവീന്ദ്രനു തുറന്ന സ്ഥലങ്ങളോടും വൃക്ഷലതാദികളോടുമെല്ലാം പ്രത്യേക പ്രതിപത്തി ഉണ്ടായിരുന്നു. സ്‌ക്കൂളിലെ ചിട്ടയായ വിദ്യാഭ്യസനത്തോടു പ്രതിപത്തി കാണിക്കാഞ്ഞതിനാല്‍ രവീന്ദ്രനെ വീട്ടിലിരുത്തി പഠിപ്പിച്ചു. ടാഗോര്‍ കുടുംബം ആകെത്തന്നെ കവിതയുടെയും, സംഗീതത്തിന്റെയും, നൃത്തത്തിന്റെയും കളിയരങ്ങായിരുന്നു. 10 വയസ്സുള്ളപ്പോള്‍ രവീന്ദ്രന്‍ എഴുതി മധുരകണ്‍ഠമായി ചൊല്ലിയ ഒരു ബംഗാളി കവിതയിലെ സ്വരലയവും, സങ്കല്‌പമാധുര്യവും അച്ഛനെ പുളകമണിയിച്ചു. മടിച്ചു മടിച്ച്‌ ആ കൊച്ചു കവി പാടി

`നയന്‍തൊമാരേ പാഇനാ

ദേഖിതെ രൊയഛേ നയനേ നയനേ...'

ആ കവിതയുടെ അര്‍ത്ഥം : `നഗ്നമീ നേത്രം സ്വാമിന്‍, നിന്‍ തിരുമേനി കാണ്മതെങ്ങനെ? കാഴ്‌ചശക്തി നല്‍കുന്നതങ്ങുന്നല്ലോ', എന്നാണു്‌.

അച്ഛന്‍ മകനെ കെട്ടിപ്പിച്ച്‌ അനുഗ്രഹിച്ച്‌ ചെറിയൊരു സമ്മാനവും നല്‍കി. 14 ാം വയസ്സില്‍ രവീന്ദ്രന്‍ രചിച്ച കവിതയിലെ സംഗീതമാധുരിയും ചമത്‌ക്കാരവും ആശയഭംഗിയും ബംഗാളിലെ പ്രശസ്‌ത സാഹിത്യകാരന്മാര്‍ പങ്കെടുത്ത സദസ്സിനെ വശീകരിച്ചു. വേദവ്യാസമഹര്‍ഷി ഹിമാലയത്തിന്റെ കൊടുമുടിയിലേറിനിന്നു്‌ ഭാരതഭൂമിയുടെ ഇന്നത്തെ അധഃപതനത്തെയോര്‍ത്ത്‌ വിലപിക്കുന്ന രൂപത്തിലാണു ആ കവിതയിലെ ആശയശില്‌പം. 16 ാം വയസ്സില്‍ രവിയെ ബാരിസ്റ്റര്‍ പരീക്ഷയ്‌ക്കു പഠിക്കുവാന്‍ ഇംഗ്ലണ്ടിലേക്കയച്ചു, ഇംഗ്ലീഷ്‌ സാഹിത്യ ഗ്രന്ഥങ്ങള്‍ ധാരാളം വായിച്ചതല്ലാതെ വിശേഷിച്ച്‌ ഒരു പരീക്ഷയ്‌ക്കും ചേരാതെ പോയതുപോലെ രവി തിരികെ വന്നു. കല്‍ക്കട്ടയില്‍ വന്നതിനു ശേഷം സാഹിത്യപരിശ്രമങ്ങളില്‍ മഴുകിത്തന്നെ കഴിച്ചുകൂട്ടി. വാല്‍മീകിപ്രതിഭ, സന്ധ്യാസംഗീതം, പ്രഭാതസംഗീതം തുടങ്ങിയ കവിതകളെല്ലാം ഇക്കാലത്താണു്‌ രചിച്ചത്‌, ഒപ്പം കഥകളും, നാടകങ്ങളും പ്രബന്ധങ്ങളും എഴുതിത്തുടങ്ങി. പുസ്‌തകരൂപത്തില്‍ ആദ്യം പ്രസിദ്ധീകരിച്ചത്‌ `കവികാഹിനി' എന്ന കവിതയാണു്‌.

രവീന്ദ്രന്റെ 22 ാം വയസ്സില്‍ 11 വയസു മാത്രം പ്രായമുള്ള, തനി ഗ്രാമീണ കന്യകയായ, സുന്ദരിയും സുശീലയുമായ മൃണാളിനിയുമായി വിവാഹം. പ്രായപൂര്‍ത്തിയാകുന്നതുവരെ മൃണാളിനി ക്രമമായി സ്‌ക്കൂളില്‍പ്പോയി പഠിപ്പു തുടര്‍ന്നു. കല്‍ക്കത്തയില്‍നിന്നും വളരെ അകലെയുള്ള ഒരു കുഗ്രാമമായ ഷെലിഡയില്‍ കുടുംബം താമസമാക്കി. മൃണാളിനിയ്‌ക്ക്‌ 25 ാം വയസില്‍ ആദ്യത്തെ പെണ്‍കുഞ്ഞു പിറന്നു. കുടുംബത്തിന്റെ ഭാരിച്ച സ്വത്തുകള്‍, വമ്പന്‍ കെട്ടിടങ്ങള്‍, എസ്സേറ്റുകള്‍ ഒക്കെ നോക്കിനടത്തേണ്ട ചുമതല ഇഷ്ടമില്ലാതിരുന്നിട്ടും രവീന്ദ്രനു്‌ ഏറ്റെടുക്കേണ്ടി വന്നു.

വീട്ടില്‍ വരുന്ന അതിഥികളെ സല്‍ക്കരിക്കല്‍, പത്‌മാനദിയിലുടെ യാത്രചെയ്യുന്ന ഉദ്യോഗസ്ഥരും അല്ലാത്തവരുമായ സുഹൃത്തുക്കള്‍ക്കു താവളമൊരുക്കല്‍ എന്നിവ ജീവിതവൃതമായി സ്വീകരിച്ച മൃണാളിനീദേവി നന്നേ ക്ഷീണിതയായെങ്കിലും സദാ സന്തോഷവതിയായിരുന്നു. സംതൃപ്‌തമായ ആ ദാമ്പത്യജീവിതവല്ലരിയില്‍ രണ്ട്‌ ആണും മൂന്നു പെണ്‍കുട്ടികളും ജനിച്ചു. രവീന്ദ്രന്റെ പിതാവ്‌ ദേവേന്ദ്രനാഥ ടാഗോര്‍ വാങ്ങിയ 300 ഏക്കര്‍ സ്ഥലമായ ശാന്തിനികേതനില്‍, സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1901 ല്‍ രവീന്ദ്രനാഥ്‌ സ്ഥാപിച്ച സ്‌ക്കൂളാണു്‌, `ബ്രഹ്മചര്യാശ്രമം', പിന്നീട്‌ അതു വളര്‍ന്നാണു്‌ 1921 ല്‍ `വിശ്വഭാരതി' സര്‍വ്വകലാശാലയായത്‌. 1951 ല്‍ വിശ്വഭാരതി കേന്ദ്രസര്‍വകലാശാലയായി അംഗീകരിക്കപ്പെട്ടു. ഷെലിഡയിലെ ജീവിതം രവീന്ദ്രനാഥിന്റെ സാഹിത്യജീവിതത്തിനു വളരെ അനുകൂലമായി, ഒരു മഹാകവിയായി ഒരുവശത്ത്‌ അംഗീകരിക്കപ്പെട്ടപ്പോള്‍ അസുയാലുക്കളും ഉയര്‍ന്നു, പക്ഷേ അവര്‍ക്കു വിജയിക്കുവാന്‍ സാധിച്ചില്ല.

ആപത്തുകളും ദുഃഖങ്ങളും രവീന്ദ്രനാഥിനെ സദാ പിന്തടര്‍ന്നു. ബന്ധുമിത്രാദികളുടെ തുടരെത്തുടരെയുള്ള അകാലചരമങ്ങള്‍ രവീന്ദ്രനാഥിന്റെ 14 ാം വയസ്സില്‍ മാതാവിന്റെ മരണം. 1902 ല്‍ സഹധര്‍മ്മിണി മൃണാളിനീദേവി (30 വയസ്‌) യുടെ വിയോഗം. അടുത്ത വര്‍ഷം രണ്ടാമത്തെ മകള്‍ രേണുക യുടെ വിയോഗം. ഏറെത്താമസിയാതെ, ശാന്തിനികേതനിന്റെ നടത്തിപ്പില്‍ തന്റെ വലങ്കയ്യായിരുന്ന സതീശ്‌ചന്ദ്രന്‍ റോയിയും മരിച്ചു. അടുത്ത വര്‍ഷം ടാഗോര്‍ കുടുംബത്തിന്റെ നെടുംതൂണായിരുന്ന തന്റെ പിതാവ്‌ മഹര്‍ഷി ദേവേന്ദ്രനാഥ ടാഗോര്‍ 77 ാം വയസ്സില്‍ 1905 ജനുവരി 19 നു്‌ സമാധിയടഞ്ഞു. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ഇളയ മകന്‍ 12 വയസ്സുള്ള സമീന്ദ്രനാഥ്‌ പെട്ടെന്നു മരണമടഞ്ഞു. തുടര്‍ച്ചയായ ആഘാതങ്ങളുടെ തീരാത്ത നോവു കടിച്ചമര്‍ത്തിക്കൊണ്ട്‌ രവീന്ദ്രനാഥ്‌ മുമ്പിലുള്ള കര്‍ത്തവ്യങ്ങള്‍ക്കും കാവ്യരചനയ്‌ക്കും സ്വയം അര്‍പ്പിച്ചു മുന്നോട്ടുപോയി. ആ കവിതകളില്‍ തീവ്രദുഃഖത്തിന്റെ അടിയൊഴുക്കു്‌ ആര്‍ക്കും അനുഭവപ്പെടും. `സ്‌മരണ' എന്ന കവിതാസമാഹാരവും `നൈവേദ്യ' എന്ന കൃതിയിലെ പല ഭാഗങ്ങളും ശ്രദ്ധിച്ചാല്‍ ആ ദുഃഖപരമ്പര വ്യക്തമാകും.

സാഹിത്യസാമ്രാജ്യം

നിഗൂഢമായ, ദിവ്യരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, അപൂര്‍വ്വ ജ്ഞാനികള്‍ക്കു മാത്രം സുഗ്രഹമായ നിഗൂഢാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മിസ്റ്റിക്ക്‌ കവിതകളായിരുന്നു രവീന്ദ്രനാഥ

ടാഗോറിന്റെ കവിതകള്‍ എല്ലാം തന്നെ. രണ്ടായിരത്തോളം ഗാനങ്ങള്‍, 10 12 നോവലുകള്‍, 20 ലേറെ നാടകങ്ങള്‍, നൂറില്‍പ്പരം ചെറുകഥകള്‍, പതിനായിരക്കണക്കിനു പദ്യങ്ങള്‍,

ഉള്‍ക്കൊള്ളുന്നതാണു്‌ ഗുരുദേവ്‌ ടാഗോറിന്റെ സാഹിത്യ സാമ്രാജ്യം. വിശ്വഭാരതി അദ്ദേഹത്തിന്റെ കൃതികള്‍ 24 വാല്യങ്ങളിലായി സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. ഭാരതത്തിനു സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ പൊതുസമ്മേളനം ആരംഭിച്ചത്‌ രവീന്ദ്രനാഥ്‌ രചിച്ച്‌ ആലപിച്ച ഒരു സമരഗാനത്തോടെ ആയിരുന്നു. ഗാനം തുടങ്ങിയത്‌ ഇങ്ങനെയാണു്‌:
`
ഭാരതമാതാവിന്റെയാഹ്വാനം കൈക്കൊണ്ടു

ചേരുകയല്ലോ നമ്മളരുമക്കിടാങ്ങള്‍

അമ്മതന്‍ ചുടുകണ്ണീര്‍ തുടച്ചു മാറ്റാനിപ്പോള്‍

നമ്മള്‍ സോദരന്മാരേ പോരാടാമൊറ്റക്കെട്ടായ്‌'

നാലുകൊല്ലം കഴിഞ്ഞു, രവീന്ദ്രന്റെ `വന്ദേമാതരം' ജനപ്രീതി നേടി .

രവീന്ദ്രനാഥ്‌ 1890 ല്‍ 29 ാം വയസ്സില്‍ രചിച്ച `ജനഗണമന' എന്ന ബംഗാളി ഗാനം 1950 ല്‍ ഇന്‍ഡ്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടു. അഞ്ചു ഖണ്ഡങ്ങളുള്ള ഗാനത്തിന്റെ ഒന്നാം ഖണ്ഡം മാത്രമാണു സാധാരണയായി ഉപയോഗിച്ചുവരുന്നത്‌.

ജനഗണമന അധിനായക ജയഹേ ഭാരതഭാഗ്യവിധാതാ

പഞ്ചാബു, സിന്ധു ഗുജറാട്ടു, മറാഠാ, ദ്രാവിഡ ഉല്‍ക്കല ബങ്ക.....

ഇതിന്റെ മലയാള പരിഭാഷ ഇപ്രകാരമാണു്‌.

ജനകോടികളുടെ ഹൃദയാധിനാഥനും ഭാരതത്തിന്റെ ഭാഗ്യവിധാതാവുമായ അവിടുന്നു വിജയിച്ചാലും. അവിടുത്തെ ശുഭനാമധേയം ശ്രവിക്കുമ്പോള്‍ പഞ്ചാബും ഗുജറാത്തും മറ്റു പ്രദേശങ്ങളും വിന്ധ്യനും ഹിമവാനും യമുനയും ഗംഗയും മഹാസമുദ്രങ്ങളും ഉണര്‍ന്നെഴുന്നേല്‍ക്കുന്നു ശുഭാശിസുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. വിജയഗാനങ്ങള്‍ പാടുന്നു.

ഗീതാഞ്‌ജലി

രവീന്ദനാഥ ടാഗോര്‍ തന്റെ പല കൃതികളില്‍നിന്നുമായി ഐകരൂപ്യമുള്ള 103 കവിതകള്‍ തെരഞ്ഞെടുത്ത്‌ ഒരു നോട്ടുബുക്കില്‍ പകര്‍ത്തിവച്ച, പുതിയ സമാഹാരത്തിനു്‌ `ഗീതാഞ്‌ജലി' എന്നു പേരുമിട്ടു.

1910 ല്‍ ബംഗാളി ഗീതാഞ്‌ജലി പ്രസിദ്ധീകരിച്ചു.

1912 ല്‍ ഇംഗ്ലീഷ്‌ ഗീതാഞ്‌ജലി യും പ്രസിദ്ധീകൃതമായി.

1911 ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ 50 ാം വയസില്‍ അവിശ്രമമായ പൊതുപ്രവര്‍ത്തനങ്ങളുടെയും നിരന്തരമായ സാഹിത്യ പരിശ്രമത്തിന്റെയും ഫലമായി ആരോഗ്യം മോശപ്പെട്ടു വന്നതിനാല്‍ പത്‌മാതീരത്തെ പഴയ ഷെലിഡയില്‍ ഒരു വിശ്രമജീവിതം നയിക്കാന്‍ നിശ്ചയിച്ചു. സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം തന്റെ ബംഗാളി ഗീതാഞ്‌ജലി കവിതകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ഇംഗ്ലണ്ടില്‍ താമസിക്കുന്ന പല സ്‌നേഹിതന്മാരും രവീന്ദ്രനാഥ്‌ അവിടുത്തെ സാഹിത്യകാരന്മാരുമായി പരിചയപ്പെടുന്നതു നന്നായിരിക്കുമെന്നും കവിതാവിവര്‍ത്തനങ്ങളുമായി അങ്ങോട്ടു ചെല്ലണമെന്നും തുടരെത്തുടരെ നിര്‍ബന്ധമായി എഴുതി. ഒരുക്കിവച്ച കവിതാസമാഹാരവുമായി ടാഗോര്‍ ഇംഗ്ലണ്ടിലേക്കു പോയി. ഇംഗ്ലണ്ടിലെ ഒരു പ്രശസ്‌ത ചരിത്രകാരനായ റോഥന്‍സ്റ്റൈനെ ചെന്നു കണ്ടു, അദ്ദേഹം ഇന്‍ഡ്യ സന്ദര്‍ശിച്ചപ്പോള്‍ ടാഗോറിനെ സന്ദര്‍ശിച്ചിട്ടുണ്ട്‌. റോഥന്‍സ്റ്റൈന്‍ കവിതകള്‍ വായിച്ചുനോക്കി. മൂന്നു കോപ്പികള്‍ എടുത്ത്‌ യീറ്റ്‌സിനും, സ്റ്റാഫോര്‍ഡ്‌ ബ്രൂക്കിനും ബ്രാഡ്‌ലിക്കും അയച്ചുകൊടുത്തു. എറെത്താമസിയാതെ റോഥന്‍സ്റ്റൈന്‍ ലണ്ടന്‍ സാഹിത്യകാരന്മാരെ തന്റെ വീട്ടില്‍ വിളിച്ചുകൂട്ടി, ഒരു സുഹൃത്‌സമ്മേളനം നടത്തി. ഗീതാഞ്‌ജലിയുടെ മേന്മയെയും ഉദാത്തമായ ഭാവത്തെയും അവിടെ കൂടിയിരുന്നവരെല്ലാം ഒരുപോലെ പ്രശംസിച്ചു. ടാഗോറിനെ ബഹുമാനിക്കാന്‍ ദിവസങ്ങള്‍ക്കകം പ്രശസ്‌ത സാഹിത്യകാരന്മാരെയെല്ലാം പങ്കെടുപ്പിച്ച്‌ ഒരു സ്വീകരണസമ്മേളനം ഏര്‍പ്പെടുത്തി. ഈശ്വരപ്രേമം തുളുമ്പുന്ന ടാഗോര്‍ കവിതകള്‍ ഏവരുടെയും മുക്തകണ്‍ഠപ്രശംസയ്‌ക്കു പാത്രമായി. ഇംഗ്ലണ്ടിലും അമേരിക്കയിലും സാമാന്യം നല്ല പ്രചാരമുള്ള `പോയട്രി' എന്ന മാസികയില്‍ ടാഗോര്‍ കവിതകളെപ്പറ്റിയുള്ള ലേഖനങ്ങള്‍ വന്നു തുടങ്ങി. ഗീതാഞ്‌ജലി യുടെ 750 കോപ്പികള്‍ 1912 നവമ്പര്‍ 1 നു സുഹൃത്തുക്കള്‍ പ്രസിദ്ധപ്പെടുത്തി. അമേരിക്കയിലെ പ്രസിദ്ധ സാഹിത്യകാരന്മാര്‍ക്കെല്ലാം കോപ്പികള്‍ അയച്ചുകൊടുത്തു, ഇന്‍ഡ്യയിലും ഏതാനും കോപ്പികള്‍ വിതരണം ചെയ്‌തു.

സ്വീകരണങ്ങളും സന്ദര്‍ശനങ്ങളും പ്രഭാഷണങ്ങളുമായി നാലുമാസം ടാഗോര്‍ ഇംഗ്ലണ്ടില്‍ കഴിച്ചുകൂട്ടിയശേഷം അമേരിക്കന്‍ പര്യടനവും മറ്റും നടത്തി 16 മാസത്തെ

പ്രവാസത്തിനുശേഷം 1913 സെപ്‌റ്റമ്പറില്‍ ഇന്‍ഡ്യയില്‍ മടങ്ങിയെത്തി. 1913 നവമ്പര്‍ 13നു്‌ അക്കൊല്ലത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഗീതാഞ്‌ജലിക്കു ലഭിച്ചു എന്ന സന്തോഷവാര്‍ത്ത ലോകം ശ്രവിച്ചു. ഏഷ്യയില്‍ നോബല്‍ സമ്മാനത്തിനു്‌ ആദ്യമായി അര്‍ഹനായത്‌ രവീന്ദ്രനാഥ ടാഗോറാണു്‌.

സഞ്ചാരപ്രിയനായിരുന്ന രവീന്ദ്രനാഥ ടാഗോര്‍ 17 ാം വയസുമുതല്‍ യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലുമായി 15 തവണ പര്യടനം നടത്തി, 10 കൊല്ലമെങ്കിലും വിദേശരാജ്യങ്ങളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ടാവും. എവിടെ യാത്ര ചെയ്‌താലും അദ്ദേഹം, പാദം വരെ ഇറങ്ങിക്കിടക്കുന്ന നീല മേലങ്കി, തലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മനോഹരമായ നീലത്തൊപ്പി. ബംഗാളിലെ മഹാകവികളുടെ അന്തസ്സുറ്റ അലങ്കാരവേഷം അണിഞ്ഞിരുന്നു. പുരുഷാര്‍ത്ഥങ്ങളെല്ലാം നേടിക്കഴിഞ്ഞു പ്രശസ്‌തിയിലിരിക്കുമ്പോണു്‌ 80 ാം വയസില്‍ 1941 ഓഗസ്റ്റ്‌ 7 നു്‌ കല്‍ക്കട്ടയില്‍ വച്ച്‌ ആ മഹപുരുഷന്‍ ലോകത്തോട്‌ അന്ത്യയാത്ര പറഞ്ഞത്‌.

ഗീതാഞ്‌ജലി ഈ ലേഖികയുടെ വിവര്‍ത്തനം:

വൈദ്യുതിയും റ്റി വി യും ഒന്നും കടന്നു വന്നിട്ടില്ലാത്ത എന്റെ ബാല്യത്തില്‍ ഹൈസ്‌ക്കൂള്‍ ഹെഡ്‌മാസ്റ്ററായിരുന്ന എന്റെ വന്ദ്യപിതാവ്‌ സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കുശേഷം മക്കളെ വിളിച്ചിരുത്തി പുരാണകഥകള്‍, മഹാന്മാരുടെ കഥകള്‍ ഒക്കെ പറഞ്ഞുതരുമായിരുന്നു. എന്റെ പിതാവില്‍ നിന്നു്‌ ഗീതാഞ്‌ജലി എന്ന പദം ആദ്യം ശ്രവിച്ചപ്പോള്‍ എന്റെ ബാലമനസ്സില്‍ അവാച്യമായ ഏതോ ചലനമുണര്‍ന്നു. ആ ദിവ്യമായ കൃതി എന്തെന്നും ഏതെന്നും അറിയുവാനുള്ള വാഞ്‌ഛ അനേകവര്‍ഷങ്ങള്‍ ഹൃദയത്തില്‍ അണയാതെ കത്തിനിന്നു. ജീവിതഭാരങ്ങളൊക്കെ തെല്ലൊന്നൊതുങ്ങിയപ്പോള്‍ ഗീതാഞ്‌ജലിയെപ്പറ്റി ചിന്തിച്ചു, ന്യൂയോര്‍ക്കിലെ ഒരു ലൈബ്രറിയില്‍ ഇംഗ്ലീഷ്‌ ഗീതാഞ്‌ജലി അന്വേഷിച്ചപ്പോള്‍ അവിടെ ലഭ്യമല്ലായിരുന്നു, ദിവസങ്ങള്‍ക്കകം അവര്‍ തന്നെ ഒരു കോപ്പി വരുത്തിത്തന്നു. അതു വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്റെ മനസ്സ്‌ ഒരഭൗമ മണ്ഡലത്തിലേക്കുയരുവാന്‍ തുടങ്ങി. ഗീതാഞ്‌ജലി എന്ന ആ ദിവ്യകൃതി ഇംഗ്ലീഷില്‍നിന്നു്‌ വൃത്തബദ്ധമായി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയെന്നത്‌ ഒരു ജീവിതവൃതമായി ഞാന്‍ സ്വീകരിച്ചു. പ്രപഞ്ചവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ ഈശ്വരസാത്മ്യം നേടിയ രവീന്ദ്രനാഥ ടാഗോര്‍ എന്ന അനശ്വര പ്രതിഭയുടെ അതുല്യസൃഷ്ടിയായ ഗീതാഞ്‌്‌ജലി എന്ന പുണ്യതീര്‍ത്ഥം എന്റെ കൈക്കുടന്നയില്‍ കോരിയെടുക്കുവാന്‍ ശ്രമിച്ചത്‌ അവിവേകമായിപ്പോയോ എന്നു ഞാന്‍ ആദ്യം സന്ദേഹിച്ചു. എന്നാല്‍ ആദ്ധ്യാത്മികതയുടെ പരമവൈശിഷ്ട്യം വിളമ്പരം ചെയ്യന്ന ആ ദിവ്യപ്രഭാവത്തെ എന്റെ ഹൃദയചഷകത്തില്‍ ആവോളം നിറച്ചു നിര്‍വൃതി നേടുവാന്‍ ശ്രമിച്ചപ്പോള്‍ ഈശ്വരസാന്നിദ്ധ്യത്തിന്റെ അലകള്‍ എന്റെ ഹൃദയത്തില്‍ ഉയരുന്നതായും ഒരപ്രമേയ ശക്തി എന്നില്‍ വിലയിക്കുന്നതായും ഞാന്‍ അനുഭവിച്ചറിഞ്ഞു. കഠിനവ്യഥ സ്‌ഫുരിക്കുന്നതും ഈശ്വരപ്രേമത്തിന്റെ സാത്വികതയും , മനുഷ്യത്വത്തിന്റെ മാധുര്യവും, ശൈശവത്തിന്റെ നൈര്‍മ്മല്യവും, സൗന്ദര്യത്തിന്റെ ശബളിമവും നിറഞ്ഞുതുളുമ്പുന്ന അനവദ്യപ്രവാഹമായ ഗീതാഞ്‌ജലി എന്ന മഹാതീര്‍ത്ഥത്തിന്റെ കവിതാവിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോഴെല്ലൊം ആ വിശ്വകവിയെ ധ്യാനിച്ചുകൊണ്ടു മാത്രമേ എനിക്കു രചന തുടങ്ങുവാന്‍ സാധിച്ചുള്ളു. ഇത്‌ എന്റെ ആത്മാവിന്റെ ദാഹമായി്‌, ജീവിതാഭിലാഷമായി, എന്റെ എളിയ പരിമിതിക്കുള്ളില്‍നിന്നും മലയാള നീര്‍ച്ചോലകള്‍ക്കും വളരെയകലെനിന്നും എന്റെ ഭാഷയില്‍ ഈ യത്‌നം പൂര്‍ത്തീകരിക്കുകയെന്നത്‌ എത്ര വിജയിച്ചുവെന്നു പറയുവാന്‍ എനിക്കാവില്ല, പക്ഷേ ഈശ്വരചൈതന്യം അനുസ്യൂതം എന്നെ പിന്തുടര്‍ന്നുവെന്നു്‌ നിസംശയം പറയാനാവും. ഇ്യശ്വരകൃപ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റം കടപ്പെട്ടിരിക്കുന്നത്‌ സ്‌നേഹനിധിയായ എന്റെ ഭര്‍ത്താവ്‌ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോപ്പിസ്‌ക്കോപ്പായോടാണു്‌. . എന്റെ ജീവിത നഭോമണ്ഡലത്തിലെ ആ ഭാസ്‌ക്കരപ്രഭയാണു്‌ ഈ എളിയ തിങ്കള്‍ക്കലയ്‌ക്ക്‌ പ്രകാശരശ്‌മികളെ ചൊരിഞ്ഞുതരുന്നത്‌. എന്റെ എളിയ പ്രവര്‍ത്തനങ്ങള്‍ക്കു്‌ താങ്ങും തണലും ഊര്‍ജ്ജവും വിമര്‍ശനങ്ങളും വര്‍ഷിക്കുന്ന ആ സ്‌നേഹനിധിയെ ഞാന്‍ വണങ്ങുന്നു. എന്റെ വിവര്‍ത്തനത്തിനു്‌ അവതാരിക എഴുതിത്തന്ന വിജ്ഞാനകേദാരമായ പ്രൊഫ. ഡോ. എം. ലീലാവതിയെയും, ഭഇതാ ഒരു പുഷ്‌പാജ്ഞലി? എന്നു്‌ ഗ്രന്ഥാഭിനന്ദനം എഴുതിയ പ്രൊഫ. മാത്യു ഉലകംതറയെ സ്‌മരിക്കുന്നു. ഗീതാഞ്‌ജലിയിലെ 103 ഗീതങ്ങളില്‍ ആദ്യത്തെ 50 ഗീതങ്ങള്‍ പഞ്ചചാമരം വൃത്തത്തില്‍ 195 കവിതകളിലായാണു്‌ ഞാന്‍ കോര്‍ത്തെടുത്തത്‌. ബാക്കി 53 ഗീതങ്ങള്‍ കേക, ഇന്ദ്രവജ്ര, സര്‍പ്പിണി, ഉപജാതി, ശാര്‍ദ്ദൂലവിക്രീടിതം, സ്രഗ്‌ദ്ധര എന്നീ വൃത്തങ്ങളില്‍ 253 ല്‍പ്പരം ശീലുകളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാസാ കൗണ്ടിയിലെ ഒരു എന്‍ജിനീയര്‍ എന്ന ഔദ്യോകിക ജീവിതത്തിന്റെയും, ഒരു വൈദികന്റെ ഭാര്യയും രണ്ടു മക്കളുടെ അമ്മയും എന്ന ചുമതലകളൂള്ള ജീവിതബദ്ധപ്പാടുകള്‍ക്കിടയിലൂടെയും, ഏകദേശം എട്ടു വര്‍ഷം കൊണ്ടാണു്‌ ഈ വിവര്‍ത്തനം ഞാന്‍ പൂര്‍ത്തിയാക്കിയത്‌.

വിഖ്യാതമായ 35 ാം ഗീതത്തിലെ നാലു ശീലുകളില്‍ രണ്ട്‌്‌ തന്റെ ജന്മഭൂമിയായ ഭാരതത്തെക്കുറിച്ച്‌:


ഭയം വെടിഞ്ഞ ചിത്തമോടുയര്‍ന്നിടും ശിരസ്സൊടും

സ്വയം നിവര്‍ന്നു വിജ്ഞതത്വമെങ്ങുനില്‌പനായതം

ഗൃഹങ്ങളെങ്ങു ഭിത്തിയാല്‍ മുറിച്ചു സ്വന്തമങ്കണം

ചമച്ചു രാപ്പകല്‍ പകുത്തിടാതിരിപ്പു പാരിനെ.


അനോജ്ഞമാം വചസ്സുകള്‍ ഹൃദന്തരാള നിര്‍ഝരി

ക്കകത്തുനിന്നു നിര്‍വിശങ്കമുത്ഭവിപ്പതെങ്ങഹോ!

സതന്ത്രമായ്‌ സഹസ്രഭംഗി പൂണ്ടു കര്‍മ്മധാരകള്‍

കുതിച്ചു പാഞ്ഞിടുന്നതെങ്ങ്‌. സര്‍വ്വദിക്കുതോറുമേ.


സര്‍വ്വേശ്വരന്റെയും ആ ഗുരുദേവന്റെയും പാദാരവിന്ദങ്ങളില്‍ നമിച്ചുകൊണ്ട്‌, വിസ്‌താരഭയത്താല്‍ ഈ ചെറു ലേഖനം ചുരുക്കട്ടെ!

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (yohannan.elcy@gmail.com)
രവീന്ദ്രനാഥ ടാഗോറും ഗീതാഞ്‌ജലിയും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക