Image

വൈല്‍ഡ് ബോര്‍ (കഥ: ഷാജു ജോണ്‍)

Published on 30 July, 2019
വൈല്‍ഡ് ബോര്‍ (കഥ: ഷാജു ജോണ്‍)
കൗസല്യ ...സുപ്രഭാത ......അമേരിക്കയില്‍ ആണെങ്കിലും പയ്യന്‌സിന്റെ പ്രഭാതങ്ങളെ ഉണര്‍ത്തുന്നത് ഈ  പ്രണവ മന്ത്രങ്ങളാണ്.അതികാലത്ത്  നാലുമണീക്കേ  നാട്ടിലെ അമ്പലത്തില്‍ നിന്ന് കേള്‍ക്കാറുള്ള ആ ഉണര്‍ത്തു പാട്ട്  ഉള്ളിലങ്ങനെ കയറിക്കൂടിയതിനാല്‍ ആ ശ്ലോകങ്ങള്‍  തന്നെയാണ്  അലാറമായി ഫോണില്‍ സെറ്റ് ചെയ്തിരിക്കുന്നത്.തണുത്ത  പ്രഭാതങ്ങളില്‍ ആ ഈരടികള്‍  കേട്ടുണരുമ്പോള്‍ പറന്നുപോയ ഓര്‍മ്മകള്‍ തിരികെ എത്തും. ആ ഓര്‍മ്മകളില്‍ ലയിച്ചു കിടക്കുക എന്നുള്ളത് സുഖകരമായ കാര്യമാണ്  .

ഇന്ന് ശനിയാഴ്ച ,രാവിലെ എഴുന്നേറ്റത് തന്നെ ഒരു തരം നഷ്ടബോധവുമായിട്ടാണ്   ഉണരുവാന്‍ ഏഴര നാഴികയുള്ള സമയത്തുള്ള ഉറക്കത്തില്‍ പയ്യന്‍സ് കുമാരേട്ടന്റെ ചായക്കടയില്‍ ആയിരുന്നു നല്ല ചുടന്‍ പൊറോട്ടയും ബീഫ് വരട്ടിയതും കൊണ്ട് വച്ച് തരുന്ന കുമാരേട്ടന്‍. നഗരത്തില്‍ പോലും തട്ടുകടകള്‍ ഇല്ലാതിരുന്ന കാലത്ത്  കുഗ്രാമമായിരുന്ന പയ്യന്‌സിന്റെ നാട്ടില്‍ നാടന്‍ തട്ടുകട ഉണ്ടാക്കി പുതിയ ഒരു ചരിത്രം രചിച്ച വീരനാണ്  ഈ കുമാരേട്ടന്‍. ആ കൈകള്‍ കൊണ്ട് വരട്ടിയ  ബീഫ് െ്രെഫയുടെ രുചി ഇന്നും നാവില്‍ നിന്ന് പോയിട്ടില്ല. അമേരിക്കയില്‍ എല്ലാ രാജ്യങ്ങളുടെയും ഭക്ഷണം സുലഭമാണ്.  ശനി ഞായര്‍ ദിവസങ്ങളില്‍ പല രാജ്യക്കാരുടെ ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കാറുണ്ടെങ്കിലും കുമാരേട്ടന്റെ പൊറോട്ടയുടെയും ബീഫിന്റെയും രുചിക്കുള്ള  ക്രെഡിറ്റ്  ഇത് വരെ ഒരു രാജ്യത്തിന്റെ വിഭവങ്ങള്‍ക്കും കൊടുക്കുവാന്‍ തോന്നിയിട്ടില്ല.

" ഇന്ന് ജോലിക്കു പോണില്ലേ....... ലീവെടുത്തതോ?" എന്ന കുമാരേട്ടന്റെ  സൗഹൃദ ചോദ്യത്തില്‍  തന്നെ രുചിയുടെ സൗഹൃദം ആരംഭിച്ചു കഴിഞ്ഞിരിക്കും. ഒരിക്കലും  ആ ചോദ്യത്തിന്റെ ഉത്തരത്തിന് വേണ്ടി കാത്ത് നില്‍ക്കാതെ  അടുത്തയാളോടും ഇതേപോലെയുള്ള ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യങ്ങളുമായിട്ടാണ് കുമാരേട്ടന്‍  ആഹാരം കൊണ്ടുവന്നു വയ്ക്കുക. അങ്ങനെ  .പൊറോട്ട  ബീഫിന്റെ ചാറില്‍ മുക്കി വായിലേക്ക് വയ്ക്കാന്‍ നോക്കിയതേ ഉള്ളു ......കൗസല്യ ..സുപ്രഭാത ...അലാറം അടിച്ചു........

അമേരിക്കയിലെ തന്റെ  കിടപ്പുമുറിയില്‍ ആണ്  എന്ന വസ്തുത കുറച്ചു നേരത്തേക്ക് എങ്കിലും പയ്യന്‌സിന്റെ തലചോറിലേക്കു  വന്നില്ല ......സ്വബോധം തിരിച്ചു വന്നപ്പോഴും കുമാരേട്ടന്റെ   പൊറോട്ടയുടെയും ബീഫിന്റെയും രുചി ആയിരുന്നു  നാവിലും മനസ്സിലും . 

വാരാന്ത്യത്തിന്റെ ആരംഭം ...... ആഘോഷമാകേണ്ട അവധി ദിവസങ്ങള്‍ ആണ് ശനിയും ഞായറും.  പയ്യത്തിക്കും ഈയാഴ്ച ജോലിയില്ല .അത് കൊണ്ട് തന്നെ കൗസല്യ സുപ്രഭാതം കേട്ടെങ്കിലും ഫോണ്‍ ഓഫ് ചെയ്തു, അതികാലത്ത്  കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉണര്‍ത്തു ശബ്ദങ്ങളുടെ ഓര്‍മകളില്‍ ലയിച്ചു പയ്യന്‍സ് അലസമായി മയങ്ങി കിടന്നു.  ഇടയ്ക്കിടെ നാട്ടില്‍ പോകുമ്പോള്‍  അതി രാവിലെയുള്ള  പക്ഷികളുടെ കലപില ശബ്ദവും  ,ഓട്ടോ റിക്ഷയുടെ പഠ  പഠ  ശബ്ദവും കേള്‍ക്കാന്‍ വേണ്ടി വീടിന്റെ എല്ലാ ജനലുകളും തുറന്നിടുമായിരുന്നു തിരക്ക് പിടിച്ച അമേരിക്കന്‍ ജീവിതത്തില്‍ അതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല ....ചെവി കുര്‍പ്പിച്ചിരുന്നാല്‍ പോലും നിശബ്ദദതയുടെ താളമാണ് കര്‍ണ പുടങ്ങളില്‍ എത്തുക  .....  കാറുകള്‍ പോകുന്ന ശബ്ദം പോലും  ഭിത്തികള്‍ തടഞ്ഞു നിര്‍ത്തുന്നു.


അലാറം ഓഫായി എങ്കിലും ഇടക്കിടെ അടുക്കളയില്‍ നിന്ന് കേള്‍ക്കുന്ന തട്ടലും മുട്ടലും അതിരാവിലെ ഉള്ള മയക്കത്തിന്റെ ആലസ്യം കെടുത്തിക്കൊണ്ടിരുന്നു .ആ തട്ടലും മുട്ടലും മറ്റൊരു അലാറമാണ്......... പയ്യത്തി സ്വന്തമായി വികസിപ്പിച്ചെടുത്ത അടുക്കള അലാറം

 "എന്താ മനുഷ്യാ ...സൂര്യന്‍ ഉച്ചിയിലായിയെങ്കിലും  ഇനിയും എഴുന്നേല്‍ക്കാറായില്ലേ ?... എന്ന ചോദ്യം ഒളിഞ്ഞും തെളിഞ്ഞും ആ തട്ടലിലും മുട്ടലിലും കിടപ്പുണ്ട് 

ശബ്ദത്തിന്റെ കാഠിന്യം കൂടിയപ്പോള്‍ പതുക്കെ എഴുന്നേറ്റു ബാത്ത് റൂമിലേക്ക് പോയി  .ബാത്ത് റൂം കൗണ്ടറില്‍ നിന്ന് ബ്രഷില്‍ പേസ്റ്റ് എടുത്തെങ്കിലും,പല്ലു തേക്കാന്‍ ഒരു മടി ... കുമാരേട്ടന്റെ  പൊറോട്ടയുടെ രുചി അപ്പോഴും നാവില്‍ നിന്ന് പോയിട്ടില്ല....ബ്രഷ്, ബാത്രൂം കൊണ്ടറില്‍ തന്നെ വച്ചിട്ട്  മുഖം മാത്രം കഴുകി പുറത്തേക്കു വന്നു ..

പയ്യന്‍സ് എഴുന്നേറ്റു എന്ന് മനസ്സിലായത് കൊണ്ടാവാം അടുക്കളയില്‍ നിന്നുള്ള വെടിക്കെട്ടിന്റെ  ശബ്ദം കുറഞ്ഞു  കുറഞ്ഞു വന്നു. കട്ടന്‍ ചായ എന്ന മലിന നിര്‍മാര്‍ജന ഉത്തേജിനി  എന്നും അതി രാവിലെ  ആവശ്യമാണ് എന്നത് കൊണ്ട് .അതെടുക്കാന്‍ വേണ്ടിയാണ്  പയ്യന്‍സ് അടുക്കളയിലേക്കു ചെന്നത്  . പയ്യത്തി മുട്ട പൊരിക്കുന്ന തിരക്കിലാണ്. നല്ല നിറത്തിലും കൃത്യമായ വട്ടത്തിലും ഓംലെറ്റ്  ഉണ്ടാക്കുന്നു അതിനിടയിലും അച്ചന്മാരുടെയും ധ്യാനഗുരുക്കന്മാരുടെയും  ധ്യാന പ്രസംഗങ്ങളും ഉപദേശങ്ങളും അനര്‍ഗ്ഗള നിര്‍ഗ്ഗളമായിഫോണില്‍ നിന്ന് വന്നുകൊണ്ടേയിരിക്കുന്നു . അതിനുവേണ്ടിയുള്ള   ഒരു ആപ്പ് തന്നെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ടുണ്ട് . അങ്ങനെ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും  ആരെയും ഉടലോടെ സ്വര്‍ഗത്തില്‍ എത്തിക്കുന്ന ഏതോ ഒരച്ചന്റെ വീഡിയോ ആണ് അതിരാവിലെ മുതല്‍ ഓടിക്കൊണ്ടിരിക്കുന്നത്  
.
"എന്താ ഇന്ന് രാവിലെ ?" പയ്യന്‌സിനു വേണ്ടി ഉണ്ടാക്കി വെച്ചിരുന്ന കട്ടന്‍ ചായ ഒരു കവിള്‍  കുടിക്കുന്നതിനിടയില്‍ അല്പം  സ്‌നേഹം കൂടാമെന്നു  കരുതി  പയ്യത്തിയോട്  ചോദിച്ചു

"ഓംലെറ്റും ബ്രെഡും കഴിക്കുന്നതില്‍ എന്തെങ്കിലും വിരോധം ഉണ്ടോ ?" ചോദ്യത്തിലെ പ്രഹസനം മനസ്സിലായെങ്കിലും ബ്ലഡ് പ്രഷര്‍ കൂട്ടണ്ട എന്ന് കരുതി ഒന്നും പറഞ്ഞില്ല,മാത്രമല്ല മലിന നിര്‍മാര്‍ജന പാനീയമായ കട്ടന്‍ ചായ  പ്രവര്‍ത്തിക്കാനും  തുടങ്ങിയിരിക്കുന്നു .

'ധൃതങ്ഗ പുളകിതനായി.......... ശശാങ്ക തരളിതനായ്' എന്ന് പാടിക്കൊണ്ട് പയ്യന്‍സ് ബാത്‌റൂമിലേക്കു പോയി.

തിരിച്ചു  വന്നപ്പോഴേക്കും മേശപ്പുറത്തു ബ്രെഡും ഓംലറ്റും വളരെ ഭംഗിയായി അലങ്കരിച്ചു വെച്ചിട്ടുണ്ടായിരുന്നു .വൃത്തത്തിന്റെ വിസ്തീര്‍ണ്ണം പഠിക്കണമെങ്കില്‍ അല്ലെങ്കില്‍ പൈ ആര്‍ സ്ക്വാര്‍  എന്ന ഫോര്‍മുല  കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ ആ ഓംലെറ്റ് കാണിച്ചു കൊടുത്തല്‍ മതി .കൃത്യമായ വൃത്തം, കൃത്യമായ റേഡിയസ്,.നല്ല മഞ്ഞ നിറം.തൊട്ടടുത്ത് അലങ്കാരപ്പണികളുള്ള  കപ്പില്‍ ചൂട് ചായയും.  കപ്പിലെ ചായ ചുണ്ടോട് അടുത്തപ്പോഴേക്കും എന്തോ ഒരു രുചിവ്യത്യാസം. ഏതാണ്ടൊരു വാഴക്കറയുടെ രുചി

 "കപ്പ് കഴുകീല്ലേ ?....എന്താ ഇതിനൊരു രുചി വ്യത്യാസം  ?" കപ്പിനും ചുണ്ടിനുമിടയില്‍ ചായ എത്തിയപ്പോള്‍  പയ്യന്‍സ്  അറിയാതെ ചോദിച്ചു .പോയി

"അതെ ..ഈ ഷുഗര്‍ ഷുഗര്‍ എന്ന സാധനം ഉണ്ടല്ലോ അതിത്തിരി പെശകാ ..നിങ്ങളെപ്പോലെ തന്നെ ...നിങ്ങള് ശരിയായില്ലേലും  നിങ്ങടെ ഷുഗര്‍ ഒന്ന് ശരിയാക്കാമോ എന്നാലോചിക്കുവാരുന്നു  !!! " പാത്രങ്ങളുമായി യുദ്ധം ചെയ്യുന്നതിനിടയില്‍ പയ്യത്തി പറഞ്ഞു

"ഷുഗറും ചായയും വഴക്കറയും  ഒരു പരസ്പര ബന്ധവുമില്ലല്ലോ.......മോരും മുതിരയും എന്ന് പണ്ടാരോ പറഞ്ഞ പോലെ " പയ്യന്‍സ് പയ്യത്തിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു   ...

"ഒന്നും പിടി കിട്ടീല്ലാല്ലേ ...?...ലോക വിവരം വേണം ഇടയ്ക്കിടെ ഫേസ്ബുക്കും വട്‌സാപ്പും ഒക്കെ നോക്കണം ....ഇന്നലെ കണ്ട ഒരു ഫേസ്ബുക് വീഡിയോയില്‍  ഷുഗര്‍ കുറക്കാനുള്ള  എത്ര എത്ര  കുറുക്കു വഴികള്‍ ആണ് പറഞ്ഞിരിക്കുന്നത് എന്നറിയാമോ ?  ...........

കുറച്ചു നിര്‍ത്തിയശേഷം പയ്യത്തി വീണ്ടും പറഞ്ഞു "അതിലൊന്നാണ് ഇത്...... " പയ്യത്തിയിലെ നേഴ്‌സ് ആവേശത്തോടെ പുറത്ത് വന്നു 

"ഏത് ......... ഈ ചായയോ ?" പയ്യത്തി പറഞ്ഞു തീരുന്നതിനു മുന്‍പ് പയ്യന്‍സ് തന്റെ ഉദ്വേഗം വെളിപ്പെടുത്തതി.

"അതെന്നെ ........എന്റെ കൂടെ ജോലി ചെയ്യുന്ന കുട്ട്യേടത്തി അവളുടെ കെട്ട്യോനില്‍ പരീക്ഷിച്ചു വിജയം കണ്ടതാ ....! ആദ്യം അഞ്ചു വാഴക്ക എടുത്ത് പുഴുങ്ങുക .ശരിക്കു വെന്തു കഴിയുമ്പോള്‍  ഉടക്കുക ...വീണ്ടും വീണ്ടും ഉടക്കുക .....നന്നായിട്ടു ഉടഞ്ഞു കഴിഞ്ഞാല്‍  അതില്‍ ഐസ് ക്യൂബുകള്‍ ചേര്‍ക്കുക..... ഉടക്കുക ..വീണ്ടും വീണ്ടും ഉടക്കുക ..എന്നിട്ടു ഫ്രീസറില്‍ വച്ചു  വാഴക്കാ ക്യൂബുകള്‍ ആക്കുക .ആ വാഴക്കാക്യൂബുകള്‍  എല്ലാ ദിവസ്സവും രാവിലെ ചായയില്‍ കലക്കി അങ്ങോട്ട് സേവിക്കുക ...ന്താ പിടി കിട്ടിയോ ?

ചെറുപ്പത്തിലേ വയറ്റിളക്കത്തിന് കഷായം തരുന്ന  നാരായണന്‍ വൈദ്യന്‍ എന്ന നാട്ടു വൈദ്യന്‍ വിശദീകരിക്കും പോലെ പയ്യത്തി വിവരിക്കാന്‍  തുടങ്ങി. കഷായത്തിലേക്കു നോക്കി നില്‍ക്കുന്ന കുട്ടിയെപ്പോലെ  "കുടിക്കണോ.... വേണ്ടയോ" എന്ന് വര്‍ണ്യത്തിലാശങ്കയുമായി പയ്യന്‍സ് ചായക്കപ്പിലെ ചിത്രപ്പണികള്‍ നോക്കി വെറുതെ ഇരുന്നു .
 
അപ്പോഴേക്കും അച്ചന്റെ പ്രസംഗം തീര്‍ന്നിരുന്നു. ഉടനെ തന്നെ അടുത്ത  വീഡിയോ ക്ഷണിക്കാത്ത അതിഥിയെപ്പോലെ കടന്നു വന്നു .അത് പക്ഷെ ആത്മീയ പ്രഭാഷണം ആയിരുന്നില്ല ആരോഗ്യകരമായ ജീവിതം എന്നതിനെപ്പറ്റി ഉള്ള ഒരു  പ്രഭാഷണം ആയിരുന്നു  ആ വീഡിയോയുടെ തുടക്കം  ശ്രദ്ധിക്കുന്നതിനിടയിലാണ് പയ്യന്‌സിന്റെ ഫോണ്‍ ചിലക്കാന്‍ തുടങ്ങിയത് . എമര്‍ജന്‍സി ഓണ്‍ കോള്‍ ആയതുകൊണ്ട് ഫോണ്‍ എടുക്കേണ്ടിയിരിക്കുന്നു .അടുക്കളയിലെ ശബ്ദമലിനീകരണം കാരണം പയ്യന്‍സ് കിടക്കമുറിയിലേക്കു പോയി ആണ് സംസാരിച്ചത്.

ഫോണ്‍ സംഭാഷണം കഴിഞ്ഞു തിരിച്ചു വന്നത് പയ്യത്തി ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരു ആരോഗ്യ വീഡിയോ യിലെ ഡയലോഗ് കേട്ടുകൊണ്ടായിരുന്നു  "നിങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച മുട്ട കഴിക്കാറുണ്ടോ ?....നിങ്ങളുടെ ജീവിതം തുലഞ്ഞു ....നിങ്ങള്‍ ഒരു രോഗിയായിരിക്കുന്നു ".പിന്നെ ഫ്രിഡ്ജില്‍ വച്ച മുട്ടയുമായി ബന്ധപ്പെട്ട ഒരു പ്രഭാഷണം ആയിരുന്നു  അതൊന്നും ശ്രദ്ധിക്കാതെ .ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ പയ്യന്‍സ് ബ്രെഡ്ഡും ഓംലെറ്റും കടിക്കാന്‍ വായിലേക്ക് വച്ചതേ ഉള്ളൂ ..പയ്യത്തി അത് തട്ടി പറിച്ചു ട്രാഷ് കാനില്‍ എറിഞ്ഞു

"എന്താ ഇതിനിടയില്‍ സംഭവിച്ചേ ?" വിശപ്പിന്‍റെ വിളിയില്‍ പയ്യന്‍സ് ചോദിച്ചു .പയ്യത്തി ആ വീഡിയോ വീണ്ടും റീവൈന്‍ഡ് ചെയ്തു കേള്‍പ്പിച്ചു "നിങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച മുട്ട കഴിക്കാറുണ്ടോ ?....നിങ്ങളുടെ ജീവിതം തുലഞ്ഞു ....നിങ്ങള്‍ ഒരു രോഗിയായിരിക്കുന്നു  .......

"അപ്പൊ ആ ഡോക്ടര്‍ പറഞ്ഞത് നിങ്ങള് കേട്ടല്ലോ ?......ഫ്രിഡ്ജില്‍ വെച്ച മുട്ട കഴിക്കാന്‍ പാടില്ല. കഴിച്ചാല്‍ ..." പിന്നീട് പയ്യത്തിയുടെ വക  ഒരു നീണ്ട പ്രഭാഷണമായിരുന്നു .എങ്ങനെ ആരോഗ്യം പരിരക്ഷിക്കാം ..എന്തൊക്കെ കഴിക്കാം ..എങ്ങിനെ കഴിക്കാം ..എപ്പോള്‍ കഴിക്കാം ...

"അല്ല നിനക്കെങ്ങനെ ഇത്രയും വിവരം വന്നു ? പയ്യത്തിയുടെ ഗിരി പ്രഭാഷണം കേട്ട് തരിച്ചു നിന്ന പയ്യന്‍സ് അറിയാതെ ചോദിച്ചു പോയി

"ഫേസ്ബുക് വാട്‌സാപ്പ് വിവരങ്ങള്‍ എങ്ങനെ കുടുംബത്തില്‍ പ്രയോഗിക്കാം എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടാല്‍ മതി..... ..വിവരം തനിയെ വരും"  തന്റെ അറിവിന്റെ ഉറവിടം പയ്യത്തി വെളിപ്പെടുത്തി 

"അപ്പോള്‍ വാട്‌സ് ആപ്പ്‌ഫേസ് ബുക്  യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിവരങ്ങള്‍ ആണിതൊക്കെ ..എന്തായാലും രാവിലത്തെ കാര്യത്തിന്  ഒരു തീരുമാനമായി" താടിക്കു കയ്യും കൊടുത്ത് പയ്യന്‍സ് പൊറുപൊറുത്തുകൊണ്ടു പറഞ്ഞു 

"ഞാന്‍ നിങ്ങള്ക്ക് ഓട്‌സ് ഉണ്ടാക്കി തരാം ......." പയ്യത്തി സാന്ത്വനിപ്പിച്ചുകൊണ്ടു പറഞ്ഞു . വൃത്തികെട്ട, സി ഐ ഡി തൊപ്പി വച്ച സായിപ്പിന്റെ പടമുള്ള ടിന്നില്‍ നിന്ന് ഓട്‌സ് കുടഞ്ഞിട്ടു വെറും പച്ചവെള്ളവും ചേര്‍ത്ത് പയ്യത്തി മൈക്രോ വേവില്‍ വച്ചു ചൂടാക്കാന്‍ തുടങ്ങി .മണമോ രുചിയോ ഇല്ലാത്ത ഓട്‌സ് വെറുതെ ചൂട് വെള്ളത്തില്‍ കലക്കി മുന്നിലിരിക്കുന്നത് കണ്ടപ്പോള്‍, പണ്ട് അമ്മ പശുവിനു ഉണ്ടാക്കി കൊടുത്തിരുന്ന  പിണ്ണാക്ക് കാടിയെ ആണ് പയ്യന്‌സിനു  ഓര്മ വന്നത്.

"ഇനി എന്താ ചെയ്യേണ്ടത് എന്ന് നിന്റെ ഫോണ്‍ പറയുന്നുണ്ടോ ?" പിണ്ണാക്ക് കാടി കുടിച്ച പശു വൈക്കോലിന് നോക്കുംപോലെ പയ്യന്‍സ് പയ്യത്തിയെ നോക്കി

"ഇന്ന് നിങ്ങള്ക്ക് ഓഫല്ലേ .....വെറുതെ ഇരുന്നു കുടവയര്‍ കൂട്ടണ്ട ..കുടവയര്‍ കുറക്കാനുള്ള എക്‌സിര്‍സൈസ് ദേ  കണ്ടോ ? മറ്റൊരു വാട്‌സാപ്പ് വീഡിയോ പയ്യത്തി പെറുക്കിയെടുത്തു .

"ദേ നോക്ക് ..... ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കാലുകള്‍ പൊക്കുകയും താഴ്ത്തുകയും  ചെയ്തുകൊണ്ടിരിക്കുക ...കഴിച്ചു കഴിഞ്ഞാല്‍ കാലു നീട്ടി നിവര്‍ത്തി കൈകള്‍ പുറകോട്ടു കുത്തി രണ്ടു മിനിറ്റ് വീതം നാല്പത്തി അഞ്ചു ഡിഗ്രിയില്‍ നില്‍ക്കുക ..." പയ്യത്തി ഒരു ആരോഗ്യ പരിശീലകയെ പ്പോലെ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍  തുടങ്ങി

നീ തന്ന ആ പിണ്ണാക്ക് കാടി  കഴിച്ചതിനാണൊ ഈ പരിപാടി ?...നാല് കാലും കുത്തി നീ നടക്കു ....ഞാന്‍ ദൈവം  തന്ന രണ്ടു കാലും കുത്തി നടന്നിട്ടു വരട്ടെ ,അങ്ങനെ ഓട്‌സ് എന്ന അദ്ഭുത ഭക്ഷണം കഴിച്ചു പയ്യന്‍സ് പുറത്തേക്കു നടക്കാനിറങ്ങി ,

വാതില്‍ തുറന്നു പുറത്തേക്കിറങ്ങിയതേ ഉള്ളൂ അപ്പോഴേക്കും ഉറ്റ സ്‌നേഹിതനായ പൗലോ  പാലക്കാരന്റെ ഫോണ്‍ വന്നു "ടെയ് ...ഡെയ് കുറച്ചു വെടിയിറച്ചി കിട്ടിയിട്ടുണ്ട് ...നല്ല വൈല്‍ഡ് ബോര്‍ ..ടെക്‌സസിലെ ക്വിനാന്‍ കൗണ്ടിയിലെ പെരുങ്കാട്ടില്‍ നിന്ന് നായാടി കിട്ടിയ  നല്ല ശുദ്ധമായ വെടിയിറച്ചി.....വേണമെങ്കില്‍ ഇപ്പോള്‍ വരണം  " പൗലോ  പാലാക്കാരന്‍ അങ്ങനെ ആണ് എന്ത് കാര്യവും രസകരമായി ആര്‍ക്കും മുഷിപ്പ് തോന്നാത്ത വിധത്തില്‍ വിശദീകരിക്കും.പാലാക്കാരന്റെ ഒറ്റവാക്കില്‍ ഒരായിരം കഥകള്‍ ഉണ്ടാകും .

"അതിനു നീ എപ്പോ വെടി  വെക്കാന്‍ പോയി ...നിനക്കെവിടെയ ലൈസന്‍സ് ?" പയ്യന്‍സ് ആകാംഷയോടെ ചോദിച്ചു

"ഇങ്ങനെ കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാതെ ..വേണോ വേണ്ടയോ എന്ന് പറ  ഇവിടെ ആള്‍ക്കാര്‍ ക്യു നില്‍ക്കുവാ" പാലാക്കാരന്‍ തന്റെ തിരക്ക് രേഖപ്പെടുത്തി

"ങ്ങാ ..ഒന്ന്  നടക്കാനിറങ്ങിയതാ ഞാനിപ്പങ്ങോട്ടു വരാം " പയ്യന്‍സ് വെടിയിറച്ചി വെടിയിറച്ചി എന്ന് കേട്ടിട്ടേ ഉള്ളു ,അതുകൊണ്ടു തന്നെ അതിന്റെ രുചി എന്താണെന്നു അറിയണമല്ലോ നേരെ പാലക്കാരന്റെ വീട്ടിലേക്കു വിട്ടു  ..
 .
പൗലോ  പാലക്കാരന്റെ  വീടിന്റെ മുന്നില്‍ ഏതാണ്ട് എട്ടോളം കാറുകള്‍ നിരന്നു കിടക്കുന്നുണ്ടായിരുന്നു  എല്ലാവരും വെടിയിറച്ചിക്കു  വേണ്ടി ആകാംഷയോടെ വന്നവര്‍ .

"അതു  മാണിസാറിന് പുല്ലാ ........."പൗലോ പാലക്കാരന്റെ വീടിന്റെ വാതില്‍ തുറന്ന് അകത്ത് കയറിയതും ചെവിയില്‍ പതിഞ്ഞ  ഡയലോഗില്‍ നിന്ന് തന്നെ വലിയ ഒരു രാഷ്ട്രീയ ചര്‍ച്ചയാണ് നടക്കുന്നത് എന്ന് മനസ്സിലായി .പാലാക്കാരന്  രണ്ടു കാര്യങ്ങളിലാണ് വീക്‌നെസ് ഒന്ന് ആളുകളെ സഹായിക്കുന്ന കാര്യത്തിലും പിന്നെ  കേരള കോണ്‍ഗ്രസ്സും. രണ്ടും രക്തത്തില്‍ അങ്ങനെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ..

ആര് എപ്പോള്‍ സഹായം ചോദിച്ചാലും പാലാക്കാരന്‍ ഓടി എത്തും അതെ പോലെ മാണിസാറിനെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ അതെന്താണേലും കണ്ണും പൂട്ടി എതിര്‍ക്കും അവിടെ ന്യായവുമില്ല... അന്യായവുമില്ല.  എന്നും നല്ല വെളുത്ത മുണ്ടും ഷര്‍ട്ടുമിട്ടു കോളിനോസ് പുഞ്ചിരിയുമായി നില്‍ക്കാറുള്ള പാലാക്കാരന്‍ ഇന്ന് പക്ഷെ  തലയില്‍ കെട്ടും കെട്ടി വലിയ കത്തിയുമായി വെടിയിറച്ചി മുറിക്കുകയായിരുന്നു ..ഓരോകഷണവും മുറിച്ചു ഓരോരോ പങ്കുകളിലേക്കു ഇടുമ്പോഴും പല പല രാഷ്ട്രീയ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ് .

ഇതൊന്നും ശ്രദ്ധിക്കാതെ ആദ്യമായി കാണുന്ന  വെടിയിറച്ചിലേക്ക്  പയ്യന്‍സ് ആദരവോടെ നോക്കി നിന്നു . പങ്കിടുന്നതിനിടയില്‍ ഒരല്പം കുടുതല്‍  പയ്യന്‌സിന്റെ പങ്കിലെക്കിടുന്നതിനിടയില്‍ കോളിനോസ് പുഞ്ചിരിയുമായി പാലാക്കാരന്‍ പറയുന്നുണ്ടായിരുന്നു "എറണാകുളംകാര്‍ക്കെന്തറിയാം വെടിയിറച്ചിയെ കുറിച്ച്? ...നന്നായിട്ടു  വരട്ടിയാടിക്കടാവേ !!"
വെടിയിറച്ചിയുമായി വണ്ടിയില്‍ തിരിച്ചു കയറുന്നതിനിടയിലാണ് അതിന്റെ വിലയെപ്പറ്റി ആലോചിച്ചത് .അത് മനസ്സിലാക്കിയിട്ടായിരിക്കണം പാലാക്കാരന്‍ പറഞ്ഞു  

"ആദ്യം ഇത് കൊണ്ടുപോയി െ്രെഫ ചെയ്യ് ബാക്കി ആലോചിക്കാം  ..."

നടക്കാനിറങ്ങിയ പയ്യന്‍സ് ഇറച്ചിപൊതിയുമായി  കയറി വരുന്നത് കണ്ടപ്പോള്‍ പയ്യത്തി അത്ഭതപ്പെട്ടു .."ഇതെന്നാ  പൊതി  ? പണ്ട് അപ്പന്‍ പള്ളീല്‍ കഴിഞ്ഞു വരണപോലെ ഉണ്ടല്ലോ.......ഇറച്ചി പൊതിയുമായി  "

"നിന്റെ ഊഹം കറക്റ്റാ ......ഇത് നമ്മുടെ പൗലോ പാലാക്കാരന്‍ തന്നതാ ..വെടിയിറച്ചി" ഒളിംപിക്‌സില്‍ നിന്ന് കിട്ടിയ സ്വര്‍ണ മെഡല്‍ പോലെ ഇറച്ചി പൊതി പയ്യത്തിയുടെ നേര്‍ക്ക് നീട്ടി

പയ്യത്തിയും വെടിയിറച്ചി ആദ്യമായി കാണുകയാണ്  "എന്താപ്പോ ഇത്ര വ്യത്യാസം.... മറ്റേ ഇറച്ചി പോലെ അല്ലെ ഇതും  ?"

"നിനക്കെന്നാ അറിയാം ....ഇത് നല്ല ഉപ്പും കുരുമുളകും മസാലയൊക്കെ കുട്ടി അങ്ങോട്ട് െ്രെഫ  ചെയതലുണ്ടല്ലോ ...? ബാക്കി പറയാന്‍ പയ്യന്‌സിന്റെ വായിലെ വെള്ളം അനുവദിച്ചില്ല 

"ഇതെന്നാ പോത്തണോ ?" ഇറച്ചിയിലേക്കു നോക്കിയപ്പോള്‍ പയ്യത്തിയുടെ ഉദ്വേഗം കുടി

"പറഞ്ഞില്ലേ വൈല്‍ഡ് ബോര്‍ .."  വൈല്‍ഡ് ബോര്‍ എന്ന് പറയുമ്പോള്‍ പയ്യന്‌സിന്റെ മുഖം വേട്ടക്കാരന്റെ മുഖം പോലെ അഭിമാന പുളകിതമായി

"വൈല്‍ഡ് ബോറോ ? ഇനീപ്പോ അതെന്തന്നറിയാന്‍ ഞാന്‍ ഗൂഗിള്‍ ചെയ്യണൊ ?"

"എന്റെ പൊന്നു ഭാര്യേ  അത് പന്നിയാണ് ...നല്ല ഉശിരന്‍ കാട്ടുപന്നി "

പന്നി എന്ന്  കേട്ടതും പയ്യത്തി പയ്യന്‌സിനെ തുറിച്ചു നോക്കാന്‍ തുടങ്ങി

"എന്താ എന്താ പ്രശ്‌നം ?" മുഖത്തെ ഭാവമാറ്റം കണ്ട പയ്യന്‍സ് ചോദിച്ചു

"ഹേ മനുഷ്യാ  നിങ്ങള് ദൈവത്തെ പരീക്ഷിക്കുവാണോ ? പന്നിയിലേക്കാണ് കര്‍ത്താവ്  തമ്പുരാന്‍ പിശാചുക്കളെ അയച്ചത്. അതുകൊണ്ടു തന്നെ അത് ഒരു നിഷിദ്ധ ഭക്ഷണം ആണ്  എന്ന് ഇന്നലെ കൂടി ഒരച്ചന്‍ പഠിപ്പിച്ചതെ ഉള്ളു അതുകൊണ്ടു പന്നി മാംസം കഴിച്ചാല്‍ ആ പിശാചുക്കളും നമ്മുടെ ഉള്ളില്‍ കയറും " പയ്യത്തിയുടെ വചന പ്രസംഗം ആരംഭിച്ചു .

"അപ്പൊള്‍  താങ്ക്‌സ്ഗിവിങ്ങിനു നമ്മുളുണ്ടാക്കുന്ന  ഹാം ......സബ്‌വെയില്‍ നിന്ന് വാങ്ങുന്ന സാന്‍ഡ്വിച്ചിലെ ഹാം, ഹോട് ഡോഗ്  ഇതിലോക്കെ പന്നിയിറച്ചി അല്ലെ ?" .പയ്യന്‍സ് പലവിധ ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും പയ്യത്തി പക്ഷെ പന്നിയിറച്ചിയെ അടുപ്പിക്കാന്‍ തയ്യാറല്ലായിരുന്നു

കൂടുതല്‍ സംസാരിക്കേണ്ട എന്ന് കരുതി പയ്യന്‍സ് തന്നെ പതുക്കെ  പന്നിയിറച്ചി ചെറുതായി നുറുക്കി  ഉപ്പും മസാലയും ചേര്‍ത്ത് തിരുമ്മി പിടിപ്പിച്ചു പയ്യത്തിയുടെ കയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു  " "നീ ഇതൊന്നു െ്രെഫ ചെയ്യ്  താ .......നിന്റെ ആ കൈപ്പുണ്യവും കുടി ചേരുമ്പോള്‍ രുചി കുടും"  കൈപ്പുണ്യം എന്ന് കേട്ടത് കൊണ്ടാണോ എന്നറിയില്ല പയ്യത്തി പിന്നെ ഒന്നും പറഞ്ഞില്ല

 "രാവിലത്തെ നടപ്പു ശരിയായില്ല ..ഞാന്‍ ഒന്ന് കുടി നടന്നിട്ടു വരാം ...നീ അതൊന്നു െ്രെഫ ചെയ്തു വയ്ക്കു .." മറുപടിക്കു കാത്ത് നില്‍ക്കാതെ പയ്യന്‍സ് പുറത്തേക്കിറങ്ങി. ഉച്ചയായെങ്കിലും പുറത്ത് അത്ര ചൂട് കൂടിയിരുന്നില്ല. സ്വന്തം കമ്മ്യൂണിറ്റിയില്‍  ഒരു റൌണ്ട് നടന്നു വീടിന്റെ മുന്നില്‍ എത്തിയപ്പോഴേക്കും  വൈല്‍ഡ് ബോര്‍ െ്രെഫ ചെയ്യുന്ന മണം  വരാന്‍ തുടങ്ങി .

ശനിയാഴ്ച ആയതിനാല്‍ പല തരത്തിലുള്ള മണങ്ങള്‍ മുക്കിനുള്ളിലേക്കു അടിച്ചു കയറുന്നുണ്ടായിരുന്നു. അമേരിക്കന്‍ ബാര്‍ബിക്യു, ചൈനീസ് നൂഡില്‍സ് തുടങ്ങി പലവിധ വിഭവങ്ങളുടെ ഒരു തരം  അവിയല്‍ മണം  അതിനിടയില്‍ നമ്മുടെ ഇറച്ചി മൊപ്പാസിന്റെയും സാമ്പാറിന്റെയും ഒക്കെ മണവും വരുന്നുണ്ടായിരുന്നു   പക്ഷെ ഇന്ന് ഏറ്റവും ഉയര്‍ന്നു നിന്നതു പയ്യത്തി ഉണ്ടാക്കി കൊണ്ടിരുന്ന വൈല്‍ഡ് ബോറിന്റെ  മണമായിരുന്നു    രണ്ടു റൗണ്ട് നടപ്പു കഴിഞ്ഞപ്പോള്‍ മണം കമ്മ്യൂണിറ്റി മുഴുവന്‍ നിറഞ്ഞാടുകയായിരുന്നു   അത് കമ്മ്യൂണിറ്റി യുടെ പ്രവേശന കവാടവും കഴിഞ്ഞു  പുറത്തേക്കു വ്യാപിക്കുന്നു എന്ന് മനസ്സിലാക്കിയ പയ്യന്‍സ് പിടിച്ചു നില്ക്കാന്‍ പറ്റാതെ  നടത്തം നിറുത്തി വീടിനുള്ളിലേക്ക് കയറി 

"എങ്ങനെ ഉണ്ട് നമ്മുടെ വൈല്‍ഡ് ബോര്‍ ?" നേരെ അടുക്കളയിലേക്കു ചെന്ന പയ്യന്‍സ് ആകാംഷയോടെ ചോദിച്ചു
 പയ്യത്തിയുടെ മുഖത്ത് പക്ഷെ അത്ര പ്രസാദം ഉണ്ടായിരുന്നില്ല .........പക്ഷെ ആ  മ്ലാനദയിലും  എന്തിലോ വിജയിച്ച ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നു

"എന്താ കാര്യം......എന്ത് പറ്റി നിനക്ക് ?" ചോദ്യം ചോദിക്കുന്നതിനിടയിലും പയ്യന്‌സിന്റെ കണ്ണ് കാട്ടുപന്നി വേവിച്ച കറിച്ചട്ടി പരതുകയായിരുന്നു 

മ്ലാനമായ മുഖത്തോടെ തന്നെ പയ്യത്തി ഫേസ് ബുക്കിലെ ഒരു ന്യൂസ് എടുത്ത്  കാണിചു. എന്നിട്ടു സ്വയം വായിക്കാന്‍ തുടങ്ങി ". ന്യൂസിലാന്‍ഡില്‍  വൈല്‍ഡ് ബോര്‍ കഴിച്ചു ഒരു കുടുംബത്തിലെ ഒരു കുട്ടി മരിച്ചു ബാക്കി മുന്ന് പേര് അത്യാസന്ന നിലയില്‍ ഐ സി യു വില്‍...."

ഒരു നിമിഷം നിറുത്തിയിട്ട് പയ്യത്തി ആത്മഗതമെന്നോണം പറഞ്ഞു "ഇതൊക്കെ എന്തിനാ കഴിക്കാന്‍ പോണത് അല്ലെ ....നല്ല ആഹാരം കിട്ടുമല്ലോ അത് കഴിച്ചാല്‍ പോരെ ?"

"അത് ന്യൂസിലാന്‍ഡില്‍  ......എന്നിട്ടു നമമുടെ വൈല്‍ഡ് ബോര്‍ എന്തിയെ ? ആകാംഷ ഭരിതനായി പയ്യന്‍സ് ചോദിച്ചു

ട്രാഷ് കാന്‍  ചുണ്ടി കാണിച്ചു കൊണ്ട് പയ്യത്തി പറഞ്ഞു " ദേ  അതിലുണ്ട് എനിക്ക് വൈല്‍ഡ് ബോറിനെ ക്കാള്‍ വലുത്, ബോറനാണെങ്കിലും നിങ്ങളാ  !"
പകച്ചു പോയ പയ്യന്‍സ് ട്രാഷ് കാനിലേക്കു തന്നെ നോക്കി നിന്നു  ...രാവിലത്തെ ഓംലെറ്റ് മുതല്‍ കുറച്ചു മുമ്പുണ്ടാക്കിയ വൈല്‍ഡ് ബോര്‍ വരെ ഒരമ്മ പെറ്റ മക്കളെപ്പോലെ വെയിസ്‌റ് ഇടുന്ന ട്രാഷ് കാനില്‍ ഒരുമിച്ചു കിടന്നുറങ്ങുന്നു ..........അപ്പോഴും മൊരിഞ്ഞ മസാലയുടെ  ഗന്ധം മൂക്കിലൂടെ തുളച്ചു കയറുകയായിരുന്നു

ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ അപ്പോഴും പയ്യത്തി "ആരോഗ്യകരമായ അത്താഴം" എന്ന അടുത്ത വീഡിയോ കണ്ടുകൊണ്ടിരിക്കുയാണ്
പയ്യന്‍സ് അറിയാതെ  പറഞ്ഞു പോയി  "അപ്പൊ ..ഉച്ചത്തെ കാര്യത്തില്‍  മാത്രമല്ല  അത്തഴത്തിന്റെ കാര്യത്തിലും  ഏതാണ്ടൊക്കെ ഒരു തീരുമാനമായിക്കൊണ്ടിരിക്കുന്നു  "..

"ദൈവമേ ,ആ ഫോണ്‍ ഒന്ന് ട്രാഷ് കാനില്‍ കളയാന്‍ എന്താ വഴി ?"..ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന തിരുസ്വരൂപത്തിലേക്കു നോക്കിയാണ് പയ്യന്‍സ് ചോദിച്ചത് .........മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും  അദ്ദേഹത്തിന്റെ മുഖത്തു  ഏതോ  ഒരു തരം പുഞ്ചിരി  ഉണ്ടായിരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക