Image

വാല്മീകി രാമായണം പന്ത്രണ്ടാം ദിനം (ദുര്‍ഗ മനോജ്)

Published on 28 July, 2019
വാല്മീകി രാമായണം പന്ത്രണ്ടാം ദിനം (ദുര്‍ഗ മനോജ്)
ആരണ്യകാണ്ഡം
നാല്‍പ്പത്തിരണ്ടാം സര്‍ഗ്ഗം മുതല്‍ അറുപത്തി മൂന്ന് വരെ.

രാവണനോട് എതിരിടാനാകാതെ മാരീചനൊരു അത്ഭുത മാനായി വേഷം മാറി. അതിന്റെ മുഖം താമരയിതളുകളുടെ കാന്തി പൂണ്ടു. ഇന്ദ്രനീലത്തിന്റേയും ആമ്പലിന്റേയും നിറം മുള്ള കാതുകള്‍, മാരിവില്‍വര്‍ണ്ണമൊത്ത വാല്‍, അഴകാര്‍ന്ന ഉടല്‍, താമരയല്ലിയുടെ നിറം, അതില്‍ രത്‌നങ്ങള്‍ പോലുള്ള പുള്ളികള്‍, ഇതുപോലൊരു മാന്‍ അന്നേവരെ ഭൂമിയില്‍ ഉണ്ടായിട്ടില്ല.

അവന്‍ വാഴകളാല്‍ ചുറ്റപ്പെട്ട രാമാശ്രമത്തിനു ചുറ്റും തുള്ളിക്കളിച്ചുകൊണ്ട് സീതയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തീരുമാനിച്ചു. പൂജക്ക് പൂക്കളിറുക്കുന്ന സീതയുടെ മുന്നില്‍ വാഴത്തോപ്പിലും കൊന്നക്കാട്ടിലും തുള്ളിക്കളിച്ചു. അവനെക്കണ്ട മറ്റു മാനുകള്‍ പേടിച്ച് നാലു വഴിക്കുമോടിയൊളിച്ചു.

പൂവ് പറിച്ചു നില്‍ക്കേ കനകരജതനിറമാണ്ട വശങ്ങളോട് കൂടിയ ആ സ്വര്‍ണ്ണമാന്‍ സീതയുടെ ദൃഷ്ടിയില്‍ പെട്ടു. അത് കണ്ട് സീത, ആ അത്ഭുത മൃഗത്തെ കാണുവാനായി രാമനേയും ലക്ഷ്മണനേയും വിളിച്ചു. അവരും ആ അത്ഭുത മൃഗത്തെ കണ്ടു. അതിനെ കണ്ട മാത്രയില്‍ ലക്ഷ്മണന്‍ പറഞ്ഞു, 'ജേഷ്ഠാ ഇത് ഏതോ മായാവിയായ രാക്ഷസനാണ്. നമ്മള്‍ രാക്ഷസരുടെ ജനപഥം മുടിച്ചതില്‍ പ്രതികാരം ചെയ്യാന്‍ വന്നതാണ്. അതിനെ ഉടന്‍ കൊല്ലണം.'

എന്നാല്‍ ആ മൃഗത്തെ കണ്ട് അതിശയിച്ച രാമന്‍ പറഞ്ഞു, ഇവന്‍ മായാരൂപിയായ രാഷസനെങ്കില്‍ അഗസ്ത്യനാല്‍ വാതാപി എന്നപോലെ ഇവന്‍ വധിക്കപ്പെടും. അല്ലങ്കില്‍ മാനിനെ പിടിക്കും. നോക്കൂ, സീതയ്ക്ക് ആ മാനിലുള്ള കൊതി. അതിന്റെ തോലിന്റെ മേന്മകൊണ്ട് ആ മൃഗമിന്ന് ഇല്ലാതാകും. അതുവരെ നീ സീതയെ കാത്തുകൊള്ളണം. കരുത്തനും ബുദ്ധിമാനുമായ ജടായുവും ഒപ്പമുണ്ടാകും.

രാമന്‍ വാളും അമ്പും വില്ലുമേന്തി ആ സുവര്‍ണ്ണമൃഗത്തിനെ പിടികൂടുവാനായ് ഇറങ്ങി. രാമന്‍ പിന്നാലെ കൂടിയതറിഞ്ഞ മാരീചമൃഗം അകലേക്ക് ഓടിയകന്നു. എന്നാല്‍ ആ മായാവിയുടെ കളി അധികം നീണ്ടില്ല. സൂര്യകിരണം പോലെ തിളങ്ങുന്നതും അതിമാരകവും പാമ്പിനെപ്പോലെ ചീറ്റുന്നതും ബ്രഹ്മ നിര്‍മ്മിതവുമായ രാമബാണമേറ്റു വീഴുന്നതിനിടയില്‍ മൃഗ രൂപം വെടിഞ്ഞ് രാക്ഷസാകാരം പൂണ്ടു. പിന്നെ രാവണോദ്യമത്തിന് സഹായകമാകുവാന്‍ വേണ്ടി, രാമന്റെ ശബ്ദത്തില്‍ ഉറക്കെക്കരഞ്ഞു, 'ഹാ സീതേ, ലക്ഷ്മണാ...' എന്ന്.

അതുകേട്ട് രാമന്‍ പരിഭ്രമിച്ചു. സീത കേട്ട് കാണുമോ ആ നിലവിളി എന്ന് ശങ്കിച്ചു. അപ്രകാരം തന്നെ സംഭവിച്ചു. ആ വിളി സീത കേട്ടു. ലക്ഷ്മണനും. അത് കേട്ടയുടനെ ലക്ഷ്മണന്‍ പറഞ്ഞു, ഇത് ആ മായാവിയുടെ തന്ത്രമാണ്, രാമനെ വെല്ലാന്‍ ഈരേഴുലകില്‍ ആരും തന്നെയില്ല. എന്നാല്‍ സീത, ഉടന്‍ തന്നെ രാമന്റെ രക്ഷക്കായി ലക്ഷ്മണന്‍ പുറപ്പെടണമെന്ന് വാശി കൂട്ടി. അതിന് മടിച്ചപ്പോള്‍, ദുഷ്ടലാക്കോട് കൂടി ഭരതന്റെ നിര്‍ദ്ദേശാനുസരണം രാമനേയും തന്നേയും കൊല്ലാന്‍ വേണ്ടി വനവാസത്തിന് വന്നതാണ് ലക്ഷ്മണനെന്നും, ജ്യേഷ്ഠനെ രക്ഷിക്കാന്‍ പുറപ്പെടാത്ത പക്ഷം താന്‍ ജീവന്‍ വെടിയും എന്നുവരെ സീത പറഞ്ഞതോടുകൂടി, ആ അതിക്രൂരമായ വാക്കുകള്‍ കേട്ട് ദുഃഖിതനായ ലക്ഷ്മണന്‍ സീതയെ ഒറ്റയ്ക്കാക്കി പോകുവാന്‍ തീര്‍ച്ചയാക്കി. പോകും മുമ്പ് ലക്ഷ്മണന്‍ പറഞ്ഞു
'ജനകനന്ദിനീ, ഇമ്മാതിരി വാക്ക് എനിക്ക് സഹിക്ക വയ്യ. എന്നോട് ഈ വിധം പരുഷം പറഞ്ഞ നശിക്കാറായ നീ നിന്ദ്യ, കഷ്ടം ഞാനിതാ രാമനെ തേടിപ്പോകുന്നു. ദുര്‍ന്നിമിത്തം പലതും കാണുന്നു. വനദേവതകള്‍ നിന്നെ കാക്കട്ടെ. മടങ്ങിവന്ന് രാമനോടൊപ്പം നിന്നെ കാണുവാനാകുമോ?'

രാമന്റെ പേര്‍ ചൊല്ലിക്കരയുന്ന സീതയെ ആശ്വസിപ്പിക്കാന്‍ മാര്‍ഗ്ഗമില്ലാതെ സൗമിത്രി അവിടെ നിന്നും വിട കൊണ്ടു.

സീത ഒറ്റയ്ക്കായത് കണ്ട്, ഒരു വിപ്രന്റെ വേഷം ധരിച്ച് രാവണന്‍ അവിടേക്കെത്തി. ബ്രാഹ്മണനെ വേഗം പീഠം നല്‍കി ഇരുത്തി, കാല്‍ കഴുകാന്‍ ജലം നല്‍കി സീത സ്വീകരിച്ചു. രാവണന്‍ സീതയുടെ സൗന്ദര്യം വര്‍ണ്ണിച്ച് ആരു നീ എന്ന് ചോദിച്ചു. സീത താന്‍ ആരെന്നും എന്തെന്നും വിശദീകരിച്ചു.
ഈ സമയം രാവണന്‍ താന്‍ ആരാണ് എന്ന് പറഞ്ഞു കൊണ്ട് രാക്ഷസരൂപം ധരിച്ചു. പിന്നെ പേടിച്ചു വിറച്ച സീതയെ രണ്ടു കൈ കൊണ്ടും എടുത്ത് തേരിലേറി ലങ്കയിലേക്ക് പുറപ്പെട്ടു. സീതയുടെ വിലാപം കേട്ട് ജടായു എന്ന പക്ഷീന്ദ്രന്‍ രാവണനെ തടഞ്ഞു. അതിന്റെ ആക്രമണത്തില്‍ രാവണന്റെ രഥം ചിതറി നിലത്തുവീണു. എന്നാല്‍ രാവണന്റെ പ്രത്യാക്രമണത്തില്‍ പാദങ്ങളും ചിറകുകളും അരിയപ്പെട്ട് ജടായു മൃതപ്രായനായി. അവനരികിലേക്ക് സീത ഓടിയെത്തി, പിന്നെ പൊട്ടിക്കരഞ്ഞു. അതുകണ്ട് രാവണന്‍ സീതയുടെ മുടിക്കെട്ടില്‍ പിടിച്ചുപൊക്കി സീതയുമായി വാനിലുയര്‍ന്നു ലങ്കയിലേക്ക് യാത്രയായി. തനിക്ക് പറ്റിയ അപകടത്തേക്കുറിച്ച് അറിയിക്കേണമേ എന്ന് സീത വിലപിച്ചുകൊണ്ടിരുന്നു. തുണയ്ക്കാരേയും കാണാതെ അപഹരിക്കപ്പെടുന്ന സീത, ഒരു മലയുടെ മുകളില്‍ അഞ്ച് വീരവാനരന്മാരെ കണ്ടു. അവരുടെ നടുവിലേക്ക് പൊന്‍ നിറമാര്‍ന്ന ഉത്തരീയവും ആഭരണങ്ങളും ഇട്ടുകൊടുത്തു.

ലങ്കയിലെത്തിയ രാവണന്റെ പ്രൗഡിയില്‍ സീത തെല്ലും മയങ്ങിയില്ല. അതില്‍ ക്രുദ്ധനായ രാവണന്‍ സീതയെ അശോകവനിയില്‍ രാക്ഷസിമാരുടെ കാവലില്‍ പാര്‍പ്പിച്ചു. പന്ത്രണ്ട് മാസത്തെ കാലയളവിനുള്ളില്‍ തന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിക്കാത്ത പക്ഷം പിറ്റേന്ന് പ്രാതലിന് സീതയെ ആഹാരമാക്കുമെന്ന മുന്നറിയിപ്പും നല്‍കി.

ഇതേ സമയം രാമന്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ട് പരിഭ്രമപ്പെട്ടു. അപ്പോഴേക്കും ലക്ഷ്മണനും എത്തി. സീതയുടെ വഴക്ക് ഭയന്നാണെങ്കിലും അവളെ ഒറ്റയ്ക്കാക്കി വന്നത് തീരെ ശരിയായില്ല എന്ന് ലക്ഷ്മണനോട് പറഞ്ഞു. ഒറ്റക്കായ സീതയെ ഏതെങ്കിലും അസുരന്മാര്‍ ഉപദ്രവിച്ചിരിക്കുമോ എന്ന് ഭയന്നു തിരികെ ആശ്രമത്തിലെത്തി. എന്നാല്‍ അലങ്കോലപ്പെട്ടുകിടക്കുന്ന ആശ്രമത്തില്‍ സീതയെ കണ്ടെത്താനായില്ല. സീതക്ക് ആപത്ത് പിണഞ്ഞാല്‍ താന്‍ ജീവനോടിരിക്കില്ല എന്നുപറഞ്ഞ് രാമന്‍ വിലപിച്ചു തുടങ്ങി.

ഈ ഭാഗത്ത് രാമായണം മനുഷ്യ ചാപല്യങ്ങളെ എടുത്ത് കാണിക്കുന്നുണ്ട്. സീത എന്ന പെണ്‍കൊടിയുടെ മായാമൃഗത്തോടുള്ള ഭ്രമം, ആ ഭ്രമം ആപത്ത് എന്ന് ആദ്യ കാഴ്ചയില്‍ തന്നെ ലക്ഷ്മണന്‍ തിരിച്ചറിയുന്നുണ്ട്. നമ്മളും പലപ്പോഴും സീതയാകാറുണ്ട്. ദീപപ്രഭക്കു ചുറ്റും കറങ്ങുന്ന ഈയാംപാറ്റകളെപ്പോലെ അപകടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സ്വഭാവം.
അതുപോലെ തന്നെ രാമന്റെ അടുത്തേക്ക് ലക്ഷ്മണനെ പറഞ്ഞയക്കുന്ന സീതയുടെ പരുഷവാക്യങ്ങള്‍. ആ ഒരു നിമിഷം നമുക്കും ആശങ്ക തോന്നും സീതയോ ഇപ്രകാരം പറയുന്നത് എന്ന്. ആപത്ത് ക്ഷണിച്ചു വരുത്തുകയാണ് മറിച്ചു വന്നു കയറുന്നതല്ല എന്ന് സ്ഥാപിക്കുന്നു ആദികവി. ആ സന്ദര്‍ഭത്തിലെ ഏറ്റവും ഉറച്ച നിലപാടുകള്‍ ലക്ഷ്മണന്റെതാണ്. വരുംവരായ്കകള്‍ ബോധ്യപ്പെടുത്തിയിട്ടാണ് ജേഷ്ഠനെ അന്വേഷിച്ച് സൗമിത്രി പുറപ്പെടുന്നത്. ഇനി, രാമായണം എന്തുകൊണ്ട് കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു എന്ന് ചോദിച്ചാല്‍, ഈ പന്ത്രണ്ടാം ദിനവും അതിനുത്തരമുണ്ട്.
രാവണനെ ദശമുഖന്‍, രാക്ഷസന്‍ എന്നൊക്കെ വിശേഷിപ്പിച്ച് തിന്മയുടെ പ്രതിരൂപമായി നാം പ്രതിഷ്ഠിക്കുന്നു. ഇനി രാമായണത്തിലെ ചില ഭാഗങ്ങള്‍ ആദികവി എഴുതിയിരിക്കുന്നത് വായിച്ചാല്‍ ഒരു തല മാത്രമുള്ള ആധുനിക രാവണന്മാര്‍ക്കു മുന്നില്‍ ആ പാവം ദശമുഖന്‍ കേവലം ഒരസുരന്‍ മാത്രം. കാരണം സീതയെ അപഹരിച്ചു എന്നത് മാറ്റി വച്ചാല്‍ ഒരിക്കല്‍പ്പോലും മറ്റൊരു തരത്തിലെ ഇടപെടലിനും രാവണന്‍ തുനിയുന്നില്ല. എന്നിട്ടും വഴങ്ങിയില്ലങ്കില്‍ കൊല്ലും എന്നാണ് ഭീഷണി. അപ്പോഴും സ്ത്രീയുടെ മാനത്തിനെ രാവണന്‍ മാനിക്കുന്നു.

പന്ത്രണ്ടാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക