Image

കരിമണല്‍ (കവിത: ജമീല മേരി)

Published on 27 July, 2019
 കരിമണല്‍ (കവിത: ജമീല മേരി)
കരയണയുവാന്‍
കരങ്ങള്‍ നീട്ടവെ,
തുഴയുമായ് വന്നു
കരം പിടിച്ചവര്‍.
കടലിന്നാഴങ്ങ-
ളഴകുണര്‍ത്തുന്ന
പവിഴമുത്തായ്-
ക്കരള്‍ കവര്‍ന്നവര്‍.

പകരമായൊരു
നന്ദിവാക്കിനാ-
യൊരു ക്ഷണംപോലു-
മുഴറി നിന്നതി,-
ല്ലെങ്കിലും, ജീവ-
നിളകിയാടുന്ന
വേളയില്‍ മന-
മിടറിപ്പോകുന്നു.

കരിമണല്‍ഖനി
ചുഴികളാകുന്നു.
തിരകള്‍ വായ്പിളര്‍-
ന്നരികിലെത്തവെ,
പെരുവിരല്‍ത്തുമ്പി-
ലൂന്നി നില്‍ക്കുന്നു.
പദമുറപ്പിക്കെ,
നുരകള്‍ ഭീതിയായ്
പതഞ്ഞുപൊന്തുന്നു,
പ്രാണനിളകുന്നു.

തിരയും തീരവും
തിരികെച്ചോദിപ്പൂ
കടലിന്‍ മക്കള്‍ക്കു
കാവലാകുവാന്‍
കടല്‍ നിറച്ചൊരാ
കരിമണല്‍ത്തരി.
വീണ്ടെടുക്ക നാം
കരിമണല്‍ക്കര.
.............................
കരിമണല്‍ ഖനനം അപകടത്തിലാക്കുന്ന ആലപ്പാട്ട് എന്ന ഗ്രാമത്തെക്കുറിച്ച് ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക