Image

സ്‌പീക്കറെ തുണച്ച്‌ സുപ്രീംകോടതി; കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ട്‌

Published on 17 July, 2019
സ്‌പീക്കറെ തുണച്ച്‌ സുപ്രീംകോടതി; കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ട്‌

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ തീരുമാനം എടുക്കേണ്ടത്‌ സ്‌പീക്കര്‍ ആണെന്ന്‌ സുപ്രീംകോടതി.

 ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു തീരുമാനം എടുക്കാന്‍ സ്‌പീക്കറെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. നാളെ നടക്കുന്ന വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത്‌ - ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്‌ ഉത്തരവിട്ടു. 

 സ്‌പീക്കര്‍ അനുയോജ്യമായ സമയത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. സഭാനടപടികളില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന്‌ വിമത എംഎല്‍എമാരാണ്‌ തീരുമാനിക്കേണ്ടതന്നും നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന്‌ എംഎല്‍എമാരെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ്‌ ജസ്റ്റീസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. രാജിക്കത്ത്‌ സ്വീകരിക്കാത്ത സ്‌പീക്കറുടെ നടപടിക്കെതിരെയാണ്‌ കോണ്‍ഗ്രസിലെയും ജെഡിഎസിലെയും 15 വിമത എം എല്‍ എമാര്‍ കോടതിയെ സമീപിച്ചത്‌. 

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ്‌ വിമതര്‍ക്കു വേണ്ടി ഹാജരായത്‌. വിഷയത്തില്‍ ഇടക്കാല ഉത്തരവാണ്‌ സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. ഇനി സ്‌പീക്കറുടെ തീരുമാനം എന്ത്‌ എന്നുള്ളതാണ്‌ ഇനി എല്ലാവരും ഉറ്റുനോക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക