Image

ആര്‍ക്ക് കിട്ടും അവസാനം രണ്ടില; ജോസിനോ ജോസഫിനോ ?

കലാകൃഷ്ണന്‍ Published on 19 June, 2019
ആര്‍ക്ക് കിട്ടും അവസാനം രണ്ടില;  ജോസിനോ ജോസഫിനോ ?


നേതാവിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. നേതാവിന് മാത്രമാണ് പ്രസക്തി. നേതാവിന്‍റെ ആശ്രീതവല്‍സരരായി കുറെ ഖദര്‍ധാരികള്‍ ആര്‍ത്തിരമ്പും. ചിലര്‍ക്ക് അപ്പകഷ്ണങ്ങള്‍ കിട്ടും. ചിലര്‍ക്ക് കിട്ടില്ല. ചിലര്‍ ഇടയ്ക്ക് പിണങ്ങിപ്പിരിയും. പുതിയ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കും. ഇതിപ്പോ എട്ടോ ഒമ്പതോ കേരളാ കോണ്‍ഗ്രസ് ഉണ്ട് കേരളത്തില്‍. കേരളത്തില്‍ എന്ന് പറഞ്ഞാല്‍ കോട്ടയം കേന്ദ്രീകരിച്ചൊരു മധ്യതിരുവതാംകൂറില്‍. ഏതാണ്ട് ഒരു നാലഞ്ച് ജില്ലയിലായി ഒരു ഡസണ്‍ കേരളാ കോണ്‍ഗ്രസുകള്‍.
 കേരളാ കോണ്‍ഗ്രസുകാര്‍ക്ക് രാഷ്ട്രീയം ജീവിതമാണ്. പക്ഷെ ഈ രാഷ്ട്രീയ ജീവിതങ്ങളെ സാധാരണ ജനജീവിതം ശ്രദ്ധിക്കാറില്ല. ശ്രദ്ധ കിട്ടാറുള്ളത് നേതാക്കന്‍മാര്‍ക്ക് മാത്രമാണ്. കെ.എം മാണിയായിരുന്നു അതില്‍ ഏറ്റവും ശക്തന്‍. മാണി സാറിന്‍റെ മരണശേഷം ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് പുതിയൊരു പിളര്‍പ്പിന്‍റെ വക്കിലാണ്. പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയായ ജോസ്.കെ.മാണി പി.ജെ ജോസഫിനെ വെട്ടി സ്വയം പ്രഖ്യാപിത ചെയര്‍മാനായി മാറി. ജോസിന്‍റെ പ്രഖ്യാപനം ജോസഫ് കോടതിയില്‍ വെട്ടിനിരത്തി. ജോസിപ്പോ തല്‍ക്കാലം ചെയര്‍മാന്‍റെ കസേരയില്‍ ഇരിക്കേണ്ടെന്ന് കോടതി പറഞ്ഞു. എന്നാലും തലയില്‍ മുണ്ടിട്ട് പോയി ജോസ് ചെയര്‍മാന്‍ കസേരയില്‍ തന്നെ ഇരിക്കും. അവിടെ ഇരിക്കുമ്പോള്‍ ഒരു സുഖം. 
വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നൊരു പദവി വെച്ച് ഇപ്പോള്‍ സാങ്കേതികമായി ചെയര്‍മാനായ പി.ജെ ജോസഫിന് ചെയര്‍മാന്‍ കസേരയില്‍ വന്ന് ഇരിക്കണമെന്നുണ്ട്. പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ല. കാരണം കസരേ ഇരിക്കുന്നത് കോട്ടയത്താണ്. കോട്ടയം മാണി സാറിന്‍റെ തട്ടകമായിരുന്നു. തൊടുപുഴയാണ് ജോസഫിന്‍റെ തട്ടകം. തൊടുപുഴയില്‍ നിന്നെത്തി കോട്ടയത്തെ ഓഫീസില്‍ കയറി ഇരിക്കാന്‍ ജോസിന്‍റെ കിങ്കരന്‍മാര്‍ സമ്മതിക്കില്ല. 
എന്നാല്‍ പത്രക്കാരെ വിളിച്ച് പാര്‍ട്ടി ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിയെ സാങ്കേതികമായി ചൊല്‍പ്പടിക്ക് നിര്‍ത്തി ജോസിന് ഒന്നുമാകാനുള്ള അവസരം നല്‍കാതെ വെറുതെ ഭ്രാന്ത് പിടിപ്പിച്ച് രസിക്കുകയാണ് പി.ജെ ജോസഫ്. ഒരു രാജ്യസഭാ എം.പി സ്ഥാനം ചോദിച്ചപ്പോള്‍ അപമാനിച്ചതിന്‍റെ എല്ലാ പകയുമുണ്ട് ജോസ്.കെ.മാണിയോട് പി.ജെ ജോസഫിന്. അവസരം വന്നപ്പോള്‍ മനോഹരമായി പ്രതികാരം ചെയ്യുകയാണിപ്പോള്‍. 
പൊടുന്നനെ സംഭവിച്ച കെ.എം മാണിയുടെ വിയോഗം ജോസ്.കെ.മാണിയെ രാഷ്ട്രീയമായി അനാഥനാക്കിയെന്നതാണ് സത്യം. കെ.എം മാണിയെന്ന കേരള രാഷ്ട്രീയത്തിലെ അതികായന്‍റെ രാഷ്ട്രീയ ശേഷിയോ ബുദ്ധിയോ ജോസ്.കെ.മാണിക്കില്ല എന്നതാണ് യഥാര്‍ഥ്യം. കെ.എം മാണിയെപ്പോലെ ജോസ്.കെ.മാണി ഒരു ആള്‍ക്കൂട്ടത്തിന്‍റെ നേതാവല്ല. മാണിസാറിനെപ്പോലെ സഭയെ സ്വന്തം ഇംഗിതത്തിനൊപ്പിച്ച് നിര്‍ത്താനുള്ള ശേഷിയില്ല. മുതിര്‍ന്ന നേതാക്കളുടെ ആദരവ് പിടിച്ചു വാങ്ങാനുള്ള പ്രതിഭയില്ല. അങ്ങനെ മാണിസാറിനുള്ള പലതും മകനില്ല. അതൊരു യാഥാര്‍ഥ്യമാണ്. 
എന്നാല്‍ പി.ജെ ജോസഫിന്‍റെ സ്ഥിതി അതല്ല. കോട്ടയത്ത് സംഘബലം കൊണ്ട് ഓഫീസിലെത്തി മാണി കോണ്‍ഗ്രസിനെ നയിക്കാന്‍ പി.ജെയിക്ക് കഴിഞ്ഞില്ലെന്ന് വരാം. പക്ഷെ കേരള രാഷ്ട്രീയത്തില്‍ പി.ജെ ജോസഫ് അതികായനാണ്, മാണിയോളം തന്നെ കേരള രാഷ്ട്രീയം കളിച്ചവനാണ്, സഭയോട് വലിയ അടുപ്പവും കുറുമുള്ളവനാണ്, പൊളിറ്റിക്കല്‍ ബാര്‍ഗെയിനിങ് എന്തെന്ന് നല്ല വശമുള്ള നേതാവാണ്. പാര്‍ട്ടി ഭരണഘടന വെച്ച് എങ്ങനെ കളിക്കണമെന്ന് പി.ജെ ജോസഫിന് നന്നായിട്ടറിയാം. ആരാണ് ചെയര്‍മാന്‍ എന്ന കേസ് മുമ്പോട്ടു പോയാല്‍ രണ്ടില ചിഹ്നത്തെ തനിക്ക് നേടാമെന്ന ബോധ്യം വരെയുണ്ട് പി.ജെ ജോസഫിന്. അത് സംഭവിക്കുകയും ചെയ്യും. 
അതിന് മുമ്പായി കേരളാ കോണ്‍ഗ്രസ് പിളരുമെന്ന് ഉറപ്പ്. ജോസ്.കെ.മാണിക്കൊപ്പം തല്‍ക്കാലം ഒരു ആള്‍ക്കൂട്ടമുണ്ടാകും. നിലവില്‍ സിഎഫ് തോമസ് പി.ജെ ജോസഫിനൊപ്പമായി. ഒരിക്കലും ജോസിന്‍റെ നേതൃത്വത്തിന് കീഴില്‍ നില്‍ക്കാന്‍ സി.എഫിനെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന് കഴിയില്ല. ഇനിയിപ്പോഴുള്ള രണ്ട് എം.എല്‍.എ മാരും ഒരു ലോക്സഭാ എം.പിയും ബഹുഭൂരിപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമാണ്. അവരൊക്കെ തന്നെയാണ് പ്രവര്‍ത്തകരും. അതുകൊണ്ട് കുറെ നേതാക്കളുടെയും പ്രവര്‍ത്തകരുടയും പിന്തുണയുണ്ടെന്ന് അവകാശപ്പെടാം. രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം കോടയില്‍ തുടരുന്ന സമയം നേതാക്കളെയും പ്രവര്‍ത്തകരെയും പതിയെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ കഴിയുമെന്ന ബോധ്യം പി.ജെ ജോസഫിനുണ്ട്. 
കോണ്‍ഗ്രസ് നേതൃത്വത്തിനും താത്പര്യം പി.ജെ ജോസഫിനോടാണ്. മുമ്പ് കേരളാ കോണ്‍ഗ്രസിനെ ഇടതുപക്ഷത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ച ആളാണ് ജോസ്.കെ.മാണി. ്അതിനായിട്ടാണ് കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് മുന്നണി വിട്ട് ഇറങ്ങിയത്. എന്നാല്‍ ഇടതിലേക്ക് പോകാനുള്ള പി.ജെ ജോസഫിന്‍റെ താത്പര്യക്കുറവാണ് വീണ്ടും യുഡിഎഫിലേക്ക് രണ്ടിലയെ എത്തിച്ചത്. 
യുഡിഎഫ് നേതാക്കള്‍ക്ക് ജോസഫിനോടുള്ള താത്പര്യം ജോസിനും അറിയാം. അതുകൊണ്ടു തന്നെ മുമ്പൊരിക്കല്‍ തുറക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിന്‍റെ വാതിലില്‍ മുട്ടി വെച്ചിരിക്കുകയാണ് ജോസ്.കെ.മാണി. ഉപതിരഞ്ഞെടുപ്പില്‍ പാലയില്‍ തന്നെ നിന്ന് മത്സരിക്കാനും ജയിച്ചാല്‍ കേരള സര്‍ക്കാരില്‍ മന്ത്രിയാവാനുമാണ് രാഷ്ട്രീയ പദ്ധതി. ഇടതുപക്ഷത്തിന് പ്രമുഖ ക്രിസ്ത്യന്‍ രാഷ്ട്രീയ കക്ഷിയെ കൂടെക്കിട്ടി എന്ന സമാധാനവുമാകും. എന്നാല്‍ ഈ രാഷ്ട്രീയം ഫലിക്കുമോ എന്ന് കണ്ടറിയണം. ജോസ്.കെ.മാണി സ്വന്തമായി ഒരു രാഷ്ട്രീയ ഇമേജ് സ്വന്തമാക്കി വെച്ചിരുന്നില്ല എന്നതാണ് ഏറ്റവും വലിയ പാതകം. ഇപ്പോള്‍ തന്നെ അയാളുടെ വിക്രൂസുകള്‍ സര്‍ക്കസിലെ കോമാളിയുടേതിന് തുല്യമാണ്. പി.ജെ ജോസഫിനോട് മുട്ടി അയാള്‍ ജയിക്കാന്‍ സാധ്യത വിരളമാണ്. ജോസ് ദുര്‍ബലനാകും തോറും അയാളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി കൂടെ നില്‍ക്കുന്നവര്‍ ഒന്നൊന്നായി പി.ജെ ജോസഫിനൊപ്പം സിഎഫ് തോമസ് വഴിയെ പോകാന്‍ മാത്രമാണ് സാധ്യത ബാക്കി നില്‍ക്കുന്നത്. 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക