Image

ഒരു അമേരിക്കന്‍ ജൂറി ഡ്യൂട്ടി (കഥ) - (ജോര്‍ജ്ജ് ഓലിക്കല്‍)

ജോര്‍ജ്ജ് ഓലിക്കല്‍ Published on 19 June, 2019
ഒരു അമേരിക്കന്‍ ജൂറി ഡ്യൂട്ടി (കഥ) -  (ജോര്‍ജ്ജ് ഓലിക്കല്‍)
അമേരിക്കന്‍ ജൂറി സിസ്റ്റം എന്താണെന്നറിയാനുള്ള വ്യഗ്രത കൊണ്‍ടാണ് ഇതില്‍ കയറിക്കൂടാനുള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരങ്ങള്‍ നല്‍കയത്.. 

ഒരു പക്ഷെ ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള നിരവധി പഴുതുകള്‍ ഉണ്‍ടെന്നിരിക്കെ, എന്തും വരെട്ടെയെന്ന് കരുതിയാണ് ജോലിയില്‍ നിന്ന് ലഭിക്കുന്ന എസ്‌ക്യൂസ്ട് ആഫ്‌സ്ന്‍സ് മാര്‍ക്ക് ചെയ്ത്  ജൂറി സെലക്ഷന്‍ റൂമില്‍ ഹാജരായത്...

നാല്‍പ്പത് പേരുള്ള ഗ്രൂപ്പില്‍ നിന്നാണ് പതിനാലു ജൂറിന്മാരെ   ജഡ്ജിയും പബ്‌ളിക്ക് പ്രോസിക്യൂട്ടറും ഡിഫന്‍സ് അറ്റോര്‍ണിയും ചേര്‍ന്ന്  തിരഞ്ഞെടുത്തത്. 

ജഡ്ജി ചോദിച്ച ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്‍കിയ ഉടനെ കൂടുതല്‍ വാദ പ്രതിവാദമില്ലാതെ ജൂറി നമ്പര്‍ രണ്‍ട് എന്ന്  പേര് നല്‍കി പ്രത്യേക മുറിയിലേക്ക് കൊണ്‍ടു പോയി. ഇന്ത്യന്‍ വംശജന്‍ എന്ന ഡമോഗ്രഫി കണക്കാക്കിയാകാം തന്നെ ജൂറിയിലെടുത്തതെന്ന് തോന്നി.

ഒരു ജൂറര്‍ എന്ന നിലയില്‍ തന്റെ  ഉത്തരവാദിത്വത്തെക്കുറിച്ചും,  ഒരാഴ്ച നീണ്‍ടേക്കാവുന്ന കേസ് ആയിരിക്കാം ഇതെന്നും കോര്‍ട്ട് ഒഫീസര്‍ വിശദീകരിച്ചു. 

തികച്ചും ആകാംഷയോടെ അടുത്ത ദിവസം കോടതി ഓഫീസര്‍ പറഞ്ഞ പ്രകാരം രാവിലെ ഒന്‍പതു മണിക്ക് ജൂറികള്‍ക്കുള്ള വെയിറ്റിംഗ് റൂമിലെത്തി അടുത്ത നിര്‍ദ്ദേശത്തിനായി കാത്തിരുന്നു.....

പതിനാലുപേരും എത്തി കഴിഞ്ഞപ്പോള്‍ ലൈനപ്പ് ചെയ്തു, അപ്പോഴാണ് തന്നോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജൂററര്‍ന്മാരെ കാണുന്നത,് കറുത്ത വര്‍ഗ്ഗക്കാരും, വെള്ളക്കാരും, സ്പാനീഷും, റഷ്യാക്കാരിയും, കൊറിയനും, ഇന്ത്യാക്കാരനായ താനുമടങ്ങുന്ന ജൂറി...... 

കോടതി ഓഫീസര്‍ കോടതിയോടു ചേര്‍ന്നുള്ള റൂമിലെത്തിച്ച്  കോടതിയില്‍ പാലിക്കേണ്‍ട കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതോടൊപ്പം കൈവശമുള്ള സെല്‍ഫോണ്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി സെയ്ഫില്‍ വച്ച് പൂട്ടി. 
  
കോടതി നടപടികള്‍ ഉടന്‍ ആരംഭിക്കുന്നു എന്ന അറിയപ്പ് കിട്ടയപ്പോള്‍ ജൂററന്മാരുടെ നമ്പര്‍ പ്രകാരം അണിനിരത്തി കോടതിക്കുള്ളിലേക്ക് ആനയിച്ചു. 

ജഡ്ജിയുടെ ചേമ്പറിന് മുന്നില്‍ ഇടതുവശത്തായി ജൂറി അംഗങ്ങളുടെ നമ്പര്‍ പതിച്ചിരുന്ന ഇരിപ്പിടങ്ങളില്‍ ഇരുന്ന്  കഴിഞ്ഞപ്പോള്‍ ജഡ്ജി കോര്‍ട്ടിലേയ്ക്ക് പ്രവേശിക്കുന്നു, എല്ലാവരും എഴുന്നേറ്റു നില്‍ക്കാന്‍ കോര്‍ട്ട്  ഉദ്യേഗസ്ഥന്റെ അറിയപ്പു ലഭിച്ചു. 

ജഡ്ജി തന്റെ കോടതിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യതതോടൊപ്പം എതു കേസ്സാണ്   തന്റെ കോടതിയില്‍  വന്നിരിക്കുന്നതെന്നും അതില്‍ ജൂറിന്മാരുടെ ഉത്തരവാദിത്ത്വം എന്താണെന്നും പറഞ്ഞ് പബ്‌ളിക്ക് പ്രോസിക്യൂട്ടറെ ഓപ്പണിംഗ് സ്റ്റേറ്റ്‌മെന്റിന് ക്ഷണിച്ചു.

പീറ്റ് ഹെന്ററി് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ പിച്ചി ചീന്തിയ വെള്ളക്കാരിയായ
ഡയാന റോബിന്‍സിനെ ജൂറി മുമ്പാകെ അവതരിപ്പിക്കുകയാണ് പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍  മിഷേല്‍ ലീ,  തന്റെ ഓപ്പണിംഗ് സ്റ്റേറ്റ്‌മെന്റില്‍ പറയുന്ന കാര്യങ്ങള്‍ ജൂറി അംഗങ്ങള്‍ സാകൂതം ശ്രദ്ധിച്ചു കൊണ്‍ടിരുന്നു. ഇതിനിടയില്‍ ജൂറി ചേമ്പറില്‍ രണ്‍ടാം നമ്പര്‍ ജുററായ താന്‍ ഒളികണ്ണിട്ട് പ്രതിയായ പീറ്റ് ഹെന്ററിയെ നോക്കി, യാതൊരു ഭാവഭേദവുമില്ലാതെ അയാള്‍  ജൂറിന്മാരെ തുറിച്ചു നോക്കുന്നുണ്‍ടായിരുന്നു. 

പതിനഞ്ച് മിനിട്ട് നീണ്ട ഓപ്പണിംഗ് സ്റ്റേറ്റ്‌മെന്റില്‍ പീറ്റ്  ഹെന്ററി  എന്ന റേപ്പിസ്സ്റ്റിനെ ജൂറി മൂമ്പാകെ അനാവരണം ചെയ്ത പ്രോസിക്യൂട്ടര്‍ തന്റെ ഭാഗം ഭംഗയായി അവതരിപ്പിച്ച ആത്ന്മിശ്വാസത്തോടെ ജഡ്ജിയെ വണങ്ങി സീറ്റില്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ ഡിഫന്‍സ് അറ്റോര്‍ണിക്കുള്ള ഊഴമായി. 

മദ്ധ്യവയസ്‌ക്കനായ ഡിഫന്‍സ് അറ്റോര്‍ണി റൊമാനോ പരിഹാസച്ചിരിയോടെയാണ് തന്റെ സീറ്റില്‍ നിന്നെഴുന്നേറ്റ് ജൂറി ചേമ്പറിനടുക്കലേയ്ക്ക് വന്നത്. 

പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ ഇതുവരെ പറഞ്ഞകാര്യങ്ങള്‍ അവരുടെ ഭാവനയില്‍ വിരിഞ്ഞതാണെന്നും തന്റെ കക്ഷിയെ ഒരു ബലാല്‍സംഗക്കാരനായി ചിത്രീകരിക്കാന്‍ മെനഞ്ഞെടുത്ത കഥകളാണിതെന്നും, ഒരു പക്ഷെ തന്റെ കക്ഷി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരിക്കാം അത് ഉഭയകക്ഷി തീരുമാനത്തില്‍ അധിഷ്ടിതമാണ്,  അതിനാല്‍ തന്റെ കക്ഷി ഈ ആരോപണത്തില്‍ തികച്ചും നിരപരാധിയാണെന്നും.. ഇയാളൊരു  കറുത്ത വഗ്ഗക്കാരനായതു കൊണ്‍ട് മുന്‍വിധിയോടെ ഈ കേസിനെ സമീപിക്കരുതെന്നും പറഞ്ഞ് തന്റെ ഓപ്പണിംഗ് സ്റ്റേറ്റ്‌മെന്റ് അവസാനിപ്പിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികളോ,   സാഹചര്യ തെളിവുകളോ ഹാജരാക്കാനുണ്‍ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ''യെസ് യുവര്‍ ഓണര്‍''  എന്ന് പറഞ്ഞ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസുകാരനെ വിസ്തരിക്കാനായി വിളിച്ചു, 

ബൈബളില്‍ കൈ വച്ച് സത്യം മാത്രമെ കോടതിയില്‍ ബോധിപ്പിക്കുയുള്ളു എന്ന പതിവു വാചകം ചൊല്ലിപ്പിച്ചു... ആവര്‍ത്തന വിരസത കൊണ്‍ടായിരിക്കാം അതൊരു ജീവനില്ലാത്ത ചടങ്ങുപോലെ തോന്നി.

തുടര്‍ന്ന് ഇരയെ പരിശോധിച്ച ഡോക്ടര്‍, ഫോറന്‍സിക്ക് സയന്റ്റിസ്സ്റ്റ്, ഡി.എന്‍.എ. വിദഗ്ദന്‍, എന്നിവരെ നിരത്തി പഴുതുകള്‍ അടയ്ക്കാന്‍ പബ്‌ളിക്ക്  പ്രോസിക്യൂട്ടര്‍ ശ്രമിച്ചു, എന്നാല്‍  വാദിഭാഗം വക്കീലിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ സാക്ഷികള്‍ പലപ്പോഴും വിയര്‍ക്കുന്നത് കാണാമായിരുന്നു. 

വിസ്താരങ്ങളുടെയും, ക്രോസ്‌വിസ്താരങ്ങളുടെയും രണ്‍ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പബ്‌ളിക്ക് പോസിക്യൂട്ടര്‍ തന്റെ തുരുപ്പ് ചീട്ട് ഇറക്കിയത് വിചാരണയുടെ മൂന്നാം ദിവസം രാവിലെ ഇരയായ ഡയാന റോബിന്‍സിനെ നേരിട്ടു ഹാജാരാക്കി. 

സാക്ഷി കൂട്ടില്‍ വച്ച് ഡയാന റോബിന്‍സന്റെ ജീവത്തിന്റെ നാള്‍വഴികള്‍ അനാവരണം ചെയ്തു. പെന്‍സില്‍വേനിയ സബര്‍ബിലെ ചെറിയ ഗ്രാമത്തില്‍ ഇറ്റാലിയന്‍ കുടുംബത്തിലെ നാലു മക്കളില്‍ മുന്നാമത്തവളായ ഡയാന സ്‌ക്കൂളില്‍ അതിസമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നു.

 ടീനേജ് കുസൃതികളില്‍ കൂട്ടുകാര്‍ക്കൊപ്പം കൂടിയപ്പോള്‍ പുകവലിയും മദ്യപാനവും, പിന്നീട് അത്് മയക്കുമരുന്നിലും കൊണ്‍ടെത്തിച്ചു. 

വീട്ടില്‍ അത് ചോദ്യം ചെയ്തപ്പോള്‍, വീടുവിട്ടിറങ്ങി, മയക്കുമരുന്നു കേസില്‍ ജയിലില്‍ എത്തപ്പെടുന്നു.. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി കുറ്റവാളികളെ പുനരധിവസിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ ഹാഫ് വേ ഹൗസില്‍ എത്തി. 

പരുപരുത്തതും, കഠിനവുമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഡയാന തന്റെ ജീവിതത്തില്‍ താന്‍ തന്നെ വരുത്തിവച്ച ചെയ്തികള്‍ വിവരിക്കുമ്പോള്‍ പലപ്പോഴും കണ്ണ്  ഈറനണിയുന്നുണ്‍ടായിരുന്നു.  ഇതു കണ്‍ടിട്ട് ജൂറിയിലുള്ള പലരിലും നെടുവീര്‍പ്പുകള്‍ ദൃശ്യമായിരുന്നു.  

അനുഭവങ്ങള്‍ സമ്മാനിച്ച പാഠങ്ങളില്‍ നിന്നും പുതിയൊരു ജീവിതം സ്വപ്നം കണ്‍ട് ജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് പീറ്റിനെ പരിചയപ്പെടുന്നത് അവനും ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയവനായിരുന്നു. സ്‌നേഹത്തോടെ  അടുത്തുകൂടി ജോലിക്കും മറ്റും സഹായിക്കാമെന്ന് ഉറപ്പുനല്‍കി, 

ഒരു ദിവസം പീറ്റ്,  ഡയാനയുടെ മുറിയിലേയ്ക്ക് കടന്നു വന്നത് ഭ്രാന്താമായൊരു ഭാവത്തോടെയായിരുന്നു, അപ്പോള്‍ അവന്റെ ചേഷ്ടകള്‍ മയക്കുമരുന്നിന്റെ പിടിയിലായവനെ പോലെ തോന്നിയ ഡയാന മുറി വിട്ടുപോകുവാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ അതു വകവെയ്ക്കാതെ തന്നെ ആക്രമിക്കാന്‍ മുമ്പോട്ടു വന്ന് തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു എന്ന് പറയുമ്പോള്‍ അവള്‍ കരച്ചിലിന്റെ വക്കളേം എത്തിയിരുന്നു. കോടതിമുറിയില്‍ എല്ലാവരിലും അസ്വസ്ഥതയുണ്‍ടാക്കിയ നിമിഷങ്ങളായിരുന്നു അത്. പീറ്റ്  ഹെന്ററി  എന്ന കുറ്റാരോപിതന്റെ മുഖത്ത് പ്രത്യേക ഭാവങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. 

ഈ പറഞ്ഞതെല്ലാം ശുദ്ധ കള്ളമാണെന്നും ജൂറിന്മാരെ വശത്തിലാക്കാന്‍ കെട്ടി ചമച്ച കഥയാണെന്നും പറഞ്ഞ ഡിഫന്‍സ് അറ്റോര്‍ണി, ബലാല്‍സംഗത്തിന്റെ വിവിധ ഘട്ടങ്ങളെ വിശദീകരിയ്ക്കാന്‍ ഡയാനയോട്  ആവശ്യപ്പെട്ടു. ഇരയെ മാനസികമായി തളര്‍ത്തന്ന ഒരു തന്ത്രമാണ് ഇതെന്ന് തോന്നി എന്നാല്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ പലപ്പോഴും ഒബ്‌ജെഷന്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. 

തന്റെ ക്രോസ്സ് വിസ്താരത്തില്‍ ഡിഫന്‍സ്  അറ്റോര്‍ണി ലക്ഷ്യമിട്ടത് ഇതൊരു ബലാല്‍സംഗമല്ല പ്രത്യൂത പരസ്പരം അറിഞ്ഞുകൊണ്‍ട് നടന്ന ഒരു സംഗമമാണ് എന്നാല്‍ ഇതിനു ശേഷം ഇവര്‍ തമ്മിലുണ്‍ടായ പ്രശ്‌നങ്ങളാണ് ഇതൊരു ബലാല്‍സംഗമാക്കി തീര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞ് തന്റെ വിസ്താരം അവസാനിപ്പിച്ചു.

ക്ലോസിംഗ് സ്റ്റേറ്റ്‌മെന്റ്‌സും, ജൂറി ലിബറേഷനും അടുത്ത ദിവസം ഉണ്‍ടായിരിക്കും എന്ന് പറഞ്ഞ് കോടതി പിരിഞ്ഞു. 

അന്നത്തെ വിസ്താരങ്ങള്‍ ഒരു തിരശ്ശീലയിലൂടെന്നപോലെ മനസ്സിലൂടെ കടന്നു വന്നു...... ഡയാനയുടെ ദൈന്യമായ മുഖം, ജൂറിയെ സ്വാധീനിയ്ക്കാന്‍ സെന്റിമെന്റ്‌സ് കാര്‍ഡ്  ഇറക്കി കളിയ്ക്കുകയാണെന്ന ഡിഫന്‍സ് അറ്റോര്‍ണിയുടെ വാദ മുഖങ്ങളും, പ്രോസിക്യുഷന്‍ തെളിവുകളും ,സാക്ഷികളും, ഇതെല്ലാം മനസ്സിലിട്ട് അനലൈസ് ചെയ്തു........ അങ്ങനെ രാത്രിയില്‍ ഉറക്കം കമ്മിയായി. ജൂറി ഡ്യൂട്ടി അത്ര സുഖകരായ ഏര്‍പ്പാടല്ല എന്നും തോന്നി.

ഉറക്കച്ചടവോടെ രാവിലെ എഴുന്നേറ്റു…  ഒരു പക്ഷെ ഇന്ന് തന്റെ ജൂറി ഡ്യൂട്ടിയുടെ അവസാന ദിവസമായിരിക്കും, അങ്ങനെയാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്‍ട് പുറപ്പെട്ടു........

എല്ലാവരും സമയത്തു തന്നെ എത്തി, ജഡ്ജി ഓരോ ഭാഗത്തുമുള്ള അറ്റാര്‍ണിന്മാരെ ക്ലോസിംഗ് ആര്‍ഗ്യൂമെന്റിന് ക്ഷണിച്ചു. പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ നാലുദിവസം പറഞ്ഞ കാര്യങ്ങളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി അക്രമ വാസനയുള്ള റേപ്പിസ്റ്റാണ് ഇയാളെ ഒരു കാരണവശാലും പുറത്ത് വിടരുത് അതിന് തീര്‍പ്പുകല്‍പ്പിണ്‍േടത് ജൂറികളായ നിങ്ങളാണെന്നും പറഞ്ഞവസാനിപ്പിച്ചു. 

ഊതി പെരുപ്പിച്ച്,  വര്‍ണ്ണ വിവേചനം ഉള്ളിലുള്ള പോലീസുകാരും, ഇരയെന്നു പറയുന്ന, സ്വഭാവദൂക്ഷ്യത്താല്‍ ജയില്‍  ശിക്ഷ അനുഭവിച്ചയാളുടെ  വാക്കുകള്‍ വിശ്വസിച്ച് നിരപരാധിയായ തന്റെ കക്ഷിയെ ജയലില്‍ അയയ്ക്കരുത് എന്ന അപേക്ഷയോടെ ഡിഫന്‍ന്‍സ് അറ്റോര്‍ണിയും  ആര്‍ഗ്യൂമെന്റ് പൂര്‍ത്തിയാക്കി.

ജൂറര്‍ നമ്പര്‍ പതിനാലിനെ ഏസ്‌ക്യൂസ് ചെയ്തു…. ജൂറി ലിബറേഷനില്‍ വേട്ടിംഗ് വരുമ്പോള്‍ റൈറ ആകാതിരിക്കാനണിതെന്നറിഞ്ഞു.  അവരുടെ സേവനത്തിന് നന്ദിപറഞ്ഞ് യാത്രയാക്കിയ ശേഷം ജഡ്ജി, ജൂറി ലിബറേഷനു വേണ്‍ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒരു മുറിയിലാക്കി. ജൂറിന്മാര്‍ ചേര്‍ന്ന് ഒരു ലീഡറെയും തിരഞ്ഞെടെുത്തു. കോടതിയില്‍ കേട്ട വാദപ്രതിവാദങ്ങളില്‍ നിന്ന് എകകണ്‌ഠേന ഒരു തീരുമാനത്തില്‍ എത്താന്‍ സാധിക്കുമോ എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം എന്നാല്‍ ജൂറിന്മാര്‍ പല തട്ടുകളിലയിരുന്നു.  

കറുത്തവരും, വെളുത്തവരും, യുറോപ്യന്‍ വംശജരും, ഏഷ്യക്കാരും, വിവിധ അഭിപ്രായങ്ങള്‍, എന്നാല്‍ ഒരുതരത്തിലും അയാളെ ബലാല്‍സംഗക്കാരനായി ജയിലലടച്ച് അവന്റെ ഭാവി ഇരുളടഞ്ഞതാക്കാന്‍ തങ്ങള്‍ കൂട്ടു നില്‍ക്കില്ല എന്ന ധ്വനി പലരിലുമുണ്‍ടായി. 

സാഹചര്യ തെളിവുകളും, ഫോറന്‍ിക്ക് പരിശോധന ഫലങ്ങളും എടുത്തു പറഞ്ഞ്  ഏഷ്യക്കാരും വെള്ളക്കാരും സംസാരിച്ചപ്പോള്‍ അല്പം അയവു വന്നു.  

ഇരയുടെ ഭൂതകാലം അത്ര നല്ലതല്ല മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നവളുടെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും, കറുത്ത വര്‍ഗ്ഗക്കാരെ മന:പുര്‍വ്വം കുറ്റവാളിയാക്കുന്ന വ്രവണതയാണ് ഈ സമൂഹത്തിലുള്ളത് എന്ന വാദമുഖങ്ങളും അവതരിപ്പിച്ചു. 

 അവളുടെ കണ്ണുനീര് കണ്‍ട്  അയാളെ വിധിക്കരുത്… വീണ്‍ടും ധര്‍മ്മസങ്കടത്തില്‍….എന്നാല്‍ അയാളെ ഒരു കുറ്റവും ചാര്‍ത്താതെ വെറുതെ വിടുന്ന കാര്യത്തില്‍ ആര്‍ക്കും താത്പര്യില്ലായിരുന്നു.
അവസാനം….  നീണ്‍ട ആറ് മണിക്കൂര്‍ നേരത്തെ ലിബറേഷന് ശേഷം  ജൂറികളില്‍ താനുള്‍പ്പെടെയുള്ള പലരും മനസ്സില്ലമനസ്സോടെ ഒരു നിഗമനത്തില്‍ എത്തിചേര്‍ന്നു.. 

അവളെ പ്രാപിക്കണം എന്ന ഉദ്ദേശ്യത്തോടെ അവളുടെ റൂമില്‍ എത്തിയ അയാള്‍ അവള്‍ എതിര്‍ത്തപ്പോള്‍ തന്മയത്വത്തോടെ  അവളെ ആ കൃത്യത്തിന് പ്രേരിപ്പിച്ചതായിരിക്കാം...

പ്രേരണാക്കുറ്റം എന്ന നിസ്സാര ശിക്ഷ ലഭിക്കാവുന്ന കുറ്റം ….  ജഡ്ജി നല്‍കിയ പേപ്പറില്‍ ജൂറി ലീഡര്‍ എഴുതിയശേഷം, ജൂറി ലിബറേഷന്‍ പൂര്‍ത്തിയായി എന്നറിയിച്ചു. 

തന്റെ മനസ്സ് അകാരണമായി അസ്വസ്ഥമായിരുന്നു..... ഈ തീരുമാനം ശരിയാണോ.. കൂടെയുള്ള. ചിലരിലെങ്കിലും അതു പ്രകടമായിരുന്നു.. എന്നാലും സംശയത്തിന്റെ ആനുകൂല്യം നല്‍കി എന്നാശ്വസിച്ചിരിക്കെ... ലിബേറേഷന്‍.കേള്‍ക്കാന്‍ ജഡ്ജിയും കോടതിയും റെഡിയായി എന്ന അറിയപ്പു കിട്ടി. 

പതിമൂന്ന് ജൂററന്മാരും കോടതിയില്‍ തങ്ങളുടെ സീറ്റില്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ ജഡ്ജി ചോദിച്ചു 
'' ആര്‍ യൂ ജൂറഴേ്‌സ് റിച്ചീഡ് തി വെര്‍ഡിറ്റ ് '' 

ജൂറി അംഗങ്ങള്‍ ഒന്നടങ്കം പറഞ്ഞു '' യെസ് യുവര്‍ ഹോണര്‍ '' 

വിധി പറയാനുള്ള മൂന്ന് കാര്യങ്ങളില്‍ ബലാല്‍സംഗവും, ഇരയെ പേടിപ്പിച്ച് സെക്‌സ്യൂല്‍ ഇന്റര്‍കോഴ്‌സ് എന്നിവയില്‍ നോട്ട് ഗില്‍റ്റിയെന്നും, 

സമ്മതമില്ലായിരിന്നിട്ടും സെക ്‌സിനു പ്രേരിപ്പിച്ചതിന് ഗില്‍റ്റിയെന്നും ജൂറി ലീഡര്‍ പറഞ്ഞപ്പോള്‍…  വിധി കേള്‍ക്കാന്‍ വന്ന പലരും  അത് വിശ്വസിക്കാന്‍ കഴിയാത്ത ഭാവത്തോടെ ഇരിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ ഡിഫന്‍സ് അറ്റോര്‍ണിയുടയും പ്രതിയുടെയും മുഖത്ത് ഒരു ഗൂഡ മന്ദസ്മിതം ദൃശ്യമായിരുന്നു.

ജൂറി ഡ്യൂട്ടി കഴിഞ്ഞല്ലോ എന്നെരാശ്വാസം, എത്രയും വേഗം ഈ അന്തരീക്ഷത്തില്‍ നിന്ന് പുറത്തു കടക്കണമെന്ന് തോന്നി.

ജഡ്ജി,  ജൂറി ഡ്യൂട്ടി നിവ്വഹിയ്ക്കാന്‍ എത്തിയ ഏവര്‍ക്കും നന്ദി പറഞ്ഞു.. 

ഞങ്ങളെ എല്ലാവരെയും യാത്രയയ്ക്കാന്‍ കൊണ്‍ടു പോകുന്ന വഴിയില്‍ കോടതി ഉദ്യേഗസ്ഥന്‍ ഒരു സത്യം  പറഞ്ഞു…. ഈ പ്രതിയുടെ മുന്നാമത്തെ ബലാല്‍സംഗമാണിതെന്നും മറ്റു രണ്‍ടു  കേസിലും ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കാലത്താണ് ഡയാന റോബിന്‍സിനെ ബലാല്‍സംഗം ചെയ്തത്….ഇതു   കേട്ടപ്പോള്‍ ഏവരും ഞെട്ടിത്തരിച്ചു പോയി.

ഒരു അമേരിക്കന്‍ ജൂറി ഡ്യൂട്ടി (കഥ) -  (ജോര്‍ജ്ജ് ഓലിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക