Image

ബാര്‍ ഡാന്‍സറുടെ പീഡനപരാതി: ബിനോയ്‌ കോടിയേരിക്കെതിരെ മുംബൈ പൊലീസ്‌ നടപടി തുടങ്ങി

Published on 19 June, 2019
ബാര്‍ ഡാന്‍സറുടെ പീഡനപരാതി: ബിനോയ്‌ കോടിയേരിക്കെതിരെ  മുംബൈ പൊലീസ്‌ നടപടി തുടങ്ങി

തിരുവനന്തപുരം: ബിനോയ്‌ കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ്‌ നടപടി തുടങ്ങി. ബിനോയിയോട്‌ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ്‌ സൂചന. വിവാഹ വാഗ്‌ദാനം നല്‍കി തന്നെ പത്ത്‌ വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാണ്‌ യുവതിയുടെ പരാതി. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാര്‍ സ്വദേശിയായ 33കാരിയാണ്‌ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്‌.

പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കും. ഇതിനൊപ്പം സാക്ഷികളുടെ മൊഴിയും പൊലീസ്‌ ആദ്യം രേഖപ്പെടുത്തും. മുംബൈ ഓഷിവാര പൊലീസ്‌ ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട്‌ മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ സൂചന. അതിനിടെ ബിനോയ്‌ കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിക്കുന്നതായും സൂചനയുണ്ട്‌.

ബിനോയിക്കെതിരെ ശക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന്‌ യുവതി കഴിഞ്ഞ ദിവസം ചാനലിനോട്‌ വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ തന്റെ മകനെ ഡി.എന്‍.എ ടെസ്റ്റിന്‌ വിധേയമാക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ്‌ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്‌. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന്‌ അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ്‌ പരിശോധിക്കും. ബിനോയിയുമായുള്ള വാട്ട്‌സ്‌ ആപ്പ്‌ സന്ദേശങ്ങളാണ്‌ ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്‌

വിവാഹ വാഗ്‌ദാനം നല്‍കി തന്നെ പത്ത്‌ വര്‍ഷത്തോളം പീഡിപ്പിച്ചെന്നും പിന്നീട്‌ വിവാഹത്തില്‍ നിന്ന്‌ പിന്മാറിയെന്നും ആ ബന്ധത്തില്‍ എട്ട്‌ വയസുള്ള ഒരു മകന്‍ ഉണ്ടെന്നും ആരോപിച്ചാണ്‌ യുവതി പരാതി നല്‍കിയത്‌. മുംബയിലെ ഓഷിവാര പൊലീസ്‌ സ്‌റ്റേഷനില്‍ ഈ മാസം 13നാണ്‌ എഫ്‌. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂര്‍വം അപമാനിക്കല്‍ ), 506 (ഭീഷണിപ്പെടുത്തല്‍ ) തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയിരിക്കുന്നത്‌.

പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന്‌ ഓഷിവാര പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ ശൈലേഷ്‌ പാസല്‍വാര്‍ പറഞ്ഞു.എന്നാല്‍ യുവതി പണം ആവശ്യപ്പെട്ട്‌ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ്‌ ബിനീഷ്‌ കോടിയേരി ആരോപിക്കുന്നത്‌. ഇതിന്‍ പ്രകാരം കണ്ണൂര്‍ പൊലീസിന്‌ പരാതിയും നല്‍കിയിരുന്നു. ഒന്നരമാസം മുന്‍പ്‌ കണ്ണൂര്‍ റെയ്‌ഞ്ച്‌ ഐജിക്ക്‌ നല്‍കിയ പരാതിയില്‍ യുവതിക്കെതിരെ കേരളത്തിലും കേസെടുക്കുമെന്നും സൂചനയുണ്ട്‌.

2009 മുതലാണ്‌ ബിനോയിയുമായി ബിഹാര്‍ സ്വദേശിനിയുടെ ബന്ധം തുടങ്ങുന്നതെന്ന്‌ ഓഷ്വാര പൊലീസ്‌ രജിസറ്റര്‍ ചെയ്‌ത എഫ്‌ഐആറില്‍ പറയുന്നു. 2009ല്‍ ഒരു സുഹൃത്ത്‌ മുഖേനെയാണ്‌ ദുബായിലെ മെഹ്‌ഫില്‍ ഡാന്‍സ്‌ ബാറില്‍ ജോലിക്കെത്തിയതെന്നാണ്‌ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഡാന്‍സ്‌ ബാറില്‍ വച്ചാണ്‌ ബിനോയിയെ പരിചയപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക