Image

അയോധ്യ ഭീകരാക്രമണം: നാല്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തം, ഒരാളെ വെറുതെവിട്ടു

Published on 18 June, 2019
അയോധ്യ ഭീകരാക്രമണം: നാല്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തം, ഒരാളെ വെറുതെവിട്ടു


അലഹാബാദ്‌: 2005ലെ അയോധ്യ ഭീകരാക്രമണക്കേസില്‍ നാല്‌ പ്രതികളെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. അലഹാബാദ്‌ സ്‌പെഷ്യല്‍ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. കേസിലെ അഞ്ചാം പ്രതി കുറ്റക്കാരനല്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിട്ടയച്ചു.

 തടവിന്‌ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക്‌ 2.4 ലക്ഷം രൂപ പിഴയും ചുമത്തി. അയോധ്യ ഭീകരാക്രമണം നടന്ന്‌ പതിനാല്‌ വര്‍ഷം തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ്‌ പ്രയാഗ്‌ രാജിലെ പ്രത്യേക കോടതി കേസില്‍ വിധി പറഞ്ഞത്‌.

ആക്രമണത്തില്‍ അഞ്ച്‌ ലഷ്‌കര്‍ ഇ ത്വയ്‌ബ ഭീകരവാദികളടക്കം ഏഴുപേര്‍ കൊല്ലപ്പെടുകയും മൂന്ന്‌ സിആര്‍പിഎഫ്‌ ജവാന്മാര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ആക്രമണത്തെ തുടര്‍ന്ന്‌ ഇര്‍ഫാന്‍, ആഷിഖ്‌ ഇഖ്‌ബാല്‍(ഫാറൂഖ്‌), ഷക്കീല്‍ അഹമ്മദ്‌, മുഹമ്മദ്‌ നസീം, മുഹമ്മദ്‌ അസീസ്‌ എന്നിവരെ യുപി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഭീകരവാദികള്‍ക്ക്‌ സഹായം ചെയ്‌തതിനും ഗൂഢാലോചനയില്‍ പങ്കെടുത്തുതിനുമാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. ഇതില്‍ മുഹമ്മദ്‌ അസീസിനെയാണ്‌ വെറുതെവിട്ടത്‌. സംഭവം നടന്ന്‌ 14 വര്‍ഷത്തിന്‌ ശേഷമാണ്‌ ശിക്ഷ വിധിക്കുന്നത്‌. 2005 ജൂലായ്‌ അഞ്ചിനാണ്‌ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ സ്ഥിതിചെയ്യുന്ന താത്‌കാലിക ക്ഷേത്രത്തിന്‌ നേരെ ആക്രമണം നടന്നത്‌. 

തീര്‍ഥാടകരായി വേഷം മാറിയെത്തിയ ഭീകരര്‍ വാടകയ്‌ക്കെടുത്ത ജീപ്പില്‍ ബോംബ്‌ ഘടിപ്പിച്ച്‌ സ്‌ഫോടനം നടത്തുകയായിരുന്നു. ഇതിന്‌ പുറമേ റോക്കറ്റ്‌ ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവെപ്പും നടത്തി. ആക്രമണം നടത്തിയ അഞ്ച്‌ ഭീകരരെയും സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. രണ്ട്‌ പ്രദേശവാസികളും കൊല്ലപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക