Image

അഭിവന്ദ്യ കവയിത്രി ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന് ജന്മദിന ശുഭദിന ആശംസകള്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 16 June, 2019
അഭിവന്ദ്യ കവയിത്രി ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്  ജന്മദിന ശുഭദിന ആശംസകള്‍
June 16th

വര്‍ഷങ്ങള്‍ പുറകിലാക്കികൊണ്ട് നമ്മള്‍ മുന്നേറുന്നതിന്റെ ഓര്‍മ്മക്കുറിപ്പായി ജന്മദിനങ്ങള്‍ വരുന്നു. ഉറ്റവരും, പ്രിയമുള്ളവരുമൊത്ത് ജന്മദിനങ്ങളില്‍ നമ്മള്‍ അടുത്ത വര്‍ഷത്തെ ആഘോഷങ്ങളോടെ എതിരേല്‍ക്കുകയാണ്.

അനുഭൂതികളുടെ അനഘനിമിഷങ്ങള്‍ വര്‍ണ്ണാലങ്കാരത്തോടെ ചുറ്റിലും നിന്ന് പിറന്നാളുകാരന് വേണ്ടി നമ്മള്‍ പാടുന്ന ആശംസാഗാനങ്ങള്‍ക്ക് ചാരുത പകരുമ്പോള്‍ ഓര്‍മ്മകള്‍ പൂക്കാവടിയുമായ് എത്തുന്നു.

പിറന്നാള്‍ ദിനത്തില്‍ വയസ്സ് ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്. പടം പോലും യൗവ്വനകാലത്തെ മാത്രമേ കൊടുക്കാവൂ എന്ന പക്ഷക്കാരനാണ് ഈ ലേഖകന്‍. പ്രായം കാലത്തിന്റെ വികൃതിയാണ്. അതിന്റെ കാക്കകാലുകള്‍ നമ്മുടെ ശരീരത്തില്‍ പതിയുന്നുവെന്നു മാത്രം. മനസ്സാണ് നിതാന്ത യൗവന സ്ഥിതിതിയില്‍ നില്‍ക്കുന്നത്.

അതുകൊണ്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് പ്രിയപ്പെട്ട, അഭിവന്ദ്യയായ നമുക്ക് എല്ലാവര്ക്കും പ്രിയങ്കരിയായ ബഹുമാനപ്പെട്ട എല്‍സി കൊച്ചമ്മ പത്തനംതിട്ടയിലെ കടമ്പനാട് എന്ന ഗ്രാമത്തില്‍ ജനിച്ചുവെന്നു മാത്രം പറഞ്ഞാല്‍ മതി. ഏതു വര്‍ഷം എന്നതിന് പ്രസക്തിയില്ല. അവിടെ ബാല്യ, കൗമാര, യൗവനവും വിദ്യാഭ്യാസവും കഴിഞ്ഞ എല്‍സി കൊച്ചമ്മ അധ്യാപികയായി ജോലിനോക്കവെ വിവാഹിതയായി അമേരിക്കയില്‍ എത്തി.

അമേരിക്കയിലെ പ്രശസ്ത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്ത ബിരുദവും, ഡിപ്ലോമകളും കരസ്ഥമാക്കി. ന്യുയോര്‍ക്ക് സ്റ്റെറ്റ് ഗവര്‍മെന്റിന്റെ കീഴിലുള്ള നാസ കൗണ്ടി ഡിപ്പാര്‍ട്‌മെന്റ ഓഫ് പബ്ലിക് വര്‍ക്ക്‌സില്‍ എന്‍ജിനീയര്‍ ആയി പ്രവര്‍ത്തിക്കുകയും യഥാ സമയം അടുതൂണ്‍ പറ്റുകയും ചെയ്തു. അവിടെനിന്നും വിരമിച്ചതിനു ശേഷം മുഴുവന്‍ സമയം പള്ളിയ്ക്കും, സമൂഹത്തിനും, സാഹിതി സപര്യക്കും വേണ്ടി മാറ്റി വച്ചിരിക്കുന്നു.

ഇങ്ങനെ ചുരുക്കമായി പറഞ്ഞുകൊണ്ട് ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തിലേക്ക് കടക്കാം. സങ്കീര്‍ത്തനം 118 -24 ഇങ്ങനെ പറയുന്നു. ഇത് യഹോവ ഉണ്ടാക്കിയ ദിവസം ഇന്ന് നാം സന്തോഷിച്ചു ആനന്ദിക്ക.

മുന്നൂറ്റിഅറുപത്തിയഞ്ച് ദിവസങ്ങള്‍ ഉള്ളതില്‍ ഒരാള്‍ക്ക് ഏറ്റവും പ്രിയമുള്ളതും പ്രധാനപ്പെട്ടതും അദ്ദേഹത്തിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും ആ ദിവസം ആഘോഷിക്കാനുള്ളത് തന്നെ. നമ്മുടെ പ്രിയപ്പെട്ട, ബഹുമാനപ്പെട്ട കൊച്ചമ്മയുടെ ജന്മദിനത്തില്‍ പ്രാര്‍ത്ഥനാനിര്ഭരമായ ആശംസാഗാനങ്ങള്‍ പാടി ജന്മനക്ഷത്രങ്ങളെ ആനന്ദിപ്പിക്കാം.

ഓരോ മനുഷ്യരും ഓരോ രാശിയില്‍ പിറന്നു വീഴുന്നു. ചിലരുടെ ജന്മസമയങ്ങള്‍ പരിശോധിക്കുമ്പോള്‍ ജ്യോതിഷ് വിദഗ്ദ്ധര്‍ പറയാറുണ്ട്. ഒരു നാഴിക അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ എന്ന്. മാറുകയില്ല. കാരണം ഇതെല്ലാം സര്‍വശക്തനായ ദൈവത്തിന്റെ തീരുമാനത്തില്‍ നടക്കുന്നു. ബൈബിള്‍ എഫസ്യര്‍ അദ്ധ്യായം 2 -10 നമ്മള്‍ ഇങ്ങനെ വായിക്കുന്നു. ''നാം അവന്റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ടു കൃസ്തു യേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.''

നമ്മുടെ പ്രിയപ്പെട്ട കൊച്ചമ്മ ജനിക്കുമ്പോള്‍ അക്ഷരങ്ങളെ ലാളിക്കാനും സമൂഹ നന്മക്കായി പ്രവര്‍ത്തിക്കാനുമുള്ള മഹത്തായ കര്‍മമാണ് അവരില്‍ ദൈവം നിയോഗിച്ചത്. അത് സാക്ഷാത്കരിക്കപ്പെട്ടു.

അവരുടെ ജീവിതപങ്കാളിയായി എത്തിയത് വന്ദ്യശ്രീ ഡോക്ടര്‍ യോഹന്നാന്‍ ശങ്കരത്തില്‍, കോര്‍ എപ്പിസ്‌കോപ്പയാണ്. ദൈവവുമായി, ദൈവത്തിന്റെ വചനങ്ങളുമായി പ്രതിദിനം ബന്ധപ്പെട്ടുകൊണ്ടിരിക്കുക. അതെല്ലാം കാവ്യ രചനയിലൂടെ എല്ലാവര്ക്കും നന്മ വരുംവിധം പ്രചരിപ്പിക്കുക എന്നിവയില്‍ അവരും പങ്കു ചേരുന്നു . കൊച്ചമ്മക്ക് യശസ്സും, ദീര്‍ഘായുസ്സും, ആരോഗ്യങ്ങളും നേരാം.

എല്ലാ ജന്മദിനത്തിലും എല്ലാവര്‍ക്കും ഒരു സമ്മാനം കിട്ടും. അതാണ് ഒരു പുതിയവര്‍ഷം ഒരു വയസ്സ് കൂടി കൂടുതലായിട്ട്. എന്നാല്‍ നമ്മുടെ പ്രിയപ്പെട്ട കൊച്ചമ്മക്ക് ഒരു വയസ്സ് പോലും കൂടുതലാകാന്‍ നമ്മള്‍ സമ്മതിക്കുകയില്ല. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കരുതലും കൊച്ചമ്മക്ക് കാവലായി നില്‍ക്കും. കാലത്തിനു കടന്നുവരാന്‍ പറ്റാത്ത വിധത്തില്‍ നമ്മള്‍ തീര്‍ക്കുന്ന മതിലുകള്‍ക്കുള്ളില്‍ നിന്ന് നമുക്ക് കൊച്ചമ്മയോടോപ്പം ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ഈ സുദിനം കൊച്ചമ്മയുടെ ജീവിതത്തില്‍ മുടങ്ങാതെ പ്രതിവര്‍ഷം വന്നെത്തട്ടെ.

ആയുരാരോഗ്യങ്ങള്‍ ഒരിക്കല്‍ കൂടി നേര്‍ന്നുകൊണ്ട്
സ്‌നേഹപുരസ്സരം
സുധീര്‍/ ജോര്‍ജ് ജോസഫ്/ ഇ മലയാളി പ്രവര്‍ത്തകസമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക