Image

മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)

Published on 15 June, 2019
മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)

ഭരണങ്ങാനംകാരി ത്രേസ്യമ്മ എന്ന മിസ് കുമാരിയും ലോസാഞ്ചല്‍സില്‍ ജനിച്ച നോര്‍മ ജീന്‍ മോര്‍ട്ടന്‍സന്‍ എന്ന മരിലിന്‍ മണ്‍റോയും ഒരേകാലത്ത് ജീവിച്ചിരുന്നവരാണ്. കുമാരി 14 വര്‍ഷം കൊണ്ട് 44 ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിന്റെ ഹൃദയറാണിയായപ്പോള്‍ മരിലിന്‍ 17 വര്‍ഷം കൊണ്ട് മുപ്പതു ചിത്രങ്ങളില്‍ അരങ്ങു തകര്‍ത്തു ഹോളിവുഡിന്റെ മഹാറാണിയായി. നീലക്കുയിലിലൂടെ ഇന്ത്യയിലെ ഏറ്റം മികച്ച നടിക്കുള്ള വെള്ളിമെഡല്‍ നേടിയ കുമാരിക്കും സം ലൈക് ഇറ്റ് ഹോട്ട് എന്ന ചിത്രത്തിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം നേടിയ മരിലിനും അന്ത്യം ദുരന്തമായിരുന്നു.

തലേ ദിവസം ചേച്ചിയെ കണ്ടു ആശ്ലേഷം ചെയ്തു മടങ്ങിയ മിസ് കുമാരി രാത്രി മരിച്ചു എന്ന കേട്ടാല്‍ ആരാണ് നടുങ്ങാത്തതു! പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയ നേരത്ത് ഉറക്കഗുളിക കഴിച്ച് മരിലിന്‍ മരിച്ചു എന്നു കേട്ടാല്‍ ആരാണ് വിശ്വസിക്കുക! രണ്ടുപേരുടെയും ദുരന്തത്തിന് പിന്നിലെ ഗൂഡാലോചനകളെപ്പറ്റി അമേരിക്കയിലും കേരളത്തിലും ഒട്ടേറെ പുകിലുകള്‍ ഉണ്ടായി. മിസ് കുമാരിയുടെ കല്ലറപൊളിച്ച് മൃതദേശം പുറത്തെടുത്തു വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി.

എലിയെക്കൊല്ലാന്‍ ഉപയോഗിക്കുന്ന എന്റിന്‍ എന്ന വിഷം ഉള്ളില്‍ ചെന്നതുകൊണ്ടാണ് മിസ് കുമാരി മരിച്ചതെന്നായിരുന്നു ആരോപണം. കറുത്ത ദ്രാവകം .അല്‍പ്പംവെള്ളം ചേര്‍ത്താല്‍ പാല്‍ പോലിരിക്കും. എറണാകുളം കോടതിയില്‍ ആറുമാസം വിചാരണ നടന്നു. വിഷം കുമാരി സ്വയം കഴിച്ച് എന്നായിരുന്നു ഒരുവാദം. മറ്റൊരാള്‍ കൊടുത്തു എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞു കോടതി കേസ് തള്ളി. കൃത്യം അമ്പത് വര്‍ഷം മുമ്പായിരുന്നതിനാല്‍ അങ്ങിനെയൊക്കെയേ നടക്കൂ. ഇന്നു മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തുമായിരുന്നു. പ്രതിയെ കുടുക്കുമായിരുന്നു. എന്നാലും കുമാരി ഉയര്‍ത്തെഴുനേറ്റു വരില്ലല്ലോ, മലയാളത്തിന് എന്നെന്നേക്കും നഷ്ടവസന്തം. .

ഇന്നായിരുന്നെവെങ്കില്‍ രണ്ടു മരണവും നെറ്റ്ഫ്ലിക്സ് പോലുള്ള ആഗോള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ചിത്രത്തിനോ സീരിയലുകള്‍ക്കോ വിഷയമായി തീര്‍ന്നേനെ. ന്യൂഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ മരണം സൃഷ്ടിച്ച ആഗോള ശ്രദ്ധ എല്ലാവര്ക്കും അറിയാം. അതെന്റെ ചുവടു പിടിച്ച് നെറ്റ് ഫ്ലിക്സ് എടുത്ത ഡല്‍ഹി ്രൈകം എന്ന പരമ്പരയുടെ ആദ്യ സീസണ്‍ കഴിഞ്ഞതേയുള്ളൂ. നായികയായ പോലീസ് ഓഫീസറായി വേഷമിട്ട ഷെഫാലി ഷാ ആഗോള പ്രശസ്തയുമായി.

മരിലിന്‍ മണ്‍റോയെപ്പറ്റി നൂറുകണക്കിന് പുസ്തകങ്ങള്‍ ഇറങ്ങി. ട്രൂമാന്‍ കപോട്, ജോയ്സ് കരോള്‍ ഓട്സ് തുടങ്ങിയ പ്രഗല്‍ഭര്‍ എഴുതി. നിര്‍ഭാഗ്യവശാല്‍ മിസ് കുമാരിയെയെപ്പറ്റി ആധികാരിക പുസ്തകങ്ങള്‍ ഒന്നും തന്നെ ഇറങ്ങിയിട്ടില്ല. 'യാഥാസ്ഥിതിക പാരമ്പര്യങ്ങളുടെ ലോകത്തു നിന്നും ഉദിച്ചുയര്‍ന്നു അഭിനയത്തെ ആകാശത്തോളം ഉയര്‍ത്തിയ കലാകാരി ആയിരുന്നു കുമാരി,' ഒരു ടെലിവിഷന്‍ പാരമ്പരക്കുവേണ്ടി കുമാരിയെപ്പറ്റി പഠിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറയുന്നു.

മരിലിനും മിസ് കുമാരിയും തമ്മില്‍ സാമ്യവും അതിലേറെ വിഭിന്നതകളും ഉണ്ടായിരുന്നു. മരിലിന്‍ ഗ്ലാമര്‍ റോളുകളില്‍ അഭിനയിച്ചു അമേരിക്കയെ കാല്‍ച്ചുവട്ടില്‍ വീഴ്ത്തി. എന്നും പള്ളിയില്‍ പോകുന്ന കുമാരി അത്തരം റോളുകളില്‍ നിന്ന് മാറി നിന്നു. മരിലിന്‍ മൂന്ന് വിവാഹം കഴിച്ചു.. കുമാരി ഒരുതവണയെ വിവാഹിതയായുള്ളു. പക്ഷെ ഭര്‍ത്താവ് മൂന്ന് തവണ വിവാഹം ചെയ്തു. മുമ്പും പിമ്പും. കുമാരിക്കു മൂന്ന് ആണ്‍കുട്ടികള്‍. മരിലിന്‍ മൂന്നുതവണ ഗര്‍ഭിണിയായി. മൂന്നും അലസിപ്പോയി. മരണത്തിനു തൊട്ടു മുമ്പായിരുന്നു മൂന്നാമത്തേത്. ജോണ്‍ എഫ്.കെന്നഡി മരിലിന്റെ കാമുകനായിരുന്നുവത്രേ. കെന്നഡി പ്രസിഡണ്ട് ആയപ്പോള്‍ എല്ലാ ബന്ധങ്ങളും തേച്ച് മായിച്ചു.

ഭരണങ്ങാനത്ത് ജൗളിക്കട നടത്തിയിരുന്ന കൊല്ലംപറമ്പില്‍ തോമസിനു ഏഴുമക്കള്‍. രണ്ടുപെണ്ണും അഞ്ചാണും. ആദ്യത്തെ രണ്ടു പേരും പെണ്ണുങ്ങള്‍. പെണ്ണമ്മയും ത്രേസ്യാമ്മയും. 'ഞങ്ങള്‍ കൂട്ടുകാരൊപ്പം പള്ളിമുറ്റത്ത് ഒത്തുകൂടി ആടിപ്പാടി മാമ്പഴം പെറുക്കി ചാമ്പങ്ങ പറിച്ച് പാലാ വരെ അഞ്ചര കി..മീ നടന്നു പോയി സെന്റ് മേരീസില്‍ പഠിക്കാന്‍.'' രണ്ടുവയസ് മൂപ്പുള്ള ജ്യേഷ്ടത്തി പെണ്ണമ്മ ഈ ലേഖകന്റെ മുമ്പില്‍ ഓര്‍മ്മച്ചെപ്പു തുറന്നു. പ്രായം 81 ആയെങ്കിലും പ്രസാദ മധുരമായ സംസാരം. വീടിനടുത്ത് ഇന്‍ഫന്റ് ജീസസ് എന്ന ്രൈപമറി സ്‌കൂളിന്റെ ഉടമയാണ്.

പെണ്ണമ്മ എസ്എസ്എല്‍സി വരെ പഠിച്ചു, പാസ്സായില്ല. ത്രേസ്യാമ്മ മിടുക്കിയായിരുന്നു. നല്ല മാര്‍ക്കോടെ പാസായി. കാണാനും ചന്തം. അവളെ മഠത്തില്‍ എടുക്കണമെന്ന് കന്യാസ്ത്രീകള്‍ മോഹിച്ചു. ഉടുപ്പിടു വിച്ചു നോക്കി. മണ്ഡപത്തിലമ്മ എന്ന സിസ്റ്റര്‍ ഗൊരേത്തി ത്രേസ്യാമ്മയെ ഏല്‍പി സ്‌കൂളില്‍ അദ്ധ്യാപികയായി നിയമിച്ചു. അല്‍ഫോന്‍സാമ്മ പഠിപ്പിച്ച സ്‌കൂള്‍.

കൊല്ലംപറമ്പില്‍ കുടുംബക്കാരെല്ലാം നാടകകമ്പക്കാരായിരുന്നു. ഒരുതരം ഭ്രാന്ത്. കുമാരി സഹായിച്ചു കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ പെട്ട പൊന്മലയിലേക്കു കുടിയേറിയ അനുജന്‍ പാപ്പൂട്ടിയും (ജേക്കബ് തോമസ്) വെറുതെയിരുന്നില്ല, കൃഷിയോടൊപ്പം നാടകങ്ങള്‍ നടത്തി. ആദ്യം പള്ളി പെരുനാളിനോടനുബന്ധിച്ച്. സ്വന്തം നാടകസമിതിയും ഉണ്ടാക്കി, നാടകം എഴുതി, അഭിനയിച്ചു. 'ഇതായിരുന്നു ഞങ്ങളുടെ ഓഫീസ്,' പൊന്മലയില്‍ എത്തിയ എന്നോട് പാപ്പൂട്ടി ചൂണ്ടിക്കാട്ടി.

ഉദയാ സ്റ്റുഡിയോയിലെ ഹാര്‍മോണിസ്റ് പുളിംകുന്നു സ്വദേശി മാത്യൂസ് ഒരുദിവസം കൊല്ലംപറമ്പിലെത്തി. സിനിമയില്‍ ഒന്നോ രണ്ടോ മിനിറ്റു നേരം കൊടി പിടിച്ച് പാട്ടുംപാടി നടക്കാന്‍ മുഖശ്രീയുള്ള ഒരു പെണ്‍കുട്ടിയെ വേണമെന്ന് പറഞ്ഞു. നാടകക്കാരനായ ഇച്ചാച്ചന് പരിചയമുള്ള ആളാണ്. ത്രേസ്യാമ്മയെ വിട്ടാലോ എന്ന് ഇച്ചാച്ചന്‍ ആലോചിച്ചു. ത്രേസ്യമ്മക്കു ആധിയായി. ഹെഡ്മാസ്റ്റരച്ചനെ പോയി കണ്ടു. മഠത്തിലെ അമ്മയോടും ചോദിച്ചു. മുണ്ടും ചട്ടയും ഹാഫ് സാരിയും വെന്തിങ്ങയും ഇട്ട പതിനേഴുകാരിത്രേസ്യാമ്മ അങ്ങനെ ഉദയായുടെ ആദ്യചിത്രമായ വെള്ളിനക്ഷത്രത്തിലൂടെ നടിയായി. 250 രൂപ പ്രതിഫലവും കിട്ടി. കുടുംബം ഒന്നാകെ പാലാ സെന്‍ട്രല്‍ തീയറ്ററില്‍ പോയി സിനിമ കണ്ടു.

നല്ലതങ്ക എന്ന അടുത്ത ചിത്രത്തില്‍ നായിക ആയതോടെ പേരുമാറ്റി മിസ് കുമാരിയായി. ഗായകന്‍ യേശുദാസന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു നായകന്‍. വര്‍ഷം 1950. അടുത്ത 14 വര്‍ഷം തിക്കുറിശ്ശി, പ്രേംനസീര്‍, സത്യന്‍ എന്നിവരുടെ നായികയായി 44 ചിത്രങ്ങളില്‍ പ്രത്യക്ഷപെട്ടു. ഏതാനും ചിലത് തമിഴ് ചിത്രങ്ങള്‍. ഒന്നുകില്‍ രാജകുമാരി, അല്ലെങ്കില്‍ ദേവത. അതിനൊരു മാറ്റം വന്നത് പി.ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത ചന്ദ്രതാരയുടെ നീലക്കുയിലിലാണ്. ഒരു പുലയ പെണ്‍കുട്ടിയായി അഭിനയിച്ചു. ഇന്ത്യയിലെ ഏറ്റം മികച്ച നടിക്കുള്ള രാഷ്ട്രപതിയുടെ രജത കമല്‍ നേടി. പ്രതിഫലം 5000 രൂപ. 1000 രൂപക്കു ഭരണങ്ങാനത്ത് ഒരേക്കര്‍ വാങ്ങാന്‍ കഴിയുന്ന കാലം.

ഗ്ലാമര്‍ റോളുകളോട് വിപ്രതിപത്തി ആയിരുന്നെങ്കിലും മെരിലാന്‍ഡിന്റെ ആന വളര്‍ത്തിയ വാനമ്പാടി എന്ന ചിത്രത്തില്‍ ശരീരഭംഗി കൂടുതല്‍ പുറത്തു കാണിക്കുന്ന വിധം വേഷമിടേണ്ടി വന്നു. അക്കാലത്തെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു ആ ചിത്രം. തീയറ്ററുകളില്‍ മാസങ്ങളോളം നിറഞ്ഞോടി.

പനയോല മേഞ്ഞിരുന്ന വീട് ഓടിട്ടു പരിഷ്‌കരിച്ചതു കുമാരിയാണ്. തിരുവനന്തപുരത്തിനടുത്ത് നേമത്തെ മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ അഭിനയിച്ചു കൊണ്ടിരുന്ന കാലത്ത് അവിടൊരു വീടുവച്ചു ഇച്ചാച്ചനെയും അമ്മച്ചിയേയും കൊണ്ടു പോകണമെന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല. ഇച്ചാച്ചനാണ് കഥകേട്ട് അംഗീകരിക്കുക. കൂട്ടിനു പോകുന്നത് ആങ്ങളമാരില്‍ ഒരാള്‍, മിക്കവാറും പാപ്പൂട്ടിയോ തങ്കച്ചനോ. തിരുവന്തപുരത്തായിരിക്കുമ്പോള്‍ എല്ലാ ദിവസവും അതിരാവിലെ പാളയം പള്ളിയില്‍ കുര്‍ബാന കാണാന്‍ പോകും. സ്റ്റുഡിയോയില്‍ നിന്ന് കാര്‍ അയക്കും. ആഭരണങ്ങള്‍ എല്ലാം ഊരി വച്ച് ചെരിപ്പിടാതെയാണ് പോവുക.

''ഷൂട്ടിംഗ് നടക്കുമ്പോള്‍ ഞാന്‍ മിക്കവാറും തിരുവനന്തപുരത്ത് ന്യൂ തിയറ്ററില്‍ ആയിരിക്കും. അവിടെ ഓടുന്ന സകല സിനിമകളും കാണും,'' തങ്കച്ചന്‍ എന്ന കെ.ടി തോമസ് എന്നോട് അടക്കം പറഞ്ഞു. ചേച്ചിയോട് ഏറ്റവും അടുപ്പമുള്ള ആള്‍. ഓരോ കാര്യത്തിനും എന്നെ വിളിക്കും, ''എടാ തങ്കച്ചാ, സാരി ഇതു മതിയോ?'എന്നൊക്കെ ചോദിക്കും. അങ്ങിനെയാണ് തങ്കച്ചന് സിനിമയോടും നാടകത്തോടും എല്ലാം അടക്കാനാവാത്ത ഹരം തോന്നിയത്. ചേച്ചി മരിച്ചു കഴിഞ്ഞു വീടിന്റെ മുമ്പില്‍ പണിത മിസ് കുമാരി മെമ്മോറിയല്‍ സ്റ്റേഡിയത്തിലെ ഓപ്പണ്‍ എയര്‍ തീയറ്ററില്‍ പത്തു വര്‍ഷത്തോളം വാരാന്ത്യങ്ങളില്‍ നാടകങ്ങളും സമീപത്ത് തുറന്ന മിനി തീയറ്ററില്‍ എല്ലാ ദിവസവും സിനിമയും നടത്താന്‍ ഒരുമ്പെട്ടത് അങ്ങിനെയാണ്.

എന്‍.എന്‍ പിള്ളയുടെ കാപാലികയുടെ അരങ്ങേറ്റം ഞങ്ങളുടെ സ്റേഡിയത്തിലായിരുന്നു. ചേച്ചി മരിച്ചു 11 വര്‍ഷം കഴിഞ്ഞു 1980-ല്‍ പ്രേംനസിര്‍ ആണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. നാടക രചയിതാവും അഭിനേതാവുമായ എന്‍എന്‍ പിള്ള കാലേകൂട്ടി എത്തും. മുറ്റത്ത് മാവിന്‍ ചുവട്ടില്‍ കസേരയിട്ട് ഞങ്ങളോട് നാടക കലാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കും. എട്ടു മണിക്ക് നാടകം തുടങ്ങും. ആറു മണിക്കേ മൈക്കിലൂടെ പാട്ടുകള്‍ വച്ചു തുടങ്ങും. പിള്ള സാര്‍ നല്ല പാട്ടുകള്‍ കേട്ട് താളം പിടിച്ചു രസിക്കും.

നീലക്കുയില്‍(1954) മലയാളസിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. രാജ-റാണിമാരുടെ കൊട്ടാരക്കെട്ടുകളില്‍ നിന്ന് സിനിമയെ മലയാളത്തിന്റെ മണ്ണിലേക്ക് പറിച്ചു നട്ട കഥ. പുലയ പെണ്‍കുട്ടിയായി മിസ് കുമാരിയും അവളെ സ്നേഹിക്കുന്ന സവര്‍ണനായി സത്യനും അരങ്ങു തകര്‍ത്തു. ഭാസ്‌കരന്‍ എഴുതി കെ. രാഘവന്‍ ഈണം നല്‍കിയ ''കായലരികത്ത് വലയെറിയുമ്പോള്‍,'' ,''മാനെന്നും വിളിച്ചില്ല, മയിലെന്നും വിളിച്ചില്ല,'', ''എല്ലാരും ചൊല്ലണു എല്ലാരും ചൊല്ലണു'' തുടങ്ങിയ ഗാനങ്ങള്‍ മലയാള മനസില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല.

മിസ്സ് കുമാരി സ്മാരക ഓപ്പണ്‍ എയര്‍ തീയറ്ററില്‍ കേരളത്തിലെ എല്ലാ പ്രമുഖ തീയറ്റരുകളുടെയും നാടകങ്ങള്‍ അരങ്ങേറി. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി നാടകത്തിനു ബമ്പര്‍ കളക്ഷന്‍ ആയിരുന്നു. 150-200 സീറ്റുള്ള ഓടിട്ട മിനി തീയറ്ററില്‍ കുമാരിയുടെ ആന വളര്‍ത്തിയ വാനമ്പാടി രണ്ടര മാസം ഓടി.

ഇന്ത്യന്‍ റെയര്‍ എര്‍ത്തില്‍ കെമിക്കല്‍ എന്‍ജിനീയറായ എറണാകുളം സ്വദേശി ഹോര്‍മിസ് തളിയത്താണ് സിനിമകണ്ട് മോഹിച്ച് കുമാരിയെ വിവാഹം കഴിക്കാന്‍ എത്തിയത്. ആദ്യഭാര്യ മരിച്ചു തീരെ ചെറിയ മകളെ നോക്കാന്‍ ആരുമില്ല എന്നുകൂടി കേട്ടപ്പോള്‍ കുമാരിയുടെ മനസ് അലിഞ്ഞു. ആലുവയില്‍ ആയിരുന്നു മനസു ചോദ്യം.

''കുമാരിയുമായി ഏറ്റവും അടുപ്പുള്ള ആള്‍ ഞാന്‍ ആയിരുന്നു. ഞാനന്നു മൈസൂര്‍ സെന്റ് ഫിലോമിനാസില്‍ ഡിഗിരിക്ക് പഠിക്കുകയാണ്. ഫോണ്‍ പോലും കിട്ടാത്ത കാലം. അരുണ എന്ന മാസികയില്‍ ആലുവ അജന്ത തീയറ്ററില്‍ നടന്ന ചേച്ചിയുടെ എന്‍ഗേജ്മെന്റിന്റെ ചിത്രം കണ്ടാണ് ഞാന്‍ വിവരം അറിയുന്നത്. അതുപോലെ ചേച്ചി മരിക്കുമ്പോഴും ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. ഊട്ടിയില്‍ എംആര്‍സി വെല്ലിംഗ്ടണില്‍ ഡിഫന്‍സ് അക്കൗണ്ട്സില്‍ ജോലിയായിരുന്നു.' തങ്കച്ചന്‍ എന്ന കെ. ടി. തോമസ് പറഞ്ഞു.

കുമാരി എംകെകെ നായരോട് പറഞ്ഞു ഹോര്‍മിസിനെ എഫ്എസിറ്റിടിയുടെ അമ്പലമുകളിലെ ഫെഡോയില്‍ ജോലിക്കെടുത്തു. അതുകൊണ്ട് എഫ്എസിടിയുടെ ഒരു പരസ്യചിത്രത്തില്‍ ജോസ് പ്രകാശ് എന്ന പശുവുടമയുടെ പാല്‍ക്കാരി പെണ്‍കുട്ടിയായി അഭിനയിക്കേണ്ടതായും വന്നു.

എറണാകുളം നോര്‍ത്തില്‍ ലിസി ഹോസ്പിറ്റലിനടുത്ത് അവര്‍ ഒരു രണ്ടുനില വീടു വച്ചു. ദാമ്പത്യം ഏഴു വര്‍ഷമേ നീണ്ടു നിന്നുള്ളൂ. മൂന്ന് പുത്രന്മാര്‍. കല്യാണത്തോടെ അഭിനയം അവസാനിപ്പിച്ചെങ്കിലും വീടുപണി സമയത്ത് അരക്കില്ലം എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ ഭര്‍ത്താവ് ഒപ്പിടുവിച്ചുവത്രേ. സ്നാപക യോഹന്നന്‍ എന്ന മറ്റൊന്നിനും.

ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയെ അടക്കം ചെയ്ത ചാപ്പല്‍ ഇരുന്ന സ്ഥാനത്ത് ആ കല്ലറക്ക് സമീപമാണ് കുമാരിയെയും അടക്കം ചെയ്തത് ഇന്നത്തെ പോലെ സംസ്ഥാന ബഹുമതിയോ താരങ്ങളുടെ തല്‍ക്ഷണ അനുശോചനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഒരു നടനാണത്രേ എത്തിയത്. ''ഞങ്ങള്‍ പഠിച്ച സ്‌കൂളിന്റെ 75-ആം വാര്‍ഷികത്തിനു എന്നെ വിളിച്ചു പൊന്നാട അണിയിച്ചു. ഞാനല്ല ത്രേസ്യാമ്മയാണ് പോകേണ്ടിയിരുന്നത്. അവളുടെ ഒരു ചിത്രം സ്‌കൂളില്‍ വച്ചിട്ടുണ്ട്. അതുകണ്ടപ്പോള്‍ ഞാന്‍ വിങ്ങികരഞ്ഞുപോയി'' പെണ്ണമ്മ പറഞ്ഞു.

കുമാരിയുടെ മാതാപിതാക്കളും ഭര്‍ത്താവും ചേച്ചിയും ആങ്ങളമാരും എല്ലാവരും അന്തരിച്ചു. മൂന്ന് പുത്രന്മാരില്‍ ആദ്യത്തെയാള്‍ ജോണി (56) ബിസിനസ്‌കാരന്‍. മുണ്ടക്കയത്തടുത്ത് എന്തയാറില്‍ അമ്മാവന്‍ ബേബിയുമൊത്ത് ഒരു സിനിമാതീയറ്റര്‍ നടത്തിയിരുന്നു. ഭരണങ്ങാനത്ത് താമസം. രണ്ടാമന്‍ തോമസ് യുഎസില്‍. മൂന്നാമന്‍ ഡോ.ബാബു ബഹുഭാഷാ പണ്ഡിതന്‍. ജെഎന്‍യുവില്‍ നിന്ന് എംഎ. ജര്‍മന്‍ ഭാഷയില്‍ ഫ്രൈബര്ഗ് യുണിവേഴ്സിറ്റിടിയില്‍ നിന്ന് പിഎച്ഡി. ജെഎന്‍യുവില്‍ പ്രഫസര്‍ ആണ്. കൂടിയാട്ടം, കേരളീയ വാസ്തുകല തുടങ്ങിയവയില്‍ തല്‍പരന്‍. ജര്‍മന്‍ സുഹൃത്തുക്കളുമായി ഒരിക്കല്‍ ഒളപ്പമണ്ണ മനയില്‍ വച്ചു കണ്ടു.

കുമാരി മരിച്ചു അരനൂറ്റാണ്ട് പൂര്‍ത്തിയായ ഇക്കൊല്ലം ഒരു മിസ്സ് കുമാരി ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയാണ് പാലാ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. മുന്‍ വിസി സിറിയക് തോമസ്, പ്രസിഡണ്ട്, ജോര്‍ജ് കുളങ്ങര, സെക്രട്ടറി. ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, കുമാരിയുടെ സഹോദരപുത്രന്‍ ബാബു കെ തോമസ് (ഏടത്വാ കോളേജ് ഫിസിക്സ് അദ്ധ്യാപകന്‍), കുമാരിയുടെ പുത്രന്‍മാര്‍ ഡോ ബാബു, ജോണി എന്നിവരും പങ്കെടുത്തു.
കലാസാംസ്‌കാരിക രംഗത്തെ ഇടപെടലുകളാണ് ലക്ഷ്യം.
മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)മിസ് കുമാരി: മലയാളത്തിലെ മരിലിന്‍ മണ്‍റോ: നെറ്റ്ഫ്‌ലിക്‌സ് കാണാത്ത വെള്ളിത്തിരയിലെ റാണിമാര്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക