Image

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ ഡിബേറ്റുകള്‍ 26, 27 തീയതികളില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 June, 2019
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ ഡിബേറ്റുകള്‍ 26, 27 തീയതികളില്‍ (ഏബ്രഹാം തോമസ്)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ രണ്ട് ഡസന്‍ പേര്‍ രംഗത്തുണ്ട്. ഇവര്‍ പ്രൈമറികളില്‍ മത്സരിക്കുന്നതിന് മുമ്പ് പൊതുവേദികളില്‍ സംവാദം നടത്തും. ആദ്യ ഡിബേറ്റുകള്‍ ഈ മാസം 26 27 തീയതികളില്‍ മയാമി(ഫ്‌ളോറിഡ) ഡൗണ്‍ടൗണിലെ ഏഡ്രിയന്‍ ആര്‍ഷ്ട് സെന്റ് ഫോര്‍ ദ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നടത്തുമെന്ന് ഡെമോക്രാറ്റിക് നാഷ്്ണല്‍  കമ്മിറ്റി അറിയിച്ചു. ഓരോ ദിവസവും പത്ത് സ്ഥാനാര്‍ത്ഥികള്‍ ഏത് രാത്രിയില്‍ രംഗത്തെത്തും എന്ന് തീരുമാനിച്ചിട്ടില്ല.

20 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ രണ്ട് ഡിബേറ്റുകളിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ധനശേഖരണവും അഭിപ്രായ സര്‍വേകളിലെ പ്രകടനവുമാണ് മാനദണ്ഡമാക്കിയത്. അഭിപ്രായ സര്‍വേകളില്‍ മൂന്നെണ്ണത്തില്‍(ഇവ ഏതൊക്കെ എന്ന് ക്മ്മിറ്റി തീരുമാനിച്ചു) ഒരു ശതമാനമെങ്കിലും പിന്തുണ, 65,000 ദാതാക്കളില്‍ നിന്ന് സംഭാവന ലഭിച്ചു എന്ന് തെളിയിക്കുവാന്‍ കഴിഞ്ഞു എന്നിവയാണ് യോഗ്യതകള്‍. ദാതാക്കള്‍ 20 സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞത് 200 പേര്‍ വീതം ആയിരിക്കണം.

ഈ യോഗ്യതകള്‍ ഉള്ള ഇരുപത് പേര്‍ ഇവരാണെന്ന് കമ്മിറ്റി വെളിപ്പെടുത്തി- സെനറ്റര്‍ മൈക്കേല്‍ ബെന്നറ്റ് , കൊളറാഡോ, മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡന്‍, സെന. കോറിബുക്കര്‍ (ന്യൂജേഴ്‌സി), സൗത്ത് ബെന്‍ഡ്, ഇന്ത്യാന മേയര്‍ പീറ്റ് ബട്ടീഗെയ്ഗ്, മുന്‍ ഹൗസിംഗ്  സെക്രട്ടറി ജൂലിയന്‍ കാസ്‌ട്രോ, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ, മുന്‍ മെരിലാന്‍ഡ് പ്രതിനിധി ജോണ്‍ ഡിലേനി, ഹവായ് പ്രതിനിധി തുള്‍സി ഗബ്ബാര്‍ഡ്, ന്യൂയോര്‍ക്ക് സെന, കിഴ്‌സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് , കാലിഫോര്‍ണിയ സെന. കമല ഹാരിസ്, മുന്‍ കൊളറാഡോ ഗവര്‍ണ്ണര്‍ ജോണ്‍ ഹിക്കന്‍ലൂപ്പര്‍, വാഷിംഗ്ടണ്‍ ഗവ. ജയ് ഇന്‍സ് ലീ, മിനിസോട്ട സെന. ഏയ്മി ക്ലോബുച്ചര്‍, മുന്‍ ടെക്‌സസ് പ്രതിനിധി ബീറ്റോ ഒറൗര്‍കി, ഒഹായോ പ്രതിനിധി ടിം റയാന്‍, വെര്‍മോണ്ട് സെന. ബേണി സാന്‍ഡേഴ്‌സ്, കാലിഫോര്‍ണിയ പ്രതിനിധി എറിക് സ്വാല്‍വെല്‍, മാസച്യൂറ്റ്‌സ് സെന. എലിസബെത്ത് വാറല്‍, ഗ്രന്ഥകര്‍ത്രി മരിയാന്‍ വില്യംസണ്‍, വ്യവസായ പ്രമുഖന്‍ ആന്‍ഡ്രൂയംഗ്.
ഈ യോഗ്യതകള്‍ ഇല്ലെന്ന് കണ്ടെത്തിയ സ്ഥാനാര്‍ത്ഥികള്‍ മൊണ്ടാന ഗവ.സ്റ്റീവ് ബുള്ളക്ക്, മുന്‍ അലാസ്‌ക സെന. മൈക്ക്  ഗ്രേവല്‍ മിറാമര്‍, ഫ്‌ളോറിഡ മേയര്‍ വെയ്ന്‍ മെസ്സാം, മാസച്യൂറ്റ്‌സ് പ്രതിനിധി സേത് മോള്‍ട്ടന്‍ എന്നിവരാണ്. മൂന്ന് നെറ്റ് വര്‍ക്കുകള്‍ തത്സമയം ഇസ്‌റ്റേണ്‍ സമയം 9 മണി മുതല്‍ രണ്ടു ദിവസവും ഡിബേറ്റുകള്‍ പ്രക്ഷേപണം ചെയ്യും. രണ്ട് ഡിബേറ്റുകളുടെയും രൂപഘടന ഒന്നായിരിക്കും. വേദി പങ്കിടുന്ന സ്ഥാനാര്‍ത്ഥികള്‍ എവിടെയൊക്കെ നില്‍ക്കും എന്ന് തീരുമാനിച്ചിട്ടില്ല. എന്‍ബിസി ന്യൂസ്, എംഎസ്എന്‍ബിസി ടെലിമുണ്ടോ എന്നീ നെറ്റ് വര്‍ക്കുകളാണ് ഡിബേറ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

പന്ത്രണ്ട് ഡിബേറ്റുകളാണ് തങ്ങള്‍ പദ്ധതി ഇട്ടിരിക്കുന്നതെന്നും അവയില്‍ ആദ്യത്തേതാണ് ഇവയെന്നും ഡിഎന്‍സി അറിയിച്ചു, ലെസ്റ്റര്‍ഹോള്‍ട്ട്, സാവന ഗത്രി, ചക്ക് ടോഡ്, റേച്ചല്‍ മാഡോ, ഹോസേ ഡയസ് ബാലാര്‍ട്ട് എന്നിവര്‍ മോഡറേറ്റ് ചെയ്യും. എന്‍ബിസി ന്യൂസിന്റെ ഡിജിറ്റല്‍ പഌറ്റ് ഫോമുകള്‍, എം.എസ്.എന്‍ബിസി ഡോട്ട് കോം, എന്‍ബിസി ന്യൂസ് മൊബൈല്‍ ആപ്പ്, ഒടിടി ആപ്‌സ്, ടെലിമുണ്ടോ ഡിജിറ്റല്‍ പഌറ്റ് ഫോംസ് എന്നിവയിലും ഡിബേറ്റുകള്‍ ലഭിക്കും.

പ്രായത്തെ നിഷേധിക്കരുത്, പ്രായത്തെ വെല്ലുകയാണ് വേണ്ടത് എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ പ്രായത്തെ വെല്ലാന്‍ ശ്രമിച്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ ചെറുപ്പക്കാരായ മറ്റ് സ്ഥാനാര്‍ത്ഥികള്‍ കടന്നാക്രമണം നടത്തുകയാണ്. തനിക്ക് പ്രായമായി എന്ന ആരോപണം ബൈഡന്‍ പലതവണ നിഷേധിച്ചിട്ടുണ്ട്. ജൂണ്‍ 1987 ല്‍ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ ബട്ടീ ഗെയിഗിന് വെറും 5 വയസായിരുന്നു. കാസ്‌ട്രോയ്ക്ക് ഇപ്പോള്‍ 44 വയസേ ഉള്ളൂ തുടങ്ങിയ വെളിപ്പെടുത്തലുകള്‍, മാധ്യമങ്ങളില്‍ നിറയുകയാണ്. ലക്ഷ്യം ബൈഡന്റെ പ്രായമാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ ഡിബേറ്റുകള്‍ 26, 27 തീയതികളില്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക