Image

തോക്കിന് മുന്നില്‍ വില്ലും വാളുമായി കലാകാരന്മാര്‍ (അഭിമുഖം)

Published on 14 June, 2019
തോക്കിന് മുന്നില്‍ വില്ലും വാളുമായി കലാകാരന്മാര്‍ (അഭിമുഖം)
സ്‌കോട്ട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍, ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട സാഹിത്യകാരന്‍ കാരൂര്‍ സോമനുമായി നടത്തിയ വിവാദ കാര്‍ട്ടൂന്‍ അഭിമുഖം.                       

ചോദ്യം....... പ്രവാസി എഴുത്തുകാരില്‍ പ്രമുഖനായ താങ്കള്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ വിഷയങ്ങളില്‍ പലപ്പോഴും പ്രതികരിച്ചു കാണാറുണ്ട്.  ഇപ്പോള്‍ നടക്കുന്ന ലളിത കലാ അക്കാദമി കാര്‍ട്ടൂന്‍  പുരസ്കാരത്തില്‍ മൗനിയാകുന്നത് എന്താണ്? ക്രിസ്തിയാനിയുടെ വിശുദ്ധ അംശവടിയുടെ മുകളില്‍ യുവതിയുടെ അടിവസ്ത്രം വരച്ചത് തെറ്റുതന്നെയല്ലേ?
                                                                  
ഉത്തരം......ഒരു കാര്‍ട്ടൂന്‍ കണ്ടാല്‍ അതിന്റെ അര്‍ത്ഥബോധം  ഒരേ താളത്തില്‍ എല്ലാവരും ഉള്‍ക്കൊള്ളണമെന്നില്ല.  കാര്‍ട്ടൂണിലെ അംശ വടി മതചിഹ്നമല്ല അധികാരചിഹ്നമെന്നാണ് ലളിതകലാ അക്കാദമി അറിയിച്ചിട്ടുള്ളത്.  1962 ല്‍ സര്‍ക്കാര്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യ അധ്യക്ഷന്‍ എം.രാമവര്‍മ്മരാജയാണ്. പിന്നീട് രവിവര്മയായി. ഇതില്‍ രവിവര്‍മ്മയുടെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു ചിത്രമാണ് ശകുന്തള.  ആ ശകുന്തള കാളിദാസന്‍റ് കഥാനായികയില്‍ നിന്നും വ്യത്യസ്തമാണ്. ഇതുപോലെ ഓരോ സൃഷ്ഠിയിലും വിത്യസ്ത സവിശേഷതകളും ഭിന്നാഭിപ്രായങ്ങളുമുണ്ട്.  സാഹിത്യകാരനായാലും, ചിത്രകാരനായാലും, കാര്‍ട്ടൂണിസ്റ്റായാലും ഇവര്‍ നടത്തുന്നത് അനുഭൂതികളുടെ ആവിഷ്കാരമാണ്. അവര്‍ കാവ്യാത്മാവിനെ കണ്ടെത്തുന്നു എന്ന് ചുരുക്കം. അത് ചിലര്‍ക്ക് വേദനപകരുന്നതാകാം. ഇപ്പോള്‍  കാവ്യാത്മാകതയും മാതാത്മാകതയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് നടക്കുന്നത്.    വിശുദ്ധ അംശവടി യേശുക്രിസ്തു ആര്ക്കും കൊടുത്തതായി എന്റെ അറിവിലില്ല. ഇസ്രയേലിന്റെ പ്രവാചകന്‍ മോശയുടെ കൈവശം ഒരു വടിയുള്ളതായി അറിയാം. യുദന്റെ വടി ക്രിസ്തിയാനിക് എന്തിനാണ്? യേശു വന്നതോടെ പഴയെ പ്രമാണമല്ല ക്രിസ്തിയാനികള്‍ ആചരിക്കുന്നത്.  പുതിയ പ്രമാണമാണ്. യേശു ഒരു വടികൊണ്ട് യെരുശലേം ദേവാലയത്തില്‍ നിന്നും കള്ളപുരോഹിതന്മാരെയും കച്ചവടക്കാരായ പ്രമാണിമാരെയും അടിച്ചു പുറത്താക്കി എന്നത് ബൈബിളിലുണ്ട്.  യേശുവേ ഒന്നുകൂടി വരേണമേ എന്ന് പലരും ആഗ്രഹിക്കുന്നു. അതുകൊണ്ട്  എല്ലാ പുരോഹിതന്മാരും കള്ളന്മാരെന്നു പറയരുത്. വിശുദ്ധ ജീവിതം നയിക്കുന്നവരുമുണ്ട്.

ചോദ്യം.........അധികാരചിഹ്നമായാലും മതചിഹ്നമായാലും ഒരു മതവിശ്വാസിയുടെ വിശ്വാസത്തെയല്ലേ അത് സ്പര്‍ശിക്കുന്നത്?

ഉത്തരം.........ഒരു മതത്തെ പ്രതിരോധിക്കാനോ പ്രശംസിക്കാനോ ഞാനാളല്ല. ഈ വിശ്വാസികള്‍ ഒരു ആത്മ പരിശോധനയോ അല്ലെങ്കില്‍ അവരുടെ ആത്മാവിനെ ഒന്നു സ്പര്‍ശിച്ചാല്‍ ചെന്നെത്തുന്നത് ആത്മാവിന്റെ  പാതയിലായിരിക്കും. നമ്മിലെ തിരിച്ചറിവാണ് യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നത്.

ചോദ്യം.......ഇത് മതനിന്ദ അല്ലന്നാണോ പറയുന്നത്?

ഉത്തരം.........മനുഷ്യനുണ്ടാക്കിയ മതത്തെ വണങ്ങി തൊട്ടുവന്ദിച്ചു് അനുഗ്രഹം തേടി പോകുന്നതില്‍ ആര്ക്കാണ് എതിര്പ്പുള്ളത്? മതം ഒരു മിഥ്യാധാരണയാണ്. കാരണം ഒരു ദൈവവും ഒരു മതത്തെ സൃഷ്ടിച്ചിട്ടില്ല. സഹായിക്കുന്നില്ല, സ്‌നേഹിക്കുന്നില്ല മറിച്ചു് മനുഷ്യരുടെ കര്‍മ്മഫലങ്ങള്‍ക്ക് പ്രതിഫലം കൊടുക്കുന്ന ഒരു ദൈവത്തെ നമ്മുക്ക് ആരാധിക്കാം. വടക്കേ ഇന്ത്യപോലെ കുറെ നാളുകളായി മതം ഒരു മനോരോഗമായി കേരളത്തിലും പടര്‍ന്നിട്ടുണ്ട്. അദ്ധ്വാനിക്കാതെ കാശുണ്ടാക്കുന്ന ഈ കുട്ടര്‍ക്ക് മതത്തിന്റെ ഒരു കച്ചിത്തുരുമ്പ് കിട്ടിയാലും അതവര്‍ വിവാദമാക്കും. മതഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍ മുസ്ലിംങ്ങളെ പലപ്പോഴായി കൊന്നിട്ടുണ്ട്. ഇവിടെ മതത്തിന്റ പേരില്‍ മതസ്പര്ദ്ധ വളര്‍ത്തി പാവങ്ങളുടെ മനസ്സിനെ ഇളക്കിമറിച്ചു് മതവികാരം ആളിക്കത്തിക്കുന്നത് ആദ്ധ്യാല്‍മികതയുടെ ആദ്യപാഠങ്ങള്‍  അറിയാത്തവരാണ്. ഇവര്‍ മതത്തിന്റെ മതില്‍കെട്ടിനുള്ളില്‍ കൊഴുത്തു തടിച്ചു വളരുന്നു. 

ചോദ്യം.......സാംസ്കാരിക വകുപ്പ് മന്ത്രി പുരസ്കാരം പുനഃപരിശോധിക്കും എന്ന് പറയുമ്പോള്‍ രാഷ്ട്രീയ ഇടപ്പെടലുകള്‍ ഈ അവാര്‍ഡ് നിര്‍ണ്ണയത്തിലുണ്ടോ? പല അവാര്‍ഡുകളും രാഷ്ട്രീയം നോക്കിയാണോ നല്‍കുന്നത്?  

ഉത്തരം.......മന്ത്രിയുടെ പ്രസ്താവന  ഗൗരവമുള്ളതാണ്.  ഓരോ കലാസാഹിത്യ സൃഷ്ഠികളും സത്യന്ധമായും നിഷ്കര്‍ഷയോടെ പരിശോധിക്കേണ്ടതാണ്. അരമന രഹസ്യം ആരും അങ്ങാടിപ്പാട്ടാക്കാറില്ലല്ലോ.  ശ്രി. സുഭാഷ്.കെ.കെ. വരച്ച കാര്‍ട്ടൂണ്‍ തെരെഞ്ഞെടുത്തത് പ്രശസ്ത കാര്‍ട്ടൂണിസ്‌റ് ശ്രീ.സുകുമാര്‍ അടങ്ങിയ മൂന്നു പേരാണ്. അവിടെ രാഷ്ട്രീയം കാണുമെന്ന് കരുതുന്നില്ല.   ഇന്ത്യന്‍ നീതി ന്യായ വകുപ്പും സാഹിത്യ സാംസ്കാരിക സ്ഥാപനങ്ങളും രാഷ്ട്രീയ അധികാരികളില്‍ നിന്നും മാറിയാല്‍ ഈ ദുഷ്‌പേര് ഒഴുവാക്കാന്‍ സാധിക്കും.  തെരഞ്ഞെടുപ്പുകളില്‍പ്പോലും ജനാധിപത്യം മതാധിപത്യമായി മാറാറുണ്ട്. ഈ ജീര്‍ണ്ണിച്ച ജനാധിപത്യം എത്രനാള്‍ തുടരും. ഇതിനൊക്കെ ഒരു മാറ്റം വരേണ്ടതല്ലേ?

ചോദ്യം.......ഈ കാര്‍ട്ടൂണിനെതിരെ ഒരു പറ്റം വിശ്വാസികള്‍ മതചിന്ത വളര്‍ത്തി യേശു വിഭാവനം ചെയ്ത സ്‌നേഹത്തെ തളര്‍ത്തുന്നില്ലേ?

ഉത്തരം.........യേശു വിഭാവനം ചെയ്ത സ്‌നേഹം എല്ലാം സമൂഹത്തെയും ചേര്ത്തുപിടിക്കുന്നതാണ്. അത് ക്രിസ്തിയാനിയുടെ കുടുംബസ്വാത്തല്ല. ആ സ്‌നേഹത്തിന്റെ  യഥാര്‍ത്ഥ മുഖം വിശുദ്ധവും ഗാഢവുമാണ്. അവര്‍ മതത്തിന് വേണ്ടി പൊരുതി മരിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ യേശുവിനായി രക്തസാക്ഷികളായി മാറും. ഏത് മതവിശ്വാസിയായാലും ഒരു യഥാര്‍ത്ഥ ഭക്തന്‍ മറ്റുള്ളവരോട് ഭയഭക്തി ബഹുമാനമുള്ളവനായിരിക്കും. അതിന് മറ്റെങ്ങും പോകേണ്ടതില്ല. കേരളത്തില്‍ ജനിച്ച ശ്രീശങ്കരാചാര്യര്‍, നാരായണഗുരു നമ്മുടെ മുന്നിലുണ്ട്.

ചോദ്യം.........ആവിഷ്കാരസ്വാതന്ത്ര്യം  എന്ന പേരില്‍ മത വിശ്വാസികളെ മുറിപ്പെടുത്തുന്നത് ശരിയാണോ?

ഉത്തരം........ആരും അറിഞ്ഞുകൊണ്ട് മറ്റൊരാളെ മുറിപ്പെടുത്താന്‍ പാടില്ല. സത്യത്തെ മറച്ചുപിടിച്ചുകൊണ്ട് ഒരു പ്രതിഭാധനന് തന്റെ സൃഷ്ഠി നടത്താന്‍ ഒരിക്കലും സാധ്യമല്ല. . ഉന്നത നിലവാരം പുലര്‍ത്തുന്ന എഴുത്തുകാര്‍, ചിത്രകാരന്മാര്‍  സമുഹത്തില്‍ കാണുന്ന അനീതികള്‍ക്കതിരെ കണ്ണടക്കുന്നവരല്ല. ലോകമെങ്ങും കേരളത്തിലും മണ്മറഞ്ഞ എത്രയോ പേരുണ്ട്. അവരൊക്കെ ചരിത്രത്താളുകളില്‍ ജീവിക്കുന്നവരാണ്. അധര്‍മത്തിനെതിരെ അവര്‍ കൊടുംങ്കാറ്റ് പോലെ ആഞ്ഞടിക്കും. ദന്തഗോപുരത്തിലിരിക്കുന്നവര്‍ അതുള്‍ക്കൊള്ളണമെന്നില്ല.  കാരണം ഒരു സര്‍ഗ്ഗപ്രതിഭ ആരെന്നു അവര്‍ക്കറിയില്ല. മതമായാലും രാഷ്ട്രീയമായാലും കാര്‍ട്ടൂണിസ്റ്റുകള്‍ വിമര്ശനബുദ്ധിയോടും ആക്ഷേപഹാസ്യത്തിലുമാണ് പലതും വരക്കുന്നത്. സര്‍ഗ്ഗപ്രതിഭകള്‍ ഒരു സമൂഹത്തെ നേരായ പാതയില്‍ വഴിനടത്തുന്നവരാണ്.  അവര്‍ ഈ സമൂഹത്തിലില്ലെങ്കില്‍  ഓരോ നാടും കാടായി മാറും. പിന്നീട് കേള്‍ക്കുക വന്യമൃഗങ്ങളുടെ ഗര്‍ജ്ജനമായിരിക്കും.

ആക്ഷേപഹാസ്യത്തിന്റെ എത്രയോ കോമഡി ഷോകള്‍ കേരളത്തില്‍ നടക്കുന്നു. എന്താണ് ആരും പരാതിപ്പെടാത്തത്? അത് ചിരിച്ചു തള്ളുന്നു. പടം കണ്ട് എന്ത് ചിരിക്കാനാണ്. സര്‍ക്കാരിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന ഭാഷ ഇന്‌സ്ടിട്യൂട് വിഞ്ജാനകൈരളി മാസികയില്‍ ക്രിസ്തിയാനിയുടെ കുമ്പസാരത്തെ എത്ര മോശമായി എഴുതിയപ്പോള്‍ ആരും ഇന്നുള്ളതുപോലെ ഉറഞ്ഞു തുള്ളിയില്ല. രാഷ്ട്രീയ നേതാക്കള്‍ അയ്യപ്പന്റെ പുലിയുടെ പാല്‍ കുടിക്കുന്ന ചിത്രം വന്നു.  അങ്ങനെ എത്രയോ കാര്‍ട്ടൂണ്‍ വന്നുപോകുന്നു.  ഓരോ വിഷയങ്ങളെ വൈകാരികമായി കണ്ടാല്‍ അതിന്റ വക്താക്കളായി ജീവിക്കാനേ സാധിക്കു.

ചോദ്യം .......കാര്‍ട്ടൂണ്‍ വരക്കുന്നവര്‍ക്കും എഴുത്തുകാര്‍ക്കും മത ചിഹ്നങ്ങളെ വെറുതെ വിട്ടുകൂടെ?

ഉത്തരം ...ഈ മതചിഹ്നങ്ങള്‍ ആരുണ്ടാക്കിയതാണ്. കാലത്തിന്റ ഒളിത്താവളങ്ങളില്‍ ജാതിമത രോഗണുക്കളെ വഹിച്ചുകൊണ്ട് കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവരുടെ മനസ്സില്‍ മൂളിപ്പറക്കുന്നത് മതമാണ്.  അവര്‍ നില്‍ക്കുന്നത് തോക്കുമായിട്ടാണ്. അവരുടെ മുന്നില്‍ അമ്പും വില്ലുമായി നിസ്സയഹരായി നില്‍ക്കുന്നവര്‍ എന്ത് ചെയ്യാനാണ്. പോര്‍ച്ചുഗീസുകാരുടെ കാലം  എതിര്‍ത്തവരെയെല്ലാം കൊന്നൊടുക്കിയപ്പോള്‍  അവിടെ എഴുത്തുച്ചന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. "മരണം വരുമിനി എന്നു  നിനച്ചിഹ കരുതുക സതതം". മതവിശ്വാസമുള്ളവര്‍ ആത്മീയ ജീവിതം നയിക്കുന്നവരല്ലേ? ആത്മാവ് പരിശുദ്ധമെങ്കില്‍ എന്തിനാണവര്‍ ജഡിക വിഷയങ്ങളില്‍ ഇടപെടുന്നത്? ഒരു മതവിശ്വാസി എല്ലാം ദൈവമെന്നു വിശ്വസിക്കുമ്പോള്‍ ഒരു കലാകാരനോ, ശാസ്ത്രജ്ഞനോ അതൊരു ജഡിക ചിന്തയായി കണ്ട് അവന്റെ സ്വാതന്ത്ര്യത്തില്‍പ്പെടുന്നവ ചെയ്യാന്‍ അനുവദിച്ചുകൂടെ?  തിരിച്ചു അവര്‍ക്കും ചോദിക്കാമെല്ലോ നിങ്ങള്‍ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു.

ചോദ്യം.......ഈ കാര്‍ട്ടൂണിനെതിരെ ഒരു പറ്റം വിശ്വാസികള്‍ സംഘടിതമായി രംഗത്ത് വന്നാല്‍ സാംസ്കാരിക വകുപ്പ് ഈ പുരസ്കാരം പിന്‍വലിക്കുമോ?

ഉത്തരം.......  മനുഷ്യദൈവങ്ങളെ വാരിയെടുത്തു മുത്തം വെക്കുന്നവര്‍ക്ക് ഈ കൂട്ടരേ ഭയക്കാതെ പറ്റില്ല.  ലളിതകലാ അക്കാദമിക്കും ഒരു ചെയര്‍മാനും ജനറല്‍ കൗണ്‍സിലുമുണ്ട്.  ദൃശ്യകലകളെ സംബന്ധിച്ചു് ഗവേഷണം, പഠനം, പരിശീലനം, പുരസ്ക്കാരങ്ങള്‍ നടത്തുന്നവരാണ്.  കലാലോകത്തിന് എണ്ണമറ്റ സംഭാവനകള്‍ ചെയ്ത അക്കാദമി ഒരു ഭരണാധിപന്റെ  മുന്നില്‍ മുട്ടു മടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അറിവിന്റെ  ആത്മാവിന്റ ആഴങ്ങളിലേക്ക് ഇവരാരും ഇറങ്ങുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

ചോദ്യം.....ക്രിസ്തിയ മതനേതാക്കള്‍ ഈ വിഷയങ്ങളെ ഊതിവീര്‍പ്പിക്കുന്നതായി തോന്നുന്നോ?

ഉത്തരം.....ക്രിസ്തിയ മതനേതാക്കള്‍ സ്‌നേഹ സമാധാനത്തിന്റെ അത്യുന്നതിയില്‍ ജീവിക്കേണ്ടവരാണ്.  അവര്‍ ഒരിക്കലും സംഘര്‍ഷത്തെ പ്രോത്സാഹിപ്പിക്കയോ കക്ഷിചേരുകയോ ചെയ്യുന്നവരല്ല. അധികാരികളെ ഒന്നു വിരട്ടാന്‍ ഇതൊരു അവസരമായി അവര്‍ കണ്ടുകാണും. ക്രിസ്തിയ വിശ്വാസികള്‍ അന്ധമായ മതവിശ്വാസത്തിന്റെ പേരില്‍ മറ്റുള്ളവരെപ്പോലെ കൈ വെട്ടാനും കാലു വെട്ടാനും കഴുത്തു വെട്ടാനും പോകുന്നവരല്ല എന്നാണ് എന്റെ വിശ്വാസം. ഇവരൊക്കെ യേശു പഠിപ്പിച്ച പാഠങ്ങളാണ് സ്വീകരിക്കേണ്ടത്. ശത്രുക്കളെ സ്‌നേഹിക്കുക, അറിഞ്ഞോ അറിയാതയോ ഒരു തെറ്റ് സംഭവിച്ചുവെങ്കില്‍ അവരോട് പൊറുക്കുക. തിന്മക്കെതിരെ നന്മ കാട്ടുമ്പോള്‍ ലളിത കലാ അക്കാദമിക്കും അവരോടുള്ള ആദരവ് വര്‍ദ്ധിക്കും. ദൈവം എല്ലാറ്റിലും ഉന്നതനെന്ന തിരിച്ചറിവും കിട്ടും. കലാസാഹിത്യ രംഗത്തുള്ളവര്‍ യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്നവരാണ്. അനീതിയും അന്ധവിശ്വാസങ്ങളും അവര്‍ വളമിട്ടു വളര്‍ത്താറില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക