Image

???=അച്ഛന്‍ ...അച്ഛന്‍ (കവിത: റവ. സൈമണ്‍ കുര്യന്‍)

Published on 13 June, 2019
???=അച്ഛന്‍ ...അച്ഛന്‍ (കവിത: റവ. സൈമണ്‍ കുര്യന്‍)
നെഞ്ചിനുള്ളിലൊരു നെരിപ്പോടെരിയുമ്പോളും
നെഞ്ചുവിരിച്ചു നിന്നു ചിരിച്ചതാര് ?
കൈത്തണ്ട തന്നിലെ ചത്ത കറുത്ത രക്തപ്പാടുകള്‍
കൂന്താലി കൈ തഴമ്പാണെന്ന് അറിയിക്കാതെ
ജന്മനാ ളള്ളതെന്ന്കള്ളം പറഞ്ഞതാര്?
മരുഭൂമിതന്‍ പൊരി വെയിലത്തും വചന പുസ്തകം മരുപ്പച്ചയായിരുന്നു
എന്നു പഠിപ്പിച്ചു തന്നതാര് ?
പടി ചവിട്ടരുത് എന്നാക്രോശം അരിശമതില്‍ ഓതിയിട്ടും
കോലാതന്‍ ചാരുകസേരയില്‍ വരവും നോക്കി
പാതിരാവോളം കണ്‍നട്ടിരിപ്പതാര്‍ ?
ആദ്യാഭ്യര്‍ത്ഥനയില്‍ വിനോദ യാത്രാനുമതി നിഷേധമെങ്കിലും
അച്ചാരത്തിന്‍ അവസാനാള്‍ അമ്മയോട്
ആരായുന്നവന്‍ ആര് ?
കടലോളം സ്‌നേഹം ഉള്ളിലൊതുക്കി
ഇല്ലോളം കോപം പ്രകടിപ്പിച്ചവനാര് ?
കരയുന്നകുടുംബത്തെ കരപറ്റിനിര്‍ത്താന്‍
തനിയെ ഇരുന്നു കരഞ്ഞവനാര്?
നമുക്ക് തണലാവാന്‍ വെയിലേറ്റമരത്തിന്റെ
പേരായി വേരായി മാറിയവനാര് ?
മക്കള്‍ ഉപ്പേരി തിന്നാന്‍ നേന്ത്രക്കുല ശിരസ്സിലേറി
നല്ല ഉടുപ്പില്‍ കറപറ്റിച്ചതാര്?
മഞ്ഞളുപുരട്ടി ഒരു ചൂരല്‍ വടി ഉത്തരത്തില്‍ കരുതിയും
മഞ്ഞുള്ള രാത്രിയില്‍ ഉടുമുണ്ടിന്‍കോന്തല
തലയില്‍ പുതപ്പിച്ചും
പനി വന്ന നാളില്‍ ഏറെ എടുത്തു നടക്കുകയും ശാഠ്യം പിടിച്ചു കരഞ്ഞപ്പോള്‍ അങ്ങാടിയില്‍
കൊണ്ടുപോയി കണ്ണാടിക്കൂട്ടിലെ
ഉണ്ടന്‍പൊരി ഒക്കത്തിരുത്തി ഊട്ടിയും
ജീവിതം എന്തെന്ന് പഠിപ്പിച്ച മഹാത്മാവ് ആര് ?
നമിച്ചിടാം നമുക്കീ ഉത്തരത്തെ
നമുക്ക് ഉത്തരമായിടാന്‍
ചോദ്യവും ഉത്തരവും ആയവനെ.

------

റവ. സൈമണ്‍ കുര്യന്‍
വികാരി, ന്യൂജഴ്‌സി മാര്‍ത്തോമ്മ ചര്‍ച്ച് 
Join WhatsApp News
P.P> Cherian,Dallas 2019-06-13 13:23:12
അര്ഥപൂര്ണവും ,സുന്ദരവുമായ കവിത , ബഹു :അച്ചനു ആയിരമായിരം അഭിനന്ദനങ്ങൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക