Image

അയോവയില്‍ എതിരാളികളുടെ വാക്‌പോര് മുറുകുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 13 June, 2019
അയോവയില്‍ എതിരാളികളുടെ വാക്‌പോര് മുറുകുന്നു (ഏബ്രഹാം തോമസ്)
അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നോടിയായി അയോവ പ്രചരണത്തിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും ഡെമോക്രാറ്റിക പാര്‍ട്ടിയുടെ ടിക്കറ്റ് പ്രത്യാശി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും വലിയ പ്രാധാന്യം കല്‍പിക്കുകയാണ്. ഇരുവരും സംസ്ഥാനത്ത് തിരക്കിട്ട പരിപാടികളില്‍ പങ്കെടുക്കുന്നു. തന്റെ എതിരാളിയായി ബൈഡന്‍ പങ്കെടുക്കുന്നു. തന്റെ എതിരാളിയായി ബൈഡന്‍ വരുന്നതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ ട്രമ്പ് ബൈഡനെതിരെ പരിഹാസശരങ്ങള്‍ എയ്തു. മറുവശത്തു ട്രമ്പിനെതിരെ ആക്ഷേപങ്ങള്‍ ചൊരിയാന്‍ ബൈഡനും മറന്നില്ല.
പ്രസിഡന്റിന്റെ ബുദ്ധിശക്തിയെയും ധാര്‍മ്മികതയെയും ബൈഡന്‍ ചോദ്യം ചെയ്തു. ട്രമ്പ് അമേരിക്കയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു അസ്തിത്വപരമായ ഭീഷണി ആണെന്ന് ആരോപിച്ചു. അയോവയിലെ ഓട്ടംവയില്‍ ആദ്യ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.

ബൈഡനെ കടന്നാക്രമിച്ചാല്‍ ബൈഡന് അനാവശ്യ പ്രധാന്യം ലഭിക്കുമെന്ന ഉപദേശകരുടെ മുന്നറിയിപ്പ് മറികടന്ന് രൂക്ഷമായി പ്രകോപിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ ട്രമ്പ് ഉന്നയിച്ചു. 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ബൈഡന്റെ നിരാശാജനകമായ പ്രചരണത്തെ പരാമര്‍ശിച്ചു.

ബൈഡന്‍ ഒരു വ്യത്യസ്ത വ്യക്തിയാണ്. മുമ്പ് കണ്ടിരുന്നതില്‍ നിന്ന് വ്യത്യസ്തന്‍. പഴയതില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പഴയതിനെക്കാള്‍ മാന്ദ്യം ബാധിച്ചിരിക്കുന്നു. ബൈഡന്‍ ഒരു ഡമ്മിയാണ്; ട്രമ്പ് വിമര്‍ശിച്ചു.
ബൈഡന്‍ 76 കാരനും ട്രമ്പ് ഈ വെള്ളിയാഴ്ച 73 കാരന്‍ ആവുകയുമാണ്. ഡെമോക്രാറ്റിക് മത്സരാര്‍ത്ഥികള്‍ മിക്കവരും ഇരുവരെയും അപേക്ഷിച്ച് ചെറുപ്പമാണ്. തന്റെ പാര്‍ട്ടിയിലെ മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തനായി തുടക്കം മുതല്‍ ബൈഡന്‍ ട്രമ്പ് ഓഫീസില്‍ തുടരുന്നതിന്റെ അനര്‍ഹതയെ കുറിച്ചാണ് പറയുന്നത്. ഏപ്രിലില്‍ ബൈഡന്‍ പ്രചരണം ആരംഭിച്ചത് തന്നെ വൈര്‍ജീനിയയിലെ ചാള്‍ട്ട്‌സ് വില്ലില്‍ നടന്ന വൈറ്റ് സുപ്രമിസ്റ്റ് മാര്‍ച്ചിനെ ട്രമ്പ് അപലപിച്ചത് മതിയായില്ല എന്നാരോപിക്കുന്ന വീഡിയോയുമായാണ്. നോമിനേഷന്‍ പ്രക്രിയയില്‍ ആദ്യം പങ്ക് വഹിക്കുന്ന സംസ്ഥാനത്ത് ബൈഡന് താനും പ്രസിഡന്റുമായി നടക്കാന്‍ സാധ്യതയുള്ള മത്സര സാദ്ധ്യത ഉയര്‍ത്തിക്കാട്ടുവാന്‍ സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മറ്റ് 22 സ്ഥാനാര്‍്തഥികള്‍ ചിത്രത്തില്‍ ഉണ്ടാവില്ല. മറു വശത്ത് ട്രമ്പിന് തന്റെ ആവനാഴിയിലെ എല്ലാ അമ്പും വിമര്‍ശനങ്ങളും കളിയാക്കലും എല്ലാം ഒരൊറ്റ എതിരാളിക്ക് മേല്‍ നിറയൊഴിക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.

ബൈഡന്‍ ട്രമ്പിനെ വിമര്‍ശിക്കുവാന്‍ ആരംഭിച്ചത് തന്റെ പ്രചരണത്തിന്റെ ആദ്യനാളുകളില്‍ സംഭവിച്ച പ്രമാദമായ പാളിച്ചയ്ക്കു ശേഷമാണ്. ഫെഡറല്‍ ധനസഹായം ഗര്‍ഭഛിദ്രത്തിന് നല്‍കുന്നതിനെ എതിര്‍ക്കുന്ന തന്റെ നയം ബൈഡന്‍ മാറ്റിയത് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സ്ത്രീകള്‍ ബൈഡന്റെ നിലപാടിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് ശേഷമാണ്.

ഡിമോയില്‍ രജിസ്റ്റര്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ ബൈഡന്‍ മുന്നിലാണെന്ന് കണ്ടു. എന്നാല്‍ പിന്നിലുള്ള മാസച്യൂസറ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറനും സൗത്ത് ബൈന്‍ഡ്, ഇന്‍ഡ്യാന മേയര്‍ പീറ്റ് ബട്ടീഗെയ്ഗും ഒ്പ്പത്തിനെത്താന്‍ വളരെ ശ്രമിക്കുന്നുവെന്നും ഇവരുടെ അനുയായികള്‍ കൂടുതല്‍ വീറുള്ളവരാണെന്നും കണ്ടെത്തി. ഇവര്‍ക്കൊപ്പം മറ്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ ബൈഡനെ നേരിട്ട് ആക്രമിക്കുകയും ചെയ്യുന്നു. ബൈഡന്റെ 'മദ്ധ്യമാര്‍ഗത്തിന്റെ' രൂക്ഷവിമര്‍ശകനായി മാറിയിരിക്കുകയാണ് വെര്‍മോണ്ടില്‍ നിന്നുള്ള സ്വതന്ത്ര സെനറ്ററും ഡെമോക്രാറ്റിക് ട്ിക്കറ്റ് പ്രത്യാശിയുമായ ബേണി സാന്‍ഡേഴ്‌സ്.
ഇപ്പോള്‍ അയോവയില്‍ നടക്കുന്നത് ട്രമ്പ്-ബൈഡന്‍ ഷോ ആണ്. മറ്റുള്ളവര്‍ എപ്പോള്‍ വേണമെങ്കിലും രംഗപ്രവേശം നടത്താം.

അയോവയില്‍ എതിരാളികളുടെ വാക്‌പോര് മുറുകുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക