Image

പ്രവാസ ലോകത്തെ അക്ഷര സപര്യ: ഇമലയാളി അവാര്‍ഡ് ജേതാവ് ജോണ്‍ ഇളമതയുമായി അഭിമുഖം (സുധീര്‍ പണിക്കവീട്ടില്‍)

Published on 11 June, 2019
പ്രവാസ ലോകത്തെ അക്ഷര സപര്യ: ഇമലയാളി അവാര്‍ഡ് ജേതാവ് ജോണ്‍ ഇളമതയുമായി  അഭിമുഖം (സുധീര്‍ പണിക്കവീട്ടില്‍)
1. ഇ_മലയാളിയുടെ പുരസ്‌കാരം നേടിയതില്‍ അഭിനന്ദനം. എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നല്‍കുന്ന അവാര്‍ഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

ഇ മലയാളിയുടെ പുരസ്‌ക്കാരത്തിന് നന്ദി! ആത്മാര്‍ഥമായ എല്ലാ പുരസ്‌ക്കാരങ്ങളും ആദരവുകളും തീര്‍ച്ചയായും എഴുത്തിനെ പ്രോത്സാഹിപ്പിക്കല്‍ തന്നെയാണ്. ഇക്കാലത്ത് അത്തരം പ്രക്രിയകള്‍ക്ക്് ഏറെ മങ്ങലേറ്റിട്ടുണ്ട്.എന്നാല്‍ വായനക്കാരും, അവരുടെ അഭിപ്രായങ്ങളും, നല്ല പ്രസിദ്ധീകരണങ്ങളും,ഇക്കാര്യത്തില്‍ കാട്ടുന്ന താല്പര്യം പ്രശംസനീയം തന്നെ.

2. പണവും സൗകര്യങ്ങളും കുറെ എഴുത്തുകാരെയുണ്ടാക്കിയെന്നു അമേരിക്കന്‍ മലയാളി എഴുത്തുകാരെ കുറിച്ച് അപഖ്യാതിയുണ്ട്. ഒരു എഴുത്തുകാരന്‍ അങ്ങനെ ജനിക്കുമോ? നിങ്ങള്‍ നിങ്ങളിലെ എഴുത്തുകാരനെ എപ്പോള്‍/എങ്ങനെ കണ്ടുമുട്ടി.

പണവും സൗകര്യങ്ങളും, അല്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസവും തന്നെ ഒരാളെ എഴുത്തുകാരനാക്കണമെന്നില്ല. എഴുത്ത് ഒരു നിമിത്തമാണ്. അത് സര്‍ഗ്ഗസിദ്ധിയാണ്. അത് പരിപോഷിപ്പിക്കണമെങ്കില്‍ തുറന്ന വായന വേണം.ഭാവനയുള്ള മനസിന്റെ മൂശയിലേക്ക് അറിവിന്റെ സ്വര്‍ണ്ണലായനി ഉരുക്കി ഒഴുക്കുമെങ്കില്‍ സുവര്‍ണ്ണലിപികളില്‍ ക്ലാസിക്കുകള്‍ ഉരുത്തിരിയാം. ഒരുപക്ഷേ അങ്ങനെയുള്ള അനേകം പ്രതിഭകള്‍ മലയാളഭാഷയിലും നമ്മുക്കില്ലേ. എന്നിലെ എഴുത്തുകാരനെ ഞാന്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ കണ്ടുമുട്ടിയിട്ടുണ്ട്.

3. നിങ്ങള്‍ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളില്‍ രചനകള്‍ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സര്‍ഗ്ഗശക്തി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്.

കവിതയില്‍ തുടങ്ങി ,ഹാസ്യം,ചിത്രീകരണം, നാടകം, കഥ, ഒടുവില്‍,നോവല്‍,ചരിത്രവും,അല്ലാതെയും.നോവല്‍ തന്നെ പ്രധാനതട്ടകം.എഴുത്തില്‍ പ്രമുഖനെന്ന്് അവകാശപ്പെടുന്നില്ല,എങ്കിലും ആകുംവിധം പരിശ്രമിക്കുന്നു.

4. ഇതിനകം എത്ര പുസ്തകങ്ങള്‍ എഴുതി? ഏതേതു വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.

പതിനാറ് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്,പത്തു നോവലുകള്‍,പിന്നെ പലവക,ഹാസ്യം,കഥാസമാഹാരം,നാടകങ്ങള്‍ എന്നിവ.

5. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ നവോത്ഥാനം തൊണ്ണൂറുകളില്‍ തുടങ്ങുകയും വളരെ വേഗത്തില്‍ വളരുകയും ചെയ്തെങ്കിലും ഇപ്പോള്‍ 2019 ല്‍ എത്തി നില്‍ക്കുമ്പോള്‍ ആ ആവേശവും, അര്‍പ്പണവും എഴുത്തുകാരില്‍ കാണുന്നില്ലെന്ന് അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തുകൊണ്ട്?

അമേരിക്കന്‍ മലയാളസാഹത്യത്തില്‍ അടുത്തകാലങ്ങളില്‍ പെട്ടന്നൊരു നവോത്ഥാനംഉഉണ്ടായിട്ടുണ്ട് ഇ മലയാളിയിലൂടെ പുതിയ എഴുത്തുകാരുടെ ഒരാവേശം.പക്ഷേ അതിപ്പോള്‍ തളര്‍ന്നമട്ടില്‍ ആയില്ലേ എന്നൊരു തോന്നല്‍.പഴയ മിക്ക എഴുത്തുകാരും പേന അടച്ചുവെച്ചമട്ടിലാണ്,ചുരുക്കം വിരലിലെണ്ണാവുന്നവരൊഴികെ.

6. ഇവിടെ വായനക്കാരില്ലെന്ന സ്ഥിരം പല്ലവി എല്ലായിടത്തും ഒരു മുറവിളി പോലെ കേള്‍ക്കുന്നുണ്ട്. പ്രതികരണമില്ലായ്മയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നുവെങ്കില്‍ അത് അമേരിക്കന്‍ മലയാള സാഹിത്യത്തെ എത്രത്തോളം ബാധിക്കുന്നു. എഴുത്തുകാരുടെ ഭാഗത്ത്‌നിന്ന് ഈ അവസ്ഥയെ മാറ്റാന്‍ എന്ത് ചെയ്യാന്‍ സാധിക്കും.

ഇവിടെ വായനക്കാരില്ലാ എന്ന പരാതിക്ക് പ്രസക്തിയില്ല.വായനയോട് താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിക്കും.വായനക്കാരൈ ഉണ്ടാക്കാനല്ലല്ലോ എഴുത്തുകാര്‍ ഉണ്ടാകുന്നത്. എഴുത്ത് സിദ്ധിയാണന്നാണല്ലോ വെപ്പ്.വായനയും അതുപോലെതന്നെ.നല്ല കൃതികള്‍ വായിക്കാന്‍ തീര്‍ച്ചയായും എപ്പോഴുമുള്ള വായക്കാരുണ്ടാകും.വായനാസൗഖ്യം അല്ലെങ്കില്‍ പരായണ സൗഖ്യം ഉണ്ടെങ്കില്‍.

7. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ നിങ്ങളെ സ്വാധീനിച്ചിട്ടുള്ള അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രിയം തോന്നിയ എഴുത്തുകാര്‍. അവരുടെ കാഴ്ച്ച്ചപാടുകളുമായി നിങ്ങള്‍ യോജിക്കുന്നോ.

അമേരിക്കന്‍ എഴുത്തുകാരില്‍ രചനാതന്ത്രമുള്ള കുറേ എഴുത്തുകാരുണ്ട്.തീര്‍ച്ചായായും അവര്‍ എഴുത്തില്‍ അംഗീകരിക്കപ്പെട്ടവര്‍ തന്നെ. പക്ഷേ എഴുത്തിന്റെ കാഴ്ച്ചപ്പാടുകളും,മാനദണ്ഡവും അവരുടെ എഴുത്തിന്റെ സര്‍ഗ്ഗശക്തിതന്നെ.

8. വ്യക്തിപരമായ വിമര്‍ശനങ്ങളിലൂടെ എഴുത്തുകാരെ അവഹേളിക്കുകയും സാഹിത്യപരമായ നിരൂപങ്ങളെ അവഗണിക്കുകയും ചെയുന്ന വ്യക്തിയോ കൂട്ടമോ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെ തടയുന്നില്ലേ? എങ്ങനെ അതിനോട് പ്രതികരിക്കാന്‍ കഴിയും.

വ്യക്തിപരമായ വിമര്‍ശനങ്ങളും,അവഹേളനങ്ങളിലും അഭിപ്രായ കോളങ്ങളെ വിരൂപമാക്കുകയേ ഉള്ളൂ.അത് ആരോഗ്യകരമല്ല.യുക്തിക്കുചേരും വിധമുള്ള വിമര്‍ശനങ്ങള്‍,അതും ഭാഷയില്‍ പരസ്പരബഹുമാനത്തില്‍ എഴുതുമെങ്കില്‍ അതാണ് ആരോഗ്യകരമായ വിമര്‍ശനം! അത് എഴുത്തുകാരനേയും,എഴുത്തിനെയും ഉദ്ധരിക്കും.

9. ഇ_മലയാളി അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളെ എങ്ങനെ വിലയിരുത്തുന്നു. ഇ മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ മലയാളിയുടെ പ്രവര്‍ത്തനശൈലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍.

ഇ മലയാളി അമേരിക്കന്‍ മലയാളസാഹിത്യത്തിനു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയം തന്നെ,മേലിലും അങ്ങനെ ആയിരിക്കട്ടെ.ഈ മലയാളിയുടെ പുരസ്‌ക്കാര ജേതവെന്നനിലയില്‍ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരേണ്ടത് കാര്യമായി ഒന്നുംതന്നെ കാണുന്നില്ല. .ഒരുപക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ച കൃതികളെപ്പറ്റി നിലവാരുമുള്ള ആരെങ്കിലും നിരൂപണംചെയ്യാന്‍ സാധിക്കുമെങ്കില്‍ നന്ന്.

10. എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികള്‍ പുതിയ തലമുറ അവഗണിച്ച്‌കൊണ്ട് ആധുനികത എന്ന ഒരു രീതിയില്‍ അഭിരമിക്കുന്നു. ഇത്തരം രചനകള്‍ക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?

എഴുത്ത് മനസ്സിനെയും,ചിന്തയേയും ഉദ്ദീഭവിപ്പിക്കുന്നതാണ.് ക്ലാസിക്ക് കൃതികള്‍ തങ്കത്തിന് സമാനമാണ്.ഒരോ തവണ മിനുക്കുന്തോറും(വായന)പ്രഭ ഏറികൊണ്ടിരിക്കും.ഇന്ന് പ്രത്യേകിച്ച് മലയാള സാഹിത്യത്തില്‍,എഴുത്തിന് ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.പുതിയ പ്രമേയങ്ങള്‍ പുതിയ ആഖ്യാനരീതികള്‍.അതൊക്കെ നന്ന്. എങ്കിലും ആധുനികതയുടെ തേരോട്ടത്തില്‍ (സൈബര്‍യുഗം) വായന കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് തോന്നല്‍. 

11. നിങ്ങള്‍ ആധുനികതയുടെ വക്താവാണോ? നമ്മള്‍ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്‌ളാസ്സിസിസം, നിയോ ക്‌ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കില്‍ ഏതു പ്രസ്ഥാനം നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.

ആധുനികതയുടെ വക്താവാണോ എന്നുചോദിച്ചാല്‍ വായിച്ചാല്‍ മനസിലാകുന്നതാവണം,ലളിതവും സുന്ദരവുമാകണം.അതാണല്ലോ നാം എപ്പോഴും പറയുന്ന റീഡബലിറ്റി.പഴയതായാലും,
പുതിയതായാലും വായിച്ചാല്‍ പാല്‍പായസംപോലെ രുചിക്കുന്നതുതന്നെ നന്ന്്. അതിന് എന്തു പേരിട്ടാലും വിരോധമില്ല.ഇപ്പോഴത്തെ പുതിയ എഴുത്തുകാര്‍ മാമൂലുകളെ തട്ടിനീക്കി പുതിയ അഖ്യാനത്തിലും,അവതരണത്തിലും,കഥാതന്തുവിലും മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുന്നതു വായനയെ ശ്രേഷ്ഠമാക്കുകതന്നെ ചെയ്യും.

12. അമേരിക്കന്‍ മലയാള സാഹിത്യത്തെ നാട്ടിലെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തുന്നില്ല. അപ്പോള്‍ പിന്നെ അമേരിക്കന്‍ മലയാള സാഹിത്യമെന്ന ഒരു സ്വതന്ത്ര സാഹിത്യം ഇവിടെ വളരുന്നത് അഭികാമ്യമല്ലേ.

മുഖ്യധാരസാഹിത്യം, അങ്ങനെ ഒരു സാഹിത്യം വാസ്തവത്തില്‍ ഉണ്ടോ?മുമ്പ് ഡല്‍ഹി സാഹിത്യത്തില്‍ ചേക്കേറിയ കുറേ മുഖ്യര്‍ അതൊരു സവര്‍ണ്ണസാഹിത്യമാക്കി മാറ്റി വേര്‍തിരിച്ചു നിര്‍ത്തുന്നതിലെന്തര്‍ത്ഥം! നല്ലകൃതികള്‍ എവിടെ നിന്നായാലും അതെല്ലാം മുഖ്യധാരതന്നെയല്ല. എന്നിരുന്നാലും മലയാളസാഹിത്യം (അറേബ്യ,യൂറോപ്പ്,അമേരിക്ക)ഇവിടെ എവിടെ ഇരുന്ന് എഴുതിയാലും,പവ്രാസിത്വത്തിന്റയോ,കുടിയേറ്റത്തിന്റെ അന്തര്‍ധാര അതിനുള്ളിലുണ്ടാകും. അത് നിലവാരമുള്ളതെങ്കില്‍ മുഖ്യധാര സാഹിത്യത്തിന് അതൊരു മുതല്‍ക്കൂട്ടുതന്നെ.

13. എഴുത്തില്‍ സത്യവും ഭാവനയും കലരുമ്പോള്‍ ഏ തിന് പ്രാമുഖ്യം നല്‍കുന്നു. സത്യത്തിനു മുന്‍ തൂക്കം നല്‍കുമ്പോള്‍ സാഹിത്യമൂല്യം കുറയാന്‍ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.

എഴുത്ത് സത്യവും,മിഥ്യവും,ഭാവനയും കൂട്ടിക്കലര്‍ന്നതു തന്നെ.ഏതിന് പ്രാമുഖ്യം കൊടുക്കുന്നത് എന്നത് പ്രമേയത്തെ ആശ്രയിച്ചുതന്നെ.എങ്കിലും ജീവിതവുമായി എല്ലാ എഴുത്തിനും ബന്ധമുണ്ടായിരിക്കുമല്ലോ.

14. അമേരിക്കന്‍ മലയാളികള്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ നിന്നുമുള്ള കഥകള്‍ കണ്ടെടുത്ത് എഴുതണമെന്ന അഭിപ്രായം കേള്‍ക്കുന്നുണ്ട്. നിങ്ങള്‍ അതിനോട് യോജിക്കുന്നോ? എഴുത്തുകാര്‍ എന്തെഴുതണമെന്ന് വായനക്കാരന്‍ തീരുമാനിക്കുന്നത് ശരിയോ?

എഴുത്തുകാരന്‍ എന്തെഴുതണമെന്ന് വായനക്കാരന്‍ എങ്ങനെയാണ് തീരുമാനിക്കുക. അത് എഴുത്തുകാരന്റെ തീരുമാനം.വായിക്കണോ വേണ്ടയോ എന്നത് വാനക്കാരന്റെ തീരുമാനം.തീര്‍ച്ചയായും അമേരിക്കയില്‍ നിന്ന് എഴുതുന്ന എഴുത്തുകാര്‍ മുഖ്യമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ തന്നെ എഴുതാനാണ് ഏറെ സാധ്യത.
 
15. അമേരിക്കന്‍ മലയാളി എഴുത്തുക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഇവിടെയും നാട്ടിലും കിട്ടുന്നില്ല. നാട്ടില്‍നിന്നും പലരും അവാര്‍ഡുകള്‍ പണം നല്‍കി വാങ്ങുന്നുവെന്ന പരാതി കേള്‍ക്കുന്നുണ്ട്. 

നാട്ടില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ എന്ത് തെറ്റ്? അര്‍ഹത ഉണ്ടങ്കില്‍. അല്ലാത്തതിന് എന്തുവില?,പൊതുജനം കഴുതകളാണോ! അവര്‍ വാങ്ങുന്നത് പണംകൊടുത്താണോ അല്ലയോ എന്നത് പരാമര്‍ശിച്ച് എന്തിന് സമയം പാഴാക്കുന്നു.! അമേരിക്കന്‍ എഴുത്തുകാര്‍ക്ക് ഇവിടെയും,നാട്ടിലും അംഗീകാരം കിട്ടുന്നില്ലെങ്കിലെന്ത്?,കൃതികള്‍ പരക്കെ വായിക്കപ്പെടുകയാണ് വലിയ അംഗീകാരം. അര്‍ഹത ഉണ്ടങ്കില്‍ അംഗീകാരം നമ്മെ തേടിവരും.

16. അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങനെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ സാധിക്കും.

മുഖ്യധാരയിലെത്താനുള്ള മാര്‍ഗ്ഗം, തളരാതെ എഴുതുക.ആനുകാലിക വായനയുടെ രചനാ തന്ത്രവും, പ്രയേങ്ങളിലുള്ള ആകര്‍ഷകതയും സൂക്ഷ്മനിരീക്ഷണം നടത്തി വായനയെ വികസിപ്പിക്കുക.
 
17. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങള്‍ പങ്കു വയ്ക്കുക.

എഴുത്തുമായി ബന്ധപ്പെട്ട് രസകരമായി എന്ന് പറയുന്നതിലേറെ അപഹാസ്യമായി ചില അനുഭവങ്ങളെനിക്കുണ്ടായിട്ടുണ്ട്.ഒരു പ്രമുഖവാരികയില്‍ കാശുകൊടുത്ത് എന്റെ നോവല്‍ സീരിയലയിസ് ചെയ്ത് വന്നന്നൊക്കെ.അതേപ്പറ്റി ഞാന്‍ വിചാരിക്കുന്നത് അതൊക്കെ സാധാരണ തെറ്റിധാരണകള്‍ എന്നുമാത്രം.

18. ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് ഇവിടത്തെ മത-സാംസ്‌കാരിക സംഘടനകള്‍ക്ക് എന്ത് ഉപദേശം നിങ്ങള്‍ നല്‍കും.

എഴുത്തും,മതസാംസ്‌ക്കാരിക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ആലേചിച്ച് ഒരു തീരുമാനം ഞാന്‍ ഇതുവരെ കണ്ടെത്തിട്ടിയില്ല.എഴുത്തിന് സാമൂഹിക പ്രതിബന്ധത ഉണ്ടോ ഇല്ലയോ എന്നും നിശ്ചയമില്ല. എഴുത്ത് എഴുതുന്ന ആളുടെ മനസുഖമാണല്ലോ. അതുകൊണ്ട്
അത് അതിന്റെ വഴിക്കു പോകുന്നു.

19. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങള്‍ക്ക് പറയാനുള്ളത്.

ഇ മലയാളിയിലെ എഴത്തുകാരോട് പറയാനുള്ളത് തളരാതെ എഴുതുക.വായനക്കാരോട് ത്യസന്ധമായി പ്രതികരിക്കുക.

20. ഇപ്പോള്‍ നിങ്ങള്‍ എന്ത് എഴുതിക്കൊണ്ടിരിക്കുന്നു. പുസ്തകപ്രകാശനവും അതിന്റെ വിതരണവും അമേരിക്കന്‍ മലയാളി എഴുത്തുകാരെ അലട്ടുന്നഒരു പ്രശ്‌നമാണ്. നിങ്ങളുടെ അനുഭവത്തില്‍ നിന്ന് എന്ത് പരിഹാരം നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയും.

നോവലണ് എന്റെ തട്ടകം.അതില്‍ ചരിത്രത്തിന് മാന്യമായ ഒരുസ്ഥാനം എന്റെ എഴുത്തിലുണ്ട്. ചരിത്രമില്താതെ എന്ത് സംസ്‌ക്കാരം,സാഹിത്യം. മാനവരാശിയുടെ കഥകള്‍ തന്നെ കാലാകാലങ്ങളിലുണ്ടായ ചരിത്രത്തിന്റെ ആകെതുകയല്ലേ! അപ്പോള്‍ ചരിത്രത്തെ മനസിലിട്ട്
താലോലിക്കാനും, സ്വപ്നം കാണാനുമുള്ള അഭിനിവേശം എനിക്കെപ്പോഴുമുണ്ട്.വിശ്വസാഹിത്യത്തില്‍ നിന്ന് കുറേ നോവലുകള്‍ ഞാനഴുതി. നെന്മാണിക്യം,മോശ, മരണമില്താത്തവരുടെ താഴ്വര,സോക്രട്ടീസ് ഒരു നോവല്‍,മാര്‍ക്കോപേളോ,ഇപ്പോഴിതാ കഥപറയുന്ന കല്ലുകള്‍ എഴുതി
തീര്‍ന്നിരിക്കുന്നു,മൈക്കിള്‍ആന്‍ജലോ എന്ന വിശ്വശില്പ്പിയെ ആധാരമാക്കി.എവിടെ പ്രസിദ്ധീകരിക്കാമെന്നോ,ആരു പബ്ലിഷ് ചെയ്ത് വിതരണം ഏറ്റെടുക്കുമെന്നതോ,ഒന്നും നമ്മുടെ കയ്യിലുള്ള
കാര്യമല്ലല്ലോ. ക്രാഫ്റ്റുള്ള കൃതിയെങ്കില്‍ അതിന് വഴിയുണ്ടെന്നാണ് എന്റെ അനുഭവം. അതിന് ഒരോരുത്തര്‍ക്കും അവരവരുടെപരിശ്രമത്തിലൂടെ സാധിക്കുമാറാകട്ടെ എന്ന്്ആശംസിക്കുന്നു.
പ്രവാസ ലോകത്തെ അക്ഷര സപര്യ: ഇമലയാളി അവാര്‍ഡ് ജേതാവ് ജോണ്‍ ഇളമതയുമായി  അഭിമുഖം (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
amerikkan mollakka 2019-06-12 18:33:02
ഇബിടത്തെ  എയ്ത്തുകാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന 
ഇ മലയാളിക്ക് ഞമ്മന്റെ ഒരു കൂപ്പുകൈ. അവാർഡ് 
കിട്ടിയ ആളുകളുടെ പേര് നോക്കി ഒരാൾ വർഗീയത 
എയ്തിയത് ബായിച്ച്. ഞമ്മളൊക്കെ മനുസന്മാർ 
ആയാ;ൽ മതി,എന്തിനു നായരും, നമ്പൂരിയും,
കൃസ്ത്യാനിയും, ഇസ്‌ലാമും ആകുന്നു. അവാർഡ് കിട്ടിയ 
എല്ലാ എയ്ത്തുകാർക്കും മുബാറക്ക്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക