Image

കിരണ്‍ ബേദി, Lion Lady @ 70 (മീട്ടു റഹ്മത്ത് കലാം)

Published on 09 June, 2019
കിരണ്‍ ബേദി, Lion Lady @ 70 (മീട്ടു റഹ്മത്ത് കലാം)
എന്തും ആദ്യമായി ചെയ്യുന്നവരുടെ പേരാണ് ചരിത്രത്തില്‍ ഇടം നേടുന്നത്.  ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ കിരണ്‍ ബേദി രചിച്ചതും അത്തരത്തിലൊരു ചരിത്രമാണ്.  പോലീസ് സേനയിലേക്ക് സധൈര്യം കടന്നുവരാന്‍ അനേകായിരം സ്ത്രീകള്‍ക്ക് പ്രചോദനമായ കാല്‍വെപ്പ് നടത്തിയ ധീരവനിത , 70 വയസ്സ് തികയുന്ന ഈ വേളയിലും  പുതുച്ചേരി  ഗവര്‍ണര്‍ എന്ന നിലയില്‍ വിശ്രമമില്ലാതെ രാജ്യത്തെ സേവിക്കുകയാണ്.

പഞ്ചാബിലെ അമൃത്സറില്‍ പ്രകാശ്    പെഷാവരിയ   എന്ന വസ്ത്രവ്യാപാരിയുടെയും   പ്രേമലത  എന്ന വീട്ടമ്മയുടെയും നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ ആളായാണ്  1949 ജൂണ്‍ 9ന്  കിരണ്‍ ജനിച്ചത്. ആണ്‍മക്കള്‍ക്ക് മാത്രം വിദ്യാഭ്യാസം നല്‍കുകയും പെണ്‍മക്കളെ വീട്ടുജോലികള്‍ പരിശീലിപ്പിച്ച്  വിവാഹം കഴിച്ചയയ്ക്കുകയും   ചെയ്തിരുന്ന അമ്പതുകളിലും, തന്‍റെ പെണ്‍മക്കളെ മികച്ച സ്കൂളില്‍ തന്നെ പഠിപ്പിക്കണമെന്നാണ് കിരണിന്‍റെ  അച്ഛന്‍ തീരുമാനിച്ചത്. മക്കളെ ക്രിസ്ത്യന്‍  സ്കൂളില്‍  ചേര്‍ക്കുന്നതിനെ   എതിര്‍ത്ത  മുത്തശ്ശനോട്  വിദ്യാഭ്യാസം നല്‍കിക്കൊണ്ട്  ഞാനെന്‍റെ നാലു മക്കളെ ലോകത്തിന്‍റെ നാലുഭാഗത്തേക്കും എത്തിക്കുമെന്നാണ് പ്രകാശ്    പെഷാവരിയ പറഞ്ഞത്. മക്കള്‍ ആ വാക്ക് പ്രാവര്‍ത്തികമാക്കി.  അമേരിക്കന്‍, ബ്രിട്ടീഷ് ,കനേഡിയന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ പൗരത്വമുള്ള 3 സഹോദരിമാര്‍ക്കും കിരണ്‍ ബേദിയുടെ നേട്ടങ്ങളില്‍ അഭിമാനമാണ്.   1968 ല്‍ ഇംഗ്ലീഷില്‍  ബിരുദവും 1970ല്‍   രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയ കിരണ്‍ബേദി  അദ്ധ്യാപികയായാണ് കരിയര്‍ ആരംഭിച്ചത്. മികച്ച ഒരു ടെന്നീസ് പ്ലെയര്‍ കൂടിയായ കിരണ്‍, 1971 ലെ ഏഷ്യന്‍ വനിതാ ടെന്നിസ്  ചാമ്പ്യനായിരുന്നു.  തൊട്ടടുത്തവര്‍ഷം ഐപിഎസ് കരസ്ഥമാക്കി.  വേറിട്ടു നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടാണ് അവര്‍ പോലീസ് സേനയില്‍ ചേര്‍ന്നത്.  ആരും നടക്കാത്ത വഴികളോട് ആയിരുന്നു കിരണ്‍ബേദിയ്ക്ക് എന്നും പ്രണയം. ലോകം ട്രെന്‍ഡുകള്‍ക്ക് പിറകെ പോകുമ്പോള്‍ സ്വയം ട്രെന്‍ഡുകള്‍ സൃഷ്ടിക്കാനായിരുന്നു  കിരണ്‍  താല്‍പര്യപ്പെട്ടത്.  ടെന്നീസ് കളിക്കിടയില്‍ പാറിപ്പറക്കുന്ന മുടി ശല്യമായി തോന്നിയിരുന്നതുകൊണ്ട് സ്വീകരിച്ച ബോയ് കട്ട് ഹെയര്‍സ്‌റ്റൈല്‍ ഉള്‍പ്പെടെ പലതിലും   ഇന്ത്യയിലെ സ്ത്രീകളുടെ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ നിറം  പകരാനും വാര്‍പ്പുമാതൃകകള്‍ തച്ചുടയ്ക്കാനും  കിരണിന്   സാധിച്ചു.

കിരണ്‍ബേദിക്ക് മുന്‍പും ശേഷവും എന്ന് വേര്‍തിരിക്കാവുന്നത്ര പ്രകടമായ മാറ്റങ്ങള്‍ അവരുടെ കടന്നുവരവോടെ ഇന്ത്യന്‍ പോലീസ് സേനയില്‍ ഉണ്ടായി. കുറ്റം ചെയ്യുന്നവരെ കണ്ടെത്തുക , ശിക്ഷിക്കുക എന്നിവ മാത്രമായിരുന്നു അതുവരെ പോലീസിന്റെ  ദൗത്യം. കുറ്റം ചെയ്യാനുള്ള സാഹചര്യം തടയുക എന്നതും പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് അവര്‍ സേനയെ ബോധ്യപ്പെടുത്തി. കിരണ്‍ ബേദിയുടെ സര്‍വീസ് ഹിസ്റ്ററി പരിശോധിച്ചാല്‍ പുരുഷന്മാര്‍പോലും ധൈര്യപ്പെടാത്ത മേഖലകളില്‍ വ്യക്തിപ്രഭാവംകൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയതായി കാണാം. 1972ല്‍ മുസൂറിയിലെ പരിശീലനത്തിനിടയിലാണ് ടെന്നീസ് കളിക്കാരനായ ബ്രിജ് ബേദിയുമായുള്ള വിവാഹം. എണ്‍പത് ആണുങ്ങള്‍ക്കൊപ്പം ഏകപെണ്‍തരിയായുള്ള പരിശീലനം ക്ലേശകരമായിരുന്നു. 1975ല്‍ ചാണക്യപുരിയില്‍ എ.എസ്.പി ആയി നിയമിതയാകുമ്പോള്‍ മകള്‍ സുകൃതിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു കിരണ്‍. ആ അവസ്ഥയില്‍ ഡല്‍ഹിയിലെ റിപ്പബ്ലിക്ക് പരേഡിന് നേതൃത്വം കൊടുക്കാനുള്ള അവസരവും ലഭിച്ചു. സ്ത്രീയെന്ന നിലയിലെ പരിമിതികള്‍ ചൂണ്ടിക്കാണിച്ച്   പരിഹസിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനിതരസാധാരണമായ കര്‍ത്തവ്യ   നൈപുണ്യംകൊണ്ടാണ്  കിരണ്‍ ബേദി മറുപടി കൊടുത്തത്.വ്യക്തിജീവിതം ഒരിക്കല്‍പോലും തൊഴിലിനെ ബാധിക്കാതെ കൊണ്ടുപോകാന്‍ ജാഗരൂകമായ സമീപനം കൈകൊണ്ട  കിരണ്‍ , 1979ല്‍   രാഷ്ട്രപതിയില്‍ നിന്നുള്ള പൊലീസ് മെഡല്‍ നേടുന്ന ആദ്യ വനിത ഐ പി എസ് ഓഫീസറായി.  തെറ്റ് എവിടെ കണ്ടാലും ചോദ്യംചെയ്യുന്ന നൈസര്‍ഗ്ഗിക വാസന , കിരണിന് ധാരാളം ശത്രുക്കളെ സംഭാവന ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാനുള്ള പോരാട്ടത്തിന്റെ പേരില്‍ സാധാരണക്കാര്‍ക്കിടയില്‍ അതേ അവസരത്തില്‍ കിരണ്‍ നക്ഷത്രമായി ജ്വലിച്ചു നിന്നു.  ഡല്‍ഹി  ട്രാഫിക് കമ്മീഷണര്‍ ആയിരിക്കെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വാഹനം തെറ്റായി പാര്‍ക്ക് ചെയ്തതിന് എതിരെ ശബ്ദമുയര്‍ത്താന്‍ പോലും കിരണ്‍ ബേദി മടിച്ചില്ല.

തിഹാര്‍ ജയിലില്‍ ഐജി ആയി പോസ്റ്റിംഗ് ലഭിക്കുന്നതോടെ കിരണിന്റെ പത്തി മടങ്ങുമെന്ന് കണക്ക് കൂട്ടിയവരും കുറവല്ല. തീവ്രവാദികളും കൊലപാതകികളും ഗുണ്ടകളും ക്രൂരമായി ബലാത്സംഗം ചെയ്ത കുറ്റവാളികളും ഉള്‍പ്പെടുന്ന പതിനായിരത്തോളം പ്രതികള്‍ക്കിടയിലേക്ക് ഒരു സ്ത്രീ നടന്നു ചെന്നാല്‍ എന്ത് സംഭവിക്കാനാണ് എന്ന ധാരണ അവര്‍ തിരുത്തി കുറിച്ചു. നരകം എന്ന് വിളിപ്പേരുണ്ടായിരുന്ന ജയില്‍, കിരണ്‍ ബേദിയുടെ മേല്‍നോട്ടത്തില്‍ ആശ്രമ സമാനമായി തീര്‍ന്നു. ജയിലിലെ അന്തേവാസികള്‍ക്ക്  പ്രാര്‍ത്ഥിക്കാനും  ധ്യാനിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു. വികലമായ മനസ്സാണ് കുറ്റവാസന ജനിപ്പിക്കുന്നത് എന്നും ആ മനസ്സിനെ നിയന്ത്രിക്കാന്‍ ധ്യാനത്തിലൂടെ കഴിയുമെന്നുമുള്ള പാഠം കിരണ്‍ ബേദി പകര്‍ന്നുകൊടുത്തു. ജയിലിനുള്ളില്‍ നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതും കിരണ്‍ ബേദിയുടെ മേല്‍നോട്ടത്തിലാണ്.  ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നാഷണല്‍ ഓപ്പണ്‍ സ്കൂളും ഇതിന്‍റെ ഭാഗമായി ആരംഭിച്ചു. ലഹരിക്ക് അടിമയായ കുറ്റവാളികള്‍ക്ക് വേണ്ടി ഡി അഡിക്ഷന്‍ സെന്‍റര്‍  സ്ഥാപിക്കുകയും ചെയ്തു.  ജയിലിനുള്ളില്‍ തന്നെ ബാങ്ക് എന്ന ആശയത്തിനും   സ്വയം തൊഴില്‍ പരിശീലനത്തിനും തുടക്കം കുറിച്ചതും ഈ കാലയളവിലാണ്.   ജയിലില്‍ കൈകൊണ്ട  മാറ്റങ്ങളുടെ പേരില്‍ 1994ല്‍ മാഗ്‌സസേ  പുരസ്കാരം ലഭിച്ച  കിരണ്‍ ബേദിയെ  2003 ല്‍ ഐക്യരാഷ്ട്രസഭ  ആദ്യ വനിതാ പൊലീസ് അഡ്വൈസര്‍ ആയി നിയമിച്ചു  എന്നതും  നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍തൂവലാണ്.  2007ല്‍ പൊലീസ് യൂണിഫോം അഴിച്ചുവച്ച് മുഴുനീള സാമൂഹിക സേവനത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ അഴിമതിരഹിത ഭാരതം ആയിരുന്നു കിരണിന്റെ  സ്വപ്നം. 2016 ലാണ് പുതുച്ചേരി ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.  കിരണ്‍ ബേദിയുടെ ഇടപെടലുകളെ കുറിച്ച് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയുടെ പ്രസ്താവനകള്‍ വാര്‍ത്തകളില്‍ നിറയുന്ന സമകാലിക സാഹചര്യത്തില്‍,  ആ പെണ്‍ സിംഹത്തിന്റെ  പോരാട്ടവീര്യം ഇനിയും കുറഞ്ഞിട്ടില്ലെന്ന് വ്യക്തം.

"It's always possible" എന്ന  പുസ്തകത്തില്‍ മുഴുനീളം കാണുന്നതും  ചുറ്റുപാടുമുള്ള ലോകം  മാറ്റിമറിക്കാനുള്ള  കിരണ്‍ ബേദിയുടെ  അസാധാരണ  കഴിവാണ്. ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഇതാണ് : "സംഭവിക്കുന്ന 100 കാര്യങ്ങളില്‍ നല്ലതും ചീത്തയുമായ 90 ശതമാനവും നമ്മുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളാണ്.  ഉറ്റവരുടെ മരണം , പ്രകൃതിക്ഷോഭം പോലുള്ള 10 ശതമാനം കാര്യങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍   ഒതുങ്ങുന്നതല്ല. നിയന്ത്രിക്കാന്‍ കഴിയുന്ന 90% കാര്യങ്ങളും നല്ല രീതിയില്‍ ചെയ്യുകയാണ് വേണ്ടത്.  വിജയത്തില്‍ സന്തോഷിക്കുക പരാജയത്തില്‍ പതറാതെ വാശിയോടെ മുന്നേറുക".

കിരണ്‍ ബേദി, Lion Lady @ 70 (മീട്ടു റഹ്മത്ത് കലാം)കിരണ്‍ ബേദി, Lion Lady @ 70 (മീട്ടു റഹ്മത്ത് കലാം)കിരണ്‍ ബേദി, Lion Lady @ 70 (മീട്ടു റഹ്മത്ത് കലാം)കിരണ്‍ ബേദി, Lion Lady @ 70 (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക