Image

റോമേനിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തോട് മാപ്പിരന്നു

Published on 03 June, 2019
റോമേനിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തോട് മാപ്പിരന്നു

ബുക്കാറസ്റ്റ്: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമാനിയയില്‍ മൂന്നു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങി. വെള്ളിയാഴ്ച റൊമേനിയിലെ ഒട്ടേപെനി വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പായ്ക്ക് പ്രസിഡന്റ് ക്ലോസ് അയോവാനിസ് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഔപചാരിക സ്വീകരണം നല്‍കി.

പ്രധാനമന്ത്രി വിക്ടോറിയ ഡാന്‍സിലയുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ പ്രസംഗിച്ച പാപ്പാ സാംസ്‌കാരികവും ആത്മീയവുമായ വേരുകള്‍ സ്മരണയില്‍ വരുത്തണമെന്ന് റൊമാനിയക്കാരോട് ആഹ്വാനം ചെയ്തു. പുരോഗതി കാരണമുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ കാണാതെ പോകരുത്. രാഷ്ട്രീയവും മതപരവുമായ അധികാര സ്ഥാനങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയ്ക്കു നല്‍കിയ സ്വീകരണ പരിപാടിയില്‍ റൊമാനിയന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പാട്രിയാര്‍ക്ക് ഡാനിയലും, ജൂത, മുസ് ലിം മത മേലധ്യക്ഷന്‍മാരും പങ്കെടുത്തു. റൊമാനിയന്‍ ജനതയില്‍ എണ്‍പതു ശതമാവും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളും ആറു ശതമാനം പ്രോട്ടസ്റ്റന്റുകളുമാണ്. നാലു ശതമാനം മാത്രമാണ് ഗ്രീക്ക് കത്തോലിക്കര്‍.

കത്തോലിക്കരില്‍നിന്നു നേരിട്ട വിവേചനങ്ങളുടെ പേരില്‍ റൊമേനിയന്‍ ജനതയോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പപേക്ഷിച്ചു. ദൈവനാമത്തിലും സഭയുടെ നാമത്തിലും ഞാന്‍ നിങ്ങളോടു മാപ്പപേക്ഷിക്കുകയാണ്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും നേരിട്ട വിവേചനങ്ങള്‍ പൊറുത്തു തരണമെന്നും മാര്‍പാപ്പ പറഞ്ഞു. റോമാ ജനതയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ മനസ് തുറന്നത്. 

നൂറ്റാണ്ടുകളായി യൂറോപ്പില്‍ വിവേചനം നേരിടുന്ന നാടോടി ജനവിഭാഗമാണ് റോമാക്കാര്‍. ഹോളോകോസ്റ്റ് സമയത്തും മറ്റും ഇവരില്‍ പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുള്ളതായാണ് കരുതുന്നത്.

നിലവില്‍ യൂറോപ്പിന്റെ തെക്ക്, മധ്യ ഭാഗങ്ങളിലാണ് റോമാക്കാര്‍ അധികമുള്ളത്. റൊമാനിയന്‍ ജനസംഖ്യയില്‍ പത്തു ശതമാനവും ഇവരാണ്. ഇന്നും വിവേചനം കാരണം തങ്ങള്‍ക്കു ജോലി കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ദാരിദ്യ്രത്തില്‍ തുടരുകയാണെന്നും ഇവര്‍ മാര്‍പാപ്പയോടു പരാതിപ്പെട്ടു.

രണ്ടാം ലോകയുദ്ധ കാലത്ത് ഫാസിസ്റ്റ് ഭരണത്തിലും തുടര്‍ന്ന് 1989 വരെ കമ്യൂണിസ്റ്റ് ഭരണത്തിലുമായിരുന്നു റൊമാനിയ. എന്നിട്ടും ജനാധിപത്യം വളര്‍ത്തിയെടുക്കുന്നതില്‍ കാണിച്ച അര്‍പ്പണബോധത്തിന് റൊമാനിയക്കാരെ മാര്‍പാപ്പ അഭിനന്ദിച്ചു. നിലവില്‍ യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ പദവിയും റൊമാനിയയ്ക്കാണ്. സമീപ വര്‍ഷങ്ങളില്‍ ആറു ശതമാനം സാന്പത്തിക വളര്‍ച്ചയും രാജ്യത്തിനു കൈവരിക്കാനായിരുന്നു. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആദ്യമായി റൊമേനിയ സന്ദര്‍ശിച്ച മാര്‍പാപ്പാ.ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു അപ്പസ്‌തോലിക സന്ദര്‍ശനം.

കമ്യൂണിസ്റ്റ് പീഡനത്തിനിരയായ ബിഷപ്പുമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു 

മാര്‍പാപ്പായുടെ റൊമാനിയന്‍ സന്ദര്‍നത്തിനിടയില്‍ കമ്യൂണിസ്റ്റ് ഭരണകാലത്ത് പീഡനങ്ങള്‍ക്കിരയായ ഏഴു കത്തോലിക്കാ ബിഷപ്പുമാരെ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 

1948 മുതല്‍ 1989 വരെയുള്ള കമ്യൂണിസ്റ്റ് ഭരണകാലത്ത് റൊമാനിയയില്‍ പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ പോരാടിയ മത മേധാവികളാണ് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്.

ബ്ലാജ് പട്ടണത്തില്‍ 'സ്വാതന്ത്ര്യത്തിന്റെ വിളഭൂമി’ എന്നുപേരിട്ട വേദിയില്‍ 60,000ത്തോളം വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് മാര്‍പാപ്പ ഏഴു പേരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. കമ്യൂണിസ്റ്റ് ഭരണകാലത്ത് റൊമാനിയയിലെ ജയിലിലും ഓര്‍ത്തഡോക്‌സ് പള്ളികളിലുമായി തടവിലായ ഈ ഏഴു കത്തോലിക്ക ബിഷപ്പുമാരില്‍ പലരും കൊടും പീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുകയായിരുന്നു. ഇതില്‍ നാലുപേരുടെ കല്ലറ എവിടെയാണെന്നതുപോലും ഇപ്പോഴും അജ്ഞാതമാണ്.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വാധീനമുള്ള റൊമാനിയയില്‍ രണ്ടാം ലോക മഹാ യുദ്ധത്തിനുശേഷമാണ് കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തില്‍വന്നത്. 15 ലക്ഷത്തോളം വരുന്ന കത്തോലിക്ക വിശ്വാസികള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള പീഡനവും സമ്മര്‍ദവും കാരണം സ്വന്തം സഭയെ കൈയൊഴിയേണ്ടണ്ടിവന്നു. രാജ്യത്തെ രണ്ടു കോടിയോളം വരുന്ന ജനസംഖ്യയില്‍ ഇപ്പോള്‍ രണ്ടുലക്ഷം മാത്രമാണ് കത്തോലിക്കാ വിശ്വാസികള്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക