Image

സീറോമലബാര്‍ വ്യാജരേഖയും പൊട്ടിത്തെറികളും (ജോസഫ് പടന്നമാക്കല്‍)

Published on 26 May, 2019
സീറോമലബാര്‍ വ്യാജരേഖയും പൊട്ടിത്തെറികളും (ജോസഫ് പടന്നമാക്കല്‍)
ചരിത്രത്തിലാദ്യമായി സീറോ മലബാര്‍സഭ ദുരൂഹമായ സാഹചര്യങ്ങളില്‍ക്കൂടിയാണ് ഇന്ന് കടന്നുപോവുന്നത്. അനുദിനമെന്നോണം നിരവധി വിവാദപരമായ കാര്യങ്ങള്‍ക്ക് തീരുമാനമാകാത്തതുമൂലം സഭാ വിശ്വാസികളിലും ആശങ്കയുണ്ടാക്കുന്നു. സഭയ്ക്കുള്ളില്‍ തെക്കും വടക്കുമായുള്ള ചേരി തിരിഞ്ഞുള്ള പടയോട്ടത്തില്‍ ഏറ്റവും അസ്വസ്ഥരായിരിക്കുന്നതും വിശ്വാസികള്‍ തന്നെ!

അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന സീറോ മലബാര്‍ സഭയുടെ സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ വഷളായിക്കൊണ്ടിരിക്കുന്നു. വത്തിക്കാന്റെ അഡ്മിനിസ്ട്രേറ്റര്‍ പ്രതിയാവുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ പോകുന്നുവെന്നെല്ലാമുള്ള വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ വത്തിക്കാന്‍ ഇടപെടാനുള്ള സാധ്യത ഏറെയാണ്. ഏതു നിമിഷവും വത്തിക്കാനില്‍നിന്ന് ഇടപെടല്‍ വരുമെന്ന സൂചനയും വരുന്നുണ്ട്. സഭയിലെ ഇരുവിഭാഗവും അവരുടെ പ്രബലരായ പുരോഹിതരും ബിഷപ്പുമാരും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടലിലേക്ക് പോകുകയും വിശ്വാസികള്‍ക്കിടയില്‍ നിരാശയുണ്ടാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വത്തിക്കാന് വെറുതെയിരിക്കാന്‍ കഴിയില്ല. മാര്‍പാപ്പയുടെ പ്രതിനിധിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വത്തിക്കാനില്‍ നിന്നും ശക്തമായ പ്രതികരണവും സഭാനേതൃത്വത്തിനു ലഭിച്ചേക്കാം. അത് ലോകരാഷ്ട്രങ്ങളുടെയിടയില്‍ രാജ്യത്തിന്റെ തന്നെ അന്തസ്സിന് കോട്ടം വരുത്തുകയും ചെയ്യാം.

സ്വന്തമായി അന്തര്‍ദേശീയ ബാങ്കുകളില്‍ നിക്ഷേപങ്ങളുണ്ടെന്നുള്ള ആരോപണങ്ങളുമായി കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ സൃഷ്ടിച്ചുവെന്നതാണ് കേസ്. രാഷ്ട്രീയ തലങ്ങളില്‍ കൂട്ടമായി പടകളും പരസ്പ്പരം പഴിചാരിയുള്ള കുറ്റാരോപണങ്ങളും സാധാരണമാണ്. എന്നാല്‍, ആദ്ധ്യാത്മികതയുടെ ലോകത്ത് പുരോഹിതരും ബിഷപ്പുമാരും ചേരിതിരിഞ്ഞുള്ള വഴക്കുകള്‍ കേരളകത്തോലിക്ക സഭയുടെ ചരിത്രത്തില്‍ അസാധാരണവും സംഭവിക്കരുതാത്തതുമായിരുന്നു. സഭയുടെ വിഭജനം വരെ അത് എത്തിക്കാമെന്നും ചിലര്‍ ഭയപ്പെടുന്നു.

സോഷ്യല്‍ മീഡിയാകളിലും പത്രങ്ങളിലും വിവാദമായ വ്യാജരേഖയെപ്പറ്റി നിരവധി വാര്‍ത്തകള്‍ പൊന്തിവരുന്നുണ്ടെങ്കിലും കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങള്‍ വാര്‍ത്തകളെ മൂടി വെക്കുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് നിലവാരമുള്ള സഭയുടെ പരസ്യങ്ങള്‍ നഷ്ടപ്പെടുമെന്നുള്ള അങ്കലാപ്പും മാദ്ധ്യമങ്ങള്‍ക്കുണ്ട്. അതുകൊണ്ട് സത്യം ആരുടെ പക്ഷത്താണെന്ന് വ്യക്തമായ ഒരു ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ല. മാര്‍ ആലഞ്ചേരി പക്ഷവും എറണാകുളം-അങ്കമാലി രൂപതയോടൊപ്പമുള്ളവരും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നതുമൂലം നിക്ഷ്പ്പക്ഷമായ ഒരു നിരീക്ഷണം ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കാനും സാധിക്കുന്നില്ല.

തലമുറകളായി പൂര്‍വിക പിതാക്കന്മാര്‍ മുതല്‍ സഭാമക്കളില്‍ നിന്നും പിരിച്ചെടുത്ത വന്‍കിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകര്‍ച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കില്‍ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാര്‍ നേതൃത്വത്തിനുള്ളത്. ബിഷപ്പുമാരുടെ സിനഡും കര്‍ദ്ദിനാള്‍ ചേരിയില്‍ നിലകൊള്ളുന്നു. നേര്‍ക്കുനേരെയുള്ള ആരോപണങ്ങളുമായി മറുവശത്ത് എറണാകുളം അങ്കമാലി രൂപതയും അവരുടെ വൈദികരും പോരാട്ടക്കളരിയിലുണ്ട്.

സത്യ ദീപം പത്രാധിപരും വാഗ്മിയും പണ്ഡിതനുമായ ഫാ.പോള്‍ തേലക്കാട്ട്, അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ആദിത്യ, കര്‍ദ്ദിനാളിന്റെ മുന്‍ ഓഫിസ് സെക്രട്ടറിയും മുരിങ്ങൂര്‍ സാന്‍ജോ നഗര്‍പുരം ഇടവക വികാരിയുമായ ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ നാലു വരെ പ്രതികളായിട്ടുള്ള കേസ് സിറോ മലബാര്‍ സഭയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നു. മൊത്തത്തില്‍ സഭയെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു ബിഷപ്പടക്കം കൂടുതല്‍ പുരോഹിതര്‍ പ്രതികളാക്കപ്പെടുമെന്ന സൂചനകൂടി നിലനില്‍ക്കുന്നതോടെ ഏറ്റുമുട്ടലുകള്‍ ഇനിയും ശക്തമാകാനാണ് സാധ്യത.

മാര്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖകളുടെ കഥ മാദ്ധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഘോഷിക്കുന്നു. സത്യമെന്തെന്ന് ഇന്നുവരെ വ്യക്തവുമല്ല. ആലഞ്ചേരിക്കെതിരായി ഗൂഢമായ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തെ പിന്താങ്ങുന്നവര്‍ അനുമാനിക്കുന്നു. നേതൃത്വത്തിനു വേണ്ടിയുള്ള അധികാര വടം വലിയാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയുന്നു. ചില പുരോഹിതര്‍ ഒത്തുകൂടി മാര്‍ ആലഞ്ചേരിക്കെതിരെ സൃഷ്ടിച്ച വ്യാജ പ്രമാണമെന്നാണ് ആലഞ്ചേരി പക്ഷം വിശ്വാസികള്‍ കരുതുന്നത്.

മാര്‍ ആലഞ്ചേരിക്കെതിരെ ചില രേഖകള്‍ കണ്ടെത്തിയെന്നതും ശരിതന്നെ. രേഖകള്‍ വ്യാജമെന്നോ സത്യമെന്നോ വ്യക്തമായി ആര്‍ക്കും അറിഞ്ഞുകൂടാ! ഒരു കേസ് കോടതിയില്‍ തെളിയുന്നതുവരെ, കുറ്റക്കാരനെന്നു വിധിക്കും മുമ്പേ അഭിവന്ദ്യനായ ഒരാളിനെ കള്ളനെന്നും തട്ടിപ്പുകാരനെന്നും ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയാകളും വിളിക്കുന്നതിനോട് യോജിക്കുന്നില്ല. എന്നാല്‍ സാഹചര്യങ്ങളും വിവിധ അഭിപ്രായങ്ങളും തമ്മില്‍ ക്രോഡീകരിച്ചപ്പോള്‍ രേഖകള്‍ വ്യാജമല്ലെന്നും സാധാരണക്കാര്‍ക്ക് തോന്നാം. വാര്‍ത്തകളെ പെരുപ്പിക്കുക എന്നുള്ളത് മാദ്ധ്യമങ്ങളുടെ സ്വാര്‍ത്ഥതയും വക്രതനിറഞ്ഞ പ്രൊഫഷനിലിസത്തിന്റെ ഭാഗമെന്നും തോന്നിപ്പോവുന്നു.

അതുപോലെ വ്യാജരേഖയുടെ പേരില്‍ ഒരു ചെറുപ്പക്കാരനായ ഐഐടി ഗവേഷകനെ അതിക്രൂരമായി മര്‍ദ്ദിച്ച കഥകളും പുറത്തുവന്നു. നല്ല ഭാവിയുള്ള ഒരു ചെറുപ്പക്കാരന്റെ മുമ്പോട്ടുള്ള പുരോഗതിയും തടസ്സപ്പെടുത്തുന്നു. നൂറുവട്ടം ക്ഷമിക്കണമെന്നു പറഞ്ഞ യേശുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട ആദ്ധ്യാത്മിക ഗുരുക്കള്‍ ആ യുവാവിന്റെ ദീനരോദനത്തിനു മുമ്പില്‍ നിശ്ശബ്ദരായിരിക്കുന്നതും ഖേദകരം തന്നെ. ഗവേഷണങ്ങള്‍ക്കിടയില്‍ യാദൃശ്ചികമായി കമ്പ്യുട്ടറില്‍ വന്ന രേഖകള്‍ തേലെക്കാടനെ ഏല്‍പ്പിച്ച ഒരേ കുറ്റമാണ് ഈ യുവാവ് ചെയ്തത്. അതില്‍, സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ അയാള്‍ കേസിന്റെ ബലിയാടാവുകയും ചെയ്തു.

വ്യാജ രേഖയുടെ പേരില്‍ വത്തിക്കാന്‍ പ്രതിനിധി മാര്‍ മനന്തോടത്ത് വത്തിക്കാന്റെ അനുമതിയോടെ ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. മനന്തോടത്ത് വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയതും പുതിയ വിവാദമായിരുന്നു. പത്രസമ്മേളനത്തില്‍ ആദിത്യനെ ക്രൂരമായി പോലീസ് മര്‍ദ്ദിച്ചതും വ്യാജരേഖകളെ സംബന്ധിച്ചുള്ള മറ്റു വിശദീകരണങ്ങളും ചര്‍ച്ച ചെയ്തു. എന്നാല്‍ മനന്തോടത്തിന്റെ പത്രസമ്മേളനത്തെ പ്രതിക്ഷേധിച്ചുകൊണ്ട് വിശ്വാസികളില്‍ എതിര്‍വിഭാഗം ഒരു സമ്മേളനം വിളിച്ചുകൂട്ടി. ബദല്‍ സമ്മേളനം ഇപ്പോള്‍ കര്‍ദ്ദിനാള്‍ ആസ്ഥാനത്ത് നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായി അതിരൂപത കണക്കാക്കുന്നു. 

മനന്തോട്ടത്തിനെതിരായ സമ്മേളനം ഫൊറോനായോ അതിരൂപതയോ നടത്തിയതല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മാര്‍പാപ്പയുടെ പ്രതിനിധിയെന്ന നിലയില്‍ മനന്തോട്ടത്തിന് പത്രസമ്മേളനം വിളിച്ചുകൂട്ടാന്‍ അനുവാദമുണ്ട്. അതിന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയോ മറ്റാരുടെയോ അനുവാദം ആവശ്യമില്ല. അത് നിയമാനുസൃതവും ആധികാരികവുമെന്നും പൊതു ജനത്തിന്റെയും വിശ്വാസികളുടെയും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ വേണ്ടിയാണ് പത്ര സമ്മേളനം വിളിച്ചു കൂട്ടിയതെന്നും അതിരൂപത അവകാശപ്പെടുന്നു. വ്യാജമെന്ന് അനുമാനിക്കുന്ന രേഖകള്‍ മാര്‍ മനന്തോടത്ത് വത്തിക്കാനില്‍ അയച്ചുവെന്നതിനും തീര്‍ച്ചയില്ല. എന്നാല്‍ രേഖകള്‍ സത്യമെന്നുള്ളതിന് തെളിവുകളുണ്ടെന്നും നിശ്ചിതമായ തെളിവുകള്‍ മനന്തോട്ടത്തിന്റെ കൈവശമുണ്ടെന്നും അവകാശപ്പെടുന്നു.

വിദേശ പ്രതിനിധിയായ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 'സിനഡ്' അത് വത്തിക്കാനെ ബോധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. മാര്‍പാപ്പ നിയമിച്ച ഒരു പ്രതിനിധിക്കെതിരെ സഭയുടെ തന്നെ സിനഡ് കേസ് കൊടുക്കുന്നത്, വത്തിക്കാനെ നിഷേധിച്ചതിനും തള്ളിപ്പറഞ്ഞതിനും തുല്യമാണ്. കര്‍ദ്ദിനാളിന്റെയും മറ്റുബിഷപ്പുമാരുടെയും സാമ്പത്തിക നിക്ഷേപം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന് സിനഡിന് പരാതിയുണ്ടെങ്കില്‍ സിനഡ് അത് വത്തിക്കാന് നേരിട്ട് പരാതി അയക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. കാനോന്‍ നിയമം അനുസരിച്ച് വത്തിക്കാന്‍ നിയമിക്കുന്ന ഒരു പ്രതിനിധിയുടെ പേരില്‍ നിയമക്കോടതിയെ അഭയം പ്രാപിക്കുന്നത് തെറ്റാണ്. സഭയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സഭ തന്നെ പരിഹരിക്കുകയോ വത്തിക്കാനെ കാര്യങ്ങളുടെ പോക്ക് അറിയിക്കുകയോ വേണമെന്നുള്ളതാണ് നിയമം. എന്നാല്‍ എഴുതപ്പെട്ട നിയമങ്ങളെ ധിക്കരിച്ചുകൊണ്ടുള്ള ഒരു പോക്കായിരുന്നു കര്‍ദ്ദിനാളിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇടയന്മാരും പുരോഹിതരും പരസ്പ്പരം ശണ്ഠ കൂടുന്നതുമൂലം വിശ്വാസികള്‍ ഇനിയെന്തെന്നുള്ള വൈകാരിക ചോദ്യങ്ങളുമായി കടുത്ത സമ്മര്‍ദ്ദത്തിലാണ്. കോടതിക്കേസുകള്‍ വന്നതോടെ വ്യാജരേഖയുടെ അടിസ്ഥാനത്തില്‍ വത്തിക്കാന്‍ ഈ കേസില്‍ ഇടപെടാനുള്ള സാധ്യതയുണ്ടോയെന്നും അറിയില്ല. അതുമൂലം പ്രശ്‌നപരിഹാരത്തിനായി ഒരു ഫോര്‍മുല കണ്ടുപിടിക്കാനായുള്ള സാങ്കേതിക പ്രശ്‌നങ്ങളുമുണ്ടാവുന്നു. മാത്രവുമല്ല കേസ് ഇപ്പോള്‍ ഇന്ത്യയുടെ പരമാധികാര കോടതിയുടെ കീഴിലാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും നിയമവ്യവസ്ഥകളുണ്ട്. ഭൂമി വിവാദവും വ്യാജരേഖയും കോടതിയുടെ പരിഗണനയിലായതിനാല്‍ വത്തിക്കാന് ഈ കേസില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുതന്നെയാണ്. എങ്കിലും ഭൂമിയിടപാടിനോടൊപ്പം വ്യാജ രേഖകളും സംബന്ധിച്ച കേസിന്റെ വസ്തുതകള്‍ വത്തിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. നിയമപരമായ നടപടികളും കേസിന്റെ കുരുക്കുകളുമഴിഞ്ഞാല്‍ വത്തിക്കാന്‍ തീരുമാനങ്ങളുമായി രംഗത്ത് വരുമെന്നാണ് കേസുമായി ബന്ധപ്പെട്ടവര്‍ കരുതുന്നത്.

ഭൂമിയിടപാടുകള്‍ സംബന്ധിച്ച വ്യക്തമായ ധാരണകള്‍ വത്തിക്കാന് ബോദ്ധ്യമായതിനാലാണ് മാര്‍ ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്നും വത്തിക്കാന്‍ മാറ്റിയത്. പകരം ഭരണകാര്യങ്ങളുടെ ചുമതലക്കായി മാര്‍ മനന്തോടത്തിനെ വത്തിക്കാന്‍ നിയമിക്കുകയാണുണ്ടായത്. വത്തിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് ഭൂമിയിടപാടുകളെ സംബന്ധിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ട് തികച്ചും സത്യസന്ധമായ രീതിയില്‍ മാര്‍ മനന്തോടത്ത് വത്തിക്കാനെ അറിയിച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ടില്‍ ഭൂമിയിടപാടിലുള്ള നിരവധി ക്രമക്കേടുകളെപ്പറ്റിയുള്ള പരാമര്‍ശനങ്ങളുമുണ്ട്. എന്നാല്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച വൈദികരെ ഒന്നടങ്കം പ്രതിസ്ഥാനത്ത് കൊണ്ടുവരാനാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും മറ്റു ഭരണതലത്തിലുള്ളവരും ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്.

സഭാ വഴക്കിന്മേല്‍ ഈ കേസുമായി ബന്ധപ്പെട്ട് ബലിയാടായി തീര്‍ന്നിരിക്കുന്നത് ഐഐടിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ആദിത്യനെന്ന ചെറുപ്പകാരനാണ്. ആദിത്യനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ഫാദര്‍ ടോണി കല്ലൂക്കാരനെതിരെ ബലപ്രയോഗത്തില്‍ക്കൂടി മൊഴി പറയിപ്പിക്കുകയുമുണ്ടായി. കേസിനോടനുബന്ധിച്ച് മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ. പോള്‍ തേലക്കാട്ടിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തേലെക്കാട്ടച്ചന് രേഖകള്‍ ലഭിച്ചത് 'ആദിത്യ' വഴിയെന്ന മൊഴിയനുസരിച്ചാണ് ആദിത്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും പിന്നീട് അറസ്റ്റ് ചെയ്തതും. മൂന്നു ദിവസത്തോളം ആദിത്യയെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചു. വ്യാജ രേഖകളാണ് നിര്‍മ്മിച്ചതെന്ന് ആദിത്യനെക്കൊണ്ട് നിര്‍ബന്ധിച്ച് പോലീസ് പറയിപ്പിക്കുകയും ചെയ്തു. ദിവസങ്ങളോളം ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങിയ ആദിത്യ സമ്മര്‍ദ്ദത്തിന്റെ പുറത്ത് 'ഫാദര്‍ ടോണി കല്ലൂക്കാരന്‍' പറഞ്ഞിട്ടാണ് വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്ന് സമ്മതിച്ചു. അസഹ്യമായ ദേഹോപദ്രവങ്ങളാണ് ആ ചെറുപ്പക്കാരന്‍ നേരിടേണ്ടി വന്നത്.

ഫാദര്‍ കല്ലൂക്കാരന്‍ അങ്ങനെയൊരു വ്യാജ രേഖ ഉണ്ടാക്കാന്‍ ആദിത്യനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. 'ആദിത്യ' തന്നെ പോലീസില്‍നിന്നും മോചനം ലഭിച്ചയുടന്‍ അത് പരസ്യമായി വിളിച്ചറിയിക്കുകയും ചെയ്തു. അനാവശ്യമായി ആദിത്യയെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിക്കുന്നതിനെതിരെ പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നപ്പോഴാണ് പോലീസ് ആദിത്യനെ അറസ്റ്റു ചെയ്യുകയും മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തത്. ആദിത്യന് ജാമ്യം നിഷേധിക്കാനുള്ള എല്ലാ പദ്ധതികളും നടപ്പാക്കിയ ശേഷമായിരുന്നു പോലീസ് ആ യുവാവിനെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയത്.

ഇതിനിടയില്‍ ചോദ്യം ചെയ്തു വിട്ടയച്ച കല്ലൂക്കാരനെ അറസ്റ്റു ചെയ്യാനായി മൂന്നു വണ്ടി പോലീസ് മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ പള്ളിയിലെത്തി. പള്ളിക്കു ചുറ്റും വിശ്വാസികള്‍ തടിച്ചുകൂടുകയും അറസ്റ്റ് ചെയ്യാന്‍ സാധിക്കാതെ പോലീസ് വണ്ടികള്‍ മടങ്ങി പോവുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം ആരുടെയൊക്കെയോ സ്വാധീനത്തിന്റെ പുറത്താണെന്നും സിബിഐയോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നും അതിരൂപത ആവശ്യപ്പെടുന്നു. രേഖകളുടെ ആധികാരിതയും സത്യാവസ്ഥയും സ്വീകരിക്കാനുള്ള നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയവും സഭാ കോര്‍പ്പറേറ്റ് പ്രേരിതവുമായ അന്വേഷണമാണ് ഇതിന്റ പിന്നിലെന്നും അതിരൂപത അവകാശപ്പെടുന്നു. കേസ് നടത്തുന്നത് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണെന്നും വ്യക്തമാണ്. അതിവിദഗ്ദ്ധമായി മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയാണ് ഈ പോലീസ് അന്വേഷണമെന്നും അതിരൂപത കരുതുന്നു.

തന്റെ ജോലികള്‍ക്കിടയില്‍ അവിചാരിതമായി കമ്പ്യുട്ടറില്‍ പൊന്തി വന്ന രേഖകള്‍ ആദിത്യനു തന്നെ വിസ്മയമായിരുന്നു. ഉടന്‍ തന്നെ ആദിത്യന്‍ രേഖകള്‍ സഹിതം സത്യദീപം പത്രാധിപര്‍ തേലെക്കാടന് ഇമെയില്‍ ചെയ്യുകയായിരുന്നു. രേഖകളുടെ സത്യാവസ്ഥ അറിയാന്‍ തേലെക്കാടന്‍ അപ്പോസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആയ ജേക്കബ് മനന്തോടത്തിന് രേഖകള്‍ കൈമാറുകയും ചെയ്തു. അതിലെ സത്യാവസ്ഥ നിശ്ചയമല്ലാത്തതിനാല്‍ മാര്‍ മനന്തോടത്ത് ഈ രേഖകകള്‍ രഹസ്യമായി മാര്‍ ആലഞ്ചേരിക്ക് കൈമാറി. അവകള്‍ പരസ്യപ്പെടുത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. മെത്രാന്‍ സിനഡിലാണ് അതിരഹസ്യമായി വാതിലുകള്‍ അടച്ചുകൊണ്ടു ആദ്യം രേഖകളെപ്പറ്റി ചര്‍ച്ചകള്‍ ചെയ്തത്. തന്മൂലം രേഖകളുടെ വിവരങ്ങള്‍ പുറം ലോകം അറിയുകയും ചെയ്തു. സിനഡില്‍നിന്നാണ് ഗൂഡാലോചനയുടെ തുടക്കമെന്ന് അതിരൂപത കരുതുന്നു.

ആദിത്യനെ ക്രൂരമായി മര്‍ദ്ദിച്ചതിനുപുറമെ കാലില്‍ അടിക്കുകയും കൊന്നു കളയുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. നഖം വരെ പൊളിച്ചു. വൈദികരുടെ പേരുകള്‍ മനഃപൂര്‍വം അവന്‍ പറഞ്ഞതല്ലായിരുന്നു. അവനെ അടിച്ചവശനാക്കിയപ്പോള്‍ വൈദികരുടെ പേരുകള്‍ പറയുകയാണുണ്ടായത്. അത് ഉടന്‍ തന്നെ പോലീസ് മാദ്ധ്യമങ്ങളില്‍ക്കൂടി പ്രചരിപ്പിക്കുകയും ചെയ്തു. നിരപരാധികളെ കുറ്റക്കാരനാക്കി പീഡനം നല്‍കുന്ന പാരമ്പര്യമാണ് എക്കാലവും കേരളാപോലീസിനുള്ളത്. താന്‍ വൈദികരുടെ പേര് മനഃപൂര്‍വ്വം പറഞ്ഞതല്ലെന്നും മരണഭീതികൊണ്ട് പോലീസുകാര്‍ ആവശ്യപ്പെട്ടത് ഏറ്റുപറയുകയായിരുന്നെന്നും ആദിത്യ അറിയിച്ചു. അതില്‍ അവന്‍ വൈദികരോട് മാപ്പ് പറയുകയും ചെയ്തു. അഭിഭാഷകനെപ്പോലും കാണാന്‍ അനുവദിക്കാതെയാണ് ആദിത്യനെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്.

ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച വൈദികരെയാണ് വ്യാജരേഖക്കേസില്‍ പ്രതികളാക്കി പീഡിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. എറണാകുളം അങ്കമാലി രൂപതയെ കേന്ദ്രീകരിച്ചാണ് കേസന്വേഷണം മുമ്പോട്ട് പോവുന്നത്. കാര്യങ്ങളുടെ പോക്കിനെപ്പറ്റിയുള്ള സത്യാവസ്ഥയില്‍ അവ്യക്തതകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഭൂമിയിടപാടുകളുമായി പുതിയതായി കണ്ടെത്തിയിരിക്കുന്ന വ്യാജരേഖകളുമായിട്ട് യാതൊരു ബന്ധവും ഇല്ല. മാത്രവുമല്ല ഭൂമിയിടപാടുകളെ സംബന്ധിച്ചുള്ള സകല റിക്കോര്‍ഡുകളും കോടതികളുടെ കൈവശം ഹാജരാക്കിയിട്ടുണ്ട്. കൃത്യമായ ഓഡിറ്റിങും, ഓഡിറ്റിങ്ങ് റിപ്പോര്‍ട്ടും കാരണം മാര്‍ ആലഞ്ചേരിയ്ക്ക് പ്രതികൂലമായി കേസുകള്‍ മുമ്പോട്ട് പോവുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ച് മാര്‍ ആലഞ്ചേരിക്ക് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എറണാകുളം അങ്കമാലി നേതൃത്വം മുതിര്‍ന്നുവെന്നുള്ള വാദഗതികളും അവിശ്വസിനീയമാണ്. ഇപ്പോള്‍ത്തന്നെ പ്രശ്‌നത്തിലായിരിക്കുന്ന മാര്‍ ആലഞ്ചേരിക്കെതിരെ മറ്റൊരു വ്യാജരേഖ സൃഷ്ടിക്കേണ്ട ആവശ്യം എറണാകുളം-അങ്കമാലി രൂപതയ്ക്കില്ലെന്നാണ് രൂപത വ്യക്തമാക്കുന്നത്. പണത്തിന്റെ കരുത്തില്‍ അനീതിപരമായി പെരുമാറുന്ന പൊലീസില്‍ നിന്നും കേസ് സിബിഐയ്ക്ക് കൈമാറാനും അതിരൂപത ആവശ്യപ്പെടുന്നു. ഭൂമിയിടപാടുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജരേഖ കേസ് കര്‍ദ്ദിനാളിനെതിരെയുള്ള വൈദികര്‍ക്കെതിരെ ചില ലക്ഷ്യങ്ങളോടെ കര്‍ദ്ദിനാളും സിനഡും പകപോക്കുന്നുവെന്ന് അതിരൂപത കുറ്റപ്പെടുത്തി.

പോലീസിന്റെ ഭാഗത്തുനിന്നും നീതിയുക്തമായ ഒരു അന്വേഷണമല്ല നടക്കുന്നതെന്നും ആരോപണമുണ്ട്. പൊലീസിനെതിരായ ശക്തമായ പ്രതിക്ഷേധങ്ങളും അതിരൂപത ഭാഗത്തുനിന്നും തുടരുന്നു. മനന്തോടത്ത് വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭൂമിയിടപാടുകള്‍ മൂലം കോടിക്കണക്കിന് രൂപയുടെ അതിരൂപതയ്ക്കുണ്ടായ നഷ്ടങ്ങള്‍ കര്‍ദ്ദിനാളും സിനഡും മൂടിവെക്കാനുള്ള ശ്രമങ്ങളാണെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.

രേഖകളിലെ പേരുകാരന്‍ കര്‍ദ്ദിനാള്‍ മാത്രമല്ല ഉന്നതരും മറ്റു മെത്രാന്മാരുമുണ്ടെന്നാണ് സൂചനകള്‍. 39 പേജുകള്‍ സഹിതമുള്ള വിവരങ്ങളാണ് ആദിത്യ തേലെക്കാടനു അയച്ചുകൊടുത്തത്. അതില്‍ ഏതാനും പേജുകളില്‍ മാത്രം ആലഞ്ചേരിയുടെ പേരുകള്‍ വരുന്നു. ഈ പേജുകള്‍ മാത്രമാണ് വ്യാജ രേഖയായി കണക്കാക്കുന്നത്. ബാക്കിയുള്ള പേജുകളില്‍ മറ്റു ബിഷപ്പുമാരുടെയും ഉന്നതരുടെയും പേരുകള്‍ വരുന്നുണ്ട്. അതിനെപ്പറ്റി അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നുമില്ല. ബാക്കി പേജുകളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ പോലീസ് പുറത്തുവിടുന്നുമില്ല. സീറോ മലബാര്‍ സഭയിലെപ്പോലെ ലത്തീന്‍ ബിഷപ്പുമാരുടെ പേരുകളും രേഖകളിലുണ്ടെന്ന് കരുതുന്നു. ആലഞ്ചേരിക്കുവേണ്ടി നടത്തുന്ന കേസുകളുടെ രേഖകളില്‍ മറ്റു ബിഷപ്പുമാരുടെ കാര്യത്തില്‍ പോലീസ് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സമഗ്രമായ ഒരു അന്വേഷണം നടത്താന്‍ തയ്യാറെങ്കില്‍ ഈ കേസില്‍ ഇപ്പോള്‍ വാദികളായി നില്‍ക്കുന്നവര്‍ പ്രതികളാകാനും സാധ്യതകളുണ്ട്.

കേസിനോടനുബന്ധിച്ച് അതിരൂപത വിശ്വാസികളുടെ അറിവിനായി ഒരു പ്രസ്താവന ഇറക്കിയിരുന്നു. 'വ്യാജരേഖകള്‍ ഉണ്ടായിയെന്നറിഞ്ഞപ്പോള്‍ ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാനും അതിന്റെ ഉറവിടം മനസിലാക്കാനും സിനഡില്‍ തീരുമാനമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 'സിനഡ്' പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ അന്വേഷണം ഏതാനും വൈദികര്‍ക്കെതിരെ തിരിയുകയും വൈദികരെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. മാര്‍ ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാട്ടും പ്രതികളായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ കര്‍ദ്ദിനാള്‍ തയ്യാറാകുന്നുവെന്നും അറിയിച്ചിരുന്നു. എങ്കിലും കര്‍ദ്ദിനാളിന്റെ ഭാഗത്തുനിന്നും പിന്നീട് പ്രതികരണങ്ങള്‍ യാതൊന്നും ഉണ്ടായില്ല. വ്യാജരേഖകള്‍ കര്‍ദ്ദിനാളിനെതിരെയുള്ള ചില വൈദികരുടെ ഗുഢാലോചനയായി പ്രചരണങ്ങളുമാരംഭിച്ചു.

മാര്‍ ആലഞ്ചേരിക്ക് സ്വന്തമായി ഒരു ബാങ്കിലും അക്കൗണ്ടുകള്‍ ഇല്ലെന്നും രേഖകള്‍ വ്യാജമെന്നും പോലീസ് സ്ഥിതികരിക്കുമ്പോള്‍ രേഖകള്‍ വ്യാജമല്ലെന്നുള്ളതാണ് അതിരൂപതയുടെ നിലപാട്. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച പുരോഹിതരെയാണ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്. രേഖകള്‍ യഥാര്‍ത്ഥമാണെന്നു അതിരൂപത ആവര്‍ത്തിച്ച് തറപ്പിച്ചു പറയുന്നുണ്ട്.

സത്യമെന്തെന്ന് രേഖകള്‍ സംസാരിക്കട്ടെയെന്ന നിലപാടുകളാണ് തേലെക്കാട്ടച്ചനുള്ളത്. അദ്ദേഹം പറഞ്ഞു, 'അനീതിപരമായ രേഖകള്‍ കണ്ണില്‍പ്പെട്ടപ്പോള്‍ അത് കണ്ടില്ലെന്നു നടിക്കാനും സാധിച്ചില്ല. മാര്‍ ആലഞ്ചേരിക്കെതിരെ എന്തെങ്കിലും നിഗൂഢമായ പദ്ധതികളുണ്ടായിരുന്നെങ്കില്‍ തനിക്ക് ആ രേഖകള്‍ മേലധികാരികളെ ഏല്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും രേഖ അയച്ചുതന്ന ആദിത്യനെ ഒരിക്കല്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളുവെന്നും അയാള്‍ വ്യാജ രേഖ സൃഷ്ടിച്ചതായി കരുതുന്നില്ലെന്നും' തേലെക്കാടന്‍ പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യനായ മാര്‍ ആലഞ്ചേരി, ബലിയാടായ ആദിത്യന്റെ പോലീസ് ഓഫീസര്‍മാരില്‍ നിന്നുള്ള ക്രൂരമായ മര്‍ദ്ദന കഥകള്‍ അറിഞ്ഞോയെന്നറിയില്ല! അവന്‍ നിരപരാധിയാണെങ്കില്‍ അവന്റെ കണ്ണുനീരിന്റെയും അഭിമാനത്തിന്റെയും വില സഭയ്ക്ക് മടക്കിക്കൊടുക്കാന്‍ സാധിക്കില്ല. അവന്റെ രോദനം കേള്‍ക്കൂ! 'എന്റെ കാലില്‍ ചൂരല്‍കൊണ്ട് ആഞ്ഞടിച്ചു. ആദ്യത്തെ അടിയില്‍ തന്നെ വടി ഒടിഞ്ഞു പോയി. വേദനകൊണ്ട് ഞാന്‍ ഉറക്കെ അലറിക്കരഞ്ഞു. ഞാന്‍ അസ്മാ രോഗിയെന്നും ഇന്‍ഹേലര്‍ ഉപയോഗിക്കുന്നുവെന്നു പറഞ്ഞിട്ടും മര്‍ദ്ദനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്റെ അര്‍ദ്ധ നഗ്‌നമായ ശരീരത്തെ നോക്കി അസഭ്യത നിറഞ്ഞ കമന്റുകളോടെ ഡിവൈഎസ്പി പരിഹസിച്ചു. എന്റെ ഇടതു ചെവിട്ടത്തിനിട്ടു ആറുപ്രാവിശ്യം അടിച്ചു. മറ്റൊരു ഓഫിസര്‍ എന്റെ നട്ടെല്ലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു. എന്റെ കാലിലെ നഖം വലിച്ചു പറിക്കാന്‍ നോക്കി. (റെഫ്.മംഗളം പത്രം)'.

പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ആദിത്യന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതനുസരിച്ച് മജിസ്ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. വ്യാജപരാതി സമര്‍പ്പിച്ചുവെന്നാരോപിച്ച് മാര്‍ ആലഞ്ചേരിക്കെതിരെ മറ്റൊരു കേസ് ഫയല്‍ ചെയ്യാനും മാര്‍ മനന്തോട്ടത്തും എറണാകുളം അങ്കമാലി രൂപതയും ആലോചിക്കുന്നുമുണ്ട്.

സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകള്‍ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളില്‍ കര്‍ദ്ദിനാള്‍, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികള്‍ ആശങ്കയിലാണ്. ബിഷപ്പുമാരും പുരോഹിതരും തമ്മില്‍ സ്ഥാനമഹിമകള്‍ കണക്കാക്കാതെ ചെളിവാരിയെറിയുന്ന വാര്‍ത്തകളാണ് പത്രങ്ങളിലും സോഷ്യല്‍ മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്. കേഴുന്ന ഭക്തജനങ്ങള്‍ സഭയെ രക്ഷിക്കണമേയെന്നും പ്രാര്‍ത്ഥിക്കുന്നു.
സീറോമലബാര്‍ വ്യാജരേഖയും പൊട്ടിത്തെറികളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
സത്യ ക്രിസ്ത്യാനി 2019-05-26 07:51:54
മാര്‍ ആലഞ്ചേരിക്കു മാത്രമല്ല ഏറ്റവും ആദരണീയനായ ആര്‍ച്ച് ബിഷപ്പ് സൂസൈ പാക്യത്തിനും അക്കൗണ്ട് ഉണ്ട് എന്ന രീതിയിലാണു രേഖ. വേറെ ബിഷപ്പുമാരുടെ പേരും പറയുന്നു. ഇതയും പേര്‍ രഹസ്യ ബാങ്ക് ആക്കൗണ്ട് എടുത്ത് എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. കര്‍ദിനാളിനെ മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ മറ്റു പേരുകള്‍ എന്തിനു ചേര്‍ത്തു എന്നും ചോദിക്കാം.
കര്‍ദിനാളിനു രഹസ്യ അക്കൗണ്ട് ഉണ്ട് എന്നു പറയാന്‍ മാര്‍. മനത്തോടത്തിനു എന്തു തെളിവാണുള്ളത്? അതു കാണിക്കുന്നില്ലല്ലോ? ഈ അക്കൗണ്ടുകള്‍ സ്വിസ് ബാങ്കിലൊന്നുമല്ല. നിയമപരമായി ചോദിച്ചാല്‍ കിട്ടവുന്നതേയുള്ളു.
അത്തരം അക്കൗണ്ട് ഇല്ലെന്നു കര്‍ദിനാളൂം സിനഡും പറയുന്നു. പോലീസിനും അതിന്റെ രേഖ ബാങ്കില്‍ നിന്നു കണ്ടെടുക്കാനായില്ല. അക്കൗണ്ട് ഉണ്ടെങ്കില്‍ ബാങ്ക് അത് നശിപ്പിക്കുമോ? പ്രത്യേകിച്ച് കേസ് ഉള്ളപ്പോള്‍? അതിനു സാധ്യത തീരെ ഇല്ല. സഭാധികാരികളേക്കാള്‍ ബാങ്കിനെ വിശ്വസിക്കാം.
പിന്നെ കേരള പോലീസിനു ഇതില്‍ എന്തു ദുരുദ്ദേശമാണുള്ളതെന്നു മനസിലാകുന്നില്ല. അവര്‍ക്ക് കര്‍ദിനാളായാലും ബിഷപ്പായാലും എന്തു വ്യത്യാസം?
അതേ സമയ്ം സിനഡ് ചാടിപ്പുറപ്പെട്ട് കേസ് കൊടുത്തത് എന്തിനെന്നു മനസിലാകുന്നില്ല. അന്വേഷണം നടത്തിയ ശേഷം തീരുമാനിക്കേണ്ട കാര്യമല്ലായിരുന്നോ അത്?
എന്തായാലും ഈ നാറ്റ കേസ് തുടരുമ്പോള്‍ ഒന്നേ പറയാനുള്ളു. മാര്‍ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ് ഏതെങ്കിലും ആശ്രമത്തില്‍ പോയി ധ്യാനവുമൊക്കെയായി ശിഷ്ടകാലം നയിക്കട്ടെ. ഉന്നത സ്ഥാനത്തിരുന്നു സഭയെ ആകെ നാറ്റിച്ചു. മതിയായില്ലേ? ഇറങ്ങിപ്പോ
സത്യ ക്രിസ്ത്യാനി 
Joseph 2019-05-28 14:52:40
എന്റെ ലേഖനത്തിന് 'സത്യകൃസ്ത്യാനി' എന്ന പേരിൽ എഴുതിയ പ്രതികരണകർത്താവിന് നന്ദി.

ഫാദർ പോൾ തേലെക്കാടനും ഫാദർ കല്ലൂക്കാരനും എതിരായുള്ള വ്യജരേഖ വിവാദത്തിൽ കോടതി അവരുടെ അറസ്റ്റ് തടഞ്ഞത് സ്വാഗതാഹർമാണ്. ഭൂമിവിവാദം പോലുള്ള കേസുകളിൽ ഊരാൻ സാധിക്കാത്തവണ്ണം കുഴപ്പത്തിലായിരിക്കുന്ന ഒരു കർദ്ദിനാളിനെതിരെ പ്രമുഖരായ രണ്ടു വൈദികർ വ്യാജരേഖയുണ്ടാക്കിയെന്നതു വിശ്വസിനീയമല്ല. 

രേഖകൾ പരസ്യപ്പെടുത്താത്ത കാലത്തോളം വ്യജരേഖ കർദ്ദിനാളിന് എങ്ങനെ അപകീർത്തികരമാകും! അതുപോലെ കേരളാ പോലീസിൽ ഇന്നും പ്രാകൃതന്മാർ ജോലി ചെയ്യുന്നുണ്ട്. പരിപൂർണ്ണമായി കേരളത്തിലെ പോലീസ് വകുപ്പിനെ പുനരുദ്ധരിക്കേണ്ടതും ആവശ്യമാണ്. ചോദ്യവിസ്താര വേളകളിൽ ഒരാളിന്റെ കള്ളങ്ങൾ തെളിയിക്കാൻ ആധുനികമായ ശാസ്ത്രീയ മാർഗങ്ങൾ പോലീസുകാർക്ക് ഉപയോഗിച്ചുകൂടെ? ഐഐടി പോലുള്ള ലോകപ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്ന 'ആദ്യത്യ'നെന്ന ചെറുപ്പക്കാരനെ മർദ്ദിച്ചപ്പോൾ ഇവരുടെ മനുഷ്യത്വം നശിച്ചുപോയിരുന്നുവോ? 

പ്രതികളായ രണ്ടു വൈദികരെയും ബഹുമാനിച്ചുകൊണ്ടായിരുന്നു കോടതി തീരുമാനങ്ങളെടുത്തത്. നമ്മുടെ കോടതികളുടെ പാകതയാണ് അത് അറിയിക്കുന്നത്. പത്തു തൊട്ട് നാലുവരെ മാത്രമേ പ്രതികളെ വിസ്തരിക്കാൻ പാടുള്ളൂവെന്നും അതു വക്കീലന്മാരുടെ സാമിപ്യത്തിലായിരിക്കണമെന്നും  വൈദികരെ ഉപദ്രവിക്കാൻ പാടില്ലെന്നും വൈദികർക്ക് വിശ്രമവും ഭക്ഷണവും വിസ്താരവേളയിൽ സമയാസമയങ്ങളിൽ നൽകണമെന്നും കോടതി നിർദ്ദേശങ്ങളിലുണ്ട്. 

ആദിത്യനെ പോലീസ് ഉപദ്രവിച്ചില്ലെന്നുള്ള വാദിഭാഗം വക്കീലിന്റെ പച്ചനുണകളും കോടതി  പൊളിച്ചടുക്കുന്നുണ്ട്. 

കത്തോലിക്കസഭയുടെ രാജകുമാരൻ പദവിയുള്ള കർദ്ദിനാൾസ്ഥാനം മാർ ആലഞ്ചേരിക്ക് യോജിച്ചതല്ലെന്ന് കഴിഞ്ഞകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. ആലഞ്ചേരിയുടെ സ്ഥാനം മോഹിച്ചു നടക്കുന്ന നിരവധി സന്മാർഗികത നശിച്ച ബിഷപ്പുമാരുമുണ്ട്. കൂടുതലും തുശൂർ ജില്ലയിലും എറണാകുളം ജില്ലയിലുമുള്ള മെത്രാന്മാരാണ് സ്ഥാനങ്ങൾക്കായി മല്ലിട്ടുകൊണ്ടിരിക്കുന്നത്. 

സഭയെ ഇനി രക്ഷപ്പെടുത്താൻ വക്രത നിറഞ്ഞ മെത്രാന്മാരെ വത്തിക്കാൻ പുറത്താക്കേണ്ടതും ആവശ്യമാണ്.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക