Image

ഗംഗ സ്വച്ഛമായി ഒഴുകുകയാണ്, ആര് വന്നെന്നോ പോയെന്നോ അറിയാതെ (ഗംഗയെ അറിയാന്‍ 14: മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍ Published on 23 May, 2019
ഗംഗ സ്വച്ഛമായി  ഒഴുകുകയാണ്, ആര് വന്നെന്നോ പോയെന്നോ അറിയാതെ (ഗംഗയെ അറിയാന്‍ 14: മിനി വിശ്വനാഥന്‍)
അതിരാവിലെ രണ്ടു മണിക്ക്  ദിവസം തുടങ്ങിയതാണ്....
സംഭവ ബഹുലമായ അത് അവസാനിച്ചത് പിറ്റേ ദിവസം രാവിലെ രണ്ടു മണിക്കാണെന്നത് ഞങ്ങളാരും അറിഞ്ഞില്ല.

മനസ്സ് അന്ന് മുഴുവന്‍ കണ്ടറിഞ്ഞ മായക്കാഴ്ചകളില്‍ അഭിരമിച്ചു, ഉറങ്ങണമെന്ന ബോധം പോലുമില്ലാതെ. രാത്രിയുടെ ഏതോ യാമത്തില്‍ കണ്ണടച്ചിരിക്കാം. എല്ലാമൊരു സ്വപ്നം പോലെയായിരുന്നു ഉറങ്ങിയെണീറ്റപ്പോള്‍.

യാത്രാവസാനമായെന്ന ഓര്‍മ്മ പോലും വേദനിപ്പിച്ചു. അജിത്തിന്റെ ഫ്‌ലൈറ്റ് അതിരാവിലെയായിരുന്നു. യാത്ര പറച്ചിലുകള്‍ രാത്രി തന്നെ കഴിഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഉച്ചക്ക് ശേഷമാണ് യാത്രാ സമയം.

കാശിയോട് വിട പറയുന്നതിന് മുന്‍പ് അവിടത്തെ സുപ്രസിദ്ധമായ കച്ചോരി തെരുവുകളിലൂടെ ഒരോട്ടപ്രദക്ഷിണം വേണമെന്ന് തീരുമാനിച്ചിരുന്നു. കാശിയുടെ രുചികളും വ്യത്യസ്തമാണത്രെ..

കുട്ടികള്‍ക്ക് കാശി യാത്രയുടെ ഓര്‍മ്മക്കായി വല്ല കൗതുകവസ്തുക്കളും വാങ്ങുകയും വേണം.

പാക്കിംഗിനു ശേഷം രാവിലെ എട്ടു മണിയോടെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി. ഉള്ളില്‍ മിനുക്കുപണികള്‍ നടത്തി പുത്തനാക്കാന്‍ ശ്രമിക്കുന്ന പഴയ ഒരു ഗസ്റ്റ് ഹൗസ് ആയിരുന്നു ഞങ്ങളുടെ താമസസ്ഥലം. കാശിയിലെ തെരുവുകളിലെ തൊണ്ണൂറ് ശതമാനം കെട്ടിടങ്ങളും പൗരാണികവും പാരമ്പര്യ രീതിയിലുള്ളതുമായിരുന്നു. ഇടുങ്ങിയ ഇടനാഴികളും പേടിപ്പിക്കുന്ന ലിഫ്റ്റുകളും ഉള്ള ഈ ഹോട്ടല്‍ വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദശാശ്വമേഥ് ഘാട്ടിലാണെന്ന ആകര്‍ഷണത്തിന്റെ പച്ചപ്പില്‍ വിടര്‍ന്ന് നില്കുകയാണ്, ഓണ്‍ലൈന്‍ സൈറ്റുകളില്‍. ഹോട്ടല്‍ ശിവരാത്രി ഗസ്റ്റ് ഹൗസ് എന്നായിരുന്നു അതിന്റെ പേര്. മുറികള്‍ ഒരു വിധം വൃത്തിയായി സൂക്ഷിച്ചിരുന്നു ഈ ശിവരാത്രി സീസണില്‍ പോലും.

ഒന്നാം നിലയില്‍ ബനാറസി സാരികളുടെ വലിയ ശേഖരം ഉണ്ടായിരുന്നതിലേക്ക് അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ബനാറസി സാരിയും ഷാളുകളും വില്‍പനയ്ക്കില്ലാത്ത കടകള്‍ അവിടെ ഇല്ലെന്നു തന്നെ പറയാം.
വായ പാന്‍ ചുവപ്പാല്‍ നിറഞ്ഞ ആ ചെറുപ്പക്കാരനോട് പിന്നെ നോക്കാമെന്ന് സമാധാനിപ്പിച്ച് പുറത്തിറങ്ങി. ചേലകളില്‍ മനംമയങ്ങാത്ത പെണ്ണിനെ നോക്കി അതിശയത്തോടെ അവന്‍ തന്റെ കസേരയില്‍ കുന്തിച്ചിരുന്നു.

തെരുവ് ഇന്നലത്തെ ആഘോഷത്തിന്റെ ആലസ്യത്തിലായിരുന്നെങ്കിലും ദര്‍ശനത്തിന്റെ ക്യുവിന്റെ നീളത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. കുംഭമേള സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ കാശി ദര്‍ശനത്തിനായെത്തുമെന്ന് ലോഡ്ജിലെ ചെറുപ്പക്കാരന്‍ പറഞ്ഞിരുന്നു. ഇനിയും രണ്ട് ദിവസം കൂടി കാശിയില്‍ തിരക്കുണ്ടാവുമെന്നും. പകല്‍ വെളിച്ചത്തില്‍ ഒരിക്കല്‍ കൂടി കാശിയിലെ തെരുവുകളില്‍ ഞങ്ങള്‍ അലഞ്ഞു. പാത്രങ്ങളില്‍ തിളയ്ക്കുന്ന ഇഞ്ചിച്ചായ മണ്‍കപ്പുകളില്‍ പകര്‍ന്നു തന്ന് അതിഥികളെ സത്കരിച്ചു ചായക്കടക്കാര്‍. വലിയ ചീനച്ചട്ടികളില്‍ തിളയ്ക്കുന്ന എണ്ണയില്‍ മൊരിഞ്ഞ് കച്ചോരികളും സമോസകളും പൂരികളും തട്ടുകളില്‍ നിരന്നു. കണ്‍മുന്നിലുണ്ടാക്കുന്ന ജിലേബികള്‍ ചൂടോടെ ഇല പാത്രങ്ങളില്‍ വാങ്ങി ഞങ്ങള്‍ രുചിച്ചു. പാല് കുറുക്കിയുണ്ടാക്കുന്ന രസ്മലായിയാരുന്നു വില്പനക്ക് വെച്ചിരുന്ന മറ്റൊരു ശിവരാത്രി ഐറ്റം. കുങ്കുമ കേസരത്തിന്റെ മഞ്ഞ നിറത്തോട് പിസ്തയുടെ പച്ച നിറവും കുറുക്കിയ പാലിന്റെ മധുരവും ചേര്‍ന്ന രസ്മലായി എന്തുകൊണ്ടോ എന്റെ രുചി മുകുളങ്ങളെ സന്തോഷിപ്പിച്ചില്ല.

പലവിധം ചാട്ടുകളും ശര്‍ബ്ബത്തുകളും കൊതിപ്പിച്ചുവെങ്കിലും പൂരി മസാല ജിലേബി കോംബോ പരീക്ഷിച്ചപ്പോഴേക്കും വയറ് നിറഞ്ഞു. കടുപ്പവും മധുരവും രുചിയും തമ്മില്‍ കൃത്യമായി ഇഴചേര്‍ന്ന ചായയുമായപ്പോള്‍ സുഖം സമൃദ്ധം... എന്നാലും ചിലതരം പുതിയ  ചാട്ടുകളുടെ രുചി നോക്കാതിരുന്നുമില്ല. 'ബ്രഞ്ച് ' എന്ന ഒത്തുതീര്‍പ്പില്‍ രുചി അന്വേഷണം തുടര്‍ന്നു.

വിവിധ തരം ശര്‍ബ്ബത്തുകള്‍ ഉണ്ടാക്കുന്നത് നോക്കി നിന്നു ഞാന്‍, പണ്ട് സ്കൂളിനടുത്തുള്ള  കുഞ്ഞുകടയിലെ വിവിധ നിറമുള്ള ഐസ് ചെത്തുകള്‍ കൊതിയോടെ നോക്കിയിരുന്നതു പോലെ. പക്ഷേ രുചി നോക്കാന്‍ ധൈര്യം വന്നില്ല, ഗ്ലാസുകള്‍ കഴുകുന്ന രീതി കണ്ടപ്പോള്‍.

മക്കള്‍ക്ക് വേണ്ടി എന്ത് വാങ്ങുമെന്ന് ആലോചിച്ച് വിഷമിക്കുമ്പോഴാണ് ഭംഗിയുള്ള മാലകളും കമ്മലുകളും വില്കാനായി വെച്ചിരിക്കുന്ന തെരുവ് വില്പനക്കാരനില്‍ കണ്ണെത്തിയത്. വിലപേശാന്‍ തോന്നാത്ത വിധം ചെറിയ വിലക്ക് മനോഹരമായ ചോക്കറുകളും കമ്മലുകളും സ്വന്തമാക്കി. ദൈവങ്ങളുടെ രൂപം കൊത്തിയ കീ ചെയിനുകള്‍ വാങ്ങിപ്പോയതാണ്, വില്പനക്കാരന്റെ കണ്ണുകളിലെ ദൈന്യം കണ്ടപോള്‍ ..

ഇത്രയധികം ആളുകള്‍ കൂടിച്ചേര്‍ന്നിട്ടും നഗരത്തിന്റെ സ്ഥായീഭാവം ശാന്തമായ നിസ്സംഗതയായിരുന്നു. തെരുവുകളിലും ഗംഗാ തീരത്തും ഘാട്ടുകളിലും എനിക്കത് അനുഭവപ്പെടുകയും ചെയ്തിരുന്നു. യാതൊരു
പുറംമോടിയുമില്ലാത്ത പച്ചയായ മനുഷ്യരാണ് അവിടത്തുകാര്‍. ഞങ്ങള്‍ താമസിച്ച ലോഡ്ജിലെ കെയര്‍ടേക്കറായാലും, പരിചയപ്പെട്ട പണ്ഡിറ്റ് ആയാലും, നിഷ്കളങ്കരായ അയാളുടെ മക്കളായാലും, ടാക്‌സി െ്രെഡവര്‍മാര്‍ ആയാലും, പുലര്‍ച്ചെ ഞങ്ങള്‍ക്ക് ടാക്‌സി സംഘടിപ്പിച്ചു തന്ന ഓട്ടോ െ്രെഡവര്‍ ആയാലും അവരെല്ലാവരും  ഒരുപോലെയിരുന്നു. കൃത്രിമമായ ഔപചാരികതയോ മര്യാദ വാക്കുകളോ ഇല്ലാതെ  ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന പച്ചയായ മനുഷ്യരായി. അവിടെ എത്തുന്ന അതിഥികള്‍ ദര്‍ശനം നടത്താതെ തിരിച്ച് പോവാന്‍  അനുവദിക്കില്ല അവരാരും. ഏത് തിരക്കിലും ഒരു വഴിയുണ്ടാക്കും. ഞങ്ങളും അനുഭവിച്ചതാണ് ആ നന്മയുടെ തിളക്കം. അജിത്തിന്റെ കൂട്ടുകാരനായ സൗരഭില്‍ നിന്ന്.

യാത്ര പറയാനുള്ള സമയമായി, കാശിയോട്.
മൂന്ന് ദിവസം കൊണ്ട് വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരിക്കുന്നു ഈ നഗരത്തോട്.
സൗരഭ് പറഞ്ഞേല്‍പ്പിച്ച കാര്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു..
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ വഴിക്കാഴ്ചകള്‍ ഒപ്പിയെടുത്തു കൊണ്ട് വിശ്വേട്ടനും സങ്കടത്തോടെ കാശിയോട് വിട പറഞ്ഞു... ട്രാഫിക്ക് ബ്ലോക്കുകളെ സമര്‍ത്ഥമായി ഒഴിവാക്കി തങ്ങളുടെ കാശിയുടെ പുണ്യ കഥകള്‍ പറഞ്ഞുകൊണ്ട് െ്രെഡവര്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങി.

പുനര്‍നിര്‍മ്മാണത്തിന്റെ ആലസ്യത്തിലായിരുന്നു വൃത്തിയും ഭംഗിയുള്ള ആ എയര്‍പോര്‍ട്ട് .. കാശി സന്ദര്‍ശിച്ചു മടങ്ങുന്ന ടൂറിസ്റ്റുകളായിരുന്നു യാത്രികരില്‍ ഏറെയും.. എല്ലാവരുടെ മുഖവും പ്രസന്നമായിരുന്നു.  സന്തുഷ്ടരായിരുന്നു.

കൃത്യസമയത്ത് മടക്കയാത്ര തുടങ്ങി.
മേഘക്കെട്ടുകള്‍ക്കിടയിലൂടെ ഗംഗയെയും ഗംഗാ തടത്തെയും ഞങ്ങള്‍ ചാഞ്ഞ് നോക്കി യാത്ര പറഞ്ഞു.
ഗംഗ സ്വച്ഛമായി  ഒഴുകുകയാണ്, ആര് വന്നെന്നോ പോയെന്നോ അറിയാതെ. ആരൊക്കെയോ ഒഴുക്കിയിറക്കിവിട്ട പാപക്കെട്ടുകളുമായി ഗംഗ ലക്ഷ്യം നോക്കി ശാന്തമായൊഴുകി.
ഭാരമൊഴിഞ്ഞ മനസ്സോടെ യാത്രികര്‍ മറുകര തേടി നടന്നു.

ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ, ആഗ്രഹത്തോടെ  ഞങ്ങള്‍ നിശബ്ദരായി ജാലകപ്പഴുതിലൂടെ ഒലിച്ചെത്തിയ മഞ്ഞവെയിലില്‍ മുഖം ചേര്‍ത്ത് കണ്ണടച്ചിരുന്നു !

കാഴ്ചകളില്‍ ഭഗീരഥന്‍ വലിച്ചിഴച്ച ആകാശഗംഗയുടെ വേരുകളന്വേഷിച്ച് ഞങ്ങളും യാത്ര തുടര്‍ന്നു.
ദുബായി നഗരത്തിന്റെ തിരക്കുകളിലേക്ക്,
ബഹളത്തിലേക്ക് ..

(അവസാനിച്ചു )



ഗംഗ സ്വച്ഛമായി  ഒഴുകുകയാണ്, ആര് വന്നെന്നോ പോയെന്നോ അറിയാതെ (ഗംഗയെ അറിയാന്‍ 14: മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക