Image

ആലോചിക്കൂ സഖാവേ...ഇനിയെന്ത് ? (ജയറാം സുബ്രമണി)

ജയറാം സുബ്രമണി Published on 23 May, 2019
ആലോചിക്കൂ സഖാവേ...ഇനിയെന്ത് ? (ജയറാം സുബ്രമണി)
ബഹു. മുഖ്യമന്ത്രീ....അങ്ങ് വിഷമിക്കരുത്..
കോള്‍ഗ്രസ്സിന്റെയോ യു ഡി എഫ് നേതാക്കളുടെയോ പ്രാഗല്‍ഭ്യമോ മികവോ അല്ല ഈ മൃഗീയ വിജയത്തിനു കാരണം. അങ്ങൊരാളാണ് ആ വിജയശില്പി. അങ്ങും അങ്ങയുടെ നേതാക്കളും പലപ്പോഴായടിച്ച സെല്‍ഫ് ഗോളുകളാണ് അവരുടെ സ്വപ്നതുല്യമായ വിജയത്തിനു കാരണം.

അതില്‍ ഒന്നു രണ്ട് സീറ്റുകള്‍ അഡ്ജസ്റ്റ്‌മെന്റ് ബേസിസില്‍ അങ്ങ് മനസ്സറിഞ്ഞ് അവര്‍ക്ക് കൊടുത്തിട്ടുള്ളതും മനസ്സിലാക്കുന്നു.അതില്‍ തിരുവനന്തപുരത്ത് പാവം സ. ദിവാകരനെ വെറും ഡമ്മിയാക്കി സ്വന്തം വോട്ടുകള്‍ യുഡിഎഫിനു പകര്‍ന്ന് നല്‍കാന്‍ അങ്ങ് കാണിച്ച മഹാമനസ്സ്‌കത അദ്വിതീയം തന്നെ..!
വടകരയിലാകട്ടെ സ. ജയരാജനെ അങ്ങ് ബലി നല്‍കുകയായിരുന്നു. അത് അങ്ങയുടെ ആവശ്യവുമായിരുന്നു. (അതിനു പിറകിലെ കാരണങ്ങളെ കുറിച്ച് ഞാന്‍ മനപൂര്‍വ്വം മൗനം പാലിക്കുന്നു..!)

ചാലക്കുടിയില്‍ ശ്രീ ഇന്നസെന്റിനെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിച്ചതിലൂടെ അങ്ങ് അവിടത്തെ ഇടതുപക്ഷ അനുഭാവികളെ അവഹേളിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ എന്നോട് വിരോധം തോന്നരുത്. എന്റെ വീടിരിക്കുന്ന ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നൂറ്റിയന്‍പതോളം പക്കാ ഇടതുപക്ഷ വോട്ടുകള്‍ മാറ്റി ചെയ്യപ്പെട്ടു എന്നത് എനിക്ക് നേരിട്ട് അറിയാവുന്നതാണ്.

മറ്റു സീറ്റുകള്‍ എങ്ങനെ നഷ്ടമായി എന്നതിനെ ചൊല്ലി കൊളോണയിലിസ്റ്റ് ചിന്താസരണിയും പ്രതിക്രിയാവാതകവും റാഡിക്കല്‍ മാറ്റവും പുകയ്‌ക്കേണ്ടതില്ല....അതിനു കാരണം അങ്ങ് തന്നെയാണ്..
അങ്ങയുടെ ആ ധാര്‍ഷ്ട്യവും ആ അഹങ്കാരവും ആ പുച്ഛവുമൊക്കെ ആസ്വദിക്കുന്നു എന്നഭിനയിക്കുന്ന ചുറ്റുമുള്ള ഉപജാപകസംഘത്തില്‍ അങ്ങ് അഭിരമിച്ചു...കേരള ജനതയുടെ പരിച്ഛേദമാണവരെന്ന് അങ്ങ് വിശ്വസിച്ചു...
പക്ഷേ.. അങ്ങ് ആട്ടുമ്പോള്‍ തെറിക്കുന്ന തുപ്പല്‍ പുണ്യാഹമെന്ന് കരുതി സ്വീകരിക്കുന്ന...അങ്ങാജ്ഞാപിക്കുമ്പോള്‍ മേല്‍മുണ്ട് കക്ഷത്തിലിടുക്കി വാക്കൈ പൊത്തി എറാന്‍ മൂളി അങ്ങയുടെ കൊട്ടാരത്തിന്റെ വടക്കേപുറത്ത് കാത്ത് നില്‍ക്കുന്ന അടിയാന്മാരാണ് കേരള ജനതയെന്ന് അങ്ങ് ധരിച്ചു..അല്ലെങ്കില്‍ അങ്ങയുടെ കൂടെയുള്ളവര്‍ അങ്ങനെ ധരിപ്പിച്ചു..

അങ്ങയുടെ ആ അധികാര ഗര്‍വ്വും തന്‍പോരിമയും കെടുകാര്യസ്ഥതയുമൊക്കെ ഒന്നര പെഗ്ഗടിക്കുമ്പോളുണ്ടാകുന്ന ഒരു തരിപ്പ് പോലെയേ ഉണ്ടാകൂ എന്ന് അങ്ങ് മനസ്സിലാക്കിയില്ല. കേരളീയര്‍ എന്നാല്‍ തനി ഈഗോയിസ്റ്റുകളാണ്. ആരും ആജ്ഞാപിക്കുന്നതും അനുസരിപ്പിക്കുന്നതും അവര്‍ക്കിഷ്ടമല്ല. അങ്ങ് ഒരിക്കല്‌പോലും കേരള ജനതയുടെ മുഖ്യമന്ത്രിയായിരുന്നിട്ടില്ല.. അങ്ങ് അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രിയാണ്. തനിക്കോ പ്രസ്ഥാനത്തിനോ ഉപകാരമുള്ളവരുടെ മാത്രം മുഖ്യമന്ത്രി.

അങ്ങ് കൊണ്ടുവന്ന നവോത്ഥാനം താങ്ങാനുള്ള കെല്‍പ്പ് കേരളത്തിനില്ല എന്നു കൂടി തെളിയിക്കുന്നതാണ് ഈ തോല്‍വി. നവോത്ഥാനം എന്നാല്‍ തുണിയുടുക്കാത്തവരെ കോട്ടും സൂട്ടും ഇടീക്കുക എന്നതല്ല...അവരെ അവരുടെ രീതിയില്‍ ജീവിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നാണ്. നിരക്ഷരരെ അക്ഷരം പഠിപ്പിക്കുന്നതു പോലും നവോത്ഥാനം എന്ന് പറയാനാവില്ല. അപ്പോഴാണ് അങ്ങയുടെ ഈ എടുത്താല്‍ പൊങ്ങാത്ത നവോത്ഥാനം....!??

ആര്‍ത്തവത്തിന് ആര്‍പ്പ് വിളിച്ചതു കൊണ്ടോ ശബരിമലയില്‍ യുവതികളെ കേറ്റാന്‍ ചൂട്ടു പിടിച്ചതു കൊണ്ടോ വനിതാ മതില്‍ കെട്ടി ഉയര്‍ത്തിയതു കൊണ്ടോ നവോത്ഥാനം ഉണ്ടാകും എന്നത് തികച്ചും വിഡ്ഡിത്തരമാണ് സഖാവേ...

ആ സമയത്ത് പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് ഹൈജിനിക്കായി ഒരു മറ കെട്ടാനോ...ഉപയോഗ ശൂന്യമായവ വേണ്ട മെയിന്റനന്‍സ് നടത്തി ഉപയുക്തമാക്കാനോ അങ്ങ് മറന്നു...!

അങ്ങയ്ക്ക് വളരെ സിമ്പിളെന്നും ബാലിശമെന്നും തോന്നാവുന്ന ഇതൊക്കെയാണ് ഈ തോല്‍വിയ്ക്ക് കാരണം.

ജനഹൃദയങ്ങളില്‍ അങ്ങില്ല സഖാവേ...അങ്ങ് മൂലം അങ്ങയുടെ പാര്‍ട്ടിയും ഇന്നില്ല അവരുടെ ഉള്ളില്‍. തലമുറകളായി ചങ്കിലെ ചോരയും മെയ്യിലെ വിയര്‍പ്പും നല്‍കി ഉയര്‍ത്തിപിടിച്ചിരുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം പോലും ഇനി അന്യം..

വര്‍ഷങ്ങള്‍ കൊണ്ട് അടി കൊണ്ടും വെടി കൊണ്ടും കെട്ടിപ്പടുത്തൊരു പ്രസ്ഥാനത്തിന്റെ ആണിക്കല്ലിളക്കാന്‍ നിങ്ങള്‍ക്ക് എന്തെളുപ്പത്തില്‍ കഴിഞ്ഞു സഖാവേ...!

പ്രത്യയ ശാസ്ത്രത്തിനു പുറം തിരിഞ്ഞ് നിന്നപ്പോളൊന്നും...ആരും പറഞ്ഞില്ലേ സഖാവേ...ഇതൊന്നും ഇങ്ങനെയല്ല വേണ്ടതെന്ന്...!അതോ അധികാര പ്രമത്തത മൂലം ബധിരമായ കര്‍ണ്ണങ്ങളില്‍ അതൊന്നും പതിച്ചില്ല എന്നാണോ...!

തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാന്‍ ഞാന്‍ പറയില്ല..കാരണം ഇനിയൊരു തിരിച്ചു വരവ് അസാധ്യമാക്കിയിരിക്കുന്നു ഇതിനകം തന്നെ...

ആലപ്പുഴയിലെ ആ ഒരു തരി തീപ്പൊരി കൊണ്ട് ഒരു ദിനേശ് ബീഡിയെങ്കിലും കത്തിക്കാനായാല്‍...ഇരുത്തി രണ്ട് പുകയെടുത്ത് ആലോചിക്കൂ സഖാവേ...ഇനിയെന്ത് എന്ന്...!

ആലോചിക്കൂ സഖാവേ...ഇനിയെന്ത് ? (ജയറാം സുബ്രമണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക