Image

കുഞ്ഞൂസിന്റെ കുഞ്ഞിക്കഥകള്‍ (രാജീവ് കൊഴുക്കുള്ളി)

രാജീവ് കൊഴുക്കുള്ളി Published on 16 May, 2019
കുഞ്ഞൂസിന്റെ കുഞ്ഞിക്കഥകള്‍ (രാജീവ് കൊഴുക്കുള്ളി)
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു പുസ്തകം സമ്മാനമായി കിട്ടുന്നത്.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയതിന് ഗോമതി ടീച്ചര്‍ തന്നതായിരുന്നു അത്. മനുഷ്യരുടെയും, മൃഗങ്ങളുടെയും കഥകളുള്ളൊരു കൊച്ചു പുസ്തകം. 'നീര്‍മിഴിപ്പൂക്കള്‍ ' എന്ന കുഞ്ഞൂ സി ന്റെ ഈ കഥാസമാഹാരം ഒരു സ്‌നേഹ സമ്മാനമായി അയച്ചു കിട്ടിയപ്പോള്‍ ആദ്യം ഓര്‍മ്മ വന്നതതാണ്.

ജീവിതത്തിലൊരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത, ഫേസ് ബുക്കിലൂടെ മാത്രം സംവദിച്ചിട്ടുള്ളൊരാളില്‍ നന്നും കിട്ടിയ ഈ സ്‌നേഹ സമ്മാനത്തിനുള്ള നന്ദിയും, സന്തോഷവും ആദ്യമേ രേഖപ്പെടുത്തട്ടെ.

കഥകളോടു പൊതുവെ താല്പര്യം കുറവാണെനിക്ക്. ഫേസ്ബുക്കില്‍ വരുന്ന ചില സൗഹൃദങ്ങളെ മാനിച്ചാണ് കഥാപുസ്തകങ്ങളില്‍ ചിലത് വാങ്ങിച്ചതു തന്നെ. പലതും പക്ഷെ വായിച്ചിട്ടില്ല.

ചില പുസ്തകങ്ങളുടെ കവര്‍ പേജ് കണ്ടാല്‍ തന്നെ നമുക്കവ വായിക്കാന്‍ തോന്നില്ല. ഉള്ളിലെ ഭീകരത തെളിഞ്ഞു വരുന്നതാണോ എന്നു സംശയം തോന്നും.

'നീര്‍മിഴിപ്പൂക്കളു' ടെ കവര്‍ പേജു തന്നെ ഒരാകര്‍ഷണമാണ്. വിരിഞ്ഞു നില്‍ക്കുന്ന ആ താമര പൂക്കള്‍ കണ്ടാല്‍ തന്നെ എന്തു തരം തേനാണതില്‍ നിറച്ചു വെച്ചിരിക്കുന്നതെന്നറിയാന്‍ ഉള്ളി ലൊരാകാംക്ഷ ഉണരും

ഇനി ഉള്ളിലേക്കൊന്നുകയറി നോക്കിയാലോ, പതിനഞ്ചു വ്യത്യസ്തമായ കുഞ്ഞിക്കഥകള്‍ കാച്ചിക്കുറുക്കി വെച്ചിരിക്കുന്നു. അനാവശ്യമായ നീട്ടലോ, അലങ്കാരപ്പണികളോ ഒന്നുമില്ല.അതില്‍ ഒരു കഥക്ക് മാത്രമാണ് അഞ്ചു പേജില്‍ കൂടുതലുള്ളത്.ബാക്കിയെല്ലാം 3  4 പേജിലൊതുക്കിയിരിക്കുന്നു.വായിച്ചു കഴിഞ്ഞപ്പോള്‍ നല്ല കുത്തരി ചോറും പതിനാലു വ്യത്യസ്ത തരം കറികളും കൂട്ടി സദ്യയുണ്ടൊരു സുഖം.

ഇന്നത്തെ സമൂഹത്തിലെ നന്മകളും, തിത്മകളും തന്നെയാണ് പ്രതിപാദ്യ വിഷയങ്ങള്‍.ഓരോ കഥയും തിരിച്ചുള്ള ആസ്വാദനത്തിനൊന്നും ഇവിടെ മുതിരുന്നില്ല.പകരം ആധുനിക മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ചകള്‍ പോലുള്ള ചിലവാചകങ്ങള്‍ പങ്കുവെക്കാം.

'പ്രിയയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച്, നിറഞ്ഞു തുളുമ്പുന്ന മിഴികളോടെ അവളുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച് അനി അവളുടെ കാതുകളില്‍ മന്ത്രിച്ചു...... എന്നെക്കാള്‍ നന്നായി മറ്റാര്‍ക്കാണ് നിന്നെ അറിയാന്‍ കഴിയുക ....ന്റെ പാറൂ.... '

' അര്‍ബുദത്തിന്റെ വേരുകള്‍ സ്തനങ്ങളില്‍ പടരുന്നതിനേക്കാള്‍ വേഗത്തില്‍ മനുവിന്റെ വെറുപ്പ്...., പുഴുക്കുത്തേറ്റ ഇലയെ നുള്ളുന്ന ലാഘവത്തോടെ ജീവിതത്തില്‍ നിന്നും പറിച്ചെറിയാനുള്ള മനുവിന്റെ തിടുക്കം. സ്തനങ്ങളെ കാര്‍ന്നുതിന്നുന്ന വേദനയേക്കാളധികമായിരുന്നു അത്. '

' പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ... ഇവരൊക്കെ ഞാന്‍ പ്രസവിക്കാത്ത എന്റെ മക്കളാണ്.' കെട്ടിപ്പിടുത്തക്കാരികളെ ഉദ്ദേശിച്ചല്ല ഈ പറഞ്ഞുവെച്ചിരിക്കുന്നത്. ഡോ. ഭാനുമതിയേ പോലുള്ളവരെ ഉദ്ദേശിച്ചാണ്.

'മോളെ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. മാറിടത്തില്‍ നഖക്ഷതങ്ങളും, ദന്തക്ഷതങ്ങളും. ബുദ്ധി വളര്‍ച്ചയില്ലാത്ത, ഈ ലോകത്തിന്റെ കപടതകള്‍ തിരിച്ചറിയാനാകാത്ത എന്റെ മോളെ ഈ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തെറ്റാണോ?'

സീയെല്ലെസ് ബുക്‌സ്  തളിപ്പറമ്പ് ആണ് പ്രസാധകര്‍.വില 55 രൂപ.

എറണാംകുളത്തെ മരടില്‍ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ ഈ കുഞ്ഞനുജത്തിയെ ഫേസ് ബുക്കില്‍ നിന്നു തന്നെയാണെനിക്കു കിട്ടിയത്. പേരിലെയും, എഴുത്തിലേയും കൗതുകം ആസ്വദിച്ച് കയറി ചെന്നപ്പോള്‍ എന്നെയും കൂടെ കൂട്ടുകയായിരുന്നു.പെണ്ണുങ്ങള്‍ക്ക് പൊതുവെ ഞാന്‍ റിക്വസ്റ്റയക്കാറില്ല. നൂറു കൂട്ടം സംശയങ്ങളാകും അവര്‍ക്ക് .അതൊക്കെ മാറി വരുന്നവരെ സന്തോഷത്തോടെ കൂട്ടും.എന്നിട്ടും ജനുവിനായ എന്റെ ചില അഭിപ്രായങ്ങളില്‍ പിണങ്ങി ചിലര്‍ വിട്ടു പോകും. അത്തരത്തില്‍ രണ്ടു തവണ പിണങ്ങിപ്പോയ ആളാണ് ദീപാ നിശാന്ത്. കുഞ്ഞൂസിന്റെ റിക്വസ്റ്റ് മെസഞ്ചറില്‍ വന്നപ്പോള്‍ ഇക്കാര്യം ഞാനോര്‍മിപ്പിച്ചു. 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി.ആ മറുകുറിക്ക് ദീര്‍ഘായുസ്സുണ്ടാകട്ടെ. എഴുത്തു വഴിയില്‍ ഇനിയും മുന്നേറാനാകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

കുഞ്ഞൂസിന്റെ കുഞ്ഞിക്കഥകള്‍ (രാജീവ് കൊഴുക്കുള്ളി)കുഞ്ഞൂസിന്റെ കുഞ്ഞിക്കഥകള്‍ (രാജീവ് കൊഴുക്കുള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക