Image

എന്താണ് ഗോത്ര വൈദ്യത്തിന്റെ അടിസ്ഥാനം ? (രണ്ടാം ഭാഗം: ജീഷ്മ എ)

Published on 15 May, 2019
എന്താണ് ഗോത്ര വൈദ്യത്തിന്റെ അടിസ്ഥാനം ? (രണ്ടാം ഭാഗം: ജീഷ്മ എ)
വിശ്വാസങ്ങള്‍ വിലക്കുകള്‍

കാട്ടില്‍ മരുന്ന് ശേഖരിക്കുന്നതിന് പ്രത്യേക സമയവും സന്ദര്‍ഭങ്ങളുമുണ്ട്. കാലാവസ്ഥ, പരിസ്ഥിതി എന്നിവ കണക്കിലെടുത്താണ് ഗോത്ര സമൂഹങ്ങള്‍ പച്ചമരുന്ന് ശേഖരണം നടത്തുന്നത്. പാതിരാത്രിയിലും വെളുപ്പിനുമാണ് അധികവും പച്ചിലമരുന്ന് ശേഖരണം നടത്തുന്നത്. തൊട്ടുരിയാടാതെ ഉച്ഛ്വാസവായുപോലും പച്ചിലകളില്‍ തട്ടാതെയാണ് പച്ചില ശേഖരണവും മരുന്ന് നിര്‍മാണവും നടത്തുന്നത്.ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത മരുന്നുണ്ടാക്കുന്നത് വളരെ രഹസ്യമായിട്ടാണ്. ഏത് തരം ഔഷധ കൂട്ടായാലും ഏറെ നാള്‍ ഔഷധവീര്യം ഉണ്ടായിരിക്കും. ഔഷധച്ചെടികളെ വളരെ സനേഹിച്ചും കരുതിയും വളര്‍ത്തിയിരുന്ന ഇവര്‍ ഒറ്റമൂലി പ്രയോഗങ്ങളും മാന്ത്രിക ചികിത്സാരീതികളും വേറൊരാള്‍ക്ക് കൈമാറിയിരുന്നില്ല. ചില ചികിത്സാ പ്രയോഗങ്ങള്‍ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുത്താല്‍ മരുന്നിന്റെ മന്ത്രശക്തി നഷ്ടപ്പെടുമെന്ന വിശ്വാസമുണ്ട്. വിഷചികിത്സ ഒഴികെയുള്ള പച്ചമരുന്ന് ചികിത്സകള്‍ രാത്രിയില്‍ നടത്താറില്ല.എന്നാല്‍ മന്ത്രവാദ ചികിത്സകള്‍ രാത്രികാലത്ത് മാത്രമാണ് നടത്തുന്നത്.

വംശീയ വൈദ്യന്‍
~ ~ ~~~

ഓരോ ഗോത്രവിഭാഗത്തിനും ഒരു വൈദ്യനുണ്ട്. ചുറ്റുപാടുകളിലുള്ള സസ്യങ്ങളും മറ്റുവസ്തുക്കളും പ്രയോഗിച്ച് സഹസ്രബ്ദങ്ങളായി ചികിത്സ നടത്തി നേടിയ അനുഭവസമ്പത്ത് പകര്‍ന്നു കിട്ടിയവരായിരുന്നു ഗോത്ര വൈദ്യന്‍ന്മാര്‍. ഈ വൈദ്യന്മാര്‍ തനതായ രോഗ നിര്‍ണയം, രോഗപൂര്‍വനിര്‍ണയം, രോഗ ചികിത്സ രോഗനിവാരണം എന്നിവയിലുള്ള അറിവുകള്‍ വളര്‍ത്തിയെടുത്തിരുന്നു. മരുന്നു ചികിത്സയോടൊപ്പം മാന്ത്രികമായ രീതികളും ചികിത്സാര്‍ഗമായി ഇവര്‍ അവലംബിക്കുന്നു. ഒട്ടുമിക്ക ഗോത്ര സമൂഹങ്ങളിലും ഗോത്ര തലവന്‍മാരാണ് പൂജാരിയും, വെളിച്ചപ്പാടും, ചികിത്സകനുമായി പ്രത്യക്ഷപ്പെടുന്നത്. പച്ചിലകളാല്‍ പല മാറാരോഗങ്ങള്‍ക്കും ഇവര്‍ ഫലസിദ്ധി കണ്ടെത്തിയിരുന്നു. ഭ്രാന്ത്, അപസ്മാരം, സര്‍പ്പവിഷം, ചിലന്തിവിഷം, പേപ്പട്ടിവിഷം തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം  മാന്ത്രികനെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.

വംശീയ വൈദ്യ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍
     ~ ~ ~ ~ ~ ~

 കിര്‍ടാഡ്‌സിന്റെ (കേരള പട്ടികജാതി പട്ടികവര്‍ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്) വംശീയ വൈദ്യഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി വംശീയ വൈദ്യ ചികില്‍സകരെ കണ്ടെത്തുകയും അവരുടെ അറിവ് തിരഞ്ഞെടുക്കപ്പെട്ട ഗോത്രവര്‍ഗ യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു വരുന്നു. 1933ല്‍ വയനാട് ജില്ലയിലെ വാളാട് കേന്ദ്രമാക്കി ത്രിവത്സര വംശീയ വൈദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുകയും വംശീയവൈദ്യ ചികിത്സാ രീതിയില്‍ ഈ ജില്ലയിലെ യുവ തലമുറയ്ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട് .ഈ വൈദ്യ പഠന കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ ഭൂരിഭാഗവും പ്രമുഖ വംശീയ വൈദ്യന്‍മാരായി ഇന്ന് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.ഇതോടൊപ്പം കിര്‍ടാഡ്‌സ് വര്‍ഷം തോറും സംസ്ഥാനതല വംശീയ വൈദ്യ ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ഇതുവഴി പൊതുജനങ്ങള്‍ക്ക് ഇവരുടെ ചികിത്സാരീതികള്‍ പ്രയോജനപ്പെടുത്തുന്നതിന് അവസരം ഒരുക്കുകയും ചെയ്യാറുണ്ട് .  വംശീയ വൈദ്യവിജ്ഞാനത്തെ ഗോത്രവര്‍ഗ്ഗക്കാരില്‍ത്തന്നെ നിലനിര്‍ത്തിക്കൊണ്ടു പോകുവാനുള്ള രീതിയാണ് കിര്‍ടാഡ്‌സ് നിലനിര്‍ത്തുന്നത്.2013ല്‍ കിര്‍ടാഡ്‌സ് കേരളത്തിലെ വംശീയ വൈദ്യചികിത്സകരുടെ പേര് വിവര സൂചിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ വംശീയ വൈദ്യന്‍മാര്‍ക്ക് കിര്‍ടാഡ്‌സ് മുഖാന്തിരം ഔഷധത്തോട്ടം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയൊരുക്കുന്നതിനായി വാര്‍ഷികഗ്രാന്‍റ് നല്‍കുന്ന പതിവുണ്ട്.

വംശീയ വൈദ്യത്തിന്റെ പ്രതിസന്ധി
~ ~ ~ ~ ~ ~
 
 ഗോത്ര സമൂഹങ്ങള്‍ നൂറ്റാണ്ടുകളിലായി ഉപയോഗിച്ചു വരുന്ന ചില ഔഷധങ്ങള്‍ മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ പ്രയോജനപ്രദമാണെന്ന കണ്ടെത്തല്‍ ഇവയുടെ വാണിജ്യ വല്‍ക്കരണത്തിന് കാരണമായി തീര്‍ന്നു. ആധുനിക ഔഷധങ്ങള്‍ക്ക് ഒട്ടേറെ പാര്‍ശ്വഫലങ്ങളുണ്ടെന്നു മനസ്സിലാക്കിയതോടെയാണ് നിരവധി രോഗങ്ങള്‍ക്ക് സമാന്തര ഔഷധങ്ങളായി ഔഷധസസ്യങ്ങളെ അന്വോഷിച്ചു തുടങ്ങിയത്.  ഗോത്രവര്‍ഗ ചികിത്സാ രീതികള്‍ നല്‍കിയ അറിവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതില്‍ നിരവധി ഔഷധങ്ങള്‍ ആധുനിക വൈദ്യശാസ്ത്രം നിര്‍മ്മിച്ചു കഴിഞ്ഞു.  ആന്‍ഡിസിലെ ഗോത്രവര്‍ഗക്കാരില്‍ നിന്നാണ് മലേറിയ രോഗത്തെ തടയുവാന്‍ കഴിവുള്ള 'സിങ്കോണ 'എന്ന മരത്തിന്റെ പട്ട ലഭ്യമായത്. അമേരിക്കന്‍ ഇന്ത്യന്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന കാട്ടു കാച്ചിലില്‍ നിന്നാണ് ഗര്‍ഭനിരോധന ഔഷധങ്ങളുടെ ഉല്‍പ്പാദനത്തിന്റെ മുഖ്യപങ്ക് വഹിക്കുന്ന ഡയോസ് ജനസിസും, കോര്‍ട്ടിസോണ്‍ ഉള്‍പ്പെടെയുള്ള സ്റ്റീററോയ്ഡുകളും വികസിപ്പിച്ചെടുത്തത്.
  
  കൊളോണിയല്‍ അധിനിവേശങ്ങള്‍ ഭൂവിനിയോഗ രീതിയിലും ,വിഭവങ്ങളുടെ ഉപയോഗത്തിലും മാറ്റങ്ങള്‍ വരുത്തിയതോടൊപ്പം ഗോത്രവര്‍ഗ മേഖലകളില്‍ വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാരണമായി. സര്‍ക്കാറിന്റെ സഹായത്താല്‍ ആധുനിക വൈദ്യ സമ്പ്രദായമായ അലോപ്പതി പട്ടികവര്‍ഗ്ഗ മേഖലകളില്‍ വ്യാപകമായ തോതില്‍ പ്രചരിയിക്കുകയുണ്ടായി. കൂടാതെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനായി മിക്ക സ്ഥലങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആരംഭിച്ചു.
           
 ചികിത്സക്കായി ഉപയോഗിച്ചിരുന്ന പല ഔഷധ സസ്യങ്ങളും വനനശീകരണത്തിന്റെ ഫലമായി അന്യം നിന്നുപോയി. മരുന്ന് ശേഖരിച്ചു വയ്ക്കുന്ന പതിവ് ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ആവശ്യത്തിനനുസരിച്ച് കാട്ടില്‍ പോയി പറിച്ചെടുക്കുകയായിരുന്നു പതിവ്. 1985ല്‍ ശ്രീ.എന്‍.വിശ്വനാഥന്‍ ഈ രംഗത്ത് നടത്തിയ പഠനം തെളിയിക്കുന്നത് ആദിവാസി ഭൂമി കയ്യേറ്റവും വന നശീകരണവും വിലയേറിയ ഈ പാരമ്പര്യ ഔഷധസസ്യങ്ങള്‍ ഇല്ലാതാക്കുകയും ആദിവാസികളെ ചെലവേറിയ അലോപ്പതി ചികിത്സയിലേക്ക് തിരിക്കുകയും ചെയ്തുവെന്നാണ്.ഇത് ആവരുടെ ആരോഗ്യത്തെ ബാധിച്ചു.
              
പാമ്പുകടി, സന്ധിവേദന, ഒടിവ്, ചതവ്, ഉളുക്ക് തുടങ്ങിയവയ്ക്കായി പൊതു  ജനങ്ങള്‍ വംശീയ വൈദ്യന്‍ന്മാരെ സമീപിച്ച് ചികിത്സ നടത്തിയിരുന്നു. എണ്‍പതുകള്‍ മുതല്‍ ഗോത്രവര്‍ഗ്ഗ വൈദ്യന്മാരുടെ സേവനത്തെ പൊതുജനങ്ങള്‍ കൂടാതെ സസ്യ ശാസ്ത്ര ഗവേഷകരും മറ്റു ഗവേഷകരും ഉപയോഗിച്ചു പോന്നു. ഈ ഗവേഷകര്‍ വംശീയ വൈദ്യന്‍ ന്മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് തങ്ങളുടെ ഗവേഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇതിനു പുറമെ വനത്തില്‍ നിന്നും ഗോത്ര സമൂഹങ്ങള്‍ ശേഖരിക്കുന്ന വനവിഭവങ്ങളും ഔഷധ സസ്യങ്ങളും ആയുര്‍വേദ ഔഷധ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു.
     
 ഗോത്രവര്‍ഗവംശീയ ചികിത്സാരീതികള്‍ ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയമായ സാഹചര്യങ്ങളും സംജാതമായി , വംശീയ വൈദ്യന്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചികിത്സാ ക്യാമ്പുകള്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരുന്നു. ഇത്തരം ക്യാമ്പുകളില്‍ ഗോത്ര വൈദ്യന്‍മാരും രോഗികളും ഒരുപോലെ ചൂഷണം ചെയ്യപ്പെടുകയും ഇടനിലക്കാര്‍ മാത്രം നേട്ടം കൊയ്യുകയും ചെയ്തു. ഓരോ രോഗിയില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസും, വൈദ്യന്‍മാരുടെ ഫീസും ഈ ക്യാമ്പുകള്‍ സംഘടിപ്പിച്ച ഇടത്തട്ടുക്കാര്‍ കൈക്കലാക്കി. ഏറെ രോഗികള്‍ തടിച്ചു കൂടുന്നത് ക്യാമ്പില്‍ ശരിയായ ചികിത്സ നല്‍കുവാന്‍ വൈദ്യന്‍മാര്‍ക്ക് കഴിയാറില്ല. ഒരു തവണ മരുന്ന് കഴിച്ച രോഗിയ്ക്ക് വീണ്ടും വൈദ്യനെ കാണുവാന്‍ അവസരം ലഭിച്ചില്ല. രോഗത്തിന്റെ പ്രത്യേകതയനുസരിച്ച് മരുന്നില്‍ മാറ്റം വരുത്തുവാനോ പ്രത്യേക മരുന്ന് ഉണ്ടാക്കുവാനോ കഴിയാതെ, കൊണ്ടു പോകുന്ന മരുന്ന് മാത്രമാണ് ഇത്തരം ക്യാമ്പുകളില്‍ വൈദ്യന്‍മാര്‍ വിതരണം നടത്തുന്നത്. മരുന്നുകളെ സംബന്ധിച്ച അറിവും തനതു ചികിത്സാ രീതികളും ഇത്തരം ക്യാമ്പുകളില്‍ ചോര്‍ന്നു പോകാറുണ്ട്.

ഇന്ന് കേരളത്തില്‍ ഇരുന്നൂറില്‍പ്പരം ഗോത്ര ചികിത്സകന്‍മാരുണ്ട്. അലോപ്പതി ഡോക്ടര്‍ കയ്യൊഴിയുന്ന അസുഖങ്ങള്‍ക്ക് വളരെ ജനങ്ങള്‍ വംശീയ വൈദ്യചികിത്സകരെ സമീപിക്കാറുണ്ട്. കേരളത്തില്‍ വംശീയ വൈദ്യം മറ്റുളകിത്സാ രീതികളോടൊപ്പം നില നിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ ഇവര്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്. വനനശീകരണത്തിന്റെ ഫലമായി കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ മരുന്നു ചെടികളുടെ നശീകരണത്തിന് കാരണമായി. വനത്തില്‍ പോയി മരുന്നു ചെടികള്‍ ശേഖരിക്കുന്നതിലുള്ള നിയന്ത്രണവും മരുന്നുകളുടെ ലഭ്യതക്കുറവും വ്യാജ വൈദ്യന്‍മാര്‍ നടത്തുന്ന ചികിത്സയും ഈ രംഗത്തെ പ്രധാന പ്രതിസന്ധികളാണ്. കിടത്തി ചികിത്സ, ഗതാഗത സൗകര്യം, താമസഭക്ഷണ സൗകര്യം തുടങ്ങിയ സംവിധാനങ്ങളുടെ അഭാവം ചില വൈദ്യന്‍മാര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.പൊതു സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍ വേണ്ട സര്‍ട്ടിഫിക്കറ്റില്ലെന്നള്ളതും വംശീയ വൈദ്യന്‍മാരുടെ മറ്റൊരു പ്രശ്‌നമാണ്. കേട്ടറിവ് ,കൊണ്ടറിവ്, കണ്ടറിവ് ,കൊടുത്തറിവ് തുടങ്ങിയ പല പാരമ്പര്യ അറിവുകളുടെയും ആകെത്തുകയാണ്. ഗോത്ര വൈദ്യം ഗോത്രവര്‍ഗ്ഗ വൈദ്യന്‍മാരുടെ പരാമ്പരാഗത വിജ്ഞാനം സംരക്ഷിക്കപ്പെടുവാന്‍ ഉതകുന്ന നിയമങ്ങള്‍ ഒന്നും തന്നെ പാസ്സാക്കപ്പെട്ടിട്ടില്ല. ബൗദ്ധിക സ്വത്ത് അവകാശ നിയമം നടപ്പിലായിട്ടുണ്ടെങ്കിലും അതിനെ ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ കൈകാര്യം ചെയ്തിട്ടില്ല. ഇതിനായി പ്രത്യേക നടപടികള്‍ ആരംഭിക്കേണ്ടതാണ്.

വൈദ്യന്‍മാര്‍ കാടിറങ്ങുന്നു
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~

ഒറ്റമൂലി ചികിത്സയും മറ്റും ആദിവാസികളുടെ ഊരുകളുടെ പടി കടന്നുവെന്നു വേണം കരുതാന്‍. വന ബാഹ്യ പ്രദേശത്തുള്ളവര്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. വനാന്തര്‍ഭാഗത്ത് ആശുപത്രികളുടെ സാധ്യത വിരളമെങ്കിലും ആരോഗ്യ പരിരക്ഷാ പ്രവര്‍ത്തകരുടെ സജീവമായ ഇടപ്പെടലും മൊബൈല്‍ വൈദ്യപിശോധന യൂണിറ്റുകളുടെ വരവു പോക്കും കാര്യമായ സ്വാധീനം ചെലുത്തുന്നു. പാരമ്പര്യ വൈദ്യന്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കിര്‍ത്താഡ്‌സ് മുന്‍കൈയെടുത്ത് സ്ഥാപിച്ച ചികിത്സാ കേന്ദ്രങ്ങള്‍ നിരവധിയുണ്ട്.  എന്നാല്‍ ആദിവാസികള്‍ പൊതുവെ പാരമ്പര്യ ചികിത്സാരീതികളോട് മുഖം തിരിയുന്ന സമീപനമാണ് കാണുന്നത്.
   
അന്യം നില്‍ക്കുന്ന വൈദ്യചികില്‍സാരീതിയെ സംരംക്ഷിക്കാനും അവയ്ക്ക് കൂടുതല്‍ സാധ്യത ഉണ്ടാക്കാനും ഗൗരവമായ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റിന്റെയും മറ്റു ഏജന്‍സികളുടെയുീ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.  1995 മുതല്‍ 2002 വരെ കീര്‍ത്താഡ്‌സ് തെരഞ്ഞെടുത്ത വൈദ്യന്‍മാര്‍ക്ക് പ്രതിവര്‍ഷ ഗ്രാന്റ് നല്‍കി ചികില്‍സാ സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തി. വനബാഹ്യ പ്രദേശങ്ങളില്‍ പലയിടത്തും ചികിത്സാ മന്ദിരങ്ങള്‍ നിര്‍മ്മിച്ചുനല്കി ഒപ്പം മരുന്ന് ചെടികള്‍ വച്ചുപിടിപ്പിക്കാനും പരിപോഷിപ്പിക്കാനും പ്രത്യേക പദ്ധതികളും രൂപീകരിച്ചു. പ്രമേഹത്തിന്റെ ഒറ്റമൂലിചികിത്സക്കുള്ള ഗവേഷണങ്ങള്‍ തിരുവനന്തപുരത്തെ റീജണല്‍ റിസര്‍ച്ച് ലാബിന്റെ ആഭിമുഖ്യത്തിലും സംഘടിപ്പിച്ചു . 2002 മുതല്‍ ഇന്ത്യന്‍ ഇന്‍ഡിജിനസ് പീപ്പിള്‍ സര്‍വീസസ് സൊസൈറ്റി (വയനാട്)പാരമ്പര്യ വൈദ്യന്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നു. കേരള സര്‍ക്കാറിന്റെ ധനസഹായത്തോടെ പാരമ്പര്യവൈദ്യത്തില്‍ ത്രിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഇവര്‍ നടത്തുന്നു.
      
 പൊതുധാരാ ജനസമൂഹവുമായി ബന്ധപ്പെടാതെ ഭൂമി ശാസ്ത്രപരമായും സാമൂഹ്യ സാംസ്കാരികപരമായും യഥാര്‍ത്ഥത്തില്‍ ഇവര്‍ ഒറ്റപ്പെടുകയായിരുന്നു. അത്തരമൊരു ഒറ്റപ്പെടലില്‍ നിന്ന് അവരെ മോചിപ്പിച്ചത് കാലാകാലങ്ങളില്‍ വനാന്തരമേഖലയിലുണ്ടായ വികസന പ്രവര്‍ത്തനങ്ങളാണ് .
        
പാര്‍പ്പിടം, കൃഷി, ആചാരങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇപ്പോള്‍ പ്രത്യക്ഷമായ മാറ്റം പ്രകടമാണ്. ആദ്യകാല  ജീവിതരീതികളുമായി ഈ മാറ്റങ്ങളെ താരതമ്യം ചെയ്യുന്നത് ഉചിതമാണെന്ന് തോന്നുന്നു. (അവസാനിച്ചു)


തയാറാക്കിയത്: ജീഷ്മ എ
പ്രസിദ്ധീകരണ വിഭാഗം, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക