Image

പവിത്രം (കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 12 May, 2019
പവിത്രം (കവിത: രമ പ്രസന്ന പിഷാരടി)
അരികിലെ സ്മൃതിചിമിഴിലായ് വീണ്ടും
അതിമധുരവും  തേനും  വയമ്പും
ഹൃദയരേഖയില്‍  ആദ്യം വിടര്‍ന്ന
കവിതയായിരുന്നമ്മതന്‍   സ്‌നേഹം
ഇരുളടഞ്ഞൊരുദിക്കിലെ   സൂര്യ
കിരണമെന്നപോല്‍ മുന്നില്‍   തെളിഞ്ഞ
നിലവിളക്കിന്റെ  നിത്യപ്രകാശം
ജപമുറിയിലെ  ശാന്തി തന്‍   മന്ത്രം
വ്യഥിതമാമൊരു നി ത്യദു:ഖത്തിന്‍
ശിഖരമൊന്നതില്‍  പൂവുലയമ്പോള്‍
അരികിലില്ലെങ്കിലും  സ്വപ്നദീപില്‍
പതിയെത്തുന്ന   കാല്പദശബ്ദം
ചിറക് നീര്‍ത്തി   കിളി  പറക്കുന്നു

കടലൊഴുകുന്നു   കാലത്തിനൊപ്പം
മിഴിയിലുപ്പിന്റെ  നീര്‍ക്കണമൊന്നില്‍
തിരയൊതുക്കും  ത്രിസന്ധ്യാജപങ്ങള്‍
കസവുനൂലിഴ   കാര്‍ത്തികാദീപം
കനലുറങ്ങുന്ന രാവിന്റെ   വാനം
പുലരിവീണ്ടും   ഗ്രഹണമായപ്പോള്‍
മിഴികള്‍   പൂട്ടി   ഉറങ്ങിയന്നമ്മ
തുളസിയും  നവധാന്യവും  തൂവി
പഴയമണ്ണിന്‍  പവിത്ര ഗോത്രങ്ങള്‍
പതിയെ   മന്ത്രിച്ചു   സായൂജ്യമായി
പുതിയ  ലോകം അകലെയാണല്ലോ..

ഹൃദയ ബിന്ദുവില്‍   ജീവസ്വരങ്ങള്‍
അതിനിഗൂഢമാം  ആദിവേദങ്ങള്‍
മനസ്സു  പോലെ  തെളിഞ്ഞ   ഗ്രാമത്തില്‍
പതിയെ  നീങ്ങുന്നു   അമ്മയെന്നുള്ളില്‍....

Join WhatsApp News
P R Girish Nair 2019-05-12 12:19:09
അമ്മ എന്ന രണ്ടക്ഷരകളുടെ മഹാകാവ്യം. സ്നേഹ വാത്സലൃ ങ്ങൾ നിറച്ചെഴുതിയ കവിത. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക