Image

തൃശ്ശൂരിന്റെ സമഗ്ര വികസനം എന്റെ സ്വകാര്യ സ്വപ്നം :രാജാജി (വിജയ് സി.എച്ച്)

Published on 21 April, 2019
തൃശ്ശൂരിന്റെ സമഗ്ര വികസനം എന്റെ സ്വകാര്യ സ്വപ്നം :രാജാജി (വിജയ് സി.എച്ച്)
ജില്ലാ കലക്ടറുടെ ചേംബറിന്റെ ഇടത്തുംവലത്തുമായി നീണ്ടുകിടക്കുന്ന ഇടനാഴികകള്‍. ഇരുവശത്തുമുള്ള ബെഞ്ചുകളില്‍ ഗൗരവമേറിയ കാര്യങ്ങള്‍ക്കെത്തിയവര്‍ തിങ്ങി ഞെരുങ്ങിയിരിക്കുന്നു.

വെള്ള മുണ്ടും, വെള്ള കുപ്പായവും ധരിച്ച് പൊക്കമുള്ളൊരാള്‍ കുറച്ചു സഹകാരികളുമൊത്ത്, അതില്‍ ഇടത്തെ ഇടനാഴികയിലൂടെ ധൃതിയില്‍ നടന്നു നീങ്ങുന്നു. നരച്ച താടിരോമങ്ങള്‍ അദ്ദേഹത്തിന്റെ പുഞ്ചിരിക്കൊരു പ്രത്യേക ആകര്‍ഷണമേകുന്നുണ്ട്.

ആകാരംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ആ വ്യക്തിയെ കണ്ടമാത്രയില്‍ ചിലര്‍ എഴുനേറ്റുനിന്ന്, 'good morning, Sir' എന്നും, മറ്റു ചിലര്‍ 'സലാം സഖാവേ' എന്നും ആശംസിച്ചു.

എന്നാല്‍, പ്രധാനപ്പെട്ട ആരോ ആണിതെന്നുമാത്രം മനസ്സിലാക്കിയ ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റു നില്‍ക്കുകമാത്രം ചെയ്തു. ഒന്നും ആശംസിച്ചില്ല.

ആള്‍ക്കൂട്ടത്തിനു മുന്നെ നടന്നടുക്കുന്ന ശുഭ്രവസ്ത്രധാരി ഇതു ശ്രദ്ധിച്ചു. അദ്ദേഹം ആ ചെറുപ്പക്കാരന്റെ മുന്നില്‍ വന്നുനിന്നു, കൈ കുലുക്കി, good morning പറഞ്ഞു, സ്വയം പരിചയപ്പെടുത്തി:

'എന്റെ പേര്, രാജാജി മാത്യു തോമസ്. ഞാന്‍ തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തിലെ LDF സ്ഥാനാര്‍ത്ഥിയാണ്. എനിക്ക് വോട്ടു ചെയ്യണം...'

കാണാന്‍ കാത്തിരുന്നൊരാളെ കണ്ടുമുട്ടിയ സന്തോഷമായിരുന്നു ആ ചെറുപ്പക്കാരന്റെ മുഖത്ത്! രാജാജിയും അയാളും തമ്മില്‍ അല്‍പ്പനേരം വീണ്ടുമെന്തൊക്കയോ കുശലം പറയുന്നത് കേട്ടു. പിന്നീടു കണ്ടത്, അയാളും രാജാജിയുടെ പ്രചരണ സംഘത്തിലെ ഒരാളായിമാറി സിവില്‍ സ്റ്റേഷനിലുള്ള ഓരോ ആപ്പീസിലും വോട്ടഭ്യര്‍ത്ഥിച്ചു കയറിയിറങ്ങുന്നതാണ്!

ഒട്ടനവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍ക്കുള്ളുന്ന സിവില്‍ സ്റ്റേഷനില്‍ രാജാജിക്കു ലഭിച്ച ഊഷ്മളമായ വരവേല്‍പ്പ് എന്തെങ്കിലുമൊരു സൂചനയാണെങ്കില്‍, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് രാജാജിക്കൊരു മേല്‍ക്കൈയുണ്ട്!

തൃശ്ശൂരിലെ കണ്ണാറ സ്വദേശിയും, സിറ്റിയോടു ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ഒല്ലൂരിലെ മുന്‍ MLA യും, മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ രാജാജി എന്തുകൊണ്ടു ജനപ്രിയനാകുന്നുവെന്നതിനുത്തരമാണ്, കലക്ടറേറ്റു കെട്ടിടത്തില്‍ കണ്ട ആ ചെറുപ്പക്കാരന്‍! രാജാജിക്കറിയാം അപരിചിതന്റെ ഉള്ളില്‍ ഇടം തേടാനും, വോട്ടഭ്യര്‍ത്ഥന എവിടെയധികം ശ്രദ്ധിക്കണമെന്നും!

എന്തു പറഞ്ഞാണ് സമ്മതിദായകരെ സമീപിക്കുന്നത്, ഞാന്‍ രാജാജിയോടു ചോദിച്ചു.
'കേന്ദ്രത്തില്‍ പുതിയൊരു സര്‍ക്കാര്‍ ഭരണത്തില്‍ വരണം,' രാജാജിയുടെ മറുപടി തല്‍ക്ഷണമായിരുന്നു.
എന്തുകൊണ്ട്?

'നരേന്ദ്ര മോദി സര്‍ക്കാര്‍ ജനദ്രോഹപരമായ കാര്യങ്ങളാണ് പിന്‍തുടരുന്നത്. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായിരിക്കുന്നു.'

'കൂടാതെ, ജനാധിപത്യ-മതേതരത്വ മൂല്യങ്ങള്‍ ഈ ഭരണത്തില്‍ സംരക്ഷിക്കപ്പെടുന്നില്ല.'

രാജ്യത്ത് മറ്റൊരു സര്‍ക്കാരുണ്ടാക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനല്ലേ കഴിയൂ. അതില്‍ ഇടതു പക്ഷത്തിന്റെ പങ്കെന്താണ്?

'NDA സര്‍ക്കാരിനെ ഭരണത്തില്‍നിന്നും നീക്കാനായി ഞങ്ങള്‍ മറ്റു പാര്‍ട്ടികളുമായി സഹകരിക്കും. തമിഴ് നാട്ടില്‍ alliance ഉണ്ടാക്കിയിട്ടുണ്ട്.'

കേരളത്തില്‍ LDF-ന് എതിരെ ഗോദയിലുള്ള പ്രധാന മുന്നണി UDF ആകുന്നു. അതിനെ നയിക്കുന്നത് കോണ്‍ഗ്രസ്സാണ്. തൃശ്ശൂരില്‍ സാറിന്റെ ശക്തനായ പ്രതിയോഗിപോലും കോണ്‍ഗ്രസ്സുകാരനല്ലേ? കൂടാതെ, രാഹുല്‍ ഗാന്ധിയുടെ വരവോടെ നീരസങ്ങളും കേട്ടു തുടങ്ങിയിട്ടുണ്ട്...

'Coalition politics-ന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കുന്നു. എന്നാല്‍, ദേശീയ തലത്തില്‍ മോദി ഭരണം അവസാനിപ്പിക്കുകയെന്നത് എല്ലാ പ്രതിപക്ഷ കക്ഷികളുടേയും പൊതുവായ ആവശ്യമാണ്.'

ശബരിമല വനിതാപ്രവേശ വിഷയത്തില്‍, കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ച LDF സര്‍ക്കാറിന്, ആചാരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരുടെ പിന്‍തുണ നഷ്ടപ്പെടാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്. ഇത് LDF സ്ഥാനാര്‍ത്ഥികളുടെ വിജയസാദ്ധ്യതക്ക് മങ്ങല്‍ ഏല്‍പ്പിക്കില്ലേ?

'ഇല്ല, ശബരിമല ഈ തിരഞ്ഞെടുപ്പില്‍ ഒരു വിഷയമേ ആകുന്നില്ല.'

ഒല്ലൂര്‍ എങ്ങിനെ നോക്കിയാലും തൃശ്ശൂര്‍ സിറ്റിയുടെ ഭാഗം. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍പ്പെട്ടത്. സ്വരാജ് റൗണ്ടില്‍നിന്നും അഞ്ചു കി. മി മാത്രമകലെ. ഒല്ലൂരില്‍ നിന്നുള്ള അഞ്ചു വര്‍ഷത്തെ നിയമ സഭാംഗത്വവും (2006 -- 2011) തുടര്‍ന്നുണ്ടായ ജനസേവനവും സാറിനെ ഈ തിരഞ്ഞെടുപ്പില്‍ എത്രകണ്ടു സഹായിക്കുമെന്നാണ് കരുതുന്നത്?

'എന്നെക്കൊണ്ടു കഴിയുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍കാരനെന്നോ ഒല്ലൂര്‍കാരനെന്നോ ഉള്ള വ്യത്യാസം ഞാന്‍ കാണിച്ചിട്ടില്ല. അത് തൃശ്ശൂര്‍ ജില്ലയില്‍പ്പെട്ടവര്‍ക്കൊക്ക അറിയാം. അവരുടെ അടുത്തേക്കാണ് ഞാന്‍ ഇപ്പോള്‍ വോട്ടഭ്യര്‍ത്ഥിച്ചു ചെല്ലുന്നത്. അവര്‍ക്ക് എന്നേയും, എനിക്ക് അവരേയും നന്നായറിയാം. Certainly, It gives me an edge!'

അര ലക്ഷത്തോളം ചെറുപ്പക്കാരായ പുതിയ വോട്ടര്‍മാരെ ഇക്കുറി ചേര്‍ത്ത തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍, കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥി നേതാവു മുതല്‍, അമേരിക്കന്‍ പ്രസിഡന്റിന് ലോക യുവജനതയുടെ (World Youth) സമാധാനസന്ദേശവുമായിച്ചെന്ന പ്രതിനിധി സംഘത്തലവന്‍ വരെ സാറായിരുന്നുവെന്നുള്ളത് ഒരു മുതല്‍ക്കൂട്ടാവുമെന്നു കരുതുന്നുണ്ടോ?

'തീര്‍ച്ചയായും, ഉണ്ട്! ഞാന്‍ ജനിച്ചതും, വളര്‍ന്നതും, പഠിച്ചതും, വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുമൊക്കെ തൃശ്ശൂര്‍ കേന്ദ്രമാക്കിയാണ്. അതെല്ലാര്‍ക്കുമറിയാം. യുവജനങ്ങളില്‍ എനിക്കു പ്രതീക്ഷയുണ്ട്.'

തൃശ്ശൂരിന്റെ വികസനത്തിനായി ആസൂത്രണമെന്തെങ്കിലും ആലോചനയിലുണ്ടോ?

'ചിന്തയില്‍ പലതുമുണ്ട്. കുറെകാലങ്ങളായി വികസനമൊന്നും നടന്നിട്ടില്ലാത്ത ഒരു പ്രദേശമാണിത്. തൃശ്ശൂരിന്റെ സമഗ്ര വികസനം എന്റെ ഒരു സ്വകാര്യ സ്വപ്നമാണ്!'

നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലുമൊരു പദ്ധതി പറയാമോ?

'പറയാം. ഒട്ടനവധി ഓടു കമ്പനികളുണ്ടായിരുന്ന നാടായിരുന്നു തൃശ്ശൂര്‍. ഇപ്പോള്‍ ആവശ്യമായ മണ്ണ് കിട്ടാത്തതിനാല്‍ അതില്‍ പലതും പൂട്ടിക്കിടക്കുന്നു.'

'എന്നാല്‍, വര്‍ഷങ്ങളോളം ഓടുനിര്‍മ്മാണത്തിനായി കളിമണ്ണ് ഖനനം ചെയ്തതിനാല്‍ തൃശ്ശൂരിന്റെ പല ഭാഗങ്ങളിലും തടാക സമാനമായ വന്‍ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടിരിക്കുന്നു. വെറുതെ കിടക്കുന്ന ഈ കുണ്ടു പ്രദേശങ്ങള്‍ നമുക്ക് എന്തുകൊണ്ട് മത്സ്യം വളര്‍ത്താന്‍ ഉപയോഗിച്ചുകൂടാ?'

Of course, this project seems to be certainly an innovative industrial concept, Sir!

'Yes, ഈ പദ്ധതി ആസൂത്രണംചെയ്തു നടപ്പാക്കുന്നതാണ് എന്റെ സത്വര പരിഗണന!'

ഇംഗ്‌ളീഷും ഹിന്ദിയും, മലയാളംപോലെ സാറിന് അറിയുമെന്നത് ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടാല്‍, ഏറെ പ്രയോജനകരമാവില്ലേ? അത് തൃശ്ശൂരിന്റെ ഭാഗ്യം!

'തൃശ്ശൂരിന്റെ ശബ്ദം എല്ലാ ഭാഷകളിലും ഡെല്‍ഹിയില്‍ കേള്‍ക്കും, ഹാ... ഹാ...'
തൃശ്ശൂരിന്റെ സമഗ്ര വികസനം എന്റെ സ്വകാര്യ സ്വപ്നം :രാജാജി (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക