Image

വിശുദ്ധമായ ഉയിര്‍പ്പിന്റെ മാനവസന്ദേശം (ജോര്‍ജ് തുമ്പയില്‍)

Published on 20 April, 2019
വിശുദ്ധമായ ഉയിര്‍പ്പിന്റെ മാനവസന്ദേശം (ജോര്‍ജ് തുമ്പയില്‍)
ലോകമെങ്ങും ഉയിര്‍ത്തെഴുന്നേല്‍പ്പ് ആവശ്യമുള്ള ഒരു ഘട്ടമാണിത്. മനുഷ്യപുത്രനായ യേശു കാണിച്ചു തന്ന പാതയിലൂടെ മാനവകുലം ആകമാനം നടന്നു തുടങ്ങേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു. അതാണ് ഈ ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നത്. വികസിത രാജ്യത്തും വികസര രാജ്യത്തും ഒരു പോലെ മാനവികത വളരേണ്ടതുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് നഷ്ടപ്പെട്ടത്, നമുക്ക് നേടേണ്ടത്, നമുക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രഭാതത്തില്‍ കൈവരിക്കേണ്ടത് ഒക്കെയും നമ്മുടെ മാനവികമായ ജീവന്റെ തുടിപ്പാണ്. അതിനെ നേര്‍വഴിക്ക് നടത്തുക എന്ന ബഹുസ്വരതയാണ് ഇപ്പോള്‍ നമുക്ക് സ്വായത്തമാകേണ്ടത്. പുനരുത്ഥാനത്തിന്റെ നടവഴികളില്‍ മനുഷ്യന്‍ പുതിയ ലോകം തേടുമ്പോള്‍, അവിടൊരു പ്രകാശധാര വഴി കാണിക്കുന്നു. ഗിരിപ്രഭാഷണത്തിന്റെ അലയൊലികളില്‍ ഈസ്റ്റര്‍ പ്രഭാതം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല, മനുഷ്യാ നീ പുനരുത്ഥാനത്തിന്റെ പിന്തുടര്‍ച്ചകാരനാകുന്നു. വിശ്വാസത്തിന്റെ ചൈതന്യഭൂമിയില്‍ നീ നിന്നെ തിരിച്ചറിയുന്നു.

ലോകമെങ്ങുമുള്ള മനുഷ്യര്‍ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. അവര്‍ക്ക് ഭോഗങ്ങളില്‍ നിന്ന്, ജീവിതത്തിന്റെ ദുര്‍നിമിത്തങ്ങളില്‍ നിന്ന്, ചെയ്തികളുടെ ദുഷ്ടതകളില്‍ നിന്ന്, എന്തിന് ചിന്തകളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമൊക്കെ മാറേണ്ടിയിരിക്കുന്നു. ഒരു മാറ്റം അവരും കൊതിക്കുന്നു. മനം മടുപ്പിക്കുന്ന അസ്വസ്ഥതകളുടെ വേലിയേറ്റത്തില്‍ നിന്നും പുതിയൊരു കിരണം എല്ലാവരും പ്രതീക്ഷിക്കുന്നു. അത് അനിവാര്യതയാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്ന ഘട്ടത്തിലാണ്, നാം ഈസ്റ്ററിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

കഷ്ടതകളുടെയും ദൈന്യതകളുടെയും നിസഹായതകളുടെയും പീഡനങ്ങളുടെയും മുനമ്പില്‍ നിന്ന് അനുഗ്രഹത്തിന്റെ ആശിര്‍വാദങ്ങളാണ് ഈ ഉയിര്‍പ്പു പെരുന്നാള്‍ നമുക്ക് സമ്മാനിക്കുന്നത്. ജീവിതം എന്താണെന്നും, അത് എന്തിനാണെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ അയല്‍ക്കാരന്‍, നമ്മുടെ സഹോദരന്‍, നമ്മുടെ മക്കള്‍, സര്‍വ്വോപരി നമ്മുടെ മാതാപിതാക്കള്‍ എന്നിവരോടുള്ള നമ്മുടെ ആഭിമുഖ്യത്തേക്കുറിച്ച് നമ്മെ കൂടുതല്‍ പഠിപ്പിക്കുകയാണത്. ജീവിതത്തില്‍ നിന്നുമുള്ള ഈ ഉയിര്‍പ്പില്‍ നിന്നാണ് നമുക്ക് കുടുംബത്തിലേക്കും അവിടെ നിന്നു സമൂഹത്തിലേക്കും പുതിയൊരു പൊന്‍വെളിച്ചം നല്‍കാനാവൂ. അതാണ് വിശ്വാസത്തിന്റെ ഉയിര്‍പ്പ്. മാറ്റത്തിന്റെയും മാനവികതയുടെയും അനിവാര്യമായ ഉയിര്‍പ്പ്. അവിടെയാണ് നാം മനുഷ്യന്‍ സര്‍വ്വതും ത്യജിച്ചു കൊണ്ട് അവന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലം നുകരാന്‍ ഒരുങ്ങുന്നത്.

ജീവിതം ഒരു ചര്യയാണെന്നും, അത് അനുഷ്ഠാനത്തിന്റെ പരമോന്നതമായ കലയാണെന്നും ഈ ഉയിര്‍പ്പ് നാള്‍ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിന്റെ തേജോമയമായ കിരണങ്ങളെ ശരീരത്തിലേക്ക് മാത്രമല്ല, മനസ്സിലേക്കും അവിടെ നിന്ന് മനസ്സുകളിലേക്കും പകര്‍ന്നു നല്‍കാനാണ് ഈ ദിനം നാം പ്രയോജനപ്പെടുത്തേണ്ടത്. അതൊരു പുതിയ ലോകം നമ്മെ കാണിച്ചു തരുന്നു. പരമകാരുണികനായ പുത്രന്റെ വിശുദ്ധമായ ജീവിത അനുരണനങ്ങള്‍ നമ്മളിലേക്ക് പകര്‍ന്നു ലഭിക്കുമ്പോള്‍, നാം കുമ്പിട്ട് കൈകളുയര്‍ത്തി, അവനിലേക്ക് കൂടുതല്‍ അടുക്കുന്നു. അവന്റെ കണ്ണുകളിലൂടെ, അവന്റെ ജീവിതത്തിലൂടെ, നിത്യതയുടെ പുത്തന്‍ പ്രഭാതത്തെ സ്വീകരിക്കാനൊരുങ്ങുന്നു. എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക