Image

കാസര്‍ഗോഡ് ഇടത് കാറ്റിനു കരുത്തു പോര, നടക്കുന്നത് ശക്തമായ ത്രികോണ മത്സരം (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 20 April, 2019
കാസര്‍ഗോഡ് ഇടത് കാറ്റിനു കരുത്തു പോര, നടക്കുന്നത് ശക്തമായ ത്രികോണ മത്സരം (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-20
(തെരഞ്ഞെടുപ്പ് അവലോകനം- കാസര്‍ഗോഡ് )


എന്‍ഡോസള്‍ഫാനും ഇരട്ട കൊലപാതകവും ശബരിമല പ്രശ്‌നവും കത്തി നില്‍ക്കുന്ന കാസര്‍ഗോഡ് മണ്ഡലത്തില്‍ ഇത്തവണ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം. ഒന്നും രണ്ടുമല്ല തുടര്‍ച്ചയായ മൂന്നു പതിറ്റാണ്ട് (30 വര്‍ഷം) തുടര്‍ച്ചയായി കമ്യൂണിസ്റ്റുകളെ ഡല്‍ഹിയിലേക്ക് അയക്കുന്ന മണ്ഡലത്തില്‍ ഇത്തവണ വോട്ടര്‍മാര്‍ മാറി ചിന്തിക്കുമോ? 

കോണ്‍ഗ്രസ് ഇരട്ടകൊലപാതകവും ബിജെപി ശബരിമല പ്രശ്‌നവും ഉയര്‍ത്തികാണിക്കുമ്പോള്‍ എല്‍ഡിഎഫിന് കഴിഞ്ഞ മുപ്പതുവര്‍ഷം തുടര്‍ച്ചയായും മണ്ഡലം പ്രതിനിധീകരിച്ചിട്ടും വോട്ട് പിടിക്കാന്‍ പാകത്തില്‍ എടുത്തു കാണിക്കാന്‍ യാതൊന്നുമില്ലെന്നത് വലിയൊരു ദൗര്‍ബല്യമാണ്. എന്നാല്‍, പതിനഞ്ച് തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് എണ്ണത്തിലും ജയിച്ചു കയറിയ വിജയലഹരിയുമായാണ് ഇത്തവണയും എല്‍ഡിഎഫ് മത്സരരംഗത്തുള്ളത്. പക്ഷേ, കോണ്‍ഗ്രസ് ജയിച്ച 1971-ലും 77-ലും 84-ലും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് സമാന സ്ഥിതിയാണ് ഇപ്പോഴത്തേതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധി ഇഫക്ട് മാത്രമല്ല, കല്യോട്ടെ ഇരട്ട കൊലപാതകവും ഇത്തവണ കാസര്‍ഗോഡിന്റെ വിധി നിര്‍ണയത്തില്‍ നിര്‍ണായക പങ്ക് വഹിക്കും. ശബരിമലയും പരിസ്ഥിതി-കാര്‍ഷിക പ്രശ്‌നങ്ങളും ഉയര്‍ത്തി ബിജെപിയും മുന്നില്‍ നില്‍ക്കുമ്പോള്‍ സീറ്റ് നഷ്ടപ്പെടാതിരിക്കാനാണ് മുന്‍ ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനു എല്‍ഡിഎഫ് നല്‍കിയിരിക്കുന്ന ഉത്തരവാദിത്വം. മൂന്നു തവണ മത്സരിച്ചു ജയിച്ച പി.കരുണാകരന് ഇത്തവണ വിശ്രമം അനുവദിച്ചിരിക്കുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനാണ് യുഡിഎഫിനു വേണ്ടി രംഗത്തുള്ളത്. ഹിന്ദു ഐക്യവേദി നേതാവും ബിജെപി സംസ്ഥാന സമിതി അംഗവുമായ രവീശ തന്ത്രി കണ്ടാറിനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.

മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് കാസര്‍ഗോഡ് മണ്ഡലം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭ മണ്ഡലങ്ങളില്‍ വ്യക്തമായ മേധാവിത്വം ഇടതു മുന്നണിക്കുണ്ട്. കാസര്‍ഗോഡ് കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ഉദുമയില്‍ ഇടതു വലതു മുന്നണികള്‍ ഒപ്പത്തിനൊപ്പം. മഞ്ചേശ്വരത്ത് മൂന്നു മുന്നണികളും ഒരുപോലെ കരുത്തര്‍. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലായി ഒട്ടാകെ 72539 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. എന്നാല്‍ ഹാട്രിക് നേടി വിജിയിച്ചെങ്കിലും 2014ല്‍ മൂന്നാം ഊഴക്കാരനായെത്തിയ പി. കരുണാകരന്‍ ടി. സിദ്ദിഖിനെ പരാജയപ്പെടുത്തിയത് വെറും 6921 വോട്ടുകള്‍ക്ക് മാത്രമായിരുന്നുവെന്ന് സത്യമാണ്. 2004-ല്‍ പി. കരുണാകരന്‍ 1,08,256 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോള്‍ 2006-ല്‍ ഭൂരിപക്ഷം 64,427 ആയി കുറഞ്ഞു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് 1,72,826 വോട്ടുകളാണ് ഇവിടെ നിന്നും ലഭിച്ചത്. ബിജെപിക്ക് അഭിമാനിക്കാവുന്ന നേട്ടം. 17.74 ശതമാനം വോട്ടു വിഹിതം. ഇപ്പോള്‍ കന്നഡ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്നും ശബരിമല പ്രശ്‌നത്തിലൂടെ അത് 25 ശതമാനമാക്കി ഉയര്‍ത്തിയാല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

13,24,387 വോട്ടര്‍മാരാണ് ഇത്തവണ മണ്ഡലത്തിലുള്ളത്. 6,87,696 വനിതകള്‍. 6,36,689 പുരുഷന്മാര്‍. ഇതില്‍ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ വോട്ടുകളാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് മണ്ഡലത്തില്‍ ആദ്യം ലഭിച്ചത് അത്ര നല്ല സ്വീകരണമായിരുന്നില്ല. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന പരിവേഷത്തിനോടു മുഖം കറുപ്പിച്ച നിന്ന ഡിസിസി നേതൃത്വം പക്ഷേ, ഇപ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തിയതോടെ ആവേശത്തിലാണ്. എല്‍ഡിഎഫ് ഉറപ്പിച്ച മണ്ഡലമെന്നു സര്‍വ്വേ റിപ്പോര്‍ട്ടിലും പറയുന്ന കാസര്‍ഗോഡ് പക്ഷേ, കാര്യങ്ങള്‍ അത്ര സേഫ് അല്ലെന്നു പാര്‍ട്ടിയും പറയും. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഭവിച്ച കൊലപാതകത്തിന് ജയിച്ചാല്‍ പോലും എല്‍ഡിഎഫിന് ഇത്തവണ വലിയ വില കൊടുക്കേണ്ടി വരും. 

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക