Image

റവ. ടി.സി. മാമ്മന്റെ സംസ്‌കാരം അടുത്ത ശനിയാഴ്ച ലോംഗ് ഐലന്‍ഡില്‍

Published on 19 April, 2019
റവ. ടി.സി. മാമ്മന്റെ സംസ്‌കാരം അടുത്ത ശനിയാഴ്ച ലോംഗ് ഐലന്‍ഡില്‍
ന്യു യോര്‍ക്ക്: കാറപകടത്തില്‍ മരിച്ച റവ. ടി.സി. മാമ്മന്റെ (69) പൊതുദര്‍ശനം അടുത്ത വെള്ളിയാഴ്ചയും സംസ്‌കാരം അടുത്ത ശനിയാഴ്ചയും ലോംഗ് ഐലന്‍ഡില്‍ നടത്തും.

പൊതുദര്‍ശനം: വെള്ളിയാഴ്ച വൈകിട്ട് 4:30 മുതല്‍ 8:30 വരെ: ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച്, 2350 മെറിക്ക് അവന്യു, മെറിക്ക്, ന്യു യോര്‍ക്ക്

ശനിയാഴ്ച രാവിലെ 8:30 മുതല്‍ സംസ്‌കാര ശുശ്രൂഷ.
സംസ്‌കാരം പൈന്‍ ലോണ്‍ സെമിത്തെരിയില്‍.

അപകടത്തില്‍ ചെറിയ പരുക്കേറ്റ ഭാര്യ വില്‍സി മാമ്മന്‍ വൈകാതെ ആശുപത്രി വിടും.

2004-ല്‍ ആണു അച്ചന്‍ അമേരിക്കയിലേക്കു കുടിയേറിയത്. പത്തനാപുരം ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായിരുന്നു. തിരുവാതിലില്‍ ചൂരത്തലക്കല്‍ കുടുംബാംഗമാണ്.

ഭാര്യയെ ജോലിയില്‍ നിന്നു പിക്ക് ചെയ്ത് മടങ്ങുമ്പോള്‍ വാഹനം വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ചെന്നിടിച്ചു.

ന്യു യോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ മെല്‍ വിന്‍ മാമ്മന്‍, സാനി ജോസഫ്, ഷെറിന്‍ ജൊമി എന്നിവരാണു മക്കള്‍. മരുമക്കള്‍: കരുണ, ജോയല്‍ ജോസഫ്, റവ. ജോമി.
രണ്ട് സഹോദരന്മാരും ആറു സഹോദരിമാരുമുണ്ട്. അവരില്‍രണ്ടു പേര്‍ ഒഴികെഎല്ലാവരും അമേരിക്കയിലുണ്ട്.

കാറപകടത്തിനു കാരണക്കാരനായ ക്രിസ്റ്റഫര്‍ ഗോമസ് അല്‍ വാരെസിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. വാഹനം ഉപയോഗിച്ചുള്ള കൊലപാതകം-സെക്കന്‍ഡ് ഡിഗ്രി, അതിക്രമം-തേര്‍ഡ് ഡിഗ്രി, മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയില്‍ വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്തു.

ലോംഗ് ഐലന്‍ഡിലെ നോര്‍ത്ത് മസപെക്ക്വയില്‍ വച്ച് ഇയാള്‍ ഓടിച്ചിരുന്ന 2017 ഹൊണ്ട അക്കോര്‍ഡ് അച്ചന്റെ 2019 ജി.എം.സി. എസ്.യു.വിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട അച്ചന്റെ കാര്‍ മരത്തില്‍ ചെന്നിടിച്ചു. ഗുരുതരമായി പരുക്കേറ്റ അച്ചനെ ബെത്ത്പേജ് സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

സഭാ ജോലിയില്‍ ഇല്ലെങ്കിലും ഇടക്കു സര്‍വീസുകള്‍ നടത്തുന്ന അച്ചന്‍ പെസഹാ വ്യാഴാഴ്ച രാത്രി മെറിക്കിലെ ലോഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ സര്‍വീസില്‍ പ്രസംഗിച്ചിരുന്നു. വി. കുര്‍ബാനയുടെ പ്രാധാന്യത്തെപറ്റിയും ക്രിസ്തുവിന്റെ ഉത്ഥാനത്തിലുമുള്ള വിശ്വസത്തെപറ്റിയും ആയിരുന്നു അദ്ധേഹം പ്രസംഗിച്ചതെന്നു പാരിഷ് അംഗങ്ങള്‍ ഓര്‍ക്കുന്നു.
see also
റവ. ടി.സി. മാമ്മന്റെ സംസ്‌കാരം അടുത്ത ശനിയാഴ്ച ലോംഗ് ഐലന്‍ഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക