Image

തനിക്കെതിരെ കള്ളക്കേസ്; കുറ്റം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

Published on 19 April, 2019
തനിക്കെതിരെ കള്ളക്കേസ്; കുറ്റം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച്‌ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും താന്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ കള്ളക്കേസ് എടുക്കുകയാണ് ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും. അല്ലെങ്കില്‍ തനിക്കെതിരെ കേസ് കൊടുത്ത സിപിഎം നേതാവ് വി ശിവന്‍ കുട്ടി പൊതുജീവിതം അവസാനിപ്പിക്കുമോ എന്ന് ചോദിച്ച ശ്രീധരന്‍ പിള്ള സിപിഎം ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകുമോ എന്നും ചോദിച്ചു.

കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. ഭീകരവാദികളെ കുറിച്ച്‌ പറഞ്ഞത് മുസ്ലിംകള്‍ക്കെതിരെയാക്കി ചിത്രീകരിക്കുകയായിരുന്നു.പൊതുപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയാണിത്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ കേസ് നിലനില്‍ക്കില്ല എന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി അധ്യക്ഷനായ ശേഷം തനിക്കെതിരെ നേരത്തെ ഒരു കേസെടുത്തിരുന്നു. അതിന്റെ അവസ്ഥ എന്തായി എന്ന് പരിശോധിക്കണം. ശബരിമല വിഷയത്തില്‍ അജണ്ട സെറ്റ് ചെയ്തുവെന്നായിരുന്നു ആദ്യ പ്രചാരണം. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ശബരിമല അജണ്ടയായി വന്നിരിക്കുന്നു. എല്ലാ കുപ്രചാരണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് മറുപടി നല്‍കും. മോദിയുടെ സംഘത്തോടൊപ്പം സഞ്ചരിക്കാന്‍ കേരളം തയ്യാറായി എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.


മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ പരാതിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാമാര്‍ശം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍ കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ശ്രീധരന്‍ പിള്ളയ്‌ക്കെതരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക