Image

രാജ്യമാണു വലുത്; എല്ലാ ഇന്ത്യാക്കാരും വോട്ടു ചെയ്യണം: കെസിബിസി

Published on 18 April, 2019
രാജ്യമാണു വലുത്; എല്ലാ ഇന്ത്യാക്കാരും വോട്ടു ചെയ്യണം: കെസിബിസി


തിരുവനന്തപുരം: അസത്യത്തില്‍നിന്നു സത്യത്തിലേക്കും അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേക്കും മൃത്യുവില്‍നിന്ന് അമര്‍ത്യതയിലേക്കും നമ്മുടെ രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിധത്തില്‍ എല്ലാ ഇന്ത്യാക്കാരും വോട്ടു ചെയ്യണമെന്ന്് കെസിബിസി (കേരള കാത്തലിക് ബിഷ്പ്‌സ് കോണ്‍ഫറന്‍സ്) അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം. 

വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ജാതി,മത,വര്‍ഗ ചിന്താഗതിക്കപ്പുറം മനുഷ്യനെ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ ജനങ്ങള്‍ക്കു സാധിക്കും. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരള ജനത സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ചിലതു പറഞ്ഞെന്നു വരും. അതിന്റെ പേരില്‍ വര്‍ഗീയത വര്‍ധിക്കുന്നതായി തോന്നുന്നില്ല. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ വരുമ്പോള്‍ പ്രതികരിച്ചു പോകുന്നതാകാം. എങ്കിലും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെട്ട അവസരത്തില്‍ അതിനെ സഭ എതിര്‍ത്തിട്ടുണ്ട്. അത്തരം കാര്യങ്ങളിലേക്ക് ഈ അവസരത്തില്‍ കടക്കുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ വീടു നല്‍കിയതു നല്ല കാര്യമാണ്. എന്നാല്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും പാലിക്കാനുണ്ട്.

ഓഖി ദുരന്ത ബാധിതര്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തതിന്റെ ഒരു അംശം പോലും ഇവിടെ ചെയ്തിട്ടില്ല. ലത്തീന്‍ സമുദായത്തിന്റെ ജനസംഖ്യയ്ക്ക് ആനുപാതികമായ അംഗീകാരം ലഭിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ പ്രശ്‌നാധിഷ്ഠിത, മൂല്യാധിഷ്ഠിത നിലപാടാണു സഭയുടേത്.

ബിഷപ്പുമാരുടെ പദവി ഏതെങ്കിലും കക്ഷിക്ക് എതിരായോ അനുകൂലമായോ ഉപയോഗിക്കില്ല. എല്ലാ രാഷ്ട്രീയക്കാരും തങ്ങളെ കാണാന്‍ എത്തുന്നത് ആശീര്‍വാദം സ്വീകരിക്കുന്നതിനാണ്. എല്ലാവരുടെയും സ്‌നേഹവും നന്മയും കാണാനാണു ശ്രമിക്കുന്നത്. എല്ലാവരെയും സമദൂരത്തില്‍ കാണുന്നു. വോട്ടു ചെയ്യുമെന്നോ ചെയ്യില്ലെന്നോ പറയില്ല. രാഷ്ട്രീയ പ്രബുദ്ധതയുള്ള സഭാംഗങ്ങളോട് ആര്‍ക്കു വോട്ടു ചെയ്യണമെന്നു പറയേണ്ട കാര്യമില്ല. എങ്കിലും ജനങ്ങളുടെ മൂല്യാധിഷ്ഠിത കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്കു കടമയുണ്ട്. നന്മയെ അനുകൂലിക്കാനും തിന്മയെ എതിര്‍ക്കാനും അതു പഠിപ്പിക്കുന്നു.സഭയുടെ നിലപാട് വ്യക്തമാക്കാന്‍ കെസിബിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഇടയലേഖനം ഇറക്കിയിരുന്നു. 

പാപശക്തികളെ തിരസ്‌കരിക്കാനും നന്മയുടെ ശക്തികളുമായി ചേര്‍ന്നു പുതിയൊരു ആകാശവും ഭൂമിയും കെട്ടിപ്പടുക്കാനും ശ്രമിക്കണം. ഏതെങ്കിലും രാഷ്ട്രീയ കക്ഷികളെക്കാള്‍ രാജ്യമാണു വലുത്. നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ഇപ്പോള്‍ വിലയിരുത്തുന്നതു ശരിയല്ലാത്തതിനാല്‍ ചെയ്യുന്നില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക