Image

യുവത്വം ലഹരിമരുന്നുകളുടെ അടിമകളോ ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 17 April, 2019
യുവത്വം ലഹരിമരുന്നുകളുടെ അടിമകളോ ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ നിന്നും ഇനിയും കേരളം മുക്തമായിട്ടില്ല. ഏറെ കാലത്തെ ക്രൂര പീഡനത്തിന്റെ വേദനകള്‍ സഹിച്ചാണ് അവന്‍ മരണത്തിന് കീഴടങ്ങിയത്. പ്രതിയായ അരുണ്‍ ആനന്ദ് അമിതമായി ലഹരിമരുന്നിന്  അടിമയായിരുന്നു. കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളിലും അക്രമങ്ങളിലും ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്നത് ആയി കാണാം.

യുവതലമുറ ലഹരിക്ക് അടിമപ്പെട്ട് കൊടുംക്രിമിനലുകളാകുന്ന ഭീകരാവസ്ഥയിലേക്ക് മയക്കുമരുന്ന് ഉപയോഗം ഇന്ന്  വ്യാപകമാകുന്നു. സിനിമ മേഘലയില്‍ ഉള്‍പ്പെടെ ഉള്ള നമ്മുടെ  യുവത്വം ആണ് മയക്കുമരുന്നിന് അടിമകള്‍ ആയിരുന്നതെങ്കില്‍ ഇന്നത് ഒട്ടുമിക്ക യുവത്വത്തിലേക്കും പകര്‍ന്നിരിക്കുന്നു.  .കവര്‍ച്ച, അക്രമം, കൊലപാതകം എന്നിവയിലേക്കു മാത്രമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളിലേക്കും ക്രൂരമായ കുറ്റകൃത്യങ്ങളിലേയ്ക്കും മയക്കുമരുന്ന് ഉപയോഗം വഴിവയ്ക്കുന്നതായി കണ്ടെത്തിയിരുന്നു.കേരളത്തിലെ യുവാക്കളില്‍ 50  ശതമാനവും ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വ്യത്യസ്ത  സര്‍വേകളില്‍ കണ്ടെത്തിയിരുന്നു.

 സിനിമാമേഖലയില്‍ വ്യാപകമെന്ന് ആരോപിക്കപ്പെട്ടിരുന്ന മയക്കുമരുന്നുകള്‍ ഇപ്പോള്‍ ഹോട്ടലുകളിലും ക്ലബുകളിലും മിക്കവാറുമെല്ലാ ആഘോഷവേളകളിലുമുണ്ട്. മിക്ക നിശ ക്ലബ്ബുകളിലും ഇന്ന് മയക്കുമരുന്നുകള്‍ കഴിച്ചു കൂത്താടുന്ന യുവത്വം ആണ്  .ഇക്കാര്യത്തില്‍ യുവതികളും പിന്നിലല്ല. കോളേജുകളില്‍ പഠിക്കുന്ന കുട്ടികളെ തെരെഞ്ഞു പിടിച്ചു അവര്‍ക്കു  മയക്കുമരുന്നുകള്‍  ഫ്രീയായി നല്‍കി അവരെ മയക്കുമരുന്നുകള്‍ക്ക് അടിമകളാക്കിയ ശേഷം ക്ലബ്ബുകളിലും മറ്റും എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരും ഇന്ന് നിരവധിയുണ്ട്.

യുവാക്കള്‍ പങ്കാളികളാകുന്ന മിക്കവാറും എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സാന്നിധ്യമുണ്ട്. തിരുവനന്തപുരത്ത് അടുത്തിടെ യുവാവ് അരുംകൊല ചെയ്യപ്പെട്ട സംഭവത്തിലും തൊടുപുഴയില്‍ ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തിയതിനും ,നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയതും  ,ഇടുക്കിയില്‍ പതിമൂന്നു വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചതും,കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘവും   അങ്ങനെ  ന്യൂസ് വായിച്ചാല്‍ കുറ്റകൃത്യങ്ങളില്‍ ഉണ്ടായ ഒരു അതിപ്രസരം തന്നെ യാണ്  ഇന്ന്  നടക്കുന്നത് . ഈ കുറ്റകൃത്യങ്ങള്‍  എല്ലാം ലഹരിയുടെ സ്വാധീനത്തിലാണ് എന്ന് മനസിലാകുബോള്‍ മാത്രമാണ് മയക്കുമരുന്നിന്റെ അതിപ്രസരം ഇന്നത്തെ യുവത്വത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസിലാക്കാം.  മാധ്യമങ്ങള്‍ എന്നും  പുതിയ ന്യൂസിന് വേണ്ടി പായുബോള്‍ പഴയ കേസുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആരും തിരക്കാറെ ഇല്ല.

ഓരോ ദിവസവും  കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് ബിസിനസ് ആണ്  കേരളത്തില്‍  നടക്കുന്നത്  അതില്‍ ഒരു അംശം മാത്രമാണ് പോലീസ്  പിടിച്ചെടുക്കുന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടത്തിലേക്കു കാര്യമായ അന്വേഷണം ഉണ്ടാകുന്നില്ല. പിടിക്കുന്ന ആളിന്റെ പേരില്‍ നാമമാത്രമായ കേസുകള്‍ ചാര്‍ജ് ചെയ്തു മിക്കപ്പോഴും ഒതുക്കി തീര്‍ക്കുന്ന പതിവാണ്. മയക്കുമരുന്ന് പിടിക്കുമ്പോള്‍ അതിന്റെ  ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കാത്തത് ഒത്തുകളിയെന്ന് ഇന്ന് പരക്കെ  ആക്ഷേപംഉണ്ട് .  മയക്കുമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കെതിരേ മാത്രം കേസെടുക്കുകയും ഉറവിടം അന്വേഷിക്കാതെ ഒളിച്ചുകളി നടത്തുന്നതിനും പിന്നില്‍ പോലീസില്‍ത്തന്നെ ചിലര്‍ക്കു പങ്കുണ്ടെന്നു സംശയമുയരുന്നു.

കേരളത്തിലെ  മൂല്യങ്ങള്‍ അസ്തമിച്ചു കഴിഞ്ഞുവെന്നാണ്  ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്.  ലക്ഷ്യബോധമില്ലാതെ ലഹരിക്കടിമപ്പെട്ട്  സദാചാരമൂല്യങ്ങള്‍ നഷ്ടപ്പെട്ട്, മാനസികവൈകല്യങ്ങളും  കുറ്റവാസനകളും കുട്ടികളില്‍ വളരുന്നത് ശ്രദ്ധിക്കാന്‍പോലും  കഴിയാത്ത രക്ഷിതാക്കളാണ് കേരളത്തിലുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക്  അകാരണമായ സന്തോഷവും ഒപ്പം ദുഃഖവും അനുഭവപ്പെടുന്നു. ദേഷ്യം, വെറുപ്പ്, നിരാശ മുതലായവയ്ക്കടിമപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ ലൈംഗികശേഷി  കുറഞ്ഞ് ആത്മധൈര്യം നശിച്ച് ആത്മഹത്യാ ചിന്തപോലും ഉദിച്ച് സ്വവര്‍ഗരീതി, കുട്ടികളോടുള്ള  ലൈംഗികവാസന മുതലായ മാനസികവൈകല്യങ്ങള്‍ക്ക് ഇവര്‍ അടിമപ്പെടുന്നു. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന  വാര്‍ത്തകളും സുലഭമാണല്ലോ. എന്തുകൊണ്ട് സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലര്‍ത്തുന്നു! 

ഓരോ  ദിവസവും  ദിനപത്രം എടുത്താല്‍ കഞ്ചാവ് കടത്തുകാരേയോ മയക്കുമരുന്ന് വിതരണക്കാരേയോ പിടിച്ചുവെന്ന  വാര്‍ത്തയാണ് വായിക്കേണ്ടിവരുന്നത്.  കഞ്ചാവും  മയക്കുമരുന്നുമെല്ലാം ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും  കേരളത്തിന്റെ ഇളം തലമുറയാണെന്ന് തിരിച്ചറിയുമ്പോള്‍ കേരള യുവത്വത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം  ന്യായമായി ഉയരുന്നു. പാന്‍പരാഗിലും ഹാന്‍സിലും  തുടങ്ങി വൈറ്റ്‌നര്‍, പശ  എന്നിവയ്ക്കുശേഷം  കഞ്ചാവിലേക്കും വേദനസംഹാരി ഗുളികകളുടെ ലഹരിയിലേക്കും മദ്യോപയോഗത്തിലേക്കും  കുതിക്കുന്നു. ഇളം തലമുറയുടെ തെറ്റായ പോക്കിനെ  തിരിച്ചറിയാന്‍ കൂടി  കഴിയാത്ത മാതാപിതാക്കളാണ്  ഇന്ന് കേരളത്തില്‍  സ്‌നേഹം നല്‍കുന്നതിന് പകരം ഇഷ്ടംപോലെ പോക്കറ്റ്മണി നല്‍കുന്നത്.

നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്നു കടത്തുകാര്‍ ഇപ്പോള്‍ ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലേക്കും ചുവടുറപ്പിച്ചിട്ടുണ്ട്. യുവാക്കളും സ്കൂള്‍ വിദ്യാര്‍ഥികളുമാണ് ഇവരുടെ  ഇരകള്‍. കേരളത്തില്‍  വലിയ ഒരു മാര്‍ക്കറ്റ് ഉണ്ടന്ന് മയക്കുമരുന്ന് മാഫിയ വിലയിരുത്തുന്നു. അധികാരികള്‍ ഇതിനെതിരെ കണ്ണടച്ചാല്‍ നാം ഒരു വലിയ വിപത്തിനെ ആയിയിരിക്കും നേരിടേണ്ടി വരിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക