Image

തരൂരിന്റെ തലയില്‍ ത്രാസ് വീണതില്‍ ഗൂഢാലോചനയെന്ന് പരാതി; ഇല്ലെന്ന് പോലീസ്, പിന്‍മാറി കോണ്‍ഗ്രസ്

Published on 16 April, 2019
തരൂരിന്റെ തലയില്‍ ത്രാസ് വീണതില്‍ ഗൂഢാലോചനയെന്ന് പരാതി; ഇല്ലെന്ന് പോലീസ്, പിന്‍മാറി കോണ്‍ഗ്രസ്

തിരുവനന്തപുരം: വിഷുദിനത്തില്‍ തുലാഭാരം നടത്തവെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടിവീണ സംഭവത്തില്‍ ദുരൂഹതയുണ്ടോ? ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സംശയം പ്രകടിപ്പിച്ച്‌ പരാതി നല്‍കി. എന്നാല്‍ പിന്നീട് ആരോപണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറുകയും ചെയ്തു.

ഗാന്ധാരിയമ്മന്‍ കോവിലില്‍ പഞ്ചസാര തുലാഭാരം നടത്തവെയാണ് ത്രാസ് പൊട്ടിവീണത്. സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചിരുന്നു. അട്ടിമറി നടന്നതായി പോലീസ് കണ്ടെത്തിയില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ത്രാസ് അഴിക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ടില്ല. തുടര്‍ന്നാണ് പോലീസ് ദുരൂഹതയില്ലെന്ന് വിശദീകരിച്ചത്.

അതേസമയം, തിങ്കളാഴ്ച രാത്രി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയുണ്ട് എന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണം പോലീസ് തള്ളി. അമിത ഭാരം മൂലം ത്രാസിന്റെ കൊളുത്ത് അടര്‍ന്ന് പോകുകയാണ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

എന്നാല്‍ പോലീസ് അന്വേഷണം തുടരുന്നുണ്ട്. ശശി തരൂരിന്റെ മൊഴി രേഖപ്പെടുത്തും. അമിത ഭാരം കൊണ്ടാണ് അപകടം ഉണ്ടായതെന്ന പോലീസ് വിശദീകരണം തൃപ്തികരമാണ് എന്ന് ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ പ്രതികരിച്ചു.

അതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മെഡിക്കല്‍ കോളജിലെത്തി ശശി തരൂരിന്റെ സന്ദര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക