Image

ഇന്ത്യയുടെ പക്കല്‍ റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ ആക്രമണത്തില്‍ മേല്‍ക്കൈ ലഭിച്ചേനെ; വ്യോമസേന മേധാവി

Published on 16 April, 2019
ഇന്ത്യയുടെ പക്കല്‍ റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ ആക്രമണത്തില്‍ മേല്‍ക്കൈ ലഭിച്ചേനെ; വ്യോമസേന മേധാവി

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍ ഫെബ്രുവരി 27 നു സംഭവിച്ചതു പോലുള്ള വെല്ലുവിളികളെ അതിവേഗം നേരിടാമായിരുന്നുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. ബാലാക്കോട്ട് ആക്രമണത്തിനു പ്രതികാരം ചെയ്യാന്‍ ഫെബ്രുവരി 27 ന് പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ ചൂണ്ടിക്കാട്ടിയിരുന്നു ബി.എസ്. ധനോവയുടെ പരാമര്‍ശം.

'പാക് നീക്കത്തെ വ്യോമസേനയ്ക്ക് വിജയകരമായി പ്രതിരോധിക്കാന്‍ സാധിച്ചത് മിഗ് 21 ബൈസണ്‍, മിറാഷ് 2000 എന്നി യുദ്ധവിമാനങ്ങള്‍ ആധുനികവത്കരിച്ചതിനാലാണ്. എന്നാല്‍ റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നു. വലിയ രീതിയില്‍ മേല്‍ക്കൈ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നു.' - അദ്ദേഹം പറഞ്ഞു.

റഫാല്‍ പോര്‍വിമാനം എത്തുന്നതോടെ വ്യോമസേനയുടെ ശക്തി പതിന്മടങ്ങ് വര്‍ധിക്കും. രാജ്യാന്തര നിയന്ത്രണ രേഖയ്ക്കു സമീപം പോലും പാക് വ്യോമസേനാ പോര്‍വിമാനങ്ങള്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെ നേരിടാന്‍ ഏറ്റവും മികച്ച പോര്‍വിമാനം റഫാലാണ്. എയര്‍ ടു എയര്‍ ആക്രമണത്തിനു ഏറ്റവും മികച്ചതാണ് റഫാല്‍ പോര്‍വിമാനമെന്നും ധനോവ പറഞ്ഞു.

150 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുക്കളുടെ പോര്‍വിമാനങ്ങളെ വരെ മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍ ഉപയോഗിച്ചു നേരിടാന്‍ കഴിയും. റഫാല്‍ വരുന്നതോടെ ഇന്ത്യ, ഏഷ്യയിലെ തന്നെ മികച്ച വ്യോമസേനയാകും. ചൈന-പാക്കിസ്ഥാന്‍ വെല്ലുവിളികളെ നേരിടാന്‍ വേണ്ട മിക്ക ആയുധങ്ങളും റഫാലില്‍ നിന്നു പ്രയോഗിക്കാന്‍ സാധിക്കും.

1965 ല്‍ ഇന്ത്യ- പാക് യുദ്ധത്തില്‍ വിജയിച്ചുവെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെയും ധനോവ പരിഹസിച്ചു. പാക്കിസ്ഥാന് വന്‍ നാശനഷ്ടങ്ങളുണ്ടായി, പകുതിയോളം രാജ്യം അവര്‍ക്കു നഷ്ടപ്പെട്ടു. തകര്‍ത്ത ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ എണ്ണം നോക്കിയല്ല വിജയം നിശ്ചയിക്കേണ്ടതെന്നും ധനോവ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക