Image

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ നാമജപം: മൈക്ക് ഓപ്പറേറ്റര്‍ക്കും പൊലീസിനുമെതിരെ എല്‍ഡിഎഫിന്റെ പരാതി, ഗൂഢാലോചന

Published on 16 April, 2019
മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ നാമജപം: മൈക്ക് ഓപ്പറേറ്റര്‍ക്കും പൊലീസിനുമെതിരെ എല്‍ഡിഎഫിന്റെ പരാതി, ഗൂഢാലോചന

തിരുവനന്തപുരം:ക്ഷേത്രത്തിലെ നാമജപം ഉച്ചഭാഷിണിയിലുടെ കേട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ട സംഭവത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷന് പരാതിയുമായി എല്‍ഡിഎഫ്. മൈക്ക് ഓപ്പറേറ്റര്‍ക്കും പൊലീസിനുമെതിരെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ദൂരപരിധി ലംഘിച്ച്‌ ഉച്ചഭാഷിണി സ്ഥാപിച്ചതിനെതിരെ ഡിജിപിക്കും എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയെന്ന് ഐ ബി സതീഷ് എംഎല്‍എ ആരോപിച്ചു.

തിരുവനന്തപുരം കാട്ടാക്കടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംബന്ധിക്കുന്നതിനിടെ ക്ഷേത്രത്തില്‍ നിന്നും നാമജപം കേട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനാവുകയായിരുന്നു. തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥി എ സമ്ബത്തിന്റെ പ്രചരണാര്‍ത്ഥം കാട്ടാക്കടയിലെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുടിപ്പുര ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം കേള്‍ക്കാന്‍ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണ് അവിടെ പരിപാടിയെന്ന് വേദിയില്‍ ഉണ്ടായിരുന്നവരോട് അന്വേഷിച്ചു.

മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയില്‍ നിന്നിറങ്ങിയ ഐ ബി സതീഷ് എംഎല്‍എ, വി.ശിവന്‍ കുട്ടി എന്നിവരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു. ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ചാനല്‍ റിപ്പോര്‍ട്ടറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതായും ആക്ഷേപമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക