Image

പ്രചരണം ആദ്യഘട്ടം പിന്നിടുമ്പോള്‍ യുഡിഎഫിന് മേല്‍ക്കൈ - ക്യാംപെയിന്‍ റിവ്യു (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 15 April, 2019
പ്രചരണം ആദ്യഘട്ടം പിന്നിടുമ്പോള്‍ യുഡിഎഫിന് മേല്‍ക്കൈ - ക്യാംപെയിന്‍ റിവ്യു (കലാകൃഷ്ണന്‍)

കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു. ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ റോഡ് ഷോകളും പരിപാടികളും ഇരുപത് മണ്ഡലങ്ങളിലും അരങ്ങ് തകര്‍ത്തു. കേരളത്തില്‍ പൊതുവില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ട് നിലവിലെ സാഹചര്യങ്ങള്‍. 

എല്‍ഡിഎഫിന് പലകാര്യങ്ങളിലും ക്ഷീണം സംഭവിക്കുമെന്ന് തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ഇതാണ്. 

ശബരിമല വിഷയം - ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളിലുണ്ടാക്കിയിരിക്കുന്ന ആശയക്കുഴപ്പം വലിയ തിരിച്ചടിയായി മാറിയേക്കും. പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍. 

പെരിയ കൊലപാതകം  - തിരഞ്ഞെടുപ്പ് പടിവാതിലില്‍ വന്ന് നില്‍ക്കുമ്പോഴാണ് പെരിയയില്‍ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം പ്രതിസ്ഥാനത്ത് വരുന്നത്. കേരളീയ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ മനസില്‍ നിന്ന് ഈ കൊലപാതകത്തിന്‍റെ ക്രൂരത ഇപ്പോഴും മാഞ്ഞു പോയിട്ടില്ല. 

കൊലയാളിയും കോമോളിയും മുതലാളിയും - മോശം സ്ഥാനാര്‍ഥികളാണ് ഇടതുപക്ഷത്തിന്‍റേത് എന്ന ധാരണ ഇക്കുറി ശക്തമായിരുന്നു. ഇന്നസെന്‍റിന്‍റെയും പി.ജയരാജന്‍റെയും പി.ടി അന്‍വറിന്‍റെയും സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തെ പൊതുവില്‍ മോശമായി ബാധിക്കും. 

സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ - ആലത്തൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എം.പിയായ പി.കെ ബിജുവിന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നതാണ്. പുതുമുഖമായ രമ്യാ ഹരിദാസ് ബിജുവിന് വലിയ വെല്ലുവിളിയൊന്നും ഉയര്‍ത്തിയിരുന്നില്ല. ബിജുവിനെ ഒന്ന് പൊക്കിയടിക്കാന്‍ സോഷ്യല്‍ മീഡിയയിലെ കവിതാ മോഷണ നായിക ദീപാ നിശാന്ത് നടത്തിയ ഇടപെടലാണ് ബിജുവിന്‍റെ മേല്‍ക്കൈ നഷ്ടപ്പെടുത്തിയത്. രമ്യയെ ബൗദ്ധിക ശേഷിവെച്ച് ദീപ പരിഹസിച്ചത് വലിയ സഹതാപ തരംഗം തന്നെ സൃഷ്ടിച്ചു. പ്രചരണത്തില്‍ ബിജുവിനൊപ്പം പിടിച്ചു കയറാന്‍ ദീപയുടെ വിടുവായിത്തം രമ്യയെ സഹായിച്ചു. ഇതേ പോലെ സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ കപട ബുദ്ധിജീവി ബഡുക്കൂസുകള്‍ എല്‍ഡിഎഫിന് വരുത്തിവെക്കുന്ന ക്ഷീണം ചെറുതല്ല. 

ബിജെപിയുടെ വളര്‍ച്ച - ബിജെപി പ്രതീക്ഷിച്ചതിലും ശക്തമായ നിലയിലേക്ക് എത്തിയത് എല്‍ഡിഎഫിനെ നന്നായി പിന്നോട്ടടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ സാധ്യതയുള്ള പാര്‍ട്ടി എന്ന നിലയില്‍ ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായി ക്രോഡീകരിക്കപ്പെട്ടുവെങ്കില്‍ ലോക്സഭയില്‍ ഇക്കുറിയത് യുഡിഎഫിന് അനുകൂലമായിരിക്കും. ബിജെപിയോടുള്ള അകല്‍ച്ച ന്യൂനപക്ഷ വോട്ടുകളെ ഏറിയ പങ്കും യുഡിഎഫില്‍ എത്തിക്കും. എന്നാല്‍ ബിജെപിയുടെ ശക്തമായ നില ഇടതുപക്ഷത്തിന്‍റെ പരമ്പരാഗത വോട്ട് ബാങ്കുകളെ ഭിന്നിപ്പിക്കാന്‍ വലിയ സാധ്യതയുണ്ട്. അതും ഫലത്തില്‍ ഗുണമാകുക യുഡിഎഫിന് തന്നെ. 

കാസര്‍കോട് യുഡിഎഫിന്‍റെ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്താന്‍ ഉണ്ണിത്താന് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര സപ്പോര്‍ട്ട് രാജ്മോഹന് കിട്ടുന്നില്ലെങ്കിലും സ്വന്തം നിലയ്ക്ക് മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് കഴഞ്ഞിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ഥി ശക്തനല്ലാത്തതും ഉണ്ണിത്താന് തന്നെ ഗുണകരമാകും. 

കണ്ണൂരില്‍ ഇക്കുറി യുഡിഎഫിന്‍റെ കെ.സുധാകരന്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷപ്പെടുന്നത്. പി.കെ ശ്രീമതിക്ക് പ്രചരണത്തില്‍ സുധാകരനൊപ്പമെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കേരളം ഉറ്റു നോക്കുന്ന വടകരയില്‍ കെ.മുരളീധരന്‍റെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു. ഇപ്പോള്‍ തന്നെ ജയരാജനേക്കാള്‍ വ്യക്തമായ മേല്‍ക്കൈ മുരളീധരന്‍ നേടിക്കഴിഞ്ഞു. 

വയനാട്ടില്‍ അട്ടിമറിക്ക് യാതൊരു സാധ്യതയും കരുതപ്പെടുന്നില്ല. രാഹുല്‍ ഗാന്ധിയുടെ വിജയം നുറുശതമാനം ഉറപ്പാണ്. അട്ടിമറിക്കുള്ള സാധ്യതകളെല്ലാം രാഷ്ട്രീയ നിരീക്ഷണങ്ങള്‍ മാത്രമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം തള്ളുന്നു. 

കോഴിക്കോട് എം.കെ രാഘവന് മൂന്നാമൂഴം ലഭിക്കുമോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. ഇടയ്ക്ക വന്ന സാമ്പത്തിക ആരോപണങ്ങള്‍ രാഘവനെ വല്ലാതെ വലച്ചിട്ടുണ്ട്. സിറ്റിംഗ് എം.എല്‍.എ കൂടിയായ എ. പ്രദീപ് കുമാറും രാഘവനും ഒപ്പത്തിനൊപ്പമാണ് മണ്ഡലത്തില്‍ മത്സരം. 

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനാകാന്‍ എസ്.എഫ്.ഐയുടെ സാനുവിന് കഴിയുമെന്ന് ആരും കരുതുന്നില്ല. കുഞ്ഞാലിക്കുട്ടിക്ക് മുമ്പില്‍ ദയനീയമായി സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെടുമെന്ന് ഉറപ്പ്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും വിജയിക്കുമെന്ന് ഉറപ്പിക്കപ്പെടുന്നു. 

ബിജെപിക്ക് ശക്തമായ വോട്ട് ഷെയറുള്ള പാലക്കാട് സിപിഎമ്മിന്‍റെ എം.ബി രാജേഷ് തന്നെ വിജയിക്കാനാണ് സാധ്യത. ആദ്യഘട്ടം കഴിയുമ്പോഴും പ്രചരണത്തില്‍ രാജേഷ് വ്യക്തമായ മേല്‍ക്കൈ ഉറപ്പിക്കുന്നുണ്ട്. ബിജെപി പിടിക്കുന്ന വോട്ടുകള്‍ ഇവിടെ യുഡിഎഫിനെ ക്ഷീണിപ്പിക്കും. 

ഇടതിന്‍റെ കോട്ടയായ ആലത്തൂരില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പി.കെ ബിജുവിനൊപ്പം ഇലക്ഷന്‍ പ്രചരണത്തില്‍ എത്തിപ്പെടാന്‍ യുഡിഎഫിന്‍റെ പുതുമുഖമായ രമ്യാ ഹരിദാസിന് കഴിഞ്ഞിട്ടുണ്ട്. പാട്ട് വിവാദം രമ്യയ്ക്ക് പുതിയൊരു ഇമേജ് നല്‍കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. 

പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമുള്ള മണ്ഡലമാണ് തൃശ്ശൂര്‍. പൊടുന്നനെ ശ്രദ്ധ നേടിയ മണ്ഡലം. സുരേഷ് ഗോപി വൈകിയാണ് ബിജെപി സ്ഥാനാര്‍ഥിയായി എത്തിയത്. എന്നാല്‍ തന്‍റെ ചലച്ചിത്രതാരം എന്ന ഗ്ലാമര്‍ പരിവേഷത്തെ ഉപയോഗപ്പെടുത്തി സുരേഷ് ഗോപി പ്രചരണത്തില്‍ ശക്തമായ മേല്‍ക്കൈ നേടിയെടുത്തു. സുരേഷ് ഗോപിക്ക് ചുറ്റുമെത്തുന്ന ആള്‍ക്കൂട്ടം വോട്ടായി മാറുമെങ്കില്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ പാട്ടും പാടി ജയിക്കും. എന്നാല്‍ ഇക്കുറി ടി.എന്‍ പ്രതാപനും തൃശ്ശൂരില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. 

പൊതുവില്‍ ഇന്നസെന്‍റിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത് എല്‍ഡിഎഫിന് ക്ഷീണമാണെങ്കിലും ചാലക്കുടിയില്‍ ഇന്നസെന്‍റിന് നേരിയ പ്രതീക്ഷയുണ്ട്. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ദുര്‍ബലനാണ് എന്നതാണ് ഇന്നസെന്‍റിന് പ്രതീക്ഷയാകുന്നത്. ബെന്നി ബെഹനാന്‍റെ മിടുക്ക് കൊണ്ട് ഇന്നസെന്‍റ് തോല്‍ക്കാന്‍ പോകില്ല. ജനം ഇന്നസെന്‍റിനെ തോല്‍പ്പിച്ചാല്‍ മാത്രമേ യുഡിഎഫിന് പ്രതീക്ഷിക്കാനുള്ളു. 

യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ എറണാകുളത്ത് ഹൈബി ഈഡന് തന്നെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ എല്‍ഡിഎഫിന്‍റെ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയും എറണാകുളത്താണുള്ളത്. ഹൈബിക്കൊപ്പം തന്നെ പ്രചരണത്തില്‍ ഓടിയെത്താന്‍ പി.രാജീവിനും കഴിഞ്ഞു. 

ഇടുക്കിയില്‍ സിറ്റിംഗ് എം.പി ജോയിസ് ജോര്‍ജ്ജും കോണ്‍ഗ്രസിന്‍റെ യുവരക്തം ഡീന്‍ കുര്യാക്കോസും തമ്മില്‍ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. ഫലം പ്രവചിക്കാന്‍ കഴിയാത്ത വിധം ഇഞ്ചോടിച്ച് പോരാട്ടമാണിവിടെ. 

കോട്ടയം മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന്‍റെ തോമസ് ചാഴിക്കാടന്‍ വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കെ.എം മാണിയുടെ വിയോഗം തീര്‍ക്കുന്ന സഹതാപവും വോട്ടായി മാറുമെന്ന് ഉറപ്പ്. ആലപ്പുഴയിലും യുഡിഎഫ് സ്ഥാനാര്‍ഥി ഷാനി മോള്‍ ഉസ്മാന്‍ വിജയിക്കുമെന്ന് തന്നെ പ്രവചിക്കാന്‍ കഴിയും. എ.എം ആരിഫിനേക്കാള്‍ പ്രചരണത്തില്‍ വ്യക്തമായ മേല്‍ക്കൈ ഷാനിമോള്‍ക്ക് നിലവിലുണ്ട്. 

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനാണ് നിലവില്‍ വ്യക്തമായ മേല്‍ക്കൈ ലഭിച്ചിട്ടുള്ളത്. 

ശക്തമായ ത്രികോണ മത്സരം നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍ ഫലം പ്രവചിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല ഉള്ളത്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ശബരിമല വിഷയം, കെ.സുരേന്ദ്രന്‍ എന്ന ഗ്ലാമര്‍ സ്ഥാനാര്‍ഥി തുടങ്ങിയ മേല്‍ക്കൈ ബിജെപിക്കുണ്ട്. ശബരിമല വോട്ടായി മാറിയാല്‍ കെ.സുരേന്ദ്രന് ഇവിടെ വിജയ പ്രതീക്ഷ പോലുമുണ്ട്. 

കൊല്ലത്ത് യുഡിഎഫിന്‍റെ എന്‍.കെ പ്രേമചന്ദ്രന്‍ തന്നെയാണ് വിജയം നേടുമെന്ന് കരുതപ്പെടുന്നത്. ഇടതുപക്ഷത്തിന്‍റെ കെ.എന്‍ ബാലഗോപാല്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുവെങ്കിലും പ്രേമചന്ദ്രന്‍ പ്രചരണത്തില്‍ ഏറെ മുമ്പിലാണ്. 

ആറ്റിങ്ങള്‍ മണ്ഡലം എ. സമ്പത്ത് നിലനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. സമ്പത്തിന് മണ്ഡലത്തിലുള്ള സ്വാധീനം തന്നെ കാരണം. 

തിരുവനന്തപുരം മണ്ഡലമാണ് പ്രവചനം അസാധ്യമായ മറ്റൊരു മണ്ഡലം. നിലവില്‍ നല്ല ആത്മവിശ്വാസത്തിലുള്ളത് കുമ്മനം രാജശേഖരനും ബിജെപിയുമാണ്. ശശി തരൂരിന് കൂടെ നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ കാലുവാരുമോ എന്ന ഭയമുണ്ട്. 

ക്ഷേത്രത്തില്‍ തുലാഭാരം നടത്താന്‍ പോയപ്പോള്‍ തള്ളിയിട്ട് തലപൊട്ടിച്ച ടീമുകളാണ് തരൂരിന് ഒപ്പമുള്ളത്. ഇടതുപക്ഷത്തിന് എന്തായാലും മണ്ഡലത്തില്‍ പ്രതീക്ഷയില്ലെന്ന് ഉറപ്പായി. 

ഈ നിലയിലാണ് ഇനി മുമ്പോട്ടും കാര്യങ്ങളെങ്കില്‍ കേരളത്തില്‍ യുഡിഎഫിന്‍റെ തിരിച്ചു വരവാകും ഈ ഇലക്ഷന്‍. ബിജെപി ഏതെങ്കിലും സീറ്റില്‍ വിജയിച്ചാല്‍ അത് ഇടതുപക്ഷത്തിന്‍റെ തകര്‍ച്ചയുടെ തുടക്കവുമാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക