Image

ജനങ്ങളെ സേവിക്കാന്‍ കണ്ണീരൊഴുക്കുന്നവര്‍ (പകല്‍ക്കിനാവ് 143: ജോര്‍ജ് തുമ്പയില്‍)

Published on 14 April, 2019
ജനങ്ങളെ സേവിക്കാന്‍ കണ്ണീരൊഴുക്കുന്നവര്‍ (പകല്‍ക്കിനാവ് 143: ജോര്‍ജ് തുമ്പയില്‍)
കാര്യം ഇങ്ങ് അമേരിക്കയിലാണെങ്കിലും മനസ്സ് ഇപ്പോള്‍ നാട്ടില്‍ തന്നെയാണ്. അവിടെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലോ കാര്യങ്ങള്‍. അതു കൊണ്ട് തന്നെ ഇവിടെയിരുന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുന്നു, കാണുന്നു, കേള്‍ക്കുന്നു. അപ്പോഴാണ് തെരഞ്ഞെടുപ്പു ഗോദയില്‍ ചില കോമഡി സംഭവങ്ങള്‍ (കരച്ചില്‍) കണ്ടത്. എങ്കില്‍ പിന്നെ അതാവട്ടെ ഈ ലക്കത്തെ വായനക്കുറിപ്പ് എന്നു തീരുമാനിക്കുകയായിരുന്നു. സംഗതികളില്‍ ചിലത് പറയും മുന്‍പ് ഒരു കാര്യത്തില്‍ ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല, മാധ്യമപ്രവര്‍ത്തനത്തില്‍ അങ്ങനെയൊരു പക്ഷപാതിത്വം ശരിയല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ട് തന്നെ ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നു ഈ കുറിപ്പ് വായിച്ചു വായനക്കാര്‍ക്ക് തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണെന്നു പറഞ്ഞു കൊള്ളട്ടെ...

ആദ്യത്തെ കാര്യം വയനാട് സ്ഥാനാര്‍ത്ഥിയായി ആദ്യം നിശ്ചയിച്ച യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്റെ കാര്യമാണ്. ഷാനിമോള്‍ യുഡിഎഫിന്റെ ഷുവര്‍ സീറ്റുകളിലൊന്നായ വയനാട് മത്സരിക്കുന്ന കാര്യം തീരുമാനിക്കപ്പെട്ടപ്പോള്‍ തന്നെ ഗ്രൂപ്പുകളി പുറത്തു വരികയും പ്രബലന്മാര്‍ ഇടപെട്ട് അതു ടി.എം സിദ്ദിഖിനു വച്ച് നീട്ടുകയും ചെയ്തു. ഒടുവില്‍ കരഞ്ഞു കൊണ്ടാണ് ഷാനിമോള്‍ വയനാടന്‍ ചുരമിറങ്ങിയത്. അന്ന് ആ കരച്ചില്‍ കണ്ട യുവതുര്‍ക്കി വി.ടി ബല്‍റാം പറഞ്ഞു, ഇവിടെ യഥാര്‍ത്ഥത്തില്‍ മത്സരിക്കേണ്ടത് കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായ സാക്ഷാല്‍ രാഹുല്‍ഗാന്ധിയാണെന്ന്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ബല്‍റാമിന്റെ വെറുംവാക്ക് സത്യമായി മാറി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നു പത്രിക സമര്‍പ്പിച്ചു. ഇപ്പോള്‍ ചിരിക്കുന്നത്, ഷാനിമോള്‍ ഉസ്മാന്‍ ആണ്. കരയുന്നത് സീറ്റ് നഷ്ടപ്പെട്ട ടി. സിദ്ദിഖും. വയനാട്ടില്‍ നിന്നും വന്ന് ആലപ്പുഴയിലെത്തി മത്സരിക്കുന്നു ഷാനിമോള്‍ക്ക് തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അത് ഒന്നൊന്നര ജയമാകും എന്നുറപ്പ്.

മറ്റൊരു കാര്യം ശ്രദ്ധയില്‍ വന്നത് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിനു വേണ്ടി എന്‍ഡിഎ-യില്‍ നടന്ന മത്സരമാണ്. ജയിക്കുമെന്ന് യാതൊരു ഉറപ്പവുമില്ലാത്ത ഒരിടത്ത് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥി മോഹികളുടെ ഇടിയുടെ പട്ടിക കണ്ടാല്‍ ആരുമൊന്നു ഞെട്ടിപ്പോകും. മുന്‍ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള, ഘടകകക്ഷി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, രാജ്യസഭ എംപി സുരേഷ്‌ഗോപി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, ശബരിമലയ്ക്ക് വേണ്ടി ജയിലില്‍ കിടന്ന കെ. സുരേന്ദ്രന്‍ അങ്ങനെ പട്ടിക നീളുകയാണ്... ഒടുവില്‍ നറുക്കു വീണതാവട്ടെ കെ. സുരേന്ദ്രനും. ഇവിടെ കരഞ്ഞത് പത്തനംതിട്ടയ്ക്കു വേണ്ടി പിടിച്ച പാര്‍ട്ടി സംസ്ഥാനധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാണ്. അദ്ദേഹത്തിനു പത്തനംതിട്ടയെന്നല്ല, ഒരിടത്തും സീറ്റില്ല. അങ്ങനെ, പത്രിക സമര്‍പ്പിച്ചു കഴിഞ്ഞപ്പോഴാണ് സുരേന്ദ്രന്റെ സത്യവാങ്മൂലം പ്രശ്‌നമായത്. സുരേന്ദ്രന്‍ കരച്ചിലോടു കരച്ചില്‍. 20 കേസുകള്‍ മാത്രമാണ് തനിക്കുള്ളതെന്നായിരുന്ന സുരേന്ദ്രന്റെ വാദം. എന്നാലിപ്പോള്‍ 243 കേസുകള്‍ ഉണ്ടത്രേ. ഇത്രയധികം കേസുകള്‍ ഉള്ളയൊരാള്‍ എങ്ങനെ മത്സരരംഗത്ത് ഉണ്ടാവും എന്നത് വലിയ തമാശ. അതിലും വലിയ തമാശയാണ് കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. പ്രകാശ് ബാബുവിന്റേത്. ശബരിമലയിലെ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് കൊട്ടാരക്കര സബ് ജയിലില്‍ നിന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കോഴിക്കോട്ടേക്ക് പോയത്. ജനസേവകരുടെ ബുദ്ധിമുട്ടും കരച്ചിലും അവസാനിക്കുന്നില്ല.

നമുക്കു നേരെ കോഴിക്കോട്ടേക്ക് വരാം. ഇവിടെ, യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എം.കെ. രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുന്നു. കോടിക്കണക്കിനു രൂപ വാരിയെറിഞ്ഞാണ് എംപി ആയതെന്ന പറച്ചില്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അദ്ദേഹം കരച്ചിലോടു കരച്ചില്‍ തന്നെ. സംഭവം യുഡിഎഫിനു വലിയ ക്ഷീണമായെങ്കില്‍ എല്‍ഡിഎഫിനും മറ്റൊരു വലിയ കാര്യം സംഭവിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് ഇപ്പോള്‍ കരയുന്ന മറ്റൊരാള്‍. സംഗതി ഇതാണ്, ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് മുസ്ലീംലീഗുമായി അവിശുദ്ധ ബന്ധമാണെന്നും ഇടയ്ക്കിടെ പാണക്കാട് പോകാറുണ്ടെന്നും പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും പൊന്നാനിയില്‍ പ്രസംഗിച്ചത് വലിയ പുലിവാലായി. സീറ്റില്ലെന്ന് അറിഞ്ഞ് എറണാകുളത്ത് യുഡിഎഎഫ് നേതാവും സിറ്റിങ് എംപിയുമായ കെ.വി. തോമസിന്റെ കരച്ചിലും പതംപറച്ചിലും ലോകം മുഴുവന്‍ കണ്ടതാണ്. അങ്ങനെ കരച്ചിലും പിഴിച്ചിലും കേരളത്തില്‍ തുടരുകയാണ്.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലത്തിലും ഇങ്ങനെ ഓരോ കോമഡികള്‍ അരങ്ങേറുന്നുണ്ടെങ്കിലും അക്കിടിയില്‍ നമ്പര്‍ വണ്‍ എന്നു തോന്നിയത് മാവേലിക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനു പറ്റിയ അമളിയാണ്. അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനെത്തിയതാണ് രംഗം. ആളും അമ്പാരിയും വാദ്യഘോഷങ്ങളുമൊക്കെയായി പത്രിക സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയുടെ ചേംബറില്‍ സ്ഥാനാര്‍ത്ഥിയും നേതാക്കളും കയറി. ക്യാമറാമാന്മാരും ചാനല്‍ പ്രതിനിധികളും തയ്യാര്‍. പത്രിക വാങ്ങുന്നതിന് വേണ്ടി ആര്‍.ഡി.ഓയും നല്‍കാന്‍ ചിറ്റയം ഗോപകുമാറും തയ്യാറായെങ്കിലും പത്രിക മാത്രം ആരുടേയും കയ്യിലുണ്ടായിരുന്നില്ല. പത്രിക എടുക്കാന്‍ മറന്നതാണ് ചിരിക്കു വകയായത്.

കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ തീയതി കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലം ഇന്ത്യയിലെ തന്നെ ഗ്ലാമര്‍ മണ്ഡലമായി. തൃശൂര്‍ മണ്ഡലത്തിനു വേണ്ടി ഡല്‍ഹിയില്‍ പോയി സത്യാഗ്രഹം വരെ ഇരിക്കുമെന്നു ഭീഷണിപ്പെടുത്തി സീറ്റ് വാങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി വരുന്നുവെന്ന് അറിഞ്ഞതോടെ, തൃശൂര്‍ ഇട്ടിട്ട് അവിടേക്കായി ഓട്ടം. തൃശൂരിനു വേണ്ടി കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്കു ചേക്കേറിയ ടോം വടക്കന്‍ സീറ്റ് കിട്ടില്ലെന്നതായതോടെ ബിജെപി നേതാക്കളെ പിണക്കി ഒരു പരുവമാക്കി കഴിഞ്ഞപ്പോഴാണ് തുഷാര്‍ ഒഴിഞ്ഞത്. കാലുപിടിച്ചു നിന്നിരുന്നുവെങ്കില്‍ തുഷാര്‍ പോയപ്പോള്‍ സുഗമമായി വടക്കന് ഇവിടെ മത്സരിക്കാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജ്യസഭ എംപി സുരേഷ്‌ഗോപിക്കാണ് നറുക്കു വീണിരിക്കുന്നത്. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ, വടക്കന്‍ ഡല്‍ഹിയിലിരുന്നു കരച്ചിലോടു കരച്ചിലാണത്രേ.

വയനാട്ടിലേക്ക് തിരിച്ചു വരാം. അവിടെ രാഹുല്‍ ഗാന്ധി ഉള്ളത് കൊണ്ട് ദേശീയ ശ്രദ്ധ കിട്ടുമെന്നു കരുതി നാട്ടുകാരു മുഴുവന്‍ അവിടെ സ്ഥാനാര്‍ത്ഥിയാകുന്ന ലക്ഷണമാണ്. 23 പേരാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍. രാഹുലിന് രണ്ട് അപരന്മാര്‍ ഉണ്ട്. അതിനു പുറമേ സാക്ഷാല്‍ സരിത നായരും ഇവിടെ വോട്ട് തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നുമല്ല രസം, സിറ്റിങ് എംപിയും (എ.സമ്പത്ത്-എല്‍ഡിഎഫ്) സിറ്റിങ് എംഎല്‍എയും (അടൂര്‍ പ്രകാശ്-യുഡിഎഫ്) മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലും ഇത്രയും പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ ഒളിച്ചിരിക്കുന്ന നിധി എന്താണാവോ? എന്തായാലും കരച്ചില്‍ തുടരുകയാണ്. ഈ കണ്ണീര്‍ കണ്ട് ചിരിക്കുകയല്ലാതെ എന്തു ചെയ്യും?


Join WhatsApp News
Sudhir Panikkaveetil 2019-04-14 15:05:54
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നും അവിടെ 
ജനാധിപത്യ ഭരണമാണെന്നും വിശ്വസിക്കാത്ത 
ഒരാളാണ്  ഞാൻ. എൻറെ അറിവിൽ അവിടെ 
രാജ്യഭരണം തുടരുന്നു. പ്രജകൾക്ക് അരയിൽ മുണ്ടു കെട്ടി 
വാകൈ  പൊത്തേണ്ടന്നുമാത്രം. ഓരോ 
പ്രദേശവും ഭരിക്കാൻ രാജാക്കന്മാരെ 
താലപ്പൊലിയും താളമേളങ്ങളുമായി 
എഴുന്നെള്ളിച്ച് നടക്കുന്നു പ്രജകൾ. സാധാരണക്കാരനും 
അവനു താഴെയുമായി വലിയ ഒരു വിഭാഗമുണ്ട് 
അവർക്ക് ഓണം വന്നാലും ഉണ്ണി പിറന്നാലും.
കുമ്പിളിൽ കഞ്ഞി. ശ്രീ തുമ്പയിൽ സാറിന്റെ 
ലേഖനം അറിവ് പകരുന്നതും രസകരവുമായിരുന്നു. 
കാശുണ്ടാക്കാൻ കണ്ണീരൊഴുക്കുന്നവർ എന്നായിരുന്നെങ്കിൽ 
കലക്കിയേനെ. അപ്പോൾ ഉള്ളടക്കം വേറെ 
ഒരു ആംഗിളിൽ നിന്നും വീക്ഷിക്കേണ്ടിവരും 
നന്മകൾ നേരുന്നു. ഇനിയും ഇത്തരം 
വിഷയങ്ങൾ ഇതേപോലെ ധീരമായി എഴുതുക. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക