Image

ഒരു തീവ്രവാദിയും ഒരുപിടി (ദു)സ്വപ്നങ്ങളും (കഥ: ജോസഫ് എബ്രഹാം)

Published on 13 April, 2019
ഒരു തീവ്രവാദിയും ഒരുപിടി (ദു)സ്വപ്നങ്ങളും (കഥ: ജോസഫ് എബ്രഹാം)
രാവിലെ ജോലിക്കായി ഓഫീസില്‍ എത്തിയപ്പോള്‍ മൈക്ക് തലേന്ന്  രാത്രി കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് എന്നോട് പറഞ്ഞു. പൊതുവേ ഒരു തമാശക്കാരനാണ് മൈക്ക്‌.
പക്ഷെ അക്കാര്യംഎന്നോട് പറയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വല്ലാത്ത ഗൌരവക്കാരനായി മാറിയതായും  അയാളുടെ കണ്ണുകളില്‍ അല്പം ഭയം നിഴലിക്കുന്നതായും കണ്ടു.

കറുത്ത തുണികൊണ്ട് കണ്ണുകള്‍ ഒഴികെയുള്ള മുഖഭാഗം മറച്ച ഒരു കൂട്ടം ആളുകള്‍. അവരുടെ കൈകളില്‍ ഊരിപ്പിടിച്ച കഠാരകളും മരണത്തിന്‍റെ മുദ്ര പതിപ്പിച്ച കറുത്ത പതാകകളും. അവര്‍ മൈക്കിനെ ബന്ധിച്ച് ഒരു മണലാരണ്യത്തില്‍ മുട്ടുകുത്തിച്ചു നിര്‍ത്തി. അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാള്‍ മൈക്കിന് അടുത്തെത്തി.അയാളുടെ കണ്ണുകളില്‍ ഒരു കുറുക്കന്‍റെ കൌശലവും ഇരതേടുന്ന ഒരു മൃഗത്തിന്‍റെ വന്യതയും ഉണ്ടായിരുന്നു. എങ്കിലും അയാള്‍ മൈക്കിനോട് വികാരവിക്ഷോഭം ഒന്നുമില്ലാതെ ശാന്തനായി പറഞ്ഞു.

‘നിങ്ങളുടെ ആള്‍ക്കാര്‍ ഞങ്ങളുടെ ദൈവത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത് അതുകൊണ്ട്ഞങ്ങള്‍ക്ക് താങ്ങളെ  കൊല്ലാതെ നിര്‍വാഹമില്ല.’

മരണം ഊരിപ്പിടിച്ച വാളിന്‍റെ രൂപത്തില്‍ തലക്കുമീതെ നില്‍ക്കുമ്പോഴും കൊലയാളിയുടെ മാന്യതയാര്‍ന്ന സംഭാഷണത്തില്‍ മൈക്കിന് മതിപ്പ് തോന്നി. കുറുക്കന്‍ കണ്ണിന്‍റെ ഉടമ വാള്‍ വായുവില്‍ ഉയര്‍ത്തി.അവിടെ ഇരമ്പിയാര്‍ത്തമണല്‍ക്കാറ്റുയര്‍ത്തിയ പൊടിപടലത്തില്‍  അയാളും കൂട്ടാളികളും മാഞ്ഞുപോകുന്നത് ഉടലില്‍ നിന്നല്പമുരുണ്ടുമാറി മണലില്‍  കിടന്നുകൊണ്ട്അവസാനത്തെ അവ്യക്ത കാഴ്ചയായിമൈക്കിന്‍റെ കണ്ണുകള്‍  കണ്ടു.
എന്തായാലും ഇതിനെ കേവലമൊരു പേക്കിനാവായി കാണേണ്ട എന്നാണ് മൈക്കിന്‍റെ കൂട്ടുകാരി ജെന്നിഫെര്‍ പറഞ്ഞത്. രണ്ടു കുട്ടികളുടെ മാതാപിതാക്കളായ മൈക്കും ജെന്നിഫറും അടുത്തമാസം വിവാഹിതരാകാന്‍ പോവുകയാണ്. വിവാഹശേഷം അടുത്ത ഒഴിവുകാലം അറേബ്യന്‍ നാടുകള്‍ സന്ദര്‍ശിക്കാനുള്ള അവരുടെ പദ്ധതി അവര്‍ ഉപേക്ഷിച്ചു പകരം കോസ്റ്റാറിക്കയുടെ വന്യതയിലേക്ക് പോകാന്‍  തീരുമാനമെടുത്തു.

സമയം രാവിലെ 8.30.ഞാന്‍ പതിവ് ഓഫീസ് ജോലികളില്‍ മുഴുകിയിരിക്കുന്നു.
‘നിങ്ങള്‍ മുസ്ലിം ആണോ’ ?
മുന്‍പില്‍ ഇരിക്കുന്ന അറബിപൊടുന്നനെ എന്നോട് ചോദിച്ചു. അയാള്‍ ഏത്അറേബ്യന്‍ രാജ്യക്കാരന്‍ ആണെന്ന് എനിക്കറിയില്ല അയാളുടെ മതവും അറിയില്ല. അത്തരം കാര്യങ്ങള്‍ആരും ചോദിക്കാറില്ല. ഇടപാടുകരോട് ഇമ്മാതിരി ചോദ്യങ്ങള്‍ അവശ്യകത ഇല്ലാതെ ചോദിക്കുന്നത് നിയമപരമായി നിഷിദ്ധവുമാണ്.

എന്നോട് ചോദ്യം ചോദിച്ചയാള്‍ ഏതു രാജ്യക്കാരന്‍ ആയിരിക്കും? മുഖച്ഛായ നോക്കിയിട്ട്  അയാള്‍ ഇറാഖി ആണെന്ന് തോന്നുന്നില്ല. ഇതുവരെയുള്ള അനുഭവം വച്ചിട്ട് ഇറാഖികള്‍ മതം ഏതാണെന്ന ചോദ്യം  സാധാരണ ഒരപരിചിതനോടും ചോദിക്കാറില്ല. ഒരു പക്ഷെ അറബ് രാജ്യങ്ങളില്‍ അല്പം മതേതരത്വം ഉണ്ടായിരുന്ന ഒരു രാജ്യത്തുനിന്നു വന്നത് കൊണ്ടാവാം അല്ലെങ്കില്‍ തങ്ങള്‍ താലോലിച്ച മതം അവരെ രക്ഷിക്കാതെ അഭയാര്‍ഥികളാക്കി കൈവിട്ടതിലുള്ള ആത്മനൊബരമാകാം. സര്‍വവും നഷ്ടപ്പെട്ട് ജീവന്‍ മാത്രം കൈമുതല്‍ ആയി എത്തിയവരാണ് അവരില്‍ പലരും.ജീവിതം എങ്ങിനെയും തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലാണവരിപ്പോള്‍.

എന്നോട് ചോദ്യം ചോദിച്ചയാള്‍ ഇറാഖിയല്ല എന്ന നിഗമനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. ഒരു പക്ഷെ വല്ല ലിബിയക്കാരനോ മറ്റോ ആയിരിക്കാം. അയാള്‍  കൂടെ വന്ന  മറ്റൊരുആളുടെ  അനൌദ്യോഗിക ദ്വിഭാഷി ആയിട്ടാണ് എന്‍റെ മുന്‍പില്‍ ഇരിക്കുന്നത്. കൂടെയുള്ള ആള്‍ക്ക് ഇംഗ്ലീഷ് ഒട്ടുംതന്നെ വശമില്ല. ഇടപാടുകാരനോടുള്ള എന്‍റെ ഓരോ ചോദ്യവുംഅയാള്‍  അറബി ഭാഷയില്‍ വിശദീകരിച്ച്‌കൊടുക്കും. അയാള്‍   പറയുന്ന മറുപടി  തനിക്കു വഴങ്ങുന്ന പരിമിതമായ  ഇംഗ്ലീഷില്‍ എനിക്ക് പറഞ്ഞും തരും.

ശരാശരി കായിക വലിപ്പമാണ് അയാള്‍ക്കുള്ളത്. അശ്രദ്ധമായ രീതിയില്‍ വെട്ടി ഒതുക്കി വച്ചിരിക്കുന്ന നരകയറിയ തലമുടിയും താടിമീശയും അലക്ഷ്യമായ വസ്ത്രധാരണരീതിയും അയാളുടെ ചിട്ടയില്ലാത്ത ജീവിത ശൈലിയെവെളിവാക്കുന്നു. അയാളുടെ മുഖത്തിന്ഒട്ടും അനുയോജ്യമല്ലാത്ത വലിയ മൂക്കാണ് അയാള്‍ക്കുള്ളത്.മൈക്ക് കണ്ട സ്വപ്നത്തിലെ ആളുടെപോലെത്തെകൌശലം നിറഞ്ഞ കുറുക്കന്‍ കണ്ണുകളാണ് അയാള്‍ക്കുള്ളത്. അയാള്‍ എന്നെ വല്ലാതെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ഒരു വിടന്റെ തുളച്ചുകയറുന്ന നോട്ടങ്ങള്‍ ഒരു യുവതിയില്‍ ഉളവാക്കുന്ന പുഴുവരിക്കുന്ന അസ്വസ്ഥ പോലെ  അയാളുടെ നോട്ടങ്ങള്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുവാന്‍ തുടങ്ങി. ഞാന്‍ നോക്കുമ്പോഴെല്ലാം അയാള്‍ എന്നെ അയാളുടെ കുറുക്കന്‍ കണ്ണുകള്‍ കൊണ്ട്  ചുഴിഞ്ഞ് നോക്കിക്കൊണ്ട് നിഗൂഢമായി ചിരിച്ചുകൊണ്ട് ഇരിക്കുന്നതായി കണ്ടു.

അയാളെ ഇതിന് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. ഇംഗ്ലീഷ്ഭാഷ അറിയാത്ത, അറബിമാത്രം അറിയുന്ന അഭയാര്‍ഥികള്‍ നിത്യേനെ ഞങ്ങളുടെ ഓഫീസില്‍ വരാറുണ്ട് അവരുടെ കൂടെ ദ്വിഭാഷികളായി പലരും വരാറുണ്ട് എങ്കിലും ഇയാളെ ഇതിനു മുന്‍പ് കണ്ടിട്ടില്ല.  അയാളുടെ കൂടെയുള്ള ആള്‍ അഭയാര്‍ഥിയായിഈ നാട്ടില്‍ എത്തിയതാണ്.

അയാളുടെ ചോദ്യത്തിനു ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അയാള്‍ക്ക് എന്നെ വിടാനുള്ള ഭാവമില്ല എന്‍റെ മുഖച്ഛായ കണ്ടിട്ട്  ഇന്ത്യക്കാരന്‍ എന്ന് തീരുമാനിച്ച അയാള്‍ അടുത്ത ചോദ്യം  ചോദിച്ചു

‘ഹിന്ദു ?’
 അതിനും ഞാന്‍ അല്ല എന്ന് തലയാട്ടി. അതോടുകൂടി അയാളുടെ ജിജ്ഞാസ വര്‍ദ്ധിച്ചുവെന്നു തോന്നുന്നു. ഇന്ത്യയെക്കുറിച്ചുള്ള അയാള്‍ക്കുള്ള  അറിവിന്‍റെ രണ്ടു ചോദ്യങ്ങളും അയാള്‍ ചോദിച്ചു കഴിഞ്ഞുവെന്നുതോന്നുന്നു. ഇനി ചോദിക്കുവാന്‍ അയാളുടെ പക്കല്‍ ചോദ്യങ്ങള്‍ ഇല്ലായെങ്കിലും എന്തൊക്കയോ ചോദ്യങ്ങള്‍ അയാളുടെ മുഖത്ത് ഉണ്ടായിരുന്നു.

അപ്പോഴേക്കും അയാളുടെ കൂടെവന്ന ആള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍  എല്ലാം ഞാന്‍ ചെയ്തുകഴിഞ്ഞിരുന്നു. ഇടപാട് അവസാനിപ്പിച്ച് അവര്‍ക്ക് ശുഭദിനം ആശംസിച്ച് ഞാന്‍ അവരെ യാത്രയാക്കി.പലപ്പോഴും അറബുനാടുകളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന മുസ്ലിങ്ങള്‍  ഇന്ത്യന്‍ മുഖമുള്ള എന്നെ കാണുബോള്‍ മുസ്ലിം ആണോ എന്ന് ചോദിക്കാറുണ്ട്.എന്തുകൊണ്ടാണ് ആളുകള്‍ മറ്റൊരാളെ കാണുമ്പോള്‍ അയാള്‍ തന്‍റെ  മതക്കാരന്‍ ആണോ എന്ന് അറിയാന്‍ താല്‍പര്യപ്പെടുന്നത് എന്ന് എനിക്ക് അറിഞ്ഞുകൂടാ ഒരു പക്ഷെ വെറുതെ ഒരു കൌതുകം  ആയിരിക്കാം എന്നിരുന്നാലും അത്തരം ചോദ്യങ്ങള്‍ വരാനിരിക്കുന്ന ഏതോ ആപത്തിന്‍റെ മുന്നോടിയായിട്ടാണ്  എനിക്ക് തോന്നാറുള്ളത്. ഒരു പക്ഷെഒരു ദോഷൈകദൃക്കായ മലയാളി ആയതുകൊണ്ടായിരിക്കാം ഞാന്‍ഇപ്രകാരമൊക്കെ ചിന്തിക്കുന്നത്.

ഇതിനിടയില്‍ എനിക്കുള്ള അടുത്ത ഇടപാടുകാരന്‍  വന്നു. അയാളെ സ്വാഗതം ചെയ്തു  ഇരിക്കാന്‍ പറഞ്ഞിട്ട് ഞാന്‍ അയാളുടെ കാര്യങ്ങള്‍ പരിശോധിച്ചു തുടങ്ങി. അയാളും ഒരു വിദേശിയാണ്. ഞാന്‍ ജോലിചെയ്യുന്നത് മോട്ടോര്‍ വാഹന വകുപ്പിലാണ്. എല്ലാ ദിവസവും തന്നെ നല്ല ജോലിത്തിരക്കാണ്. ജനസംഖ്യയില്‍ നല്ലൊരു ശതമാനവും  സ്വന്തമായുള്ള വാഹനത്തില്‍ യാത്ര ചെയ്യുന്ന അമേരിക്കന്‍ ഐക്യ നാടുകളിലെ മോട്ടോര്‍ വാഹനവകുപ്പുകളുടെ ഓഫീസുകള്‍ എന്നും തിരക്കേറിയതാണ്.
െ്രെഡവിംഗ് ലൈസെന്‍സിനുള്ള അപേക്ഷ സ്വീകരിക്കുക  വാഹനം ഓടിക്കുന്നതില്‍ അപേക്ഷകനുള്ള വൈദഗ്ധ്യം പരിശോധിക്കുക വാഹനങ്ങളുടെ  രെജിസ്‌ട്രേഷന്‍ നടത്തുകഎന്നിവയൊക്കെയാണ് മുഖ്യമായുള്ള ജോലികള്‍. ഇതിന് പുറമേ വാഹന സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ദിനം തോറും ധാരാളം ആളുകള്‍ വരുന്നു. ഇതൊന്നും കൂടാതെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ അതിന്‍റെ അപേക്ഷയുമായി വരുന്നതും ഇതേ ഓഫീസില്‍ തന്നെയാണ്. ഒരാളുടെ ജീവിതകാലയളവില്‍ നിരവധി പ്രാവശ്യം നിര്‍ബന്ധമായും വന്നു പോകാനിടയുള്ള ഒരു സ്ഥാപനമാണ് ഞാന്‍ ജോലി ചെയ്യുന്ന ഇടം.

അമേരിക്കയില്‍ എത്തിച്ചേരുന്ന വിദേശികള്‍ക്കും അത്യാവശ്യം സന്ദര്‍ശിക്കേണ്ടി വരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ഒന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓഫീസ്. ആ നിലയില്‍  ദിനവും ധാരാളം വിദേശികള്‍ എത്താറുണ്ട്. സാധാരണയായി ഏഷ്യക്കാരുംആഫ്രിക്കക്കാരുമായ വിദേശികളുടെ  അപേക്ഷകള്‍ കൂടുതലും എന്‍റെ അടുത്താണ് എത്താറ് അതിനു ഒരു കാരണം ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുക എന്നത് തദ്ദേശീയരായ ജീവനക്കാര്‍ക്ക് അല്പം കഠിനമാണ്  അതുപോലെ അവര്‍ തിരിച്ചു പറയുന്നത് മനസ്സിലാക്കാന്‍ വിദേശികള്‍ക്കും പ്രയാസമാണ്.
എന്‍റെ ഇംഗ്ലീഷ് ഉച്ചാരണരീതി താരതമ്യേന കഠിനമായ തരത്തില്‍ ആയതുകൊണ്ട് കൂടെ ജോലിചെയ്യുന്നവരുടെ വിചാരം ഇത്തരക്കാരും ഞാനും മച്ചാനുംമച്ചുന്മാരുമായി പോയിക്കൊള്ളും എന്നതാണ്. ദോഷം പറയരുതല്ലോ അത് വെറുമൊരു തെറ്റിദ്ധാരണയാണ് എന്നൊന്നും പറയാന്‍ കഴിയില്ല, ഏറെക്കുറെ ശരിയുമാണ് അറബികളുടെയും നമ്മുടെ സ്വന്തം ഇന്ത്യാക്കാരുടെയും ജപ്പാന്‍കാര്‍, ചൈനാക്കാര്‍, ആഫ്രിക്കാര്‍ തുടങ്ങിയവരുടെയും ഇംഗ്ലീഷ് കേട്ടാല്‍ തദ്ദേശീയരേക്കാള്‍ കൂടുതല്‍ നമുക്ക് തന്നെയാണ് മനസ്സിലാകുക.മാത്രവുമല്ല എന്‍റെ മുഖവും ചര്‍മ്മത്തിന്‍റെ നിറവുമെല്ലാം കാണുന്നത് അവര്‍ക്കും ഒരു ആശ്വാസം പോലെയാണ്. നമ്മളെല്ലാം പുറത്തുനിന്നു വന്നവര്‍ എന്നൊരു ആശ്വാസമോ ആത്മവിശ്വാസമോ, അധികാരമോ എന്തൊക്കയോ ആണ് അവരുടെ മുഖത്ത് അപ്പോള്‍ കാണുക.

കൂട്ടത്തില്‍ എടുത്തു പറയേണ്ടത് നമ്മുടെ ഇന്ത്യാക്കാരെക്കുറിച്ചും  നമ്മുടെ സ്വന്തം അയല്‍വാസികള്‍ അയ പാകിസ്ഥാന്‍കാരെക്കുറിച്ചും നേപ്പാള്‍ ഭായി മാരെക്കുറിച്ചുമൊക്കെയാണ്. അവരിലെ ആദ്യ തലമുറയില്‍പെട്ട കുടിയേറ്റക്കാര്‍ക്ക് എന്നെപ്പോലെയുള്ളവരെകാണുന്നത് വളരെ സന്തോഷമാണ്.അല്പം ഹിന്ദി കൂടി പറഞ്ഞാല്‍ വളരെയധികം ആമോദം. ഒരിക്കല്‍ സന്തോഷം സഹിക്കാന്‍ വയ്യാതെ ഒരു പാക്കിസ്ഥാനി എന്‍റെ ഹിന്ദി വളരെ നല്ലതാണെന്ന് വരെ കാച്ചിക്കളഞ്ഞു!. പാവം അയാള്‍ക്ക് ഹിന്ദി ശരിക്കും അറിയില്ലല്ലോ അവര്‍ കൂടുതലും ഉറുദുവാണല്ലോ സംസാരിക്കുന്നത്.

ഇന്ത്യക്കാര്‍  ആയ ആദ്യ തലമുറക്കാര്‍ക്ക് പലര്‍ക്കും നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഇനിയും മുറിക്കാന്‍ കഴിഞ്ഞിട്ടില്ല. സമ്പത്തുകൊണ്ടും, വാസംകൊണ്ടും പൌരത്വം കൊണ്ടും അവര്‍ എല്ലാവരും തന്നെ അമേരിക്കക്കാര്‍ ആണെങ്കിലും അവരുടെ മനസ്സ് ഇപ്പോഴും നാട്ടില്‍ തന്നെയാണ് ചുറ്റിത്തിരിയുന്നത്. അവര്‍ കൂടുതലും അറിയുന്നതും തിരയുന്നതും നാട്ടിലെ വാര്‍ത്തകള്‍ തന്നെയാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ അവര്‍ക്ക് ആവേശം നാട്ടിലെ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പാണ്.

ആയുസിന്‍റെ പകുതിയോ യെവ്വനത്തിന്‍റെ പകുതിയോ നാട്ടില്‍ ചിലവഴിച്ചിട്ടു  ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്കൊരിക്കലും മനസ്സുകൊണ്ട് അമേരിക്കക്കാരനാകാന്‍ കഴിയാറില്ലായെ ന്നുള്ളതാണ് സത്യം.  ആയുസ് ഒടുങ്ങുംബോള്‍ പിറന്ന നാട്ടില്‍ അലിഞ്ഞുചേരണമെന്നാണ് മിക്കവര്‍ക്കും ആഗ്രഹം. പക്ഷെ മക്കള്‍ എല്ലാവരും ഇവിടെ ആയതിനാലും മക്കളെപിരിഞ്ഞൊരു സ്വര്‍ഗമില്ലാത്തതിനാലുംസ്വപ്‌നങ്ങളും ഇഛാഭംഗങ്ങളും ഇഴചേര്‍ന്നു നെയ്തുതീര്‍ത്ത ഈ ‘ത്രിശങ്കുവില്‍’ കഴിഞ്ഞുകൂടി അവരെല്ലാം കാലം പോക്കുന്നു.

 നാട്ടിന്‍ പുറത്തെ ചായക്കടയിലും ബാര്‍ബര്‍ഷോപ്പുകളിലും ഇരുന്നുള്ള പത്രവായന, കൂട്ടത്തിലുള്ളരാഷ്ട്രീയചര്‍ച്ചയും തര്‍ക്കവിതര്‍ക്കങ്ങളും. വൈകുന്നേരം പഞ്ചായത്ത് റോഡിലെ കലുങ്കിന്മേല്‍ കൂട്ടുകാര്‍ക്കൊപ്പം കടലകൊറിച്ചും ബീഡിവലിച്ചുമിരുന്നു വെറുതെ ഒരു  സൊറ പറച്ചില്‍ അല്പം കൊച്ചുവര്‍ത്തമാനം.

കോലായിയെ ഈറന്‍ അണിയിച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി ‘നാശം പിടിച്ച മുടിഞ്ഞ മഴ’ എന്നും, രണ്ടു ദിവസം അടുപ്പിച്ചു വെയില്‍ തെളിഞ്ഞാല്‍ ‘ഒടുക്കത്തെ വെയില്‍’ എന്നും പരാതി പറഞ്ഞുകൊണ്ട് ഉമ്മറത്ത് കാലും നീട്ടിയിരിക്കുന്ന അമ്മൂമ്മയുടെ വെറ്റിലചെല്ലത്തില്‍ നിന്ന് ഒരു വെറ്റില എടുത്തു നൂറു തേച്ചു വെറുതെ  ഒരു ചവച്ചു തുപ്പല്‍.
 ചെളിനിറഞ്ഞ ഇടവഴിയിലൂടെയും, പാടവരമ്പിലൂടെയും വള്ളിചെരുപ്പിട്ട് വഴുതിവീഴാതെ ബാലന്‍സ് പിടിച്ചുള്ള നടത്തം.

 ഇങ്ങിനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങളായിരുന്നുയഥാര്‍ഥത്തില്‍ ജീവിതത്തിലെ വലിയ സന്തോഷങ്ങളെന്ന്വിലകൂടിയ കാറില്‍ സഞ്ചരിച്ചുകൊണ്ട് സമ്പന്നതയുടെചുറ്റുപാടില്‍ നിന്ന് ഭൂതകാലത്തിലേക്ക് ഒന്ന്തിരിഞ്ഞ് നോക്കുമ്പോള്‍ പലര്‍ക്കും തോന്നാറുണ്ട്.
ജീവിതം എവിടെയോ വച്ച് കൈമോശം വന്നോ എന്നൊരു തോന്നല്‍. ജീവിതസായാഹ്നത്തില്‍ ഏതൊക്കയോ നഷ്ടത്തിന്‍റെ ബാക്കി പത്രങ്ങള്‍ കാലത്തിന്‍റെ ചുവരെഴുത്തുകള്‍ പോലെ കണ്മുന്‍പില്‍ തെളിയുബോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കിടക്കയിലേക്ക് ചായുന്ന വാര്‍ദ്ധക്യം.
ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സുന്ദരികളായ സ്ത്രീകള്‍ ഇവിടെയുണ്ടെങ്കിലും മനസ്സിനെ മദിക്കുന്നതും ഒന്നുകൂടെ നോക്കണമെന്നുമൊക്കെ തോന്നുന്നതും ഒരു ഇന്ത്യക്കാരിയെ കാണുമ്പോള്‍ മാത്രമാണ്. വിടര്‍ന്ന പരദേശ കുസുമങ്ങള്‍ക്കിടയില്‍പാതിമിഴി മാത്രം വിടര്‍ത്തി നില്‍കുന്ന  നാട്ടുമുല്ലയിലേക്ക് മാത്രമുള്ളീ മിഴി ബാന്ധവത്തിനും അറ്റുപോകാത്ത ആ പൊക്കിള്‍കൊടി ബന്ധം തന്നയല്ലേ കാരണം?

ഉച്ചഭക്ഷണത്തിന്‍റെ സമയമായി. ലഞ്ച് റൂമില്‍ ചെന്നപ്പോളാണ് അവിടെ ഒരു ദുഖവാര്‍ത്തയുടെ നോട്ടിസ് പതിച്ചിരിക്കുന്നത് കണ്ടത്. ഞങ്ങളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന മിസ്. ജോവാന്‍ എന്ന വയോധികയുടെ  ഭര്‍ത്താവു മരിച്ചു എന്ന വാര്‍ത്ത!.മിസ്. ജോവാന്‍ എഴുപതു വയസുകഴിഞ്ഞെങ്കിലും നല്ല ചുറുചുറുക്കോടെ എപ്പോഴും ചിരിച്ചുകൊണ്ട് ജോലിചെയ്യുന്ന ഒരു സ്ത്രീയാണ്.
 ആ ചരമക്കുറിപ്പിലെ പരമ  പ്രധാന  സംഗതി എന്നത് മരണപ്പെട്ടയാള്‍  കഴിഞ്ഞ അമ്പതു വര്‍ഷമായി അവരുടെ ഭര്‍ത്താവ് ആയിരുന്നു എന്നതാണ്. മരണം വരെ നീളുന്ന ദാബത്യം എന്നത് ഇന്ത്യക്കാര്‍ക്ക്വെറും സാധാരണകാര്യമാണെങ്കിലുംഅതൊക്കെ ഇവിടെ വലിയ വാര്‍ത്തകള്‍ ആണ്. എല്ലാവരുടെയും അന്നത്തെ സംഭാഷണവിഷയം മിസ്. ജോവാന്‍റെ അമ്പതു വര്‍ഷത്തെ വിവാഹ ജീവിതമാണ്. കേട്ടവര്‍ പലരും അത്ഭുതം കൂറി. എന്‍റെ അടുത്ത സീറ്റിലിരുന്നു ജോലി ചെയ്യുന്ന, മുപ്പതു വയസു കഴിഞ്ഞപ്പോഴേക്കും രണ്ടു വിവാഹം കഴിഞ്ഞ  ജെന്നി എന്ന മദാമ്മക്ക് അമ്പതു വര്‍ഷത്തെ വിവാഹജീവിതത്തിന്‍റെ വാര്‍ത്ത! വിശ്വസിക്കാന്‍ കഴിയുന്നേയില്ല.
ഒരു ദിവസത്തിന്റെ പകുതിയില്‍ അധികം കഴിഞ്ഞിരിക്കുന്നു എങ്കിലും ഓഫീസില്‍ തിരക്കിന് ഒട്ടും കുറവില്ല. അടുത്ത ഇടപാടുകാരിയായി  വൃദ്ധയായ ഒരു വെള്ളക്കാരിയാണ് കടന്നു വന്നത്.  കൌണ്ടറില്‍ തവിട്ടു നിറക്കാരനായ എന്നെ കണ്ടപ്പോള്‍ സംശയം നിറഞ്ഞ കണ്ണുകളോടെ അവര്‍ എന്നെയൊന്നു സൂക്ഷിച്ച് നോക്കി.‘ഇവന് ഇതൊക്കെ വല്ലതും അറിയുമോ’ എന്നൊരു ഭാവമായിരുന്നു അവരുടെ കണ്ണുകളില്‍ അപ്പോള്‍.

ഒരു ദിവസത്തെ ജോലി കഴിഞ്ഞു. പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിന്ന് കാര്‍ ഓടിച്ചുകൊണ്ട് ഞാന്‍ പുറത്തിറങ്ങി അടുത്തുള്ള സിഗ്‌നലില്‍ പച്ച വിളക്ക് തെളിയുന്നതും കാത്തുകിടക്കവേ എന്‍റെ അടുത്ത നിരയില്‍ മറ്റൊരുകാര്‍ വന്നു നിന്നു. വെറുതെ ആകാറിന്‍റെ അകത്തേക്ക് ഞാന്‍ നോക്കിയപ്പോള്‍ അവിടെ ഇരുന്നുകൊണ്ട് എന്നെ നോക്കി കൌശലം ഒളിപ്പിച്ചുവെച്ച കുറുക്കന്‍ കണ്ണുകളോടെ രാവിലെ ഞാന്‍ കണ്ട അതേ അറബി ഭാഷക്കാരന്‍ എന്നെ നോക്കി ചിരിക്കുന്നു. അവന്‍റെ ചിരിയുടെ നിഗൂഡത കണ്ടപ്പോള്‍ എനിക്ക് അവനെ നോക്കി തിരിച്ച് ചിരിക്കാന്‍ കഴിഞ്ഞില്ല വല്ലാത്തൊരു ആശങ്കയാണ് തോന്നിയത്. ഭാഗ്യത്തിന് അപ്പോഴേക്കും സിഗ്‌നല്‍ വന്നു ഞാന്‍ വണ്ടിവേഗത്തില്‍ ഓടിച്ചു. വണ്ടി എടുക്കുംമ്പോഴും അവന്‍ എന്നെ നോക്കി നിഗൂഡമായി ചിരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഞാന്‍ നല്ല വേഗത്തില്‍ തന്നെ എന്‍റെ കാര്‍ ഓടിച്ചു. കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ അവന്‍റെ കാര്‍എന്‍റെ പിന്നാലെ തന്നെ എന്നെ ഉന്നം വച്ചെന്നവണ്ണം വരുന്നുണ്ടായിരുന്നു.

 എന്‍റെഹൃദയതാളം ക്രമംതെറ്റി തുടങ്ങി അവന്‍ വല്ല ആയുധവുമായി എന്നെ വകവരുത്താന്‍ വരുന്നതാണോ എന്ന് ഞാന്‍ ശങ്കിച്ചു. മുന്നോട്ടു നോക്കി വാഹനം ഓടിക്കുന്നതിനിടയിലും എന്‍റെ ശ്രദ്ദ പിന്നില്‍ വരുന്ന അവന്‍റെ വാഹനത്തിന്മേലായിരുന്നു. പെട്ടന്ന് വാഹനങ്ങളുടെ കൂട്ടമായ ഹോണ്‍ മുഴങ്ങുന്നതുകേട്ടാണ് എനിക്ക് പരിസരബോധം വന്നത് അപ്പോഴേക്കും എന്‍റെ കാര്‍ ചുവന്ന വിളക്ക് കത്തിനിന്നിരുന്ന ഒരു ട്രാഫിക് സിഗ്‌നല്‍ കടന്നിരുന്നു. എന്‍റെ പോക്കുകണ്ട മറ്റു വാഹനങ്ങള്‍ ആണ് ഹോണ്‍ അടിച്ചു ശബ്ദം ഉണ്ടാക്കിയത്. ഭാഗ്യത്തിന് അപകടം ഒന്നും ഉണ്ടായില്ല എങ്കിലും മറ്റൊരു അപകടമായി ആ അറബിഭാഷക്കാരന്‍ എന്നെ പിന്‍തുടരുന്നുണ്ടെന്ന് ഞാന്‍ ഭയന്നു. കുറച്ചുദൂരം പിന്നിട്ട് നോക്കിയപ്പോള്‍ അവന്‍റെ വാഹനം എന്നെ  പിന്തുടരുന്നില്ലായെന്നു മനസ്സിലായി. അവനു ഞാന്‍ പോന്ന വഴിയുടെ ദിശ നഷ്ടപ്പെട്ടിട്ടുണ്ടാകും.
എങ്കിലും മനസ്സ് എന്നെ വല്ലാതെ ഭയപ്പെടുത്താന്‍ തുടങ്ങി രാവിലെ മൈക്ക് പറഞ്ഞ സ്വപനത്തിന്‍റെ കാര്യവും, പിന്നീട് മൈക്കിന്‍റെ സ്വപ്നത്തിലെ തീവ്രവാദിയുടെ അതെ കണ്ണുകള്‍ ഉള്ള ഒരുവന്‍ എന്‍റെ മുന്‍പില്‍ വന്നതും,അവന്‍റെ ചോദ്യങ്ങളും  കണ്ണിലെ കൌശലവും,  അസ്വസ്തയുളവാക്കുന്ന നോട്ടവും, ചിരിയിലെ ജുഗുപ്‌സതയുംഎല്ലാ ചേര്‍ന്ന് ചോരകിനിയുന്ന ഒരു പകല്‍ പേക്കിനാവായി  മാറി.

 മൈക്ക് കണ്ട സ്വപ്നം എന്‍റെ കാര്യത്തിന്മേല്‍ ഉള്ള ഒരു ദീര്‍ഘദര്‍ശനമെന്ന് വരുമോ? അല്ലെങ്കില്‍ മൈക്ക് എന്തിന് എന്നോടുമാത്രം ആ സ്വപനം വെളിപ്പെടുത്തണം ? ഞാന്‍ അവന്‍റെ ലക്ഷ്യമല്ലെങ്കില്‍ വൈകുന്നേരംവരെ അവന്‍ എന്തിനു അവിടെ ചുറ്റിപ്പറ്റി നില്കണം ?ഈ വക  ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൂടുതല്‍ അലട്ടാന്‍ തുടങ്ങി. രാത്രിയില്‍ ഭക്ഷണം കഴിച്ചുവെന്നു വരുത്തി ഞാന്‍ ഉറങ്ങാന്‍ കിടന്നു അപ്പോഴും എന്‍റെ മനസ്സില്‍ നിന്ന്  ആ  കുറുക്കന്‍ കണ്ണുകള്‍ മാഞ്ഞിരുന്നില്ല.

പിറ്റേന്നും പിന്നീടുള്ള ദിവസങ്ങളിലും  ജോലിക്ക് പോകുമ്പോഴും വരുംബോഴുമെല്ലാം എന്‍റെ കണ്ണുകള്‍ എവിടെയോ എന്നെ വകവരുത്താന്‍ വേണ്ടി പതുങ്ങിയിരിക്കുന്ന അവനെ തേടിക്കൊണ്ടിരുന്നു.പക്ഷെ അപ്പോഴൊന്നും അയാളെഎവിടെ വച്ചും ഞാന്‍ കണ്ടില്ല.
കുറച്ചു നാളുകള്‍ക്കുശേഷം ഞാനും ഒരു സുഹൃത്തും കൂടി ഒരു ഗ്യാസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവിടുത്തെ ജോലിക്കാരനായി ഞാന്‍ അവനെ കണ്ടു. ആ ഭീകരന്‍ വേഷപ്രശ്ചന്നനായികൊന്നൊടുക്കുവാനുള്ള ആളുകളുടെ പട്ടിക തയ്യാറാക്കിക്കൊണ്ട് തക്കം പാര്‍ത്തു കഴിയുകയായിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു. അവനെതിരെ പോലീസില്‍ വിവരം നല്‍കാന്‍ എന്‍റെ പക്കല്‍ ദ്രിഷ്ടാന്തങ്ങള്‍ ഒന്നുമില്ലതാനും.

 ഞാന്‍ അവനു മുഖം കൊടുക്കാതെ, സാധനങ്ങള്‍ നല്‍കുന്നജാലകത്തിന്റെ സമീപം മറഞ്ഞുനിന്നുകൊണ്ട് എന്‍റെ ചെവികള്‍ കൂര്‍പ്പിച്ചു.എന്‍റെ കൂട്ടുകാരന്‍ ആവശ്യപ്പെട്ട സാധനം നല്‍കി ബാക്കി  ചില്ലറ കൊടുക്കുമ്പോള്‍ കൂട്ടുകാരനോടും അവന്‍ ആ ‘ചോദ്യം’ ചോദിക്കുന്നത് ഞാന്‍ കേട്ടു.

 അവന്‍റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട്  ‘അല്ല’ എന്ന്എന്‍റെ കൂട്ടുകാരന്‍ മറുപടിപറഞ്ഞു. ആ മറുപടി കേട്ടപ്പോള്‍ എന്തായിരിക്കും അവന്‍റെ കുറുക്കന്‍ കണ്ണുകളുടെ പ്രതികരണമെന്ന് അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവന്‍ കൊല്ലുവാനുള്ള ആളുകളുടെ പട്ടികയില്‍ തീര്‍ച്ചയായും എന്‍റെ കൂട്ടുകാരനെയും ചേര്‍ത്തുകാണുമായിരിക്കും.  പക്ഷെ അവന്‍ എന്നെ തിരിച്ചറിഞ്ഞാലോ എന്ന ഭയംമൂലം ഞാന്‍ അവന്‍റെ കണ്ണുകളിലേക്കു തിരിഞ്ഞുനോക്കാതെ തിടുക്കത്തില്‍ കാറില്‍ കയറി വാതില്‍ അടച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക